ആരോഗ്യം

നിങ്ങളുടെ കുട്ടികളുടെ കണ്ണ് ചുവന്നാണോ ഇരിക്കുന്നത്; എങ്കിൽ ഉറക്കം കുറച്ച് കൂടുതൽ പഠിക്കാൻ ഗുളിക കഴിക്കുന്നതാകും; ഗുരുതര ആരോഗ്യ പ്രശ്‌നം ഉണ്ടാക്കുന്ന ഈ ചതിക്കുഴി തിരിച്ചറിയുക

കോട്ടയം : പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങുക. അതിന് കുട്ടികളെ സജ്ജമാക്കാനുള്ള നെട്ടോട്ടത്തിലാണ് മാതാപിതാക്കൾ. കുട്ടികളും മാർക്ക് നഷ്ടമാകാതിരിക്കാൻ കഠിന പ്രയ്തനം ചെയ്യുന്നു. ഉറക്കമുറച്ചിരുന്നു അവർ പഠിക്കുകയാണ്. എന്നാൽ ഇങ്ങനെ പഠിക്കുന്നത് ശരീര ക്ഷീണത്തിന് കാരണമാകും. ഈ സാഹചര്യത്തിൽ ഉറക്കം അറിയാതരിക്കാൻ ഗുളികകളുമെത്തി. ഇത് കഴിച്ചാണ് കുട്ടികൾ പഠിക്കുന്നത്. പ്രത്യേകിച്ച് റാങ്ക് ആഗ്രഹിക്കുന്ന പെൺകുട്ടികൾ.

അദ്ധ്യാപകരും കുട്ടികൾ ഉയർന്ന പഠനനിലവാരത്തിലെത്താൻ ഗുളിക വിദ്യ ഉപദേശിക്കുന്നു. അതുകൊണ്ട് തന്നെ ഉറക്കം നിയന്ത്രിക്കാനായി വേദനസംഹാരി ഗുളികകൾ ഉപയോഗിക്കുന്ന പെൺകുട്ടികളുടെ എണ്ണം സംസ്ഥാനത്ത് ഏറുന്നതായി റിപ്പോർട്ട്. ഇതേത്തുടർന്നു സംസ്ഥാന ഡ്രഗ് കൺട്രോളർ മെഡിക്കൽ ഷോപ്പ് ഉടമകൾക്കു ജാഗ്രതാനിർദ്ദേശം നൽകി.

സ്‌കൂൾ പഠനത്തോടൊപ്പം എൻട്രൻസ് അടക്കമുള്ളവയിൽ പരിശീലനം നടത്തുന്ന ഹോസ്റ്റൽ വാസികളായ കുട്ടികളാണ് മരുന്നു ദുരുപയോഗം ചെയ്യുന്നവരിൽ ഏറെയും. കൃത്രിമ കുറിപ്പടി ഉണ്ടാക്കിയാണ് വിദ്യാർത്ഥികൾ മരുന്നു വാങ്ങുന്നത്. മിക്ക എൻട്രൻസ് പരീക്ഷാ കേന്ദ്രങ്ങളും 24 മണിക്കൂറും കുട്ടികളെ പഠിപ്പിക്കുന്നു. രാത്രികാല ക്ലാസുകളും സജീവം. ഈ ക്ലാസുകൾക്ക് കുട്ടികളെ സജ്ജമാക്കാനാണ് ഈ മരുന്ന് പ്രയോഗം.

പഠനഭാരം ഏറുന്നതിനെ തുടർന്നു നിശ്ചിത സമയത്തിനുള്ളിൽ പഠനം പൂർത്തിയാക്കാനും ഉറക്കം കുറയ്ക്കാനുമായാണു ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന മരുന്ന് ഉപയോഗം. ലഹരിമരുന്ന് ഉപയോഗിക്കുന്ന കുട്ടികളുടെ കണ്ണുകൾ മിക്കപ്പോഴും ചുവന്നിരിക്കുമെന്നു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതു മാറ്റാൻ ചില തുള്ളിമരുന്നുകൾ കുട്ടികൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിൽപന നിയന്ത്രണം ഇല്ലാത്തതിനാൽ ഇവ നിർബാധം വാങ്ങാം. അങ്ങനെ പഠനത്തിന് വേണ്ടി ഗുളിക കഴിക്കുന്ന വിദ്യാർത്ഥി സമൂഹവും കേരളത്തിലെത്തുന്നു.

ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഈ മരുന്നുകൾ ഉണ്ടാക്കും. നാഡീവ്യൂഹത്തെ തന്നെ തകർക്കും. ഉറക്കമൊഴിയാൻ എന്നും ഗുളിക കഴിക്കേണ്ടതുള്ളതിനാൽ പിന്നീടിതില്ലാതെ മുന്നോട്ട് പോകാനും കഴിയില്ല. അങ്ങനെ മരുന്നിന് അടിമപ്പെടുന്ന തലമുറയായി ഇവർ മാറും.

MNM Recommends


Most Read