Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തന്റെ മകൾ കോപ്പിയടിക്കില്ലെന്ന് അച്ഛൻ പറഞ്ഞാലോ കയ്യക്ഷരം മാറിയാലോ എങ്ങനെ കൊലപാതകമാവും? അഞ്ജുവിനെ കൊലയ്ക്ക് കൊടുക്കാൻ മാത്രം എന്ത് മുൻ പരിചയമാണ് കോളേജ് അധികൃതർക്കുള്ളത് ? കോപ്പി അടിക്കുന്നവരെ പിടികൂടിയില്ലെങ്കിൽ ആരോപണം കേൾക്കേണ്ടി വരില്ലേ? ഒരു പെൺകുട്ടിയുടെ മരണം ആഘോഷമാക്കുമ്പോൾ നമ്മൾ മറന്നുപോകുന്നത്..

തന്റെ മകൾ കോപ്പിയടിക്കില്ലെന്ന് അച്ഛൻ പറഞ്ഞാലോ കയ്യക്ഷരം മാറിയാലോ എങ്ങനെ കൊലപാതകമാവും? അഞ്ജുവിനെ കൊലയ്ക്ക് കൊടുക്കാൻ മാത്രം എന്ത് മുൻ പരിചയമാണ് കോളേജ് അധികൃതർക്കുള്ളത് ? കോപ്പി അടിക്കുന്നവരെ പിടികൂടിയില്ലെങ്കിൽ ആരോപണം കേൾക്കേണ്ടി വരില്ലേ? ഒരു പെൺകുട്ടിയുടെ മരണം ആഘോഷമാക്കുമ്പോൾ നമ്മൾ മറന്നുപോകുന്നത്..

മറുനാടൻ ഡെസ്‌ക്‌

കാഞ്ഞിരപ്പള്ളിക്കാരിയായ അഞ്ജു എന്ന് പേരുള്ള ഒരു ബിരുദ വിദ്യാർത്ഥിനി മീനച്ചിലാറ്റിൽ ചാടി മരിച്ചതിന്റെ ഷോക്കിലാണ് കേരളം ഇപ്പോഴും. ആ പെൺകുട്ടി ചേർപ്പുങ്കൽ ഹോളിക്രോസ് കോളജിൽ പരീക്ഷയെഴുതിക്കൊണ്ടിരിക്കുമ്പോൾ കോപ്പിയടിച്ചു എന്ന ആരോപണം നേരിടുകയും അതിനെ തുടർന്ന് പുറത്താക്കിയതിൽ മനംനൊന്ത് മീനച്ചിലാറ്റിൽ ചാടി മരിക്കുകയും ചെയ്തു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. വീട്ടുകാർ പറയുന്നു എന്റെ മകൾ കോപ്പിയടിക്കില്ല എന്ന്. എന്തായാലും ആ പെൺകുട്ടിയുടെ മരണം ചെറിയ കോളിളക്കമല്ല സൃഷ്ടിച്ചിരിക്കുന്നത്.കോളജ് അധികൃതർക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്ന് വാദം ചിലർ ഉയർത്തുന്നു.

 

കോളജിന് മുൻപിൽ മൃതദേഹവുമായി ചിലർ പ്രതിഷേധ പ്രകടനം നടത്തുകയും, കോളജ് മാനേജ്‌മെന്റിന് എതിരെ അതിശക്തമായ ഭാഷയിൽ അപലപിക്കുകയും ചെയ്തു. ആ പെൺകുട്ടിയുടെ ജീവൻ നഷ്ടമായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കണമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ഇത്ര ചെറുപ്പത്തിലെ പൊലിഞ്ഞുപോയ ഒരു യുവതിയുടെ ജീവിതം സങ്കടകരമാണ്. അച്ഛൻ ഷാജിക്കും കുടുംബാംഗങ്ങൾക്കും അനുശോചനം അറിയിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. മകളുടെ മരണം കൊലപാതകമാണെന്നു സംശയിക്കുന്നതിനുള്ള പൂർണമായ അവകാശം അവർക്കുണ്ട്. എന്നാൽ ഇതൊരു കൊലപാതകമാണെന്ന് ഉറപ്പിച്ചു കൊണ്ടുള്ള പ്രചാരണവും, ബഹളം വയ്ക്കലും ചാനലുകൾക്ക് രണ്ടു ദിവസത്തെ വാർത്ത നൽകുമെന്നതിനപ്പുറം പ്രസക്തിയുള്ള കാര്യമാണോ എന്ന് ആലോചിക്കേണ്ടതാണ്.

ഈ പെൺകുട്ടി ആ കോളേജിൽ പഠിച്ചിരുന്നതല്ല എന്നും പരീക്ഷ എഴുതുന്നതിന് വേണ്ടി മാത്രമാണ് ആ പെൺകുട്ടി അവിടെ എത്തിയത് എന്നും വ്യക്തമാണ്. അതുകൊണ്ടുതന്നെ അഞ്ജുവിനെ ടാർജറ്റ് ചെയ്ത് വ്യാജമായി ഹാൾടിക്കറ്റുണ്ടാക്കി പുറത്താക്കി പരീക്ഷ എഴുതാതെ ഭാവി നശിപ്പിക്കേണ്ട ഒരാവശ്യം മാനേജ്‌മെന്റിനില്ല. ആ കുട്ടി അവിടെ തന്നെയാണ് പഠിച്ചിരുന്നതെങ്കിൽ മുൻപ് മാനേജ്‌മെന്റുമായി ആ കുട്ടിക്ക് പ്രശ്‌നം ഉണ്ടായിരുന്നെങ്കിൽ ജിഷ്ണുവിനെപ്പോലെ തീർച്ചയായും ഇത് വലിയ തോതിൽ കോളിളക്കം ഉണ്ടാക്കുകയും അന്വേഷണം നടത്തുകയും ചെയ്യേണ്ട വിഷയമാണ്. അന്വേഷണം വേണ്ട എന്നല്ല ഞാൻ പറയുന്നത്. എന്നാൽ ഈ കോളേജിൽ യാതൊരു പരിചയവും ആ പെൺകുട്ടിക്ക് ഇല്ലാതിരിക്കുകയും യാദൃശ്ചികമായി ആ പെൺകുട്ടി ഇതൊരു പരീക്ഷാ സെന്റർ ആയി മാത്രം കണക്കാക്കുകയും ചെയ്യുമ്പോൾ മാനേജ്‌മെന്റ് ബോധപൂർവം ആ പെൺകുട്ടിയെ മരണത്തിലേക്ക് തള്ളി വിട്ടു എന്ന ആരോപണം ആലോചനയോടുകൂടി മാത്രം ഉയർത്തേണ്ടതാണ്.

അങ്ങനെയാണെങ്കിൽ അതന്വേഷിക്കുകയും മാനേജ്‌മെന്റിനെ ശിക്ഷിക്കുകയും ചെയ്യണം. എന്നാൽ എന്റെ മകൾ കോപ്പിയടിക്കില്ല എന്ന് അച്ഛൻ തീർത്തു പറയുന്നതുകൊണ്ടും, അത് പറയാൻ അച്ഛനവകാശമുണ്ടെങ്കിലും ഹാൾടിക്കറ്റിന് പുറത്തെഴുതിയിരിക്കുന്ന കൈയക്ഷരം എന്റെ മകളുടെ അല്ല എന്നവർ പറയുന്നതു കൊണ്ടും, അങ്ങനെ അല്ലെങ്കിൽ കൂടി അത് കോപ്പിയാകാൻ സാധ്യതയുണ്ടെങ്കിലും ഒക്കെ കൊലപാതകം എന്ന നിഗമനത്തിലേയ്ക്ക് എടുത്തു ചാടുന്നത് ഉചിതമല്ല. ഈ പെൺകുട്ടി കോപ്പിയടിച്ചത് മാനേജ്‌മെന്റ് ഗൗരവമായി എടുക്കാതിരിക്കുകയും അതിനെ കോപ്പിയടിക്കാൻ അനുവദിക്കുകയും ചെയ്തിരുന്നെങ്കിൽ എന്താകുമായിരുന്നു സംഭവിക്കുന്നത്? അത് യൂണിവേഴ്‌സിറ്റിയുടെ നിയമത്തിന് ലംഘനമാണ്, കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യപ്പെടാം. മാത്രമല്ല ഉത്തരവാദിത്തമില്ലാത്ത കോളജ് മാനേജ്‌മെന്റിനെതിരെ ഇതേ ചാനലുകൾ വാർത്തയുമാക്കാം. മാത്രമല്ല കോപ്പിയടിച്ചാൽ നടപടിയുണ്ടാവുകയില്ലെങ്കിൽ എല്ലാ കുട്ടികളും കോപ്പിയടിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ കോപ്പിയടിക്കുന്നതിനെ തടയാൻ ശ്രമിച്ചത് മാനേജ്‌മെന്റ് നിയമവിരുദ്ധമായി ചെയ്തു എന്ന ആരോപണത്തിൽ പ്രസക്തിയില്ല. കോപ്പിയടിച്ചു എന്നുള്ള ആരോപണം ശരിയാണോ എന്ന് അന്വേഷിക്കുകയും, കോപ്പിയടിച്ചത് ശരിയാണെങ്കിൽ അതിന്റെ പേരിലുള്ള നടപടി എങ്ങനെ ഇത്രയും വലിയ ഒച്ചപ്പാടിന് കാരണമാകുന്നു ആലോചിക്കുകയും ചെയ്യണം.

ഇതിൽ പ്രധാനപ്പെട്ട ഒരു കാര്യമുള്ളത് ഒരു അദ്ധ്യാപകൻ ഈ പെൺകുട്ടി കോപ്പിയടിക്കുന്നത് കണ്ടുവെന്നും, തുടർന്ന് പ്രിൻസിപ്പൽ വന്ന് ഒരു മണിക്കൂറിന് ശേഷം എന്നെ കാണൂ എന്ന് പറഞ്ഞു എന്നുമാണ്. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് കോപ്പിയടിക്കുന്ന കുട്ടികളെ കയ്യോടെ പിടികൂടി അവർക്ക് പിന്നീട് പരീക്ഷയെഴുതാൻ അനുവദിക്കാതെ യൂണിവേഴ്‌സിറ്റിയിൽ റിപ്പോർട്ട് ചെയ്യുമ്പോൾ ആ പെൺകുട്ടിക്ക് ആ ഒരു വർഷം നഷ്ടമാകുമെന്നിരിക്കെ, ഒരുപക്ഷെ യൂണിവേഴ്‌സിറ്റി ഒന്നിലധികം വർഷം അവസരം നിഷേധിക്കുമെന്നിരിക്കെ, അതിന് പോവാതെ പെൺകുട്ടിയെ സഹായിക്കുന്നതിനും, ആ ഒരു പരീക്ഷ മാത്രം നഷ്ടപ്പെടുത്തുന്നതിനും മാനേജ്‌മെന്റ് നടത്തിയ ഒരു സഹായമാവാം ഈ മരണത്തിലേയ്ക്ക് നയിച്ചതെന്നും വ്യാഖ്യാനിക്കാം.

ആകെയൊരു സാധ്യതയുള്ളത് ഈ സെന്റ് ആന്റണീസ് കോളജ് എന്നുപറയുന്നത് കാഞ്ഞിരപ്പള്ളിയിലെ വൈദികർ നടത്തുന്ന ഒരു പാരലൽ കോളജാണ്. ആ കോളജിൽ ആ മാനേജ്‌മെന്റുമായി ഈ വിദ്യാർത്ഥിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അതിന്റെ പക തീർക്കുന്നതിനുവേണ്ടി ക്രൈസ്തവ മാനേജ്‌മെന്റിന്റെ തന്നെ നേതൃത്വത്തിലുള്ള ചേർപ്പുങ്കൽ പള്ളിയിലെ മാനേജരെക്കൊണ്ട് ബോധപൂർവം ഉപദ്രവിച്ചതാവാം. ആ ഒരു സാധ്യത മാത്രമാണ് ഇവിടെ പ്രസക്തമായിട്ടുള്ളത് .അല്ലെങ്കിൽ കോപ്പിയടിക്കാൻ ശ്രമിച്ച പെൺകുട്ടിയെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന നിഗമനത്തിലെത്തേണ്ടിവരും. കോപ്പിയടിക്കാതെ പിടിക്കാൻ യൂണിവേഴ്‌സിറ്റി സിസിടിവി ക്യാമറകൾ സ്ഥാപിച്ച സ്ഥിതിക്ക് അത് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ കോളേജ് മാനേജ്‌മെന്റുകളുടെ മേൽ നടപടി ഉണ്ടാകും എന്നതുകൊണ്ടുതന്നെ കോപ്പിയടിക്കാൻ നടത്തിയ ശ്രമം തടഞ്ഞുവെന്നതിന്റെ പേരിൽ ഇത്രയധികം വിചാരണ ചെയ്യണമോ എന്നത് പ്രസക്തമാണ്.

അതേ സമയം ആ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയും, ആ പെൺകുട്ടിയുടെ വിവരം അന്വേഷിച്ചെത്തിയ മാതാപിതാക്കളോട് വല്ല ആൺപിള്ളേരുടെയും പിന്നാലെ പോവുകയും ചെയ്തു എന്ന് മാനേജ്‌മെന്റ് പറഞ്ഞിട്ടുണ്ടെങ്കിൽ അത് അപലപനീയമാണ്, അന്വേഷിക്കേണ്ടതാണ്. എന്തായാലും ആ പെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടത് ദുഃഖകരമായ സാഹചര്യമാണ്. അതിന്റെ കാരണം കണ്ടെത്താൻ മാതാപിതാക്കൾക്ക് പരിശ്രമിക്കുകയും ആവാം. എന്നാൽ എല്ലാവരും ഒരുമിച്ച് ചാനലുകൾക്ക് വാർത്തകൾ സൃഷ്ടിക്കുക എന്ന ഒറ്റ അജണ്ടയോട് കൂടി ഒരു നിഗമനത്തിൽ എത്തുകയും ബഹളം വെയ്ക്കുകയും ചെയ്യുമ്പോൾ സത്യം കുഴിച്ചുമൂടപ്പെടാൻ പാടില്ല. അതേ സമയം ബോധപൂർവ്വം മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് വീഴ്ചകൾ വന്നിട്ടുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടുക തന്നെ വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP