Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

44,000 രോഗികളും 73 മരണവുമായി കോവിഡ് മുൻപോട്ട് തന്നെ; ആഗസ്റ്റായിട്ടും ആശുപത്രി അഡ്‌മിഷൻ കുറഞ്ഞില്ലെങ്കിൽ ബ്രിട്ടണിൽ വീണ്ടും നിയന്ത്രണങ്ങൾ വന്നേക്കും

44,000 രോഗികളും 73 മരണവുമായി കോവിഡ് മുൻപോട്ട് തന്നെ; ആഗസ്റ്റായിട്ടും ആശുപത്രി അഡ്‌മിഷൻ കുറഞ്ഞില്ലെങ്കിൽ ബ്രിട്ടണിൽ വീണ്ടും നിയന്ത്രണങ്ങൾ വന്നേക്കും

സ്വന്തം ലേഖകൻ

നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കി സമ്പൂർണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെ ബ്രിട്ടനിൽ കോവിഡ് വ്യാപനതോതും കോവിഡ് മരണനിരക്കും തുടർച്ചയായി ഉയരുകയാണ്. ഇന്നലെ 44,104 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 73 കോവിഡ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്‌ച്ചയിലേതിനെ അപേക്ഷിച്ച് രോഗവ്യാപനതോതിൽ കേവലം 4 ശതമാനത്തിന്റെ വർദ്ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളതെങ്കിൽ മരണ നിരക്ക് ഉയർന്നത് 50 ശതമാനമാണ്.

ഈ മാസം ആദ്യം വെംബ്ലിയിൽ നടന്ന യൂറോ കപ്പുമായി ബന്ധപ്പെട്ട ആൾക്കൂട്ടമാണ് ഇപ്പോൾ രോഗവ്യാപന നിരക്ക് ഉയരാനുള്ള കാരണമായി ചില വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ഉടൻ തന്നെ ഇത് കുരഞ്ഞു തുടങ്ങുമെന്നും ഇവർ പറയുന്നു. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗവ്യാപനം താഴോട്ട് വരുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിലെ എപിഡെർമോളജിസ്റ്റ് പ്രൊഫസർ പോൾ ഹണ്ടർ പറയുന്നത്. നിയന്ത്രണങ്ങൾ പിൻവലിച്ച സർക്കാർ നടപടി ശരിവച്ച അദ്ദേഹം യൂറോ കപ്പ് നടന്നില്ലായിരുന്നെങ്കിൽ ഇതിനോടകം തന്നെ രോഗവ്യാപനം കുറഞ്ഞു തുടങ്ങുമായിരുന്നു എന്നും പറഞ്ഞു.

എന്നാൽ, സർക്കാരിന്റെ ശാസ്ത്രോപദേശക സമിതിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട്, ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് കടുത്ത ആശങ്കയുളവാക്കുന്നുണ്ട്. ഏറ്റവും അവസാനം ലഭിച്ച കണക്കനുസരിച്ച് ജൂലായ് 19 ന് 752 കോവിഡ് രോഗികളാണ് വിവിധ ആശുപത്രികളിലായി ചികിത്സതേടിയെത്തിയത്. തൊട്ടു മുൻപത്തെ ആഴ്‌ച്ചയിലേതിനേക്കാൾ 23 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യം തുടർന്നാൽ ഇംഗ്ലണ്ടിൽ ഒരു അർദ്ധ ലോക്ക്ഡൗൺ നിലവിൽ വന്നേക്കും.

മാസ്‌ക് ധരിക്കൽ നിർബന്ധമാക്കുക, സാമൂഹിക അകലം നിർബന്ധമാക്കുക അതുപോലെ വർക്ക് ഫ്രം ഹോം തിരിച്ചു കൊണ്ടുവരിക എന്നീ നടപടികളായിരിക്കും അർദ്ധ ലോക്ക്ഡൗണിന്റെ ഭാഗമായി സർക്കാർ ആദ്യം സ്വീകരിക്കുക എന്ന് അറിയുന്നു. അതായത്, സാഹചര്യങ്ങളുടെ സമ്മർദ്ദം പൂർണ്ണ സ്വാതന്ത്ര്യം എന്ന വാഗ്ദാനത്തിൽ നിന്നും പുറകോട്ട് പോകാൻ സർക്കാരിനെ നിർബന്ധിതമാക്കും എന്നർത്ഥം.

ഓഗസ്റ്റ് മാസം ആദ്യമാകുമ്പോഴേക്കും പ്രതിദിനം 1000 രോഗികൾ വീതം ആശുപത്രികളിൽ ചികിത്സതേടിയെത്തുമെന്നും മൂർദ്ധന്യ ഘട്ടത്തിൽ ഓഗസ്റ്റ് അവസാനത്തോടെ ഇത് 2000 ആയിഉയരുമെന്നുമായിരുന്നു സർക്കാരിന്റെ ശസ്ത്രോപദേശക സമിതിയുടെ വിലയിരുത്തൽ. എന്നാൽ, നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ഓഗസ്റ്റ് ആദ്യത്തോടെ പ്രതിദിനം 1500 രോഗികൾ വീതം ആശുപത്രികളിൽ ചികിത്സതേടിയെത്തും . ഓഗസ്റ്റ് അവസാനമാകുമ്പോഴേക്കും ഇത് 3000 ആയി ഉയരുകയും ചെയ്യും. എൻ എച്ച് എസ്സിനെ ഏതാണ്ട് തകർച്ചയുടെ വക്കിലെത്തിച്ച ആദ്യ തരംഗകാലത്തിനോട് സമാനമാണ് അത്തരമൊരു അവസ്ഥ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP