Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ പി ജയരാജന് ജില്ലാ കമ്മിറ്റി വക ഇന്നോവ ക്രിസ്റ്റോ; കണ്ണൂരിലെ സിപിഎം നേതാക്കൾക്കെല്ലാം സഹകരണ സംഘങ്ങളുടെ പേരിൽ ഇന്നോവകൾ; ദേശാഭിമാനിയുടെ ചുമതലക്കാരായ പാർട്ടി നേതാക്കൾക്ക് യൂണിറ്റുകൾ തോറും ഇന്നോവ തന്നെ; പക്ഷെ രമ്യ ഹരിദാസിന് യൂത്ത് കോൺഗ്രസ്സുകാർ കാർ വാങ്ങിക്കൊടുക്കുകയോ സികെ ജാനു കാർ വാങ്ങുകയോ ചെയ്താൽ കുരു പൊട്ടിയൊലിക്കും; സഖാക്കളെ ഇത് വംശീയ വിദ്വേഷം അല്ലാതെ മറ്റെന്താണ്? ഇൻസ്റ്റന്റ് റസ്‌പോൺസ്

ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ പി ജയരാജന് ജില്ലാ കമ്മിറ്റി വക ഇന്നോവ ക്രിസ്റ്റോ; കണ്ണൂരിലെ സിപിഎം നേതാക്കൾക്കെല്ലാം സഹകരണ സംഘങ്ങളുടെ പേരിൽ ഇന്നോവകൾ; ദേശാഭിമാനിയുടെ ചുമതലക്കാരായ പാർട്ടി നേതാക്കൾക്ക് യൂണിറ്റുകൾ തോറും ഇന്നോവ തന്നെ; പക്ഷെ രമ്യ ഹരിദാസിന് യൂത്ത് കോൺഗ്രസ്സുകാർ കാർ വാങ്ങിക്കൊടുക്കുകയോ സികെ ജാനു കാർ വാങ്ങുകയോ ചെയ്താൽ കുരു പൊട്ടിയൊലിക്കും; സഖാക്കളെ ഇത് വംശീയ വിദ്വേഷം അല്ലാതെ മറ്റെന്താണ്? ഇൻസ്റ്റന്റ് റസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

 രമ്യ ഹരിദാസ് എന്ന ആലത്തൂരിലെ എംപിയെ സിപിഎമ്മുകാർക്ക് കണ്ടുകൂടാ. തിരഞ്ഞെടുപ്പിന് മുമ്പേ തുടങ്ങിയതാണ് രമ്യക്കെതിരെയുള്ള കൊലവിളി. എസ്എഫ്‌ഐക്കാരും, ഡിവൈഎഫ്‌ഐക്കാരും അടക്കമുള്ള സിപിഎമ്മുകാർക്ക് അവരുടെ ആശയവും അഭിലാഷവുമായ പി.കെ.ബിജു തോൽക്കുമെന്ന തോന്നൽ സഹിക്കാവുന്നതിനും അപ്പുറമായതുകൊണ്ടായിരുന്നു അന്നത്തെ അക്രമം. കൊട്ടിക്കലാശത്തിനും, തിരഞ്ഞെടുപ്പ് നാളിലും അതിന്റെ പിറ്റേന്നുമൊക്കെ സിപിഎമ്മുകാർ കൊലവിളി തുടർന്നു. ഒടുവിൽ രമ്യയുടെ കൈ വരെ തല്ലിയൊടിച്ചാണ് അവർ അടങ്ങിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സിപിഎമ്മുകാരുടെ പ്രതീക്ഷ ഇത്തിരിപ്പോന്ന ഈ പെങ്കൊച്ച് ലോക്‌സഭയിൽ പോയി എന്തുചെയ്യാനാണ്, അത് സ്വയം ഒടുങ്ങിക്കോളും എന്നായിരുന്നു. എന്നാൽ ലോക്‌സഭാ സ്പീക്കർ പോലും രമ്യയുടെ പ്രകടനത്തെ കുറിച്ച് നല്ലത് പറയുന്നുവെന്ന് കണ്ടെപ്പോൾ സിപിഎമ്മുകാർ വ്യക്തിഹത്യയുമായി ഇറങ്ങിയിരിക്കുകയാണ്.

ഏറ്റവുമൊടുവിൽ വിവാദം പൊട്ടിപ്പുറപ്പെട്ടത് ആലത്തൂരിലെ യൂത്ത് കോൺഗ്രസുകാർ ചേർന്ന് രമ്യക്ക് കാർ വാങ്ങിക്കൊടുക്കാൻ തീരുമാനിച്ചപ്പോഴാണ്. എംപിയുടെ ലളിത ജീവിതത്തെ പരിഹസിച്ചും, കാർ വാങ്ങിക്കൊടുക്കുന്നത് എന്തോ പാതകമാണെന്നും ആരോപിച്ചും സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുകയാണ് സിപിഎമ്മുകാർ. ഒരുലക്ഷത്തി തൊണ്ണൂറായിരം രൂപ ശമ്പളവും അലവൻസുമുള്ള രമ്യയ്ക്ക് എന്തിനാണ് ഇങ്ങനെയൊരു കാറെന്നും, യൂത്ത് കോൺഗ്രസുകാർ രസീത് കുറ്റി വച്ച് പണം പിരിക്കുകയാണെന്നും പറഞ്ഞാണ് അധിക്ഷേപം. രമ്യയോട് ഇക്കാര്യം ചോദിച്ചപ്പോൾ മറുപടി, തന്നെ സ്‌നേഹിക്കുന്ന സഹപ്രവർത്തകർ ചേർന്ന് ഒരുവാഹനം വാങ്ങിത്തരുന്നതിൽ എന്താണ് തെറ്റ് എന്നായിരുന്നു. പൊതുപ്രവർത്തനരംഗത്തെ പുത്തൻ മാതൃകയാണ് ആലത്തൂരിലെ യൂത്ത് കോൺഗ്രസുകാർ സൃഷ്ടിച്ചിരിക്കുന്നതെന്ന് പറയാതെ വയ്യ. കൈക്കൂലി വാങ്ങിയും കള്ളപ്പണക്കാരുടെ കാശ് വാങ്ങിയും, കാറ് മേടിച്ച് ശീലിച്ചവർക്ക് രമ്യ ഹരിദാസെന്ന കീഴാള വർഗ്ഗത്തിന്റെ പ്രതിനിധി കാറിൽ നടക്കുന്നതിന്റെ വംശീയമായ വിദ്വേഷമല്ലാതെ മറ്റൊന്നുമില്ല ഈ പ്രചാരണത്തിൽ. സി.കെ.ജാനു എന്ന ദളിത് നേതാവ് കാറ് വാങ്ങിയപ്പോഴും ഇക്കൂട്ടർ നുണപ്രചാരണവുമായി രംഗത്തെത്തിയിരുന്നു. അതിന്റെ ഒരു എക്‌സറ്റൻഷൻ എന്നല്ലാതെ ഒരുപ്രാധാന്യവും ഈ വിവാദത്തിന് കൊടുക്കേണ്ടതില്ല.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജൻ പടിയിറങ്ങിയപ്പോൾ ജില്ലാ കമ്മിറ്റി വാങ്ങിക്കൊടുത്തത് ഇന്നോവ ക്രിസ്റ്റയാണ്. ദേശാഭിമാനിയുടെ ചുമതലക്കാരായ പാർട്ടി നേതാക്കൾക്ക് യൂണിറ്റുകൾ തോറും ഇന്നോവ തന്നെ. കണ്ണൂരിലെ പല നേതാക്കളും ഇന്നോവയിൽ നടക്കുന്നത് ചില സഹകരണ സംഘങ്ങളുടെ മറവിൽ വാങ്ങിയവയിലാണ്.

ഒരുവാഹനമില്ലാതെ ആലത്തൂരിന്റെ എംപിക്ക് ജനങ്ങളെ സേവിക്കാൻ കഴിയില്ലെന്ന് ആർക്കാണ് അറിയില്ലാത്തത്? സിപിഎമ്മുകാർ ഇതാഘോഷമാക്കുന്നതിന് പിന്നിൽ മറ്റൊരുകാരണം കൂടിയുണ്ട്. വെട്ടിയവനും വെട്ടിക്കൊന്നവനും വേണ്ടി ഒരേസമയം ബക്കറ്റ് പിരിവ് നടത്തി ശീലിച്ച പാർട്ടിയെ സംബന്ധിച്ചിടത്തോളം ആരുപിരിവിനിറങ്ങിയാലും അത് സംശയമുനയിലേ അവസാനിക്കൂ. എന്നാൽ, അനിൽ അക്കരയുടെ നേതൃത്വത്തിൽ തുടങ്ങിയ പിരിവ് സിപിഎമ്മിന്റെ കണക്കില്ലാത്ത പിരിവ് പോലെയല്ല. 1400 രസീതുകൾ മാത്രമടിച്ച് ആ രസീതുകളിൽ ഉത്തരവാദപ്പെട്ടവർ ഒപ്പുവച്ച് ഒരുയൂണിറ്റ് കമ്മിറ്റിയിൽ നിന്ന് 1000 രൂപ മാത്രം പിരിക്കുന്ന അന്തസുള്ള സുതാര്യതയുള്ള തീരുമാനമാണ്. ഇതിന്റെ പേരിൽ പൊതുജനങ്ങളോട് അവർ പണം പിരിക്കുകയില്ല.

സഹപ്രവർത്തകർ നൽകിയ കാറിലാണ് താൻ ചുറ്റുന്നതെന്ന് രമ്യ പറയാൻ ആഗ്രഹിക്കുന്നെങ്കിൽ, അത് ജനാധിപത്യത്തിലെ പുതിയൊരു കാൽവയ്പായി കണ്ട് അഭിനന്ദിക്കുകയല്ലേ വേണ്ടത്. സഖാക്കളേ നിങ്ങളുടെയുള്ളിൽ വംശീയത കൂടുകെട്ടുന്നു. രമ്യ എന്ന കീഴാള വർഗ്ഗത്തിന്റെ പ്രതിനിധി കാറിൽ നടക്കുന്നത് പോലും നിങ്ങൾക്ക് സഹിക്കാനാവുന്നില്ല. നിങ്ങൾ സ്വയം തിരുത്തേണ്ടിയിരിക്കുന്നു. രമ്യ ഹരിദാസെന്ന ആലത്തൂരിന്റെ പെങ്ങളൂട്ടി ഓരോ പ്രവർത്തിയിലൂടെയും പുതിയ മാതൃക സൃഷ്ടിക്കുമ്പോൾ, അസൂയപ്പെട്ടിട്ട് കാര്യമില്ല. പാർട്ടി പ്രവർത്തകരുടെ കാശ് കൊണ്ട് കാർ വാങ്ങി അവർ യാത്ര ചെയ്യുമ്പോൾ, അതിൽ ആത്മാഭിമാനത്തിന്റെ മണമുണ്ട്. വിയർപ്പിന്റെ ഗന്ധമുണ്ട്. അതുതന്നെയാണ് രമ്യയുടെ വിജയവും. അതിനെ മറികടക്കാൻ നിങ്ങളുടെ അസൂയയ്ക്കും, കുശുമ്പിനും, ധാർഷ്ട്യത്തിനും കഴിയുകയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP