Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

തെച്ചിക്കോടിന്റെ പേരിൽ എന്തിനീ ക്രൂരത? ആനപ്രേമികൾ എന്ന പേരിൽ ഇപ്പോൾ നടക്കുന്നത് ആനവിരോധികളുടെ വിവരക്കേടുകൾ മാത്രമാണ്; മനുഷ്യജീവനേക്കാൾ പ്രാധാന്യം ആനയുടെ പേരിലുള്ള ആചാരങ്ങൾക്ക് കൽപ്പിക്കുമ്പോൾ തോറ്റോടുന്നത് ആചാരങ്ങൾക്കുള്ളിൽ കഴിയുന്ന ഈശ്വരനാണ്; തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ പേരിൽ ലഹളക്കിറങ്ങിയവരോട് പറയാനുള്ളത്..

തെച്ചിക്കോടിന്റെ പേരിൽ എന്തിനീ ക്രൂരത? ആനപ്രേമികൾ എന്ന പേരിൽ ഇപ്പോൾ നടക്കുന്നത് ആനവിരോധികളുടെ വിവരക്കേടുകൾ മാത്രമാണ്; മനുഷ്യജീവനേക്കാൾ പ്രാധാന്യം ആനയുടെ പേരിലുള്ള ആചാരങ്ങൾക്ക് കൽപ്പിക്കുമ്പോൾ തോറ്റോടുന്നത് ആചാരങ്ങൾക്കുള്ളിൽ കഴിയുന്ന ഈശ്വരനാണ്; തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ പേരിൽ ലഹളക്കിറങ്ങിയവരോട് പറയാനുള്ളത്..

മറുനാടൻ ഡെസ്‌ക്‌

ശതകോടികൾ മുടക്കി നിർമ്മിച്ച ഒരു പാലം പ്രവർത്തനം തുടങ്ങി ഒരു വർഷം ആകുന്നതിനു മുമ്പ് വിള്ളൽ വീണ് അതിലേയുള്ള ഗതാഗതം നിർത്തി വെച്ചിരിക്കുന്നു. ആ പാലം നിർമ്മിച്ച കോൺട്രാക്ടറേയും അതിന് സൂപ്പർവിഷൻ നടത്തിയ എഞ്ചിനീയറെയും പിടിച്ച് അകത്തിടുന്നതിനു പകരം, ആ പാലത്തിനു ചുറ്റുമുള്ള മറ്റ് രണ്ടു പാലങ്ങൾ കൂടി നിർമ്മിക്കാൻ അതേ എഞ്ചിനീയർക്കും അതേ നിർമ്മാണ കമ്പനിക്കും അനുമതി നൽകിയിരിക്കുകയാണ്. ഇതാണ് നമ്മുടെ നാട്ടിലെ നടപ്പുരീതി. അതേക്കുറിച്ച് കമാന്നൊരക്ഷരം മിണ്ടാൻ താൽപര്യമില്ലാത്ത മാധ്യമങ്ങൾ ഒരു വാർത്തയിൽ അത് ഒതുക്കിയ ശേഷം തെച്ചിക്കാടുകാവ് രാമചന്ദ്രൻ എന്ന ആനയുടെ പിന്നാലെ നടക്കുകയാണ് ഒരാഴ്‌ച്ചയിലധികമായി.

 

 തെച്ചിക്കാടുകാവ് രാമചന്ദ്രൻ തൃശ്ശൂർ പൂരത്തിൽ എത്തിയില്ലെങ്കിൽ തൃശ്ശൂർ പൂരത്തിന്റ നൈഷ്ഠികതയും ആചാര സവിശേഷതയും നഷ്ടമാകും എന്ന കണ്ടുപിടിത്തമാണ് പലരും നടത്തുന്നത്. തെച്ചിക്കാട്ടുകാവ് രാമചന്ദ്രൻ രണ്ടായിരത്തി പതിനൊന്നു മുതൽ തൃശ്ശൂർ പൂരത്തിന്റെ തെക്കേനട ചവിട്ടിത്തുറന്നു കയറുന്ന ആചാരം ഇല്ലെങ്കിൽ പൂരത്തിന്റെ സവിശേഷതകൾ ഇല്ലാതായിത്തീരും എന്നു പറയുന്നവരോട് തൃശ്ശൂർ ജില്ലാ കളക്ടർ അനുപമ പറയുന്നത് മനുഷ്യരുടെ ജീവനും നിയമമവുമാണ് വലുത്, അല്ലാതെ ആചാരം അല്ല എന്നാണ്. അത് കേട്ടപാതി കേൾക്കാത്ത പാതി അനുപമയുടെ പൂർവ്വകാല ചരിത്രമൊക്കെ ചികഞ്ഞ് ഹിന്ദുവിരുദ്ധതയുടെ പുതിയ ഉദാഹരണവുമായി പ്രചാരകർ രംഗത്തിറങ്ങിയിരിക്കുകയാണ്.

ലജ്ജാകരമായ വസ്തുത, ഒരു ക്ഷേത്രത്തിലെ നിസ്സാരമായ ഒരു ആചാരത്തിന്റെ പേരിൽ മനുഷ്യരുടെ ജീവൻ നഷ്ടപ്പെടുത്തുന്നതിനു വേണ്ടി ഒരു ആൾക്കൂട്ടം കൂട്ടുനിൽക്കുമ്പോൾ അതിനൊപ്പം തുള്ളാൻ നമ്മുടെ സംവിധാനങ്ങളും ഒരുമിച്ചു വരുന്നു എന്നതാണ്. തൃശ്ശൂർ പൂരത്തിൽ ആനയെ എഴുന്നള്ളിക്കാനേ പാടില്ല എന്നൊരു ഉത്തരവായിരുന്നു വരുന്നത് എന്ന് കരുതുക. അല്ലെങ്കിൽ തൃശ്ശൂർ പൂരത്തിൽ വെടിക്കെട്ട് പാടില്ല എന്നൊരു ഉത്തരവായിരുന്നു വരുന്നതെന്നു കരുതുക. സ്വാഭാവികമായും പൂരസ്‌നേഹികൾക്കുണ്ടാകുന്ന വേദനയും നിരാശയും മനസ്സിലാക്കാൻ കഴിയും. അതിന്റെ പേരിലൊരു പ്രചാരണവും പ്രതികരണവും ഉണ്ടായാൽ അതിലൊരു ന്യായമുണ്ടായിരുന്നു.

എന്നാൽ, 13 പേരെ കൊന്നു എന്നതു കൊണ്ട് ആ ആനയുടെ സ്ഥിരതയെക്കുറിച്ച് ഉറപ്പില്ലാത്തതു കൊണ്ട് ലക്ഷക്കണക്കിന് ആളുകളെത്തുന്ന ഒരു ഉത്സവ സ്ഥലത്തേക്ക് അത്തരം ഒരു ആനയെ കൊണ്ടുവരരുത് എന്ന് നിയമപരമായി ഉത്തരവ് നൽകാൻ അവകാശമുള്ള ജില്ലാ കളക്ടർ പറയുമ്പോൾ അത് ജില്ലാ കളക്ടർക്കെതിരെയുള്ള പ്രചരണമായി ഹിന്ദുവിനെതിരെയുള്ള വ്യാഖ്യാനമായി ഒക്കെ ചിത്രീകരിക്കുന്നിടത്ത് സാരമായ എന്തോ കുഴപ്പം നമുക്കുണ്ട് എന്ന ധാരണയിൽ എത്തേണ്ടി വരും. അനുപമ എന്ന ഐഎഎസുകാരി വിവാഹം കഴിച്ചത് ഒരു ക്രൈസ്തവ മതത്തിലുള്ള ആളായതുകൊണ്ടു മാത്രം അവർ ഹൈന്ദവ രീതിയിൽ ജീവിച്ചിട്ടും ഹിന്ദുവല്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവർക്ക് സാരമായി എന്തോ കുഴപ്പമുണ്ട് എന്ന് കരുതേണ്ടി വരും. തൃശ്ശൂർ പൂരം ഈ നാടിന്റെ മൊത്തം പൈതൃക സ്വത്താണെന്നും ജാതി-മത എല്ലാ മലയാളികളുടെയും അഭിമാനമാണ് എന്നും മറന്നുകൊണ്ട് അത് ഹിന്ദുവിന്റെ കേവല ആചാരമായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്ന ചിലരുടെ കുത്സിതശ്രമങ്ങളുടെ ഭാഗമാണ് ഈ ഒച്ചപ്പാട് എന്ന് പറയേണ്ടിവരും. ഈ വിയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ്ണരൂപം വീഡിയോയിൽ കാണുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP