Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ശത്രുവിനെതിരെ ആക്കിമാറ്റാൻ വെപ്രാളപ്പെട്ട് കണ്ണീരൊലിപ്പിച്ച് വെള്ളാപ്പള്ളി എത്തിയിട്ടും ആർക്കും സംശയം ഇല്ലേ? സിബിഐ അന്വേഷിച്ചാലും ക്രൈംബ്രാഞ്ച് അന്വേഷിച്ചാലും മഹേശന് നീതികിട്ടില്ലെന്ന് കുടുംബക്കാർക്ക് മനസ്സിലായില്ലേ? മൈക്രോ ഫിനാൻസ് കേസിൽ പ്രതിചേർക്കപ്പെട്ട കാര്യം ഇപ്പോഴും എന്താണ് വെള്ളാപ്പള്ളി മറച്ച് വയ്ക്കുന്നത്: പഠിച്ച കള്ളനായി മുതലാളി മാറുമ്പോൾ

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ശത്രുവിനെതിരെ ആക്കിമാറ്റാൻ വെപ്രാളപ്പെട്ട് കണ്ണീരൊലിപ്പിച്ച് വെള്ളാപ്പള്ളി എത്തിയിട്ടും ആർക്കും സംശയം ഇല്ലേ? സിബിഐ അന്വേഷിച്ചാലും ക്രൈംബ്രാഞ്ച് അന്വേഷിച്ചാലും മഹേശന് നീതികിട്ടില്ലെന്ന് കുടുംബക്കാർക്ക് മനസ്സിലായില്ലേ? മൈക്രോ ഫിനാൻസ് കേസിൽ പ്രതിചേർക്കപ്പെട്ട കാര്യം ഇപ്പോഴും എന്താണ് വെള്ളാപ്പള്ളി മറച്ച് വയ്ക്കുന്നത്: പഠിച്ച കള്ളനായി മുതലാളി മാറുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

വെള്ളാപ്പള്ളി നടേശൻ എന്ന സമുദായ നേതാവ് ഒരു പഠിച്ച കള്ളനാണ് എന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്നത്തെ അദ്ദേഹത്തിന്റെ പത്രസമ്മേളനം. തന്റെ ഏറ്റവും പ്രിയപ്പെട്ടവൻ മരിച്ചുപോയി എന്നു പറഞ്ഞുകൊണ്ട് ആ മരണത്തിന്റെ ഉത്തരവാദിത്തം വെള്ളാപ്പള്ളിക്കെതിരെ വാളെടുത്തിരിക്കുന്ന സുഭാഷ് വാസു അടക്കമുള്ള വിമതനേതാക്കന്മാർക്കെതിരെ തിരിക്കാൻ നടത്തുന്ന ശ്രമം ഞെട്ടിക്കുന്നതായിരുന്നു. മഹശൻ എന്ന സമുദായ നേതാവ് സ്വയം മരണം തെരഞ്ഞെടുത്തപ്പോൾ എഴുതിവെച്ച കത്തിൽ ഈ പറയുന്ന സുഭാഷ് വാസു അടക്കം ആരെക്കുറിച്ചും ഒരു പരാമർശവും ഇല്ലാതിരിക്കവെ, വെള്ളാപ്പള്ളി നടേശന്റെ കൊടുക്കൽ വാങ്ങലുകളുടെ കഥകൾ എണ്ണി എണ്ണി പറഞ്ഞിരിക്കെ, അതെല്ലാം സുഭാഷ് വാസു അടങ്ങിയ വിമതർക്കെതിരെയാണെന്നും തനിക്കെതിരെയല്ലെന്നും പറഞ്ഞ് വിങ്ങിപ്പൊട്ടാനും കണ്ണ് തുടയ്ക്കാനും വെള്ളാപ്പള്ളി നടേശന് മാത്രമെ കഴിയൂ. ഈ പ്രായത്തിലും തനിക്കെതിരെ പാഞ്ഞുവരുന്ന കൂരമ്പുകളെ പ്രതിരോധിക്കാൻ പോലും ശ്രമിക്കാതെ, അവയൊക്കെ തന്റെ ശത്രുക്കൾക്കെതിരെയുള്ള യഥാർത്ഥ ആയുധങ്ങളാണ് എന്ന് വിശേഷിപ്പിക്കാൻ നടത്തിയ ശ്രമം അത്ഭുതാവഹമായി.

മഹേശനും താനും തമ്മിൽ ഉറ്റ ബന്ധത്തിൽ ആയിരുന്നുവെന്നും, താൻ എഴുതുന്നതും പറയുന്നതും പോലും മഹേശൻ പറഞ്ഞിട്ടാണെന്നും, ആരെ ഭാരവാഹിയാക്കണം, ആരെ അമ്പലക്കമ്മിറ്റി ഭാരവാഹിയാക്കണം എന്നൊക്കെ തന്നോട് പറഞ്ഞിരുന്നതും, താൻ ചെയ്തിരുന്നതും മഹേശൻ പറഞ്ഞതുപോലെയായിരുന്നു എന്നുമൊക്കെ വിതുമ്പിക്കൊണ്ട് പറയുന്ന വെള്ളാപ്പള്ളി നടേശൻ മറന്നുപോവുന്നത്, മരിക്കുന്നതിന് മുൻപ് 32 പേജുള്ള ഒരു കത്തെഴുതി വെള്ളാപ്പള്ളിക്ക് നൽകിയെന്നും, ആ കത്തിൽ വെള്ളിപ്പള്ളിയെക്കുറിച്ചും മകനെക്കുറിച്ചുമുള്ള നഗ്ന സത്യങ്ങളാണ് മഹേശൻ പറഞ്ഞതെന്നുമാണ്. അതേക്കുറിച്ച് ചോദിക്കുമ്പോൾ മൗനം പാലിച്ചുകൊണ്ട് മഹേശന്റെ ഡയറിയാണ് എന്ന് പറഞ്ഞുകൊണ്ട് ഒരു കുറിപ്പെടുത്തുകൊണ്ട് വെള്ളാപ്പള്ളി പ്രതിരോധിക്കാൻ ശ്രമിക്കുന്നിടത്ത് തന്നെ കള്ളത്തരം ഒളിഞ്ഞിരിക്കുകയാണ്.

കള്ള് ചെത്തരുത്, കൊടുക്കരുത്, കുടിക്കരുത് എന്നു പഠിപ്പിക്കുകയും, കൃഷിയും കാർഷികവൃത്തിയും വഴി ഒരു പാവപ്പെട്ട സമുദായത്തെ ഉയർത്തെഴുന്നേല്പിക്കുന്നതിന് തുടക്കമിടുകയും ചെയ്ത ശ്രീ നാരായണ ഗുരുദേവന്റെ പ്രമാണങ്ങളെല്ലാം മറന്ന് അതിന് വിപരീതമായി സാമൂദായിക പിന്തുണയെ കച്ചവട താല്പര്യത്തിനും, രാഷ്ട്രീയ ബന്ധത്തിനും മാത്രമായി ഉപയോഗിച്ച് വളർന്ന വെള്ളാപ്പള്ളി നടേശനും, അദ്ദേഹത്തിന്റെ മകൻ തുഷാർ വെള്ളാപ്പള്ളിക്കും എതിരെയുള്ള ആരോപണങ്ങൾ ചർച്ച ചെയ്യാൻ പോലും കഴിയാത്ത വിധം നമ്മുടെ സമൂഹം അന്ധമായി പോയിരിക്കുന്നു.

മഹേശന്റെ മരണക്കുറിപ്പിലും, കത്തിലുമൊക്കെ പറയുന്ന വസ്തുതകൾ അന്വേഷിക്കുന്നതിനുള്ള തന്റേടം പോലും നമ്മുടെ ഭരണകൂടത്തിന് ഇല്ലാതെയായിരിക്കുന്നു. ഒരാൾ മരിക്കാൻ തയ്യാറായിരിക്കുകയും, അതിന് കാരണമായി പറയുന്ന കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നില്ലെയെന്ന് മാത്രമല്ല, ആ മരണത്തിന്റെ ഉത്തരവാദി ആർക്കെതിരെ അയാൾ മിണ്ടാതിരുന്നുവോ, ആയാൾക്കെതിരെ കെട്ടി വെച്ച് സഹതാപമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ മിണ്ടാതിരിക്കുന്ന മാധ്യമപ്രവർത്തകരും, ചോദ്യം ചോദിക്കാതിരിക്കുന്ന പത്രക്കാരും, ഒന്നും മിണ്ടാതിരിക്കുന്ന, ആരോപണ വിധേയനെ സംരക്ഷിക്കുന്ന സർക്കാരും പേടിപ്പെടുത്തുന്ന ചിത്രങ്ങളാണ്. അതുകൊണ്ടാണ് ക്രൈംബ്രാഞ്ച് എങ്കിൽ ക്രൈംബ്രാഞ്ച്, സിബിഐ എങ്കിൽ സിബിഐ എന്ന് വെള്ളാപ്പള്ളി നടേശൻ ആത്മവിശ്വാസത്തോടെ പറയുന്നത്.

താനും എസ്എൻഡിപിയുടെ സെക്രട്ടറി എന്ന നിലയിൽ ചിലപ്പോൾ പ്രതിചേർക്കപ്പെടുമായിരിക്കുമെന്നും, മഹേശൻ പ്രതി ചേർക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയന്നാണ് മരിച്ചതെന്നുമൊക്കെ പറയുന്ന വെള്ളാപ്പള്ളി നടേശൻ മറന്നു പോകുന്നത് ഈ മഹേശൻ ഏഴ് കേസിലെ പ്രതിയായിരുന്നുവെന്നും, വെള്ളാപ്പള്ളി നടേശൻ കേസുകളിലെല്ലാം ഒന്നാം പ്രതിയാണെന്നും, അതടക്കം അനേകം കേസുകളിലെ പ്രതിയാണ് എന്നതുമാണ്. വെള്ളാപ്പള്ളി നടേശനല്ലാതെ വേറൊരാളായിരുന്നു പ്രതി ചേർക്കപ്പെട്ടിരുന്നതെങ്കിൽ പണ്ടേ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കപ്പെടുമായിരുന്നു എന്നതും അദ്ദേഹം വിസ്മരിച്ച് പോകുന്നു. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിക്ക് നീതിപൂർവമായി നിലപാട് എടുക്കാൻ രാഷ്ട്രീയ നേതൃത്വം അനുവദിക്കുമെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. നൂറോളം കേസുകളുള്ള മൈക്രോഫിനാൻസ് കേസുകളെല്ലാം ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം നാല്പത് ദിവസത്തിനകം വിചാരണയ്ക്ക് തയ്യാറാക്കുന്നതിനുവേണ്ടി പ്രത്യേക അന്വേഷണ സംഘത്തെ വേർതിരിച്ച് നിയമിച്ച തച്ചങ്കരിക്ക് ഇന്ന് രാവിലെ ലഭിച്ച ഉത്തരവ് ആ പൊലീസ് ഉദ്യോഗസ്ഥന്മാരെയെല്ലാം കോവിഡ് പ്രതിരോധ ഡ്യൂട്ടിയിലേയ്ക്ക് മാറ്റിയിരിക്കുന്നു എന്നതാണ്. അതായത് കേസന്വേഷിക്കാൻ സർക്കാർ അനുവദിക്കുന്നില്ല എന്നർത്ഥം. അതിനെ അതിജീവിക്കുന്നതിനുള്ള ഇച്ഛാശക്തിയോ അതിനെ മറികടക്കുന്നതിനുള്ള തന്റേടമോ തച്ചങ്കരിക്ക് പോലുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

അതായത് വെള്ളാപ്പള്ളിക്ക് എതിരെയുള്ള എല്ലാ കേസുകൾക്കും, എല്ലാ തെളിവുകളും ഉണ്ടെങ്കിലും അന്വേഷണം പ്രഹസനമാക്കി വെള്ളപൂശി രക്ഷപെടുത്താൻ സർക്കാർ ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുന്നു. ഇനി ഈ കേസ് സിബിഐക്ക് വിടാൻ തീരുമാനിച്ചാൽ അവിടെയും സഹായിക്കാൻ വെള്ളാപ്പള്ളിക്ക് മകനും മകന്റെ കൂട്ടാളികളുമുണ്ട്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ കൂട്ടുകക്ഷിയായി മകൻ കേന്ദ്രത്തെ തടയിടുമ്പോൾ, പിണറായി വിജയന്റെ വലംകൈയായി അച്ഛൻ കേരളത്തെയും തടയിടുന്നു.

അതുകൊണ്ട് മഹേശന് നീതി കിട്ടില്ലായെന്ന് ഉറപ്പാണ്. എന്നാൽ മഹേശന്റെ മരണം മാത്രമല്ല, സ്വാമി ശ്വാശ്വതീകാനന്ദയുടെ മരണമടക്കം അനേകം ദുരൂഹ മരണങ്ങൾ അന്വേഷിക്കാൻ വൈകിക്കൂടാ. ഒരു വശത്ത് മരണങ്ങൾ അരങ്ങ് തകർക്കുമ്പോൾ മറുവശത്ത് അഴിമതിയും അരങ്ങ് തകർക്കുന്നു. എസ്എൻഡിപി എന്ന പ്രസ്താനത്തെയും, എസ് എൻ ട്രസ്റ്റ് എന്ന പ്രസ്താനത്തെയും വെള്ളാപ്പള്ളി വിഴുങ്ങിയതിന്റെ ഞെട്ടിക്കുന്ന കഥകൾ പോലും ആരും എഴുതുന്നില്ല. വെള്ളാപ്പള്ളിയും മകനും, ഭാര്യയും, മകളുടെ മകനും, ഭാര്യയുടെ ബന്ധുക്കളും മാത്രമല്ല, വെള്ളാപ്പള്ളിയുടെ ദാസന്മാരുമാണ് എസ്എൻഡിപിയുടെയും എസ്എൻ ട്രസ്റ്റിന്റെയും സകല ഭാരവാഹിത്തങ്ങളിലും ഇരിക്കുന്നതെന്ന് ആർക്കാണ് അറിയാത്തത്. വിശ്വസ്തരായി കൂടെ നടക്കുന്ന ഡോ. സോമനെപ്പോലെയുള്ളവരെപോലും വില കൊടുക്കാതെ അപമാനിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആ ആത്മഹത്യാക്കുറിപ്പിൽ ഉണ്ട്.

അതായത് എസ്എൻഡിപിയെ വിഴുങ്ങിയിരിക്കുന്നത് സമുദായത്തെ നോക്കുകുത്തിയാക്കിയിരിക്കുന്നു. കേരളത്തെ വിലയ്ക്കെടുത്തിരിക്കുന്നു, പിണറായിയെ നിശബ്ദനാക്കിയിരിക്കുന്നു. കേന്ദ്രം മിണ്ടാതെയിരിക്കുന്നു. മകൻ ബിജെപിയെയും വിലയ്ക്കെടുത്തിരിക്കുന്നു. അഴിമതി നടത്താം, കൊലപാതകം നടത്താം, ആരെയും പരിഹസിക്കാം, എന്തും ചെയ്യാം എന്ന അവസ്ഥയിലേക്ക് വെള്ളാപ്പള്ളിയും കുടുംബവും എത്തിയിരിക്കുന്നു. ഒരു മാഫിയയെപ്പോലെ വെള്ളാപ്പള്ളി പ്രവർത്തിക്കുമ്പോൾ ഒരു സമുദായമാണ് ശ്വാസം മുട്ടി അറബിക്കടലിൽ താഴുന്നത്. ആ സമുദായത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന ആർക്കും നിലനിൽക്കാൻ കഴിയാത്ത അത്രയും പരിതാപകരമായ അവസ്ഥയിലേയ്ക്ക് മാറുന്നു. എന്താണ് പരിഹാരമുള്ളത്. ആർക്കുമറിയില്ല. ഒരു ജുഡീഷ്യൽ അന്വേഷണം കൊണ്ട് എന്തെങ്കിലും ഉണ്ടാവുമോ? ആർക്കും അറിയില്ല. ഒരു പ്രയോജനവും ഇല്ലെങ്കിലും സത്യം പുറത്തുവരാനുള്ള ഏക വഴി ജുഡീഷ്യൽ അന്വേഷണം മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP