ധനം

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് ഇന്ത്യ ദിർഹത്തിൽ പണമിടപാട് നടത്തി; ഇനി രൂപ കൊടുത്ത് എണ്ണ വാങ്ങാനും ശ്രമം; ഡോളറിനെ ഒഴിവാക്കി സൗഹൃദ രാജ്യങ്ങളുമായി അവരുടെ നാണയത്തിൽ വിനിമയം നടത്താനുള്ള പുട്ടിന്റെ തീരുമാനത്തിന് പിന്നിൽ അമേരിക്കയെ തളർത്താനുള്ള തന്ത്രം; റഷ്യൻ എണ്ണ ഇന്ത്യയിലേക്ക് എത്തുമ്പോൾ

ദുബായ്: അമേരിക്കയെ തളർത്താനുള്ള റഷ്യൻ നീക്കത്തിന് പിന്തുണയുമായി ഇന്ത്യയും. രൂപയുടെ മൂല്യത്തകർച്ച ചർച്ചയാകുന്നതിനിടെ ഇന്ത്യ നടത്തിയത് നിർണ്ണായക നീക്കം. റഷ്യയിൽനിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് ഇന്ത്യ ദിർഹത്തിൽ പണമിടപാട് നടത്തിയതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ചെലവ് ഡോളറിലാണ് കണക്കു കൂട്ടിയതെങ്കിലും പണം നൽകിയത് ദിർഹത്തിലാണ്.

യുഎസ് അടക്കമുള്ള രാജ്യങ്ങളുടെ ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ ഡോളറിലുള്ള വിനിമയം ഒഴിവാക്കി ദിർഹം നൽകണമെന്ന് റഷ്യ ആവശ്യപ്പെട്ടതു പ്രകാരമാണ് ഇന്ത്യയിൽനിന്നുള്ള രണ്ടു റിഫൈനറികൾ ഈ രീതിയിൽ പണമിടപാട് നടത്തിയത്. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെയാണ് ഇതെന്നും സൂചനയുണ്ട്. കുറഞ്ഞ വിലയ്ക്കാണ് റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നത്. എന്നാൽ എത്രവിലയാണെന്ന് ഇന്ത്യ പുറത്തു പറയുന്നില്ല.

ചൈന കഴിഞ്ഞാൽ റഷ്യയിൽനിന്ന് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. വരും ദിവസങ്ങളിൽ കൂടുതൽ റിഫൈനറികൾ യുഎഇ ദിർഹത്തിൽ റഷ്യക്കു പണം കൈമാറുമെന്നാണ് വിവരം. എന്നാൽ ഇന്ത്യയ്ക്ക് രൂപയിൽ പണം നൽകാനാണ് കൂടുതൽ താൽപ്പര്യം. ഇക്കാര്യം റഷ്യയെ അറിയിച്ചിട്ടുണ്ട്. അതു സംഭവിച്ചാൽ രൂപയുടെ മൂല്യവും കൂടും. ഡോളറിന്റെ കരുത്ത് ചോരുകയും ചെയ്യും.

ഇന്ത്യയുമായുള്ള വാണിജ്യ ഇടപാടുകളിൽ ഡോളർ, യൂറോ, പൗണ്ട് എന്നിവയിൽ പണം കൈമാറുന്നത് നിരുത്സാഹപ്പെടുത്തുകയാണ് റഷ്യ. സൗഹൃദ രാജ്യങ്ങളുമായി അവരുടെ നാണയത്തിൽ വിനിമയം നടത്താൻ ഒരുക്കമാണെന്ന് കഴിഞ്ഞ മാസം റഷ്യൻ ധനമന്ത്രി പറഞ്ഞിരുന്നു. ഇതുവഴി റഷ്യയുടെ റൂബിളിന്റെ വിനിമയ നിരക്ക് ഉയർത്താനും ഡോളർ, യൂറോ എന്നിവയെ പിടിച്ചുകെട്ടാനുമാണ് ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിലാണ് രൂപയിൽ വിനിമയത്തിനുള്ള ഇന്ത്യൻ നീക്കം.

മോസ്‌കോയിലെ കറൻസി എക്‌സ്‌ചേഞ്ചുകൾ ദിർഹത്തിലും ഉസ്ബക് സമ്മിലും വിനിമയം നടത്താനുള്ള ഒരുക്കങ്ങൾ തുടങ്ങി. രൂപയിൽ ഇടപാടുകൾ നടത്താനുള്ള ഒരുക്കം ഇന്ത്യയും തുടങ്ങിയിട്ടുണ്ട്. പടിഞ്ഞാറൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയ ഇറാനുമായും റഷ്യയുമായും രൂപയിൽ വിനിമയം നടത്താനാണ് ഇന്ത്യയുടെ നീക്കം. ഡോളറിനു പകരം ദിർഹം ഉപയോഗിച്ചു തുടങ്ങിയതോടെ, രൂപയിലും വിനിമയം നടക്കാനുള്ള സാധ്യത തെളിഞ്ഞതായാണ് വിലയിരുത്തുന്നത്. ഇതിന് വേണ്ടിയാണ് സമ്മർദ്ദം തുടങ്ങുന്നത്.

ഇന്ത്യയ്ക്ക് പ്രിയപ്പെട്ട ക്രൂഡ് ഓയിൽ വിതരണക്കാരായി സ്ഥാനമുറപ്പിക്കാനൊരുങ്ങുകയാണ് റഷ്യ. ഇറാഖിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് ജൂൺ മാസത്തിൽ റഷ്യ ഒന്നാമതെത്തുന്നത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണത്തിൽ റഷ്യ മേൽക്കൈ നേടുന്നത്. സൗദി അറേബ്യയാണ് ഇന്ത്യയിലേക്കുള്ള എണ്ണയൊഴുക്കലിൽ മൂന്നാംസ്ഥാനത്ത്. യുക്രെയിനുമായുള്ള യുദ്ധം തുടരവെയാണ് റഷ്യ- ഇന്ത്യ എണ്ണവ്യാപാരത്തിലുള്ള വൻ കുതിച്ചു ചാട്ടം.

മേയിൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി പ്രതിദിനം 7,38,000 ബാരലായിരുന്നത്, ജൂണിൽ 9,85,000 ബാരലായി ഉയർന്നു. ഇതിന്റെ 21 ശതമാനവും റഷ്യൻ എണ്ണയാണ്. മേയിലെ എണ്ണ ഇറക്കുമതിയിൽ ആകെയുള്ളതിന്റെ 16ശതമാനമായിരുന്നു റഷ്യയുടെ വിഹിതം. 2022 ഏപ്രിലിനും ജൂൺ മാസത്തിനും ഇടയിൽ രാജ്യത്തെ എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം 5 ശതമാനത്തിൽ നിന്ന് 21 ശതമാനമായാണ് ഉയർന്നത്. അതേസമയം, ഇറാഖിൽനിന്നുള്ള എണ്ണ ഇറക്കുമതി 20ശതമാനം കുറയുകയുംചെയ്തു.

ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ആവശ്യമായ എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. 2021ൽ റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങിയത് വെറും 12 ദശലക്ഷം ബാരൽ എണ്ണയാണ്. ഇത് മൊത്തം ഇറക്കുമതിയുടെ 2 ശതമാനം മാത്രമായിരുന്നു. യുക്രെയിൻ അധിനിവേശത്തിനു ശേഷം യൂറോപ്യൻ കമ്മീഷൻ റഷ്യൻ ക്രൂഡ് ഓയിലിന് ഉപരോധം ഏർപ്പെടുത്തിയിരുന്നു. എണ്ണ കയറ്റുമതിയെ വൻതോതിൽ ആശ്രയിക്കുന്ന റഷ്യൻ സമ്പദ്വ്യവസ്ഥയിൽ സമ്മർദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു നടപടി. എന്നാൽ ഈ പ്രതിസന്ധിയെ നേരിടാൻ റഷ്യ വൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് രംഗത്തെത്തി.

റഷ്യൻ എണ്ണയുടെ ഡിമാൻഡ് ഇടിഞ്ഞതും രാജ്യത്തിന് തിരിച്ചടിയായി. ഈ സാഹചര്യം മുതലെടുത്ത് ബാരലിന് 30 ഡോളർ വരെ വിലക്കുറവിൽ ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ. 

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read