Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്താണ് ബിറ്റ്കോയിൻ? അതെവിടെ വാങ്ങാൻ കിട്ടും? അതു നിങ്ങളെ സമ്പന്നൻ ആക്കുമോ? ക്രിപ്റ്റോ കറൻസിയുടെ പേരിലെ തട്ടിപ്പുകൾ എങ്ങിനെ തിരിച്ചറിയാം: ബിറ്റ്കോയിൻ വിപ്ലവത്തിൽ പങ്കെടുക്കും മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ: ഇൻസ്റ്റന്റ് റസ്പോൺസിൽ ഷാജൻ സ്‌കറിയ

എന്താണ് ബിറ്റ്കോയിൻ? അതെവിടെ വാങ്ങാൻ കിട്ടും? അതു നിങ്ങളെ സമ്പന്നൻ ആക്കുമോ? ക്രിപ്റ്റോ കറൻസിയുടെ പേരിലെ തട്ടിപ്പുകൾ എങ്ങിനെ തിരിച്ചറിയാം: ബിറ്റ്കോയിൻ വിപ്ലവത്തിൽ പങ്കെടുക്കും മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ: ഇൻസ്റ്റന്റ് റസ്പോൺസിൽ ഷാജൻ സ്‌കറിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇപ്പോൾ ഏറെ ചർച്ചചെയ്യപ്പെടുന്ന വിഷയമാണ് ബിറ്റ് കോയിൻ അഥവാ ക്രിപ്‌റ്റോ കറൻസി. ആഗോളതലത്തിൽ വലിയ പ്രചാരം നേടുകയും വില വാനോളം ഉയരുകയും ചെയ്യുന്നതോടെ ഏറെപ്പേരാണ് അനുദിനം ബിറ്റ് കോയിനിലേക്ക് ആകൃഷ്ടരാകുന്നത്. അതോടൊപ്പം തന്നെ ഇതിന്റെ ഇടപാടുകൾ നടത്തുന്നവരെ ഇന്ത്യൻ സർക്കാർ ഉൾപ്പെടെ നിരീക്ഷിക്കുകയും ചെയ്യുന്നു. പലരും എന്താണ് ബിറ്റ് കോയിൻ എന്ന് പോലും കാര്യമായി അന്വേഷിക്കാതെയാണ് ഇതിലേക്ക് എത്തിപ്പെടുന്നതും. വാനോളം ഉയരുന്ന വില ഒരു സുപ്രഭാതത്തിൽ കൂപ്പുകുത്തുമോ എന്ന ആശങ്കയും സാമ്പത്തിക വിദഗ്ദ്ധർ ഉൾപ്പെടെ പങ്കുവയ്ക്കുന്നു. ഈ ഘട്ടത്തിൽ എന്താണ് ബിറ്റ് കോയിൻ എന്നും എങ്ങനെയാണ് ഇടപാടുകൾ എന്നും അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ഇക്കാര്യങ്ങൾ വിശദമാക്കുന്നതാണ് ഇന്നത്തെ ഇൻസ്റ്റന്റ് റസ്‌പോൺസ്.

സാധാരണ കറൻസികൾക്കും കറൻസി ഇടപാടുകൾക്കുമുള്ള ദോഷങ്ങളുടെ ഒരു പരിഹാരമെന്നോണം വിഭാവനം ചെയ്യപ്പെട്ടതാണ് ബിറ്റ് കോയിൻ എന്ന ക്രിപ്റ്റോ കറൻസി. 2008 ൽ സതോഷി നാക്കാമോട്ടോ എന്ന ഒരു കക്ഷിയാണ് ആദ്യമായി ബിറ്റ് കോയിൻ എന്ന ആശയം ഒരു പ്രബന്ധ രൂപത്തിൽ വിശദമായി അവതരിപ്പിച്ചത്. സതോഷി നാക്കാമോട്ടോ എന്നത് ഒരു തൂലികാ നാമമാണ്. ഈ പേരിനു പിറകിൽ ആരാണെന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. 2009 ൽ തന്റെ ആശയത്തിനനുസരിച്ചുള്ള ഒരു ബിറ്റ് കോയിൻ പ്രോട്ടോക്കോളും അനുബന്ധ സോഫ്റ്റ്‌വെയറുകളും സംവിധാനങ്ങളുമായി ആദ്യ ബിറ്റ് കോയിൻ ശൃംഖല നിലവിൽ വന്നു.

ബിറ്റ് കോയിൻ എന്നതിനെ ഒരു കറൻസി ആയി സങ്കൽപ്പിക്കുക. നിങ്ങൾ സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ കറൻസി നോട്ടുകൾ കൊണ്ടുപോകില്ലേ? 100 രൂപാ നോട്ടിനു പകരം 100 രൂപ എന്നെഴുതിയ ഒരു കടലാസു കഷണം കൊണ്ടുപോയി കടക്കാരനു കൊടുത്താൽ ആയാൾ എന്തുകോണ്ട് അത് സ്വീകരിക്കില്ല? ഒറ്റ നോട്ടത്തിൽ തന്നെ അയാൾക്കത് വിലയില്ലാത്ത ഒരു കടലാസാണെന്ന് മനസ്സിലാകും. ഇനി നൂറു രൂപ നോട്ടിന്റെ ഒരു കളർ ഫോട്ടോസ്റ്റാറ്റ് കോപ്പി കൊണ്ടു പോയാലോ? കടക്കാരനത് ഒന്ന് കയ്യിലെടുക്കുമ്പോൾ തന്നെ മനസ്സിലാകും അത് വ്യാജനാണെന്ന്. ഇനി ശരിക്കും കൂടുതൽ കുറ്റമറ്റ രീതിയിൽ പ്രിന്റ് ചെയ്തെടുത്ത ഒരു വ്യാജ നോട്ട് ആണെങ്കിലോ കടക്കാരൻ തിരിച്ചും മറിച്ചുമൊക്കെ നോക്കി അയാൾക്ക് അറിയുന്ന രീതിയിൽ വ്യാജനാണോ എന്ന് തിരിച്ചറിയാൻ ശ്രമിക്കും. തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ അതെടുത്ത് പെട്ടിയിലിടും.

ഇനി ബിറ്റ് കോയിനിലേക്ക് തിരിച്ചു വരാം. ബിറ്റ് കോയിനെയും രൂപയേയും ഡോളറിനേയുമൊക്കെ പോലെയുള്ള ഒരു കറൻസിയായി സങ്കൽപ്പിക്കണം. നിങ്ങളുടെ കൈവശം രൂപയ്ക്ക് പകരം ബിറ്റ് കോയിനാണുള്ളത്. ബിറ്റ് കോയിൻ നമ്മൾ കറൻസി നോട്ടുകൾ സൂക്ഷിച്ചു വയ്ക്കാനുപയോഗിക്കുന്നതുപോലെയുള്ള ഒരു പേഴ്സിൽ തന്നെയായിരിക്കും സൂക്ഷിച്ചു വച്ചിരിക്കുക (അതിന്റെ പേരാണ് ബിറ്റ് കോയിൻ വാലറ്റ്). നിങ്ങളുടെ പേഴ്സിൽ 100 ബിറ്റ് കോയിനുകൾ ഉണ്ട്.

നിങ്ങൾക്ക് വാങ്ങേണ്ടത് ഒരു കിലോ അരിയാണ്. ഒരു കിലോ അരിയുടെ വില 10 ബിറ്റ് കോയിനുകൾക്ക് തുല്ല്യമായ വിലയാണെന്ന് സങ്കൽപ്പിക്കുക. കടക്കാരനോട് എവിടെയാണു ബിറ്റ് കോയിൻ നിക്ഷേപിക്കാനുള്ളതെന്ന് ചോദിക്കുക. അയാൾ ബിറ്റ് കോയിൻ നിക്ഷേപിക്കാനുള്ള അയാളുടെ സ്വന്തം പേഴ്സ് കാണിച്ച് തരും. നിങ്ങൾ നിങ്ങളുടെ പേഴ്സ് തുറന്ന് അതിൽ നിന്നും 10 ബിറ്റ് കോയിനുകൾ എടുത്ത് കച്ചവടക്കാരന്റെ പേഴ്സിലേക്ക് നിക്ഷേപിക്കുന്നു. ഇനി നിങ്ങൾ നൽകിയത് യഥാർത്ഥ ബിറ്റ് കോയിൻ ആണെന്ന് എങ്ങിനെ ഉറപ്പിക്കും? ബിറ്റ് കോയിൻ സമ്പ്രദായത്തെ പറ്റി വിശദമായി അറിഞ്ഞാലേ ഇത്തരംകാര്യങ്ങളിൽ കരുതലെടുക്കാൻ കഴിയൂ. 

നിങ്ങളുടെ കൈവശമുള്ള പേഴ്സിൽ എത്ര ബിറ്റ് കോയിനുകൾ ഉണ്ടെന്നും അവ യഥാർത്ഥത്തിലുള്ളതാണോ എന്നുമെല്ലാം ലോകത്ത് ആർക്കും എളുപ്പത്തിൽ പരിശോധിക്കാൻ കഴിയുന്ന ഒരു സംവിധാനമൊരുക്കിയിട്ടുണ്ട്. അതായത് എല്ലാ ബിറ്റ് കോയിൻ ഇടപാടുകളും ക്രമമായി അക്കമിട്ട് സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഒരു ഭീമൻ കണക്ക് പുസ്തകം. കറൻസി നോട്ടുകൾ തിരിച്ചും മറിച്ചും നോക്കി വ്യാജനാണോ അല്ലയോ എന്ന് ഉറപ്പ് വരുത്തുന്നതുപോലെയുള്ള ബുദ്ധിമുട്ടുകളൊന്നും ഇവിടെ ഇല്ല. ഓരോ പേഴ്സിലും എത്ര പണം ബാക്കിയുണ്ടെന്നും ഇടപാടുകൾ നടന്നോ എന്നും എളുപ്പത്തിൽ ഈ കണക്ക് പുസ്തകം നോക്കി മനസ്സിലാക്കാനാകും. ഈ കണക്കു പുസ്തകത്തിന്റെ പേരാണ് ബ്ലോക് ചെയിൻ.

ഈ കണക്ക് പുസ്തകത്തിനൊരു പ്രത്യേകതയുണ്ട്. ഇത് കേന്ദ്രീകൃത സ്വഭാവമുള്ള ഒരു കണക്ക് പുസ്തകം അല്ല. അതായത് ഒരു വ്യക്തിയോ സംഘടനയോ സ്ഥാപനമോ പരിപാലിക്കുന്ന കണക്ക് പുസ്തകം അല്ല. ബിറ്റ് കോയിൻ ഇടപാടുകൾ നടത്തുന്നവർ തന്നെയാണ് പൊതു സമ്മതമായ രീതിയിൽ ഈ പുസ്തകത്തിൽ ഇടപാടുകൾ രേഖപ്പെടുത്തുന്നത്. അതിനാൽ ഒരു വ്യക്തിക്കോ ഒരു കൂട്ടം വ്യക്തികൾക്കോ ഒന്നും ഇതിൽ യാതൊരു വിധ കയ്യാങ്കളികളും നടത്താൻ കഴിയില്ല.

ബിറ്റ് കോയിൻ എങ്ങിനെ ഇരിക്കും എന്ന് നോക്കാം. ബിറ്റ് കോയിൻ എന്നത് ഒരു ക്രിപ്റ്റോ കറൻസി ആണെന്ന് പറഞ്ഞല്ലോ. ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം 3GtmDuwLfZJsLgVjV7tKwH3N4paYXR56dT ഇത് ഒരു ബിറ്റ് കോയിൻ അഡ്രസ് ആണ്. ഈ ബിറ്റ് കോയിൻ അഡ്രസ്സുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ബ്ലോക് ചെയിൻ എന്ന രജിസ്റ്ററിലൂടെ അറിയാൻ കഴിയും. ബ്ലോക്ക് ചെയിൻ ഡാറ്റാബേസിൽ നിന്നും വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുന്ന രീതിയിൽ തയ്യാർ ചെയ്ത ധാരാളം സോഫ്റ്റ് വെയറുകളും അപ്ലിക്കേഷനുകളും വെബ് സൈറ്റുകളുമൊക്കെ ലഭ്യമാണ്.

ബിറ്റ് കോയിൻ വാലറ്റ് പ്രത്യേകിച്ച് ചെലവൊന്നുമില്ലാതെ ആർക്കും ഉണ്ടാക്കിയെടുക്കാമെന്ന് പറഞ്ഞല്ലോ. ഇത്തരത്തിൽ ബിറ്റ് കോയിൻ വാലറ്റ് ഉണ്ടാക്കുമ്പോള് അതിനു രണ്ട് ഭാഗങ്ങൾ ഉണ്ടായിരിക്കും . ഒന്ന് പ്രൈവറ്റ് കീ രണ്ട് പബ്ലിക് കീ. ഇതിൽ പ്രൈവറ്റ് കീ ആണ് നിങ്ങളുടെ താക്കോൽ - അത് രഹസ്യമായി സൂക്ഷിക്കുക. പ്രൈവറ്റ് കീ എൻക്രിപ്റ്റ് ചെയ്ത് പാസ് വേഡ് ഉപയോഗിച്ച് മറ്റുള്ളവർക്ക് കിട്ടിയാലും ഉപയോഗിക്കാൻ കഴിയാത്ത രീതിയിൽ സുരക്ഷിതമാക്കി വയ്ക്കുന്നതാണ് കൂടുതൽ നല്ലത്. ഇനി പ്രൈവറ്റ് കീ എൻക്രിപ്റ്റ് ചെയ്യാതെയും സൂക്ഷികാവുന്നതാണ്. കമ്പ്യൂട്ടറുകൾ എന്തെങ്കിലും കാരണവശാൽ നഷ്ടപ്പെട്ട് പോയാലോ നാശമായാലോ ബിറ്റ് കോയിൻ വാലറ്റുകൾ തുറക്കാൻ കഴിയാത്ത അവസ്ഥ വരുന്നതിനാൽ പ്രൈവറ്റ് കീ പ്രിന്റ് ചെയ്ത് സുരക്ഷിതമായ ഇടങ്ങളിൽ സൂക്ഷിക്കുന്നതും നല്ലതാണ്. ചുരുക്കം പറഞ്ഞാൽ പ്രൈവറ്റ് കീ രഹസ്യമായി സൂക്ഷിക്കുക പബ്ലിക് കീ ആർക്ക് വേണമെങ്കിൽ പണം സ്വീകരിക്കാൻ നൽകാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP