Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്മോഹൻ സിംഗിന്റെ കാലത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ അഭിമാനപൂർവം ഉണ്ടാക്കിയ നേട്ടങ്ങൾ തന്റേതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ നാടകീയമായി രാജ്യത്തോട് പ്രഖ്യാപിക്കാൻ മോദി തെരഞ്ഞെടുത്തത് തെരഞ്ഞെടുപ്പുകാലം തന്നെയായി എന്നത് യാദൃശ്ചികമാണോ? രാജ്യസുരക്ഷയും പ്രതിരോധ നേട്ടങ്ങളും വരെ സ്വന്തം കീശയിലാക്കാൻ ശ്രമിക്കുമ്പോൾ വെളിവാകുന്നത് പരാജയത്തിന്റെ പരിഭ്രമം മാത്രമാണ്; പപ്പുമോനെന്നു വിളിച്ചു തള്ള് മാത്രം ശീലിച്ചുമല്ല വികസനനേട്ടങ്ങൾ ചൂണ്ടിയാകണം മോദീ താങ്കൾ വോട്ട് പിടിക്കേണ്ടത്

മന്മോഹൻ സിംഗിന്റെ കാലത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ അഭിമാനപൂർവം ഉണ്ടാക്കിയ നേട്ടങ്ങൾ തന്റേതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ നാടകീയമായി രാജ്യത്തോട് പ്രഖ്യാപിക്കാൻ മോദി തെരഞ്ഞെടുത്തത് തെരഞ്ഞെടുപ്പുകാലം തന്നെയായി എന്നത് യാദൃശ്ചികമാണോ? രാജ്യസുരക്ഷയും പ്രതിരോധ നേട്ടങ്ങളും വരെ സ്വന്തം കീശയിലാക്കാൻ ശ്രമിക്കുമ്പോൾ വെളിവാകുന്നത് പരാജയത്തിന്റെ പരിഭ്രമം മാത്രമാണ്; പപ്പുമോനെന്നു വിളിച്ചു തള്ള് മാത്രം ശീലിച്ചുമല്ല വികസനനേട്ടങ്ങൾ ചൂണ്ടിയാകണം മോദീ താങ്കൾ വോട്ട് പിടിക്കേണ്ടത്

മറുനാടൻ ഡെസ്‌ക്‌

ഭ്രമണതലത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഉപഗ്രഹങ്ങളെ കണ്ടെത്തി അവയെ നശിപ്പിച്ച് കളയാൻ കെൽപ്പുള്ള സാറ്റലൈറ്റ് മിസൈൽ ഇന്ത്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. അതിന്റെ പേരിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ഓരോ ഇന്ത്യക്കാരനും അഭിമാനമുണ്ടാക്കുന്ന ആ വാർത്ത ലോകത്തോട് വിളിച്ച പറയുകയും ചെയ്തു. തീർച്ചയായും ഇതിന് പിന്നിൽ പ്രവർത്തിച്ച ഡിആർഡിഓയും ഐഎസ്ആർഓയും അഭിനന്ദനമർഹിക്കുന്നു. അതിന് തുടക്കമിട്ടവരും അതിനെ നയിക്കുന്നവരും അഭിനന്ദനമറിയിക്കുന്നു.

ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ശക്തികളിൽ ഒന്നായി ഇന്ത്യ മാറുമ്പോൾ ഏതൊരു ഇന്ത്യാക്കാരനും അഭിമാനിക്കേണ്ടതാണ്. ചൈനയ്ക്കും റഷ്യയ്ക്കും അമേരിക്കയ്ക്കുമൊപ്പം ഇന്ത്യ ശത്രു രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ പോലും തച്ചുടയ്ക്കുന്ന തരത്തിലേക്ക് വളരുമ്പോൾ ആർക്കാണ് അഭിമാനം തോന്നാത്തത്. പ്രത്യേകിച്ച് ചൈനയും പാക്കിസ്ഥാനും ഒരുമിച്ച് ചേർന്ന് ഒളിഞ്ഞും തെളിഞ്ഞും ഇന്ത്യയുടെ അന്തസ് തകർക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ അവരുടെ ചാരക്കണ്ണുകളെ തകർത്തെറിയാനും നമ്മുടെ മേൽ ശത്രുവിന്റെ കണ്ണുകൾ പോലും പതിക്കാതിരിക്കുന്നതിന് വേണ്ട ഉത്തരവാദിത്വം നമ്മൾ കാട്ടുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാന വിജൃംഭിതരാകേണ്ടതുണ്ട്.

എന്നാൽ അത് ഇന്ത്യയോട് വിളിച്ച് പറഞ്ഞ നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് കാലത്തെ രീതിയോട് യോജിക്കുക വയ്യ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാൽ സാങ്കേതികമായി ഇന്ത്യയുടെ കാവൽപ്രധാനമന്ത്രി മാത്രമാണ് നരേന്ദ്ര മോദി. നയപരമായ ഒരു തീരുമാനവും എടുക്കാതിരിക്കുകയും തെറ്റിധരിപ്പിക്കേണ്ട ഒന്നും പറയാതിരിക്കുകയും ചെയ്യേണ്ട ബാധ്യത ജനാധിപത്യത്തിൽ വിശ്വസിക്കുന്ന പ്രധാനമന്ത്രിക്കുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് യുദ്ധം പ്രഖ്യാപിക്കുന്നതും മിന്നലാക്രമണം നടത്തുന്നതും ഒക്കെ ശരിയാണെങ്കിൽ കൂടി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാൽ രാജ്യത്തെ ശത്രുക്കളിൽ നിന്നും പ്രതിരോധിക്കുന്നതിന് അപ്പുറത്തേക്കുള്ള ഒന്നും ചെയ്തുകൂടാ എന്നതാണ് വാസ്തവും.

അതേസമയം സുപ്രധാനമായ ഒരു സംഭവ വികാസം ഉണ്ടാകുമ്പോൾ അത് പ്രഖ്യാപിക്കുന്നതും അതിനനുസരിച്ച് പ്രവർത്തിക്കുന്നതും രാജനീതി തന്നെയാണ്. എന്നാൽ ഇന്ത്യയുടെ ഈ ബഹിരാകാശ നേട്ടം ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പ്രധാനമന്ത്രി തന്നെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിക്കുമ്പോൾ അതിലൊരു മുതലെടുപ്പും തെറ്റിധാരണ സൃഷ്ടിക്കലുമുണ്ട്. 2010ൽ മന്മോഹൻസിങ് സർക്കാർ ഭരിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ നമ്മൾ ഈ നേട്ടം കൊയ്തതാണ്. 2012ൽ ഡിആർഡിഒ തന്നെ ഇത് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. അന്ന് അവർ പറഞ്ഞത് 2014ൽ നമ്മൾ ഇത് ഒരു ഉപഗ്രഹത്തെ അറ്റാക്ക് ചെയ്തുകൊണ്ട് തെളിയിക്കുമെന്നാണ്.

അഞ്ച് കൊല്ലത്തിന് ശേഷം 2019ൽ അത് മാത്രം ചെയ്തിട്ട് ഈ സാങ്കേതിക വിദ്യ കരസ്ഥമാക്കിയ ഇന്ത്യൻ ശാസ്ത്രജ്ഞ സംഘം മോദി സർക്കാരിന്റെ സൃഷ്ടിയാണ് എന്ന് തെറ്റിധരിപ്പിക്കുന്ന തരത്തിൽ അനാവശ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തത് ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളി തന്നെയാണ്. ഇന്ത്യയുടെ ഈ നേട്ടം അസാധാരണവും അപൂർവ്വവുമാണ് എന്ന് ശരിവയ്ക്കുമ്പോഴും ഇത് ഐഎസ്ആർഓയും ഡിആർഓയും കഴിഞ്ഞ പത്തു വർഷമായി നടത്തിക്കൊണ്ടിരുന്ന ഒരു പ്രക്രിയയുടെ അവസാനത്തെ പരീക്ഷണ ഘട്ടം മാത്രമാണ് എന്നത് മറച്ചുവെച്ചുകൊണ്ട് ഈ സർക്കാരിന്റെ മേൽനോട്ടത്തിൽ ഇങ്ങനെയൊക്കെ സംഭവിച്ചുവെന്ന് തെറ്റിധരിപ്പിക്കുന്ന തരത്തിൽ അതീവ പ്രാധാന്യത്തോടു കൂടി പ്രധാനമന്ത്രി തന്നെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തതിലാണ് പിശക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP