സിനിമ

'കട്ടപ്പനയിലെ ഋത്വിക്‌റോഷന്' ശേഷം നാദിർഷ മമ്മൂട്ടിക്കൊപ്പം; മെഗാ സ്റ്റാർ അഭിനയിക്കുക നാലടി പൊക്കക്കാരനായി;

'അമർ അക്‌ബറി'നും 'കട്ടപ്പനയിലെ ഋത്വിക്‌റോഷനും' ശേഷം നാദിർഷ അടുത്ത ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത് മെഗാ സ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ സുപ്രധാന കഥാപാത്രമായിരിക്കും ഇത്. നാലടി ഉയരമുള്ള ഒരാളായാണ് മമ്മൂട്ടി സിനിമയിൽ എത്തുക.

ബെന്നി പി.നായരമ്പലത്തിന്റെ തിരക്കഥയിലാണ് മമ്മൂട്ടി നാലടി ഉയരമുള്ള ആളായി അഭിനയിക്കുകയെന്നാണ് നാദിർഷാ പറയുന്നത്. മമ്മൂക്ക കരിയറിൽ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമായിരിക്കും. നർമ്മത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമായിരിക്കും അതും. നമ്മളിൽനിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് അതല്ലേ? ഈ ഘട്ടത്തിൽ ചിത്രത്തെക്കുറിച്ച് ഇതിൽക്കൂടുതൽ പറയാനാവില്ലെന്നും അദ്ദേഹം പറയുന്നു.

സിജിഐയുടെ സഹായം ഏറെ ആവശ്യമുള്ള ചിത്രമായിരിക്കും ഇതെന്ന് തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം വ്യക്തമാക്കിയത്. ശാരീരികമായ പ്രത്യേകതകളുള്ള കഥാപാത്രങ്ങളെ മുൻപും ബെന്നി സൃഷ്ടിച്ചിട്ടുണ്ട്. ചാന്തുപൊട്ടും കുഞ്ഞിക്കൂനനുമൊക്കെ. ഇത്തരം ചിത്രങ്ങളുടെയൊക്കെ രീതിയിലാവും മമ്മൂട്ടി ചിത്രമെന്നും നർമ്മത്തിന് വളരെയധികം പ്രാധാന്യമുണ്ടാവുമെന്നും ബെന്നി. ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കും. ഗ്രാമീണ പശ്ചാത്തലത്തിലാവും ചിത്രം. ഇപ്പോൾ തിരക്കഥയുടെ പണിപ്പുരയിലാണ്. അത് പൂർത്തിയായാൽ ഇത് സംബന്ധിച്ച മറ്റ് കാര്യങ്ങളെല്ലാം തീരുമാനിക്കും.

വേഷപ്പകർച്ചകളുള്ള നിരവധി കഥാപാത്രങ്ങളെ ദീർഘകാലത്തെ കരിയറിൽ മമ്മൂട്ടി മുൻപും അവതരിപ്പിച്ചിട്ടുണ്ട്. സൂര്യമാനസത്തിലെ പുട്ടുറുമീസും പൊന്തന്മാടയുമൊക്കെ അവയിൽ പെട്ടെന്ന് മനസിലെത്തുന്നവ. രഞ്ജിത്തിന്റെ 'പുത്തൻ പണം', റാമിന്റെ തമിഴ് ചിത്രം 'പേരൻപ്' എന്നിവയാണ് മമ്മൂട്ടിയുടേതായി അണിയറയിൽ പുരോഗമിക്കുന്നത്. ഹനീഫ് അദേനിയുടെ 'ദി ഗ്രേറ്റ് ഫാദറാ'ണ് അടുത്ത് തീയേറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രം.

 

MNM Recommends


Most Read