ഭാരതം

ദേശീയ കർഷക നേതാവ് കക്കാജിക്കു സ്വീകരണവും കർഷക നേതൃസമ്മേളനവും സംഘടിപ്പിച്ചു

കോട്ടയം: കടക്കെണിയും കർഷക ആത്മഹത്യകളും വിലത്തകർച്ചയുംകൊണ്ട് കാർഷികമേഖല തകർന്നടിഞ്ഞിരിക്കുമ്പോൾ സംഘടിത കർഷകപ്രക്ഷോഭം കേരളത്തിൽ അടിയന്തരമാണെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ ചെയർമാൻ ശിവകുമാർ ശർമ്മ കക്കാജി.

കോട്ടയം പി.ഡബ്ലിയു.ഡി.റസ്റ്റ് ഹൗസിൽ ചേർന്ന കേരളത്തിലെ സ്വതന്ത്ര കർഷകപ്രസ്ഥാന ങ്ങളുടെ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നൂ കക്കാജി. രാഷ്ട്രീയ പാർട്ടികളുടെ അടിമത്വത്തിൽ നിന്ന് കർഷകർ മോചിതരാകണം. കർഷകർക്കുനേരെയുള്ള ഉദ്യോഗസ്ഥരുടെ അതിക്രൂരമായ പീഡനമാണ് രാജ്യത്തെവിടെയും. ജനങ്ങളുടെ നികുതിപ്പണം വീതംവെച്ചെടുക്കുന്നവർ തന്നെ ജനങ്ങളെ ദ്രോഹിക്കുന്നത് എത്രനാൾ കൈയുംകെട്ടി നോക്കിനിൽക്കാനാവും. സംഘടിച്ചു പ്രതികരിക്കാൻ മുന്നോട്ടുവന്നില്ലെങ്കിൽ കർഷകർക്കിനി നിലനിൽപ്പില്ല. ഇതര സംസ്ഥാനങ്ങളിലെ എല്ലാ കർഷകരും കേരളത്തിലെ കർഷകരോടൊപ്പമുണ്ടാകും. നമ്മുടെയെല്ലാം പ്രശ്‌നം ഒന്നാണ്. നിലനിൽപ്പിനായി ഭാരത്തിലെ കർഷകർ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും കക്കാജി സൂചിപ്പിച്ചു.

ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കടക്കെണിയും കർഷക ആത്മഹത്യകളും വിലത്തകർച്ചയും ഉദ്യോഗസ്ഥ പീഡനവും പേരുകുന്ന നാട്ടിൽ ഖജനാവിലെ കോടികൾ ചിലവഴിച്ചുള്ള സർക്കാർ വക ചിങ്ങം ഒന്നിലെ കർഷകദിനാചരണം പ്രഹസനമാണെന്നും അന്നേദിവസം കേരളത്തിലെ കർഷകർ കർഷക കണ്ണീർദിനമായി പ്രതിഷേധിക്കണമെന്നും വി സി.സെബാസ്റ്റ്യൻ ആഹ്വാനം ചെയ്തു.

കർഷകപ്രമുഖനായ സഖറിയാസ് തുടിപ്പാറയെ കക്കാജി പൊന്നാടയണിയിച്ച് ആദരിച്ചു. കിസാന്മിത്ര ചെയർമാൻ ഡിജോ കാപ്പൻ ആമുഖപ്രഭാഷണവും, അഡ്വ.ജോൺ ജോസഫ് മുഖ്യപ്രഭാഷണവും നടത്തി. രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കൺവീനർ കെ.വി.ബിജു, സംസ്ഥാന ജനറൽ കൺവീനർ പി.റ്റി.ജോൺ എന്നിവർ വിഷയാവതരണം നടത്തി. വിവിധ കർഷക സംഘടനകളെ പ്രതിനിധീകരിച്ച് ജോയി കണ്ണഞ്ചിറ (കോഴിക്കോട്), ജോസഫ് വി.റ്റി. (കണ്ണൂർ), അഡ്വ.സെബാസ്റ്റ്യൻ കുര്യൻ, ജോജി ജെ.പാലയ്ക്കലോടി, എബി ഐപ്പ്, ജോസി ജോസഫ് ചമ്പക്കുളം എന്നിവർ സംസാരിച്ചു.

ഫോട്ടോ അടിക്കുറിപ്പ്: ദേശീയ കർഷകപ്രക്ഷോഭ നേതാവും രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ ചെയർമാനുമായ ശിവകുമാർ ശർമ്മ കക്കാജി കോട്ടയത്ത് ചേർന്ന കേരളത്തിലെ കർഷകസംഘടനാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുന്നു. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ജനറൽ കൺവീനർ പി.റ്റി.ജോൺ, കിസാന്മിത്ര ചെയർമാൻ ഡിജോ കാപ്പൻ, ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ.അഡ്വ.വി സി.സെബാസ്റ്റ്യൻ, സഖറിയാസ് തുടിപ്പാറ, രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കൺവീനർ കെ.വി.ബിജു, അഡ്വ.ജോൺ ജോസഫ് എന്നിവർ സമീപം.

 

MNM Recommends


Most Read