Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊച്ചിയിൽ നിന്നും പാലായിൽ എത്താൻ 20 മണിക്കൂർ എടുത്ത ജനാരവം കണ്ണു തുറപ്പിക്കേണ്ടത് മാണി സാറിനെ കോഴമാണിയാക്കി എന്റെ വക 500 രൂപ പ്രചരണം നടത്തിയ കപടബുദ്ധിജീവികളുടേതാണ്; നിങ്ങളുടെ മാണി വിരോധത്തിന് പിന്നിലുള്ളത് എടുത്തെറിഞ്ഞാലും നാലുകാലിൽ നിൽക്കുന്ന മധ്യതിരുവിതാംകൂറിലെ നസ്രാണികളോടുള്ള അസൂയമാത്രമാണ് എന്ന് ഇനിയെങ്കിലും തുറന്ന് സമ്മതിക്കൂ; വീണുപോകാതിരിക്കാൻ തന്ത്രങ്ങൾ ഇറക്കുമ്പോഴും ശത്രുവിനുപോലും നന്മവരാൻ പ്രാർത്ഥിക്കുന്ന മാണിയെന്ന ലെജന്റിനെ കാലം തിരിച്ചറിയാതിരിക്കുമോ?

കൊച്ചിയിൽ നിന്നും പാലായിൽ എത്താൻ 20 മണിക്കൂർ എടുത്ത ജനാരവം കണ്ണു തുറപ്പിക്കേണ്ടത് മാണി സാറിനെ കോഴമാണിയാക്കി എന്റെ വക 500 രൂപ പ്രചരണം നടത്തിയ കപടബുദ്ധിജീവികളുടേതാണ്;  നിങ്ങളുടെ മാണി വിരോധത്തിന് പിന്നിലുള്ളത് എടുത്തെറിഞ്ഞാലും നാലുകാലിൽ നിൽക്കുന്ന മധ്യതിരുവിതാംകൂറിലെ നസ്രാണികളോടുള്ള അസൂയമാത്രമാണ് എന്ന് ഇനിയെങ്കിലും തുറന്ന് സമ്മതിക്കൂ;  വീണുപോകാതിരിക്കാൻ തന്ത്രങ്ങൾ ഇറക്കുമ്പോഴും ശത്രുവിനുപോലും നന്മവരാൻ പ്രാർത്ഥിക്കുന്ന മാണിയെന്ന ലെജന്റിനെ കാലം തിരിച്ചറിയാതിരിക്കുമോ?

മറുനാടൻ ഡെസ്‌ക്‌

ഒരു നൂറ്റാണ്ടോളം ഈ നാടിന് വെളിച്ചം പകർന്ന മാണി സാറിനെ അവസാനമായി ഒന്ന് കാണാൻ ഞാനും പോയിരുന്നു. പാലായിലെ മാണി സാറിന്റെ വീടിന് മുൻപിൽ മണിക്കൂറുകളോളം കാത്തു നിന്നതിന് ഒടുവിൽ വിഷാദ ഗാനം പോലെ മാണി സാറിന്റെ നിശ്ചലമായ മൃതദ്ദേഹം കടലിരമ്പം പോലെ ആർത്തിളകിയ ജനക്കൂട്ടത്തിനിടയിലേക്ക് വന്നപ്പോൾ ഓർക്കുകയായിരുന്നു ആരായിരുന്നു ഈ മാണി സാർ. എന്തിനായിരുന്നു അനേകർ മാണി സാറിനോട് വിരോധം വച്ച് പുലർത്തിയിരുന്നത്. എന്തുകൊണ്ടാണ് ഇത്രയും ധൃക്ഷണാശാലിയായ മാണി സാറിന് മുഖ്യമന്ത്രി പദം അടുത്തു പോലും എത്താതെ നഷ്ടപ്പെട്ട് പോയത്. എന്തിനായിരുന്നു കേരളത്തിലെ മാധ്യമ പ്രവർത്തകർ കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരിൽ ഒരാളായി കെ.എം മാണിയെ ചിത്രീകരിച്ചത്.

ഈ ചോദ്യങ്ങളൊക്കെ ചോദിക്കുന്നതിന് ഒരു കാരണമുണ്ട്. ഇന്നലെ രാവിലെ എറണാകുളത്ത് നിന്നും കോട്ടയം വഴി പാലായിലേക്കെത്തിച്ച മൃതദ്ദേഹം 20 മണിക്കൂർ കൊണ്ടാണ് ലക്ഷ്യ സ്ഥാനത്ത് എത്തിയത്. ഈ 20 മണിക്കൂറിൽ ഒരു നോക്ക് കാണുന്നതിന് വേണ്ടി ഒഴുകിയെത്തിയത് ലക്ഷങ്ങളാണ്. പാലായിലേയും കോട്ടയത്തേയും കുറവിലങ്ങാടേയും കടുത്തുരുത്തിയിലേയും ഏറ്റുമാനുരിലേയും ഒക്കെ ജനങ്ങൾക്ക് അവരുടെ ജീവിതം കൊണ്ട് സാക്ഷ്യം പറയാൻ അനേകം കാര്യങ്ങൾ ഉള്ളതുകൊണ്ട് അവർ കണ്ണു നീരോടെ എത്തിച്ചേർന്നത് മനസിലാക്കാം. എന്നാൽ തൃപ്പൂണിത്തുറയിലും പുത്തേട്ടയിലും വൈക്കത്തുമൊക്കെ എത്ര കേരളാ കോൺഗ്രസുകാർ ഉള്ളത്‌കൊണ്ടാണ് അവിടെയൊക്കെ ജനസാഗരം ഒഴുകിയെത്തിയത്. ഇതിന് മുൻപ് ഇത്രയും വലിയൊരു വിടവാങ്ങൽ കേരളം നൽകിയിട്ടുള്ളത് കെ. കരുണാകരനും ഇ.കെ നായനാർക്കും മാത്രമാണ്.

സാക്ഷാൽ ഇ.എം.എസ് നമ്പൂതിരിപ്പാട് വിട പറഞ്ഞപ്പോൾ പോലും കേരളം ഇത്രയധികം കരഞ്ഞിട്ടില്ല. എറണാകുളം മുതൽ പാലാ വരെ ഒഴുകിയെത്തിയ ലക്ഷക്കണക്കിന് ആളുകളുടെ ചുണ്ടിൽ നിന്നും വിതുമ്പെേലാ പുറത്ത് വന്നത് മാണി സാർ എന്ന വാക്ക് മാത്രമായിരുന്നു. മാണി സാർ എന്ന നേതാവിന്റെ പരിലാളന കൊണ്ട് ജീവിതത്തിലേക്ക് മടങ്ങിയ ആയിരങ്ങളുണ്ട്. പട്ടയം നൽകിയും വെളിച്ചം നൽകിയും പെൻഷൻ നൽകിയും ആനുകൂല്യങ്ങൾ നൽകിയും ചികിത്സാ ചെലവ് നൽകിയും ഒടുവിൽ കാരുണ്യാ എന്ന അപൂർവ്വമായ പദ്ധതിയിലൂടെ അനേകം ആളുകളുടെ രോഗാവസ്ഥയിൽ സഹായം നൽകിയുമൊക്കെ മാണി സാർ നേരിട്ട് ഇടപെടുകയായിരുന്നു നേതാവെന്ന നിലയിൽ. ഏതൊരു ഭരണാധികാരിയും ചെയ്യുന്നതല്ലേ മാണി സാറും ചെയ്തത് എന്ന് ചോദിക്കുന്നവർക്ക് മാണി സാറിനെ കുറിച്ചോ മലയോര കർഷകരെ കുറിച്ചോ ഒന്നും അറിയില്ല എന്നതാണ് സത്യം.

കെ.എം മാണി എന്നൊരു നേതാവ് ഇല്ലായിരുന്നെങ്കിൽ മധ്യ തിരുവിതാംകുറിൽ ജനിച്ച് വളരുകയും കേരളത്തിന്റെ മലയോര പ്രദേശങ്ങളിലേക്ക് പടർന്ന് പിടിക്കുകയും ചെയ്ത മലയോര കർഷകർ ഇന്നും പട്ടയമില്ലാത്ത ഭൂമിയുള്ളവരും വൈദ്യുതിയില്ലാത്ത വീടുള്ളവരും കൈയേറ്റക്കാർ എന്ന ലേബലിൽ അധിക്ഷേപിക്കപ്പെടുന്നവരുമായിരുന്നു. മലപ്പുറത്തേയും വയനാട്ടിലേയും കാസർകോടേയും കണ്ണൂരിലേയും ഇടുക്കിയിലേയും പാലക്കാട്ടേയും ഒക്കെ മലയോര പ്രദേശങ്ങളിലേക്ക് പടർന്ന് പിടിച്ച മലമ്പാമ്പിനോടും മലേറിയയോടും പൊരുതി വിജയിച്ച ഒരു തലമുറ ഈ നാടിന്റെ ചരിത്രത്തിലുണ്ട്. അവരുടെ പിൻഗാമികളാണ് എന്നെപോലെയുള്ള അനേകായിരങ്ങൾ.

അവരുടെ കണ്ണീരൊപ്പാൻ അവരുടെ വിഷമം മനസിലാക്കാൻ മാണിസാറിന് മാത്രമേ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ടാണ് മാണി സാറിനെ ഒരു നോക്ക് കാണാൻ ആയിരങ്ങൾ ഒഴുകിയെത്തിയത്. നായനാർക്കും കരുണാകരനും കൊടുത്തതിനേക്കാൾ അന്തസുള്ള ഒരു അന്ത്യാഭിവാദ്യം നൽകിയത്. ഇത്തരുണത്തിൽ എനിക്കെന്റെ മാധ്യമ സുഹൃത്തുക്കളോടും പൊതു സമൂഹത്തിലെ ബുദ്ധി ജീവി ജാഢ കാണിക്കുന്ന ചിലവരോടും ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. എന്താണ് മാണിസാറിനോട് നിങ്ങൾക്കിത്ര വിരോധം. എന്തുകൊണ്ടാണ് 50 കൊല്ലം പൊതുപ്രവർത്തനം നടത്തിയ മാണി സാർ എന്ന മനുഷ്യസ്‌നേഹിയോട് നിങ്ങൾ തീർത്താൽ തീരാത്ത പകയോടെ പെരുമാറിയത്.

ഒരാളോടും ദേഷ്യപ്പെടാതെ ഒരാളോടും പ്രതികാരം തീർക്കാതെ എല്ലാവരുടേയും നന്മ മാത്രം ആഗ്രഹിച്ച ഒരു നേതാവായിരുന്നു മാണി സാർ. മാണി സാറിനെ പച്ചയ്ക്ക് തെറി വിളിച്ചും അധിക്ഷേപിച്ചും നടന്ന പി.സി ജോർജിനോട് പോലും മാണി സാർ പരുഷമായി സംസാരിച്ചിട്ടില്ല. ഈ മനുഷ്യൻ അഴിമതിയില്ലാത്ത സ്വാത്വികനായ മാതൃകയായ നേതാവാണ് എന്ന് വിശ്വസിക്കുന്നൊരു വിഡ്ഢിയല്ല ഞാൻ. കേരളാ കോൺഗ്രസ് പോലൊരു സ്വകാര്യ രാഷ്ട്രീയ പാർട്ടിയെ നട്ടു വളർത്തി പരിപാലിച്ച് ഇത്രയധികം ജനപ്രതിനിധികൾ ഉള്ള പ്രസ്ഥാനമായി കഴിഞ്ഞ 60 കൊല്ലം മുൻപോട്ട് കൊണ്ടു പോയിട്ടുണ്ടെങ്കിൽ തീർച്ചയായും അഴിമതി ആ പരിസരത്തൊക്കെ ഉണ്ടാകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP