Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിക്കാഹിനും മയ്യത്തു നമസ്‌കാരത്തിനും പോലും സ്ത്രീകളെ പ്രവേശിപ്പിക്കാത്ത മുസ്ലിം പള്ളികളെ കുറിച്ച് ആർക്കും പരാതിയൊന്നുമില്ലേ? കത്തോലിക്കാ അച്ചന്മാരെ പെണ്ണുകെട്ടിക്കണമെന്നുസുപ്രീം കോടതി ഉത്തരവിടുമോ? ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നു വാശി പിടിക്കുന്നവരോട് ചില ചോദ്യങ്ങൾ; ഇൻസ്റ്റന്റ് റസ്‌പോൺസ്

നിക്കാഹിനും മയ്യത്തു നമസ്‌കാരത്തിനും പോലും  സ്ത്രീകളെ പ്രവേശിപ്പിക്കാത്ത മുസ്ലിം പള്ളികളെ കുറിച്ച് ആർക്കും പരാതിയൊന്നുമില്ലേ? കത്തോലിക്കാ അച്ചന്മാരെ പെണ്ണുകെട്ടിക്കണമെന്നുസുപ്രീം  കോടതി ഉത്തരവിടുമോ? ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നു  വാശി പിടിക്കുന്നവരോട് ചില ചോദ്യങ്ങൾ; ഇൻസ്റ്റന്റ് റസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

ഹുവിധ ഭാഷാ-സംസ്‌കാരങ്ങളുടെ നാടാണ് ഇന്ത്യ. ഔദ്യോഗിക ഭാഷകൾ തന്നെ ഒരു ഡസനിലേറെ. 100 ഭാഷയെങ്കിലും സംസാരിക്കുന്ന ലോകത്തെ ഏകരാജ്യം ഇന്ത്യയായിരിക്കും. ബഹുഭൂരിപക്ഷം ഹിന്ദുമതക്കാരെങ്കിലും ലോകത്തെ ഒട്ടുമിക്ക മതങ്ങളും ഇവിടെയുണ്ട്. ബുദ്ധമതത്തിന്റെ തുടക്കം ഇന്ത്യയിൽ നിന്നാണ്. ക്രിസ്തുമതം ശക്തമായ നിലയിലുണ്ട്. ലോകത്തേറ്റവും മുസ്ലീങ്ങളുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. ഈ പശ്ചാത്തലത്തിൽ ഇന്ത്യ ശിഥിലീകരിക്കപ്പെടാനുള്ള സാധ്യതകളുള്ളതിനാൽ നമ്മുടെ ഭരണഘടനാശിൽപികൾ അത് തടയാനുള്ള വലിയ ഉത്തരവാദിത്വം തന്നെ നിറവേറ്റി. ന്യൂനപക്ഷാവകാശങ്ങൾ മാത്രമല്ല, ദളിതർക്കും പാവപ്പെട്ടവർക്കുമുള്ള സംവരണം അടക്കം ഒട്ടേറെ വലിയ കാര്യങ്ങൾ നമ്മുടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയത് നാനാത്വത്തിലെ ഏകത്വം നിലനിർത്താൻ വേണ്ടിയാണ്. ഏറ്റവും ശ്രദ്ധേയമായ കാര്യം ഏറ്റവും വലിയ ജനാധിപത്യരാജ്യമായി ഇന്ത്യയെ നിലനിർത്തുന്നുവെന്നതാണ്.

ഇന്ത്യയിൽ ഓരോ മതക്കാർക്കും അവരവരുടേതായ നിയമങ്ങളും ജീവിതരീതികളുമുണ്ട്. ഭരണഘടനയുടെ സത്തയോട് ചേർന്നുനിന്നുകൊണ്ട് വ്യക്തിനിയമങ്ങളുമുണ്ട്. ഒരുമതത്തിലെ വിശ്വാസികൾക്ക് ഇതരമതത്തിലെ രീതികൾ ദുരാചാരമായി തോന്നാമെങ്കിലും അവരെ സംബന്ധിച്ച് അത് ആചാരം തന്നെയാണ്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ നിയമവ്യവസ്ഥകളോ, ഭരണകൂടമോ പൊതുസമൂഹത്തിലെ വ്യക്തികളുടെ ജീവിതത്തിലും വ്യക്തിനിയമങ്ങളിലും ഇടപെടാതിരിക്കുന്നതാണ് ഉചിതം. പൊതുസിവിൽ കോഡ് എന്ന് പറയുന്നത് പലപ്പോഴും രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് അത്യാവശ്യമായി വേണ്ടതാണെങ്കിൽ കൂടി, ഒരുമതവിഭാഗം എങ്ങനെ വിവാഹം കഴിക്കണം, എങ്ങനെ ആരാധിക്കണം, എങ്ങനെ സംസ്‌കാരം നടത്തണം, തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാനമോ, കേന്ദ്രമോ, കോടതികളോ ഇടപെടാൻ പാടില്ല. ഈ പശ്ചാത്തലത്തിൽ വേണം ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം ചർച്ച ചെയ്യാൻ.

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കോടതി വാദത്തിനിടെ നടത്തിയ നിരീക്ഷണങ്ങൾ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന തരത്തിലാണ്. അതുസംബന്ധിച്ച ഉത്തരവ് വന്നിട്ടില്ലെങ്കിലും എന്തുകൊണ്ടാണ് സ്ത്രീകളെ ഇങ്ങനെ മാറ്റിനിർത്തുന്നത് എന്ന യുക്തമായ ചോദ്യമാണ് കോടതി ചോദിച്ചത്. ശ്രീഅയ്യപ്പനിൽ വിശ്വസിക്കുന്ന ഭൂരിപക്ഷം പുരുഷന്മാരും സ്ത്രീകളും ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് എതിരാണ്. ക്ഷേത്രത്തിന്റെ ആചാര-ശീലങ്ങൾക്കനുസൃതമായി വേണം കാര്യങ്ങളെന്നാണ് ഭൂരിപക്ഷം സ്ത്രീകളും അഭിപ്രായപ്പെടുന്നത്. സ്ത്രീകൾക്ക് അവിടെ പ്രവേശനം വേണമെന്ന് ആവശ്യപ്പെടുന്നവർ പോലും അവിടെ ദർശനം നടത്തുന്നവരല്ല എന്ന കാര്യം ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ ശബരിമലയിലെ സ്ത്രീപ്രവേശനം എന്നത് ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ ആവശ്യമേയല്ല.

ശബരിമല ക്ഷേത്രത്തിന്റെ ആചാര-രീതികളനുസരിച്ച് അവിടെ സ്ത്രീ പ്രവേശിക്കാൻ പാടില്ല. ആർത്തവം എന്നത് അശ്ലീലമായതുകൊണ്ടാവില്ല സ്ത്രീകൾ ആർത്തവ സമയത്ത് ക്ഷേത്രത്തിൽ പോകരുത് എന്ന് പറയുന്നത്. എന്നാൽ, അതിനൊരു മാമൂലും കഥയും വിശ്വാസവുമുണ്ടെങ്കിൽ, അത് സംരക്ഷിക്കേണ്ട ബാധ്യതയാണ് സമൂഹത്തിനും സ്റ്റേറ്റിനുമുള്ളത്. ആവശ്യത്തിലധികം ഭക്തർ ദർശനത്തിനായെത്തുന്ന ശബരിമലയിൽ സ്ത്രീകളെ കൂടി കടത്തിവിടാൻ നോക്കുന്നത് ആ സംവിധാനത്തിന്റെ വളർച്ചയ്ക്ക് ഗുണകരമല്ല. സ്ത്രീയായതുകൊണ്ട് മാത്രം ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധവും സ്ത്രീവിരുദ്ധവും ആണെന്ന് കോടതിക്കോ ഭരണകൂടത്തിനോ തോന്നുന്നുണ്ടെങ്കിൽ അത് ശബരിമലയിൽ മാത്രം മതിയോ എന്ന ചോദ്യത്തിന് കൂടി മറുപടി പറയേണ്ടി വരും. കേരളത്തിലെ എത്ര മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനമുണ്ട്? ക്രിസ്ത്യാനിക്ക് കാനോൻ നിയമവും മുസ്ലീമിന് ശരീഅത്ത് നിയമവും ഉള്ളപ്പോൾ, ഹിന്ദുക്കളുടെ കാര്യത്തിൽ മാത്രം ഇങ്ങനെ ഇടപെടൽ വരുന്നതെന്ന് ഒരുസാധാരണ ഹിന്ദു ചോദിച്ചാൽ കോടതിയും ഭരണകൂടവും എന്തുമറുപടി പറയും?

കാനോൻ നിയമങ്ങളും ശരീഅത്ത് നിയമങ്ങളും ഒന്നും ബാധകമല്ല, എല്ലാ ഇന്ത്യാക്കാർക്കും ഒരേ നിയമം മാത്രമാണ് അതുകൊണ്ട് തന്നെ സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാം എന്നാണ് നിയമമെങ്കിൽ അത് ക്രിസ്ത്യാനിക്കും മുസ്ലീമിനും കൂടി ബാധകമാക്കേണ്ടതുണ്ട്. അതല്ലെങ്കിൽ ഭൂരിപക്ഷത്തിനെതിരെയുള്ള വിവേചനമായി ആരെങ്കിലും വ്യാഖ്യാനിച്ചാൽ അവരെ കുറ്റം പറയാനാവില്ല. ഈ പശ്ചാത്തലത്തിൽ ഹിന്ദുവിനെ ഒറ്റപ്പെടുത്തുന്ന സാഹചര്യം വരാൻ പാടില്ല. ഓരോ മതത്തിന്റെയും ശീലങ്ങളെയും ആചാരങ്ങളെയും അതിന്റെ വഴിക്ക വിടുന്നതാണ് യുക്തിഭദ്രമായ കാര്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP