സിനിമ

ബാഹുബലി-2 വിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനായി 70 ദിവസം; ക്ലൈമാക്‌സിന് മാത്രം ചെലവാക്കുന്നത് 30 കോടി; രാജമൗലി ചിത്രത്തെ പറ്റി കഥകൾ പരന്ന് തുടങ്ങി

പ്രേക്ഷകരെ ആകാംക്ഷയിലാഴ്‌ത്തി ബാഹുബലിയുടെ ആദ്യ ഭാഗം അവസാനിച്ചതിന് പിന്നാലെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഷൂട്ടിങ് തുടങ്ങിയപ്പോൾ മുതൽ നിരവധി കഥകളും പരന്ന് തുടങ്ങി. ഇപ്പോൾ ചിത്രീകരണം ഏതാണ്ട് അവസാന ഘട്ടത്തിലാണെന്നാണ് സൂചന. ക്ലൈമാക്‌സ് ചിത്രീകരണത്തെപ്പറ്റിയാണ് ഇപ്പോൾ വാർ്ത്ത പരക്കുന്നത്.

ബാഹുബലി രണ്ടാം ഭാഗത്തിന്റെ ക്ലൈമാക്സ് രംഗം മാത്രം ചിത്രീകരിക്കാൻ 30 കോടി രൂപ ചെലവഴിക്കുന്നതായാണ് ഏറ്റവും ഒടുവിലായി പുറത്തു വരുന്ന റിപ്പോർട്ടുകൾ. ആദ്യ ഭാഗത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത് പത്ത് കോടി ചെലവഴിച്ചായിരുന്നു.

ക്ലൈമാക്സ് ചിത്രീകരണം ജൂൺ പതിമൂന്നിനാണ് ആരംഭിക്കുക. പത്ത് ആഴ്ചയോളം ഇത് നീണ്ടു നിൽക്കുമെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകരിൽ നിന്നും ലഭിക്കുന്ന വിവരം. സാധാരണ ഒരു സിനിമ ചിത്രീകരിക്കാനുള്ള സമയം ചിത്രത്തിന്റെ ക്ലൈമാക്സ് മാത്രം ചിത്രീകരിക്കാൻ ഉപയോഗിക്കുന്നു. ബാഹുബലിയെ കട്ടപ്പ കൊലപ്പെടുത്തുന്ന രംഗവും ഈ കാലയളവിലാകും ചിത്രീകരിക്കുക. ഇതിന്റെ സ്‌കെച്ചുകളും പ്രീ വിഷ്വലൈസേഷനും പൂർത്തിയായിട്ടുണ്ട്.

ക്ലൈമാക്സ് ചിത്രീകരിക്കുന്നതിനായി ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിൽ പ്രത്യേകം സംവിധാനം ഒരുങ്ങിക്കഴിഞ്ഞു. പ്രഭാസ്, റാണ, അനുഷ്‌ക, തമന്ന, സത്യരാജ്, രമ്യ കൃഷ്ണൻ എന്നിവരാണ് ക്ലൈമാക്സ് രംഗത്തുള്ളത്.

ക്ലൈമാക്സിന് വേണ്ടി തമന്ന കുതിര സവാരി അഭ്യസിക്കുന്നത് നേരത്തെ വാർത്തയായിരുന്നു. ക്ലൈമാക്സിൽ തമന്നയുടെ ആക്ഷൻ രംഗങ്ങളുണ്ടാകുമെന്നാണ് അറിയുന്നത്. ആദ്യ ഭാഗത്തേക്കാൾ ഏറെ പ്രത്യേകതകളോടെ ഒരുക്കുന്ന ചിത്രം അടുത്ത വർഷമാണ് തിയേറ്ററുകളിൽ പ്രദർശനത്തിെനത്തുക. പ്രഭാസ്, റാണ ദഗ്ഗുപതി, അനുഷ്‌ക, തമന്ന, രമ്യ കൃഷ്ണൻ,സത്യരാജ്, എന്നിവരാണ് ചിത്രത്തിന്റെ ക്ലൈമാക്സിൽ.

MNM Recommends


Most Read