Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

18 വർഷം വിചാരണ തടവുകാരനാക്കി അഴിക്കുള്ളിൽ കിടത്തിയിട്ടും കണ്ടെത്താത്ത എന്ത് രാജ്യദ്രോഹമാണ് മഅദനി ചെയ്തത്? ഇയാൾ വിതച്ച വിഷവിത്തുകൾ പണ്ടേ കരിഞ്ഞുണങ്ങി പോയില്ലേ? ഇന്ത്യ മുസ്ലീമുകളുടെ ശവപ്പറമ്പാണ് എന്ന് ലോകത്തെക്കൊണ്ട് പറയിക്കാതിരിക്കാൻ ആ മനുഷ്യനെ ഇനിയെങ്കിലും വെറുതേ വിടുക; ഇനി അയാൾ രാജ്യദ്രോഹിയാണെങ്കിൽ എത്രയും വേഗം തൂക്കിക്കൊല്ലൂ...; മാപ്പു ചോദിക്കുന്നൂ മഅദനീ - ഇൻസ്റ്റന്റ് റെസ്‌പോൺസ്

18 വർഷം വിചാരണ തടവുകാരനാക്കി അഴിക്കുള്ളിൽ കിടത്തിയിട്ടും കണ്ടെത്താത്ത എന്ത് രാജ്യദ്രോഹമാണ് മഅദനി ചെയ്തത്? ഇയാൾ വിതച്ച വിഷവിത്തുകൾ പണ്ടേ കരിഞ്ഞുണങ്ങി പോയില്ലേ? ഇന്ത്യ മുസ്ലീമുകളുടെ ശവപ്പറമ്പാണ് എന്ന് ലോകത്തെക്കൊണ്ട് പറയിക്കാതിരിക്കാൻ ആ മനുഷ്യനെ ഇനിയെങ്കിലും വെറുതേ വിടുക; ഇനി അയാൾ രാജ്യദ്രോഹിയാണെങ്കിൽ എത്രയും വേഗം തൂക്കിക്കൊല്ലൂ...; മാപ്പു ചോദിക്കുന്നൂ മഅദനീ - ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ മലയാളി ബ്യൂറോ

രണ്ടുതവണയായി പതിനെട്ടുവർഷം വിചാരണ തടവുകാരനായി കഴിഞ്ഞ ഒരു കുറ്റാരോപിതനാണ് മദനി. ഇന്ത്യകണ്ട ഏറ്റവും വലിയ ഭീകരനാണ് എന്നാണ് കേരള, കർണാടക, തമിഴ്‌നാട് പൊലീസും എന്തിനേറെ എൻഐഎയും സിബിഐയും ഒക്കെ പറയുന്നത്. എന്നാൽ മദനി ചെയ്ത കുറ്റം തെളിയിക്കുന്നതിനുള്ള ഒരു കടലാസുപോലും ഇത്രയും കാലമായി സമർപ്പിക്കാൻ ഈ നിയമ സംവിധാനങ്ങൾക്കൊന്നും കഴിഞ്ഞിട്ടില്ല. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് പരിശോധിക്കുന്നത്‌. 

1998 മാർച്ച് 31ന് അറസ്റ്റുചെയ്ത മദനിയെ പത്തുവർഷത്തിന് ശേഷം 2008ലാണ് ആദ്യം ജയിൽമോചിതനാക്കുന്നത്. പരോളും ജാമ്യവുമൊന്നും അനുവദിക്കാതെ പത്തുവർഷം പൊലീസും സർക്കാരും പറഞ്ഞുകൊണ്ടിരുന്നത് മദനിയാണ് കോയമ്പത്തൂർ സ്‌ഫോടനക്കേസിലെ പ്രതിയും ഗൂഢാലോചനക്കാരനും എന്നാണ്. ആ കേസിൽ ഒരു തെളിവുപോലും ഹാജരാക്കാൻ സാധിക്കാതിരുന്നതുകൊണ്ട് പത്തുകൊല്ലത്തിന് ശേഷം മദനിയെ കോടതി കുറ്റവിമുക്തനാക്കി. പത്തുവർഷം നിരപരാധിയായ ഒരു മനുഷ്യനെ കുറ്റക്കാരനെന്ന ആരോപിച്ച് ജയിലിൽ അടയ്ക്കുന്നത് ഒരു നീതിന്യായ വ്യവസ്ഥയ്ക്കും ജനാധിപത്യത്തിനും നല്ലതല്ല.

അങ്ങനെ 2008 മെയ്മാസം ഏഴാംതീയതി കുറ്റവിമുക്തനായി പുറത്തിറങ്ങിയ മദനി രണ്ടുവർഷത്തിന് ശേഷം 2010 ഓഗസ്റ്റ് 17ന് വീണ്ടും ജയിലിലായി. ബാംഗ്‌ളൂരിൽ നടന്ന സ്‌ഫോടനത്തിൽ മുഖ്യപ്രതികളിൽ ഒരാളാണ് മദനി എന്നായിരുന്നു കർണാടക പൊലീസിന്റെ ആരോപണം. പത്തുകൊല്ലം തമിഴ്‌നാട്് പൊലീസ് വിചാരണ തടവുകാരനായി പാർപ്പിച്ചതുപോലെ തന്നെ കർണാടക പൊലീസും ഏതാണ്ട് എട്ടുകൊല്ലമായി മദനിയെ വിചാരണ തടവുകാരനായി പാർപ്പിക്കുന്നു.

വിചാരണക്കോടതിലും സ്‌പെഷ്യൽ കോടതിയിലും ഹൈക്കോടതിയും അതിനൊക്കെ മുകളിൽ സുപ്രീംകോടതിയിലും ഒക്കെ മദനിയുടെ കുടുംബവും രാഷ്ട്രീയ സുഹൃത്തുക്കളുമൊക്കെ നീതിതേടി പോയി. ഇനിയെങ്കിലും മദനിക്കെതിരെ തെളിവ് ഹാജരാക്കൂ എന്ന് അഞ്ച് കൊല്ലത്തിന് ശേഷം 2015ൽ സുപ്രീംകോടതി തന്നെ കർണാടക പൊലീസിനോടും സർക്കാരിനോടും വിചാരണക്കോടതിയോടുമെല്ലാം പറഞ്ഞു. അല്ലെങ്കിൽ ഇയാളെ വിചാരണ നടത്തി ശിക്ഷിക്കൂ എന്നും പറഞ്ഞായിരുന്നു പരമോന്നത കോടതിയുടെ വിമർശനം. എത്രയും വേഗം കേസ് അവസാനിപ്പിക്കണമെന്ന് അന്ന് സുപ്രീംകോടതി കർശനമായി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നിട്ടിപ്പോൾ മൂന്നുവർഷമായി.

ഇതിങ്ങനെ വിട്ടാൽ പറ്റില്ലെന്ന് പറഞ്ഞ് കോടതി കഴിഞ്ഞവർഷം കുറച്ചുകാലം ജാമ്യം അനുവദിച്ചെങ്കിലും വീണ്ടും മദനി ജയിലിൽ തന്നെയായി. ജയിലിനുള്ളിൽ അല്ലെങ്കിലും വീട്ടുതടങ്കലിൽ പോലെ ബംഗളൂരു നഗരത്തിൽ ഒറ്റയ്ക്ക് താമസിക്കേണ്ടിവരുന്നു. രോഗബാധിതയായ സ്വന്തം അമ്മയെക്കാണാൻവേണ്ടി ഇപ്പോൾ എത്തുമ്പോൾ പൊലീസിനെ ഒപ്പം വിടുന്നതിന് മദനി ഒന്നരലക്ഷം രൂപ അടയ്ക്കണമെന്നാണ് സർക്കാർ പറയുന്നത്. നാലു ദിവസത്തേക്ക്.

മദനിയല്ല സുരക്ഷ ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസ് ആണ് പറയുന്നത് സുരക്ഷ വേണമെന്ന്. എന്നിട്ടും പൊലീസിന്റെ സുരക്ഷാ ചുമതലയുടെ പണം മദനി കൊടുക്കണം. അതിന്റെ പേരിലും നാട്ടിലേക്കുള്ള വരവ് ഒരു ദിവസം വൈകിപ്പിച്ചു. കഴിഞ്ഞദിവസം ജാമ്യം കിട്ടിയപ്പോൾ അവിടെനിന്ന് വിമാനത്തിൽ കയറാൻ വിമാനക്കമ്പനി തടസ്സപ്പെടുത്തി. 15 ലക്ഷം ചോദിച്ചു.

പതിനെട്ടുവർഷമായി ഒരു മനുഷ്യൻ വിചാരണത്തടവുകാരനായി കഴിയുന്നു. ഒരു കേസ് കഴിയുമ്പോൾ മറ്റൊന്ന് അയാളുടെ മേൽ ചുമത്തുന്നു. എന്തൊരു അക്രമമാണിത്. എന്തൊരു അനീതിയാണിത്. മദനി പുണ്യപുരുഷനാണെന്നോ നീതിമാനെണെന്നോ മദനിയെ ബോധപൂർവം ജയിലിൽ അടച്ച് ജീവിതം ഇല്ലാതാക്കുകയാണെന്നോ പറയാനുള്ള തെളിവുകളോ ആധികാരികതയോ ഇല്ല. എന്നു മാത്രമല്ല, 90കളുടെ തുടക്കത്തിൽ മദനി ആരംഭിച്ച ഐഎസ്എസ് എന്ന സാമുദായിക പാർട്ടി കേരളത്തിലെ മുസ്‌ളീം സമൂഹത്തെ വിഭാഗീയമായി ചിന്തിപ്പിക്കുകയും ഒട്ടേറെ മുസ്‌ളീം ചെറുപ്പക്കാരെ വർഗീയമായി ചിന്തിപ്പിക്കുകയും കേരളത്തിന്റെ സാഹോദര്യത്തെ അതിനിശിതമായി വിമർശിക്കുകയും ഇല്ലാതാക്കുകയും ചെയ്തു എന്നുതന്നെ പറയേണ്ടിവരും.

മദനിയുടെ ആദ്യകാല പ്രസംഗങ്ങൾ കേട്ടാൽ ഏതൊരു മുസ്‌ളീം യുവാവിന്റേയും രോമകൂപങ്ങൾ എണീറ്റ് നിൽക്കുമായിരുന്നു. ഇവിടത്തെ മുസ്‌ളീങ്ങൾ മുഴുവൻ അവഗണിക്കപ്പെടുകയാണെന്നും പീഡിപ്പിക്കപ്പെടുകയാണെന്നും തെറ്റായൊരു വ്യാഖ്യാനവും വിശ്വാസവും നൽകാൻ മദനി ശ്രമിച്ചു. ഒരുപക്ഷേ, കേരളത്തിലെ ഇസ്‌ളാമിക മൗലികവാദത്തിന്റെ വിഷവിത്തുകൾ വിതച്ചത് മദനിതന്നെയാണ് എന്ന് പറയേണ്ടിവരും. അതിന് നിയമം അനുശാസിക്കുന്ന ശിക്ഷ മദനിക്ക് കൊടുക്കേണ്ടതാണ്.

എന്നാൽ ഒരു പൗരൻ ആ രാജ്യത്ത് ജീവിക്കുമ്പോൾ അയാളുടെ മേൽ ചുമത്താവുന്ന ഏറ്റവും വലിയ കുറ്റമാണ് രാജ്യദ്രോഹം. ആത്മാഭിമാനമുള്ള ഒരു പൗരനും സഹിക്കാൻ കഴിയുന്ന കുറ്റാരോപണമല്ല അത്. കാശ്മീരിലെ ഭീകരർക്കൊപ്പം നിന്നുകൊണ്ട് അവർക്ക് സാമ്പത്തിക സഹായം നൽകുകയും അവിടേക്ക് കേരളത്തിലെ ആളുകളെ എത്തിക്കുകയും ഒക്കെ ചെയ്യുന്ന ഭീകരവാദ നേതാവാണ് മദനി എന്ന് ഈ പൊലീസ് ആരോപിക്കുമ്പോൾ അതിന് യോജിച്ച തെളിവുകൾ ഹാജരാക്കാനുള്ള ബാധ്യത പൊലീസിനും സർക്കാരിനുമുണ്ട്. അത് ചെയ്യാതെ മദനി ഭീകരനാണ് എന്ന് പറഞ്ഞ് ജാമ്യം നൽകാതെ വിചാരണ തടവുകാരനായി പാർപ്പിക്കുന്നത് തെറ്റാണ്.

ഒരാൾ കുറ്റക്കാരനാണെങ്കിൽ അത് തെളിവുസഹിതം ഹാജരാക്കി ഇന്ത്യൻ നിയമത്തിൽ വ്യവസ്ഥചെയ്യുന്ന ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിയണം. രാജ്യദ്രോഹിയാണെങ്കിൽ മദനിക്ക് വധശിക്ഷ തന്നെ നൽകണം. അതിന് ശിക്ഷാ നിയമം വ്യവസ്ഥചെയ്യുന്നുണ്ട്. എന്നാൽ വിചാരണപോലും ചെയ്യാതെ തടവുകാരനായി ഒരാളെ പതിനെട്ടുവർഷം ഒരു തെളിവുമില്ലാതെ തടവിൽ പാർപ്പിക്കുന്നത് ഹിറ്റ്‌ലറുടെ രാജ്യത്തുപോലും നടന്നിട്ടുണ്ടാവില്ല.

ഇന്ത്യ ഭരിക്കുന്ന പ്രധാനമന്ത്രി മോദിക്കെതിരെ പോലും വർഗീയ കലാപത്തിന്റെ ആസൂത്രകൻ എന്ന നിലയിലുള്ള ആരോപണം ഉയർന്നിട്ടുണ്ട്. തെളിവുണ്ടോ ശരിയാണോ എന്നതെല്ലാം രണ്ടാമത്തെ കാര്യം. അത്തരം ആരോപണങ്ങളുടെ പേരിൽ കള്ളപ്രചരണം നടത്തി കള്ളസാക്ഷികളെ വച്ച് ഒരാളെ ജീവിതകാലം മുഴുവൻ ജയിലിൽ ഇടുന്നത് നീതിവ്യവസ്ഥയ്ക്കും ജനാധിപത്യത്തിനും നല്ലതല്ല. മദനിയാണ് സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്തതെങ്കിൽ അത് തെളിയിക്കണം. ശിക്ഷിക്കണം.

എന്നാൽ ഇന്ത്യയിലെ മുസ്‌ളീങ്ങളെ ഇന്ത്യൻ ഭരണകൂടം ജാതിയുടെ പേരിൽ പീഡിപ്പിക്കുന്നു, മതത്തിന്റെ പേരിൽ പീഡിപ്പിക്കുന്നു എന്ന ആരോപണത്തിന് അടിവരയിടാൻ മാത്രമെ മദനിയുടെ ജയിൽ വാസം സഹായിക്കൂ. രോഗിയായി അവശനായി, കണ്ണുകാണാനാവാതെ, പ്രമേഹം വർധിച്ച് ഒരു സാധാരണ മനുഷ്യനായി മാറിയിരിക്കുന്ന മദനിയെ എത്രയും വേഗം ജയിലിൽ നിന്ന് മോചിപ്പിക്കേണ്ടതുണ്ട്. അത് മനുഷ്യാവകാശത്തിന്റേയും നീതിയുടേയും പ്രശ്‌നമാണ്. ഒന്നുകിൽ ശിക്ഷിക്കുക. അല്ലെങ്കിൽ വെറുതെവിടുക. അല്ലാതെ വിചാരണ തടവുകാരനായി മദനി എത്രകാലം ജയിലിൽ കിടക്കുന്നുവോ അത്രയും കാലം അപമാനിക്കപ്പെടുന്നത് ഇന്ത്യൻ നീതിവ്യവസ്ഥയാണ്. അവഹേളിക്കപ്പെടുന്നത് ഇന്ത്യയിലെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന നല്ലവരായ മുസ്‌ളീങ്ങളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP