Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വിൻഡനിലെ ഫാക്ടറി അടച്ച് പൂട്ടാൻ ഒരുങ്ങി ഹോണ്ടയും; തൊഴിൽരഹിതരാകുന്നത് 3500 ബ്രിട്ടീഷുകാർ; നിസാനും ലാബ്രഡോറും അടക്കം കാർ നിർമ്മാതാക്കൾ എല്ലാം യുകെ വിടുന്നു

സ്വിൻഡനിലെ ഫാക്ടറി അടച്ച് പൂട്ടാൻ ഒരുങ്ങി ഹോണ്ടയും; തൊഴിൽരഹിതരാകുന്നത് 3500 ബ്രിട്ടീഷുകാർ; നിസാനും ലാബ്രഡോറും അടക്കം കാർ നിർമ്മാതാക്കൾ എല്ലാം യുകെ വിടുന്നു

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ജപ്പാനീസ് കാർ നിർമ്മാതാക്കളായ ഹോണ്ട സ്വിൻഡനിലെ വിൽറ്റ്ഷെയറിലുള്ള തങ്ങളുടെ ഫാക്ടറി 2022ൽ അടച്ച് പൂട്ടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇതിനെ തുടർന്ന് 3500 ബ്രിട്ടീഷുകാർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്. അടച്ച് പൂട്ടൽ പ്രഖ്യാപനം കമ്പനി ഇന്ന് ഔദ്യോഗികമായി നടത്തുമെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ നിസാനും ലാബ്രഡോറും അടക്കമുള്ള കാർ നിർമ്മാതാക്കളും യുകെ വിടാനൊരുങ്ങുന്നുവെന്നും റിപ്പോർട്ടുണ്ട്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട കടുത്ത അഭിപ്രായ വ്യത്യാസങ്ങളും അനിശ്ചിതത്വങ്ങളുമാണ് കാർ നിർമ്മാതാക്കൾ യുകെ വിട്ട് പോകുന്നതിന് വഴിയൊരുക്കിയതെന്ന് ട്രേഡ് യൂണിയനായ യുണൈറ്റ് ആരോപിക്കുന്നു.

ബ്രെക്സിറ്റിനെ ചുറ്റിപ്പറ്റി ബ്രിട്ടനിലെ ഓട്ടോമോട്ടീവ് വ്യവസായം വൻ പ്രതിസന്ധികളും അനിശ്ചിതത്വവും നേരിടുന്നതിനിടെയാണ് ഹോണ്ടയുടെ പുതിയ അടച്ച് പൂട്ടൽ പ്രഖ്യാപനമെത്തുന്നതെന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. സ്വിൻഡനിലെ ഏറ്റവും വലിയ തൊഴിലുടമയാണ് ഹോണ്ട. യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിനെ ഹോണ്ട അനുകൂലിക്കുകയും ചെയ്തിരുന്നു. യൂറോപ്യൻ യൂണിയനുള്ളിൽ ഹോണ്ടയ്ക്ക് നിലവിലുള്ള ഏക ഫാക്ടറിയാണ് സ്വിൻഡനിലേത്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ കാർ നിർമ്മാണ വ്യവസായം വൻ പ്രതിസന്ധി നേരിടുന്നുവെന്നത് ഒരിക്കൽ കൂടി അടിവരയിടുന്നതാണ് ഹോണ്ടയുടെ പ്രഖ്യാപനം.

സൻഡർലാന്റിലെ തങ്ങളുടെ പ്ലാന്റിൽ നിന്നും എക്സ്-ട്രെയിൽ കാർ നിർമ്മിക്കുന്നത് നിർത്തി വയ്ക്കുമെന്ന് ഡിസംബറിൽ നിസാൻ പ്രഖ്യാപിച്ചിരുന്നു. 4500 പേരെ യുകെയിലെ ഫാക്ടറികളിൽ നിന്നും വെട്ടിക്കുറയ്ക്കുമെന്ന പ്രഖ്യാപനം അടുത്തിടെ ജാഗ്വർ ലാൻഡ് റോവറും പുറപ്പെടുവിച്ചിരുന്നു. നോ-ഡീൽ ബ്രെക്സിറ്റ് ഒരു ദുരന്തമാണെന്നും അത് സംഭവിച്ചാൽ തങ്ങൾ 1000 പേരെ പിരിച്ച് വിടാൻ നിർബന്ധിതരാവുമെന്നും ഫോർഡ് ബോസുമാർ മുന്നറിയിപ്പേകിയിട്ടുമുണ്ട്. വെയിൽസിലെ ബ്രിഡ്ജെൻഡ് പ്ലാന്റിൽ നിന്നായിരിക്കും ഇതിനെ തുടർന്ന് ഫോർഡ് പ്രധാനമായും തൊഴിലാളികളെ പറഞ്ഞ് വിടുന്നത്.

ഡീലില്ലാതെ യുകെ യൂറോപ്യൻ യൂണിയൻ വിട്ട് പോയാൽ അത് തങ്ങൾക്ക് മില്യൺ കണക്കിന് പൗണ്ടിന്റെ നഷ്ടമുണ്ടാക്കുമെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ അഞ്ചാമത്തെ കാർ നിർമ്മാതാക്കളായ ഹോണ്ടയുടെ തലവന്മാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തങ്ങൾ സ്വിൻഡനിലെ ഫാക്ടറി യുകെയുടെ പുറത്തേക്ക് കൊണ്ടു പോകാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ആറ് മാസം മുമ്പ് വരെ ഹോണ്ട തറപ്പിച്ച് പറഞ്ഞിരുന്നത്. ഹോണ്ടയുടെ തീരുമാനം സ്ഥിരീകരിച്ചതാണെങ്കിൽ യുകെയിലെ നിർമ്മാണ മേഖലയ്ക്ക് ഇത് കടുത്ത തിരിച്ചടിയാണെന്നാണ് യുണൈറ്റ് നാഷണൽ ഓഫീസർ ഫോർ ദി ഓട്ടോമോട്ടീവ് സെക്ടറായ ഡെസ് ക്യൂൻ മുന്നറിയിപ്പേകുന്നത്.

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി യുകെയിലെ നിർമ്മാണ മേഖലയുടെ കിരീടത്തിലെ രത്നമായി ശോഭിക്കുന്നതാണ് കാർ നിർമ്മാണ മേഖലയെന്നും എന്നാൽ നിലവിൽ ബ്രെക്സിറ്റ് തീർത്ത അനിശ്ചിതത്വം കാരണം അത് തകർച്ചയുടെ വക്കിലെത്തിയിരിക്കുന്നുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. ബ്രെക്സിറ്റിൽ പ്രധാനമന്ത്രി തെരേസ സ്വീകരിച്ച കടുത്ത സമീപനങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം ആരോപിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP