Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ഇന്ത്യൻ പാർലമെന്റ് ആക്രമിച്ച ഭീകരരെ ഡൽഹിയിൽ എത്തിച്ചു; അഫ്സൽ ഗുരു എന്ന നിരപരാധിയെ തൂക്കിക്കൊല്ലാൻ കൂട്ടു നിന്നു;മറ്റൊരു ഡൽഹി ആക്രമണത്തിന് കോപ്പു കൂട്ടവെ അകത്തായി;എന്നിട്ടിതാ ഇപ്പോൾ ജാമ്യം നൽകി വിട്ടയച്ചിരിക്കുന്നു;മുസ്ലിം അല്ലാത്തവർക്ക് പാർലമെന്റിനും ബോംബ് വയ്ക്കാമെന്നാണോ മിസ്റ്റർ മോദി അങ്ങയുടെ പൊലീസ് പറയുന്നത്...

മറുനാടൻ ഡെസ്‌ക്‌

രാജ്യത്താകമാനം കൊറോണ പടർന്ന് പിടിക്കാൻ തുടങ്ങിയ സമയത്ത് കശ്മീരിൽ നിന്നും ഒരു ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നു. മാർച്ച് മാസം 14-ാം തീയതി ജമ്മു-കശ്മീർ പൊലീസിലെ ഡിഎസ്‌പി അതായത് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് അറസ്റ്റിലാവുന്നത് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർക്കൊപ്പമാണ്. പൊലീസ് വിശമായി ചോദ്യം ചെയ്തപ്പോൾ ജമ്മു-കശ്മീർ ദേശീയ പാതയിലൂടെ പൊലീസ് വാഹനത്തിൽ രണ്ട് ഭീകരരുമായി ദേവീന്ദർ സിങ് എന്ന ഡിഎസ്‌പി പോയത് ഡൽഹിയിലേയ്ക്കായിരുന്നു.

 

ഡൽഹിയിൽ ഈ ഭീകരരെ എത്തിച്ച് ഇന്ത്യക്കെതിരെ ബോംബ് സ്ഫോടനം അടക്കമുള്ള ആക്രമണങ്ങൾ നടത്തുന്നതിന് വേണ്ടിയായിരുന്നു ഭീകരരുമായി ഈ ഡിഎസ്‌പി യാത്ര ചെയ്തത്. ഈ ഡിഎസ്‌പി അത്ര നിസ്സാരക്കാരനല്ല. ഇന്ത്യയോടുള്ള കടുത്ത പകയും, വിദ്വേഷവും, ഇന്ത്യ തകരണമെന്ന ആഗ്രഹവുമായി നടക്കുന്ന, ഭീകരന്മാരുമായി ആഗോള തലത്തിൽ ബന്ധമുള്ള ഒരു ചാരനായിരുന്നു ഇയാളെന്ന് പിന്നീട് വ്യക്തമാവുകായിരുന്നു. 2001-ൽ രാജ്യത്തെ ഭയാനകമായ അന്തരീക്ഷത്തിലേയ്ക്ക് തള്ളിവിട്ട പാർലമെന്റ് ആക്രമണ കേസിലെ പ്രതികളെ ഡൽഹിയിൽ എത്തിച്ചതിന്റെ പിന്നിലെ ബുദ്ധികേന്ദ്രവും ഇയാളാണെന്ന് പിന്നീട് വ്യക്തമായി. മാത്രമല്ല ആ കേസിന്റെ പുറത്ത് ഇന്ത്യ തൂക്കിക്കൊന്ന കശ്മീരി നേതാവ് അഫ്സൽ ഗുരു ഒരു നിരപരാധിയായിരുന്നുവെന്നും ഇയാളുടെ അറസ്റ്റോടുകൂടി വ്യക്തമായി. അഫ്സൽ ഗുരുവിനെ ചോദ്യം ചെയ്തപ്പോഴൊക്കെ ഗുരു പറഞ്ഞിരുന്ന ഒരു കാര്യം ഞാൻ കശ്മീരികളുടെ സ്വാതന്ത്ര്യവും മനുഷ്യാവകാശവും സംരക്ഷിക്കുന്നതിന് വേണ്ടി പോരാടുന്നെങ്കിലും വിഘടനവാദഗ്രൂപ്പുകളോട് ഒരു തരത്തിലും സന്ധിയില്ലാത്ത കശ്മീരിയാണ് എന്നാണ്. അദ്ദേഹം ഒന്നുകൂടി പറഞ്ഞു... 'ഞാൻ ഈ കേസിൽ പ്രതിയാവുന്നത് എന്റെ പരിചയക്കാനായ ദേവീന്ദർ സിങ് എന്നോട് ഡൽഹിയിലേയ്ക്ക് പോകുമ്പോൾ എന്റെ കാറിൽ മുഹമ്മദ് എന്നു പേരുള്ള ഒരാളെക്കൂടി കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടുമാത്രമാണ് എന്ന്'. അന്ന് അഫ്സൽ ഗുരു പ്രതിയായത് പാർലമെന്റ് ആക്രണത്തിന് ചുക്കാൻ പിടിച്ച് പൊലീസ് വെടിവച്ച് കൊന്നവരിൽ ഒരാളായ മുഹമ്മദിനെ സ്വന്തം കാറിൽ ഡൽഹിയിൽ എത്തിച്ചതിനും, ഡൽഹിയിൽ എത്തിച്ച ആ പ്രതിക്ക് കാർ വാടകയ്ക്ക് എടുത്തുകൊടുത്തതിനുമാണ്.

നമ്മുടെ നാട്ടിലെ നിയമം അനുസരിച്ച് ഒരു ഭീകരാക്രമണ കേസിലെ പ്രതിയെ സംരക്ഷിക്കുകയും, അയാളെ ട്രാൻസ്പോർട്ട് ചെയ്യുകയും, അയാൾക്ക് കാർ വാടകയ്ക്ക് എടുത്തുകൊടുക്കുകയും ചെയ്താൽ അയാൾളെ തൂക്കിക്കൊല്ലുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ അഫ്സൽ ഗുരു പറഞ്ഞത് 'എനിക്കീ ഗൂഢാലോചനയെക്കുറിച്ച് ഒന്നും അറിയില്ല, ദേവീന്ദർ സിങ് ഡിഎസ്‌പി ഇങ്ങനെ ഒരാളെ ഡൽഹി വരെ കൊണ്ടുപോകാമോ എന്ന് ചോദിച്ചപ്പോൾ ഞാൻ കൊണ്ടുപോയി എന്നുമാത്രമാണ്. അവിടെ ചെന്ന ശേഷം ഒരു കാർ വാടകയ്ക്കെടുത്ത് തരാൻ സഹായിക്കുമോ എന്ന് ചോദിച്ചപ്പോൾ സ്വഭാവികമായും ദേവീന്ദർ സിങ് പറഞ്ഞതുകൊണ്ട് ഞാൻ ചെയ്തു എന്നും അഫ്സൽ ഗുരു പറഞ്ഞു. അന്ന് ഗുരുവിനെ നമ്മൾ വിശ്വസിച്ചില്ല, അയാളെ നമ്മൾ തൂക്കിക്കൊന്നു. എന്നാൽ പിന്നീട് പുതിയ ആക്രമണത്തിന് വേണ്ടി രണ്ട് ഭീകരന്മാരുമായി ദേവീന്ദർ സിങ് യാത്ര ചെയ്തപ്പോൾ അറസ്റ്റിലായപ്പോഴാണ് അഫ്സൽ ഗുരു പറഞ്ഞത് സത്യമാണെയെന്ന് ബോധ്യമായത്. അതായത്, ഒരു തവണയല്ല, ഒന്നിലധികം തവണ തൂക്കിക്കൊല്ലാൻ യോഗ്യനായ വഞ്ചകനും, ഭീകരനും, ചാരനുമാണ് ദേവീന്ദർ സിങ് എന്നർത്ഥം.

എന്നാൽ ഡൽഹിയിൽ നിന്നും ഇന്നലെ ഞെട്ടിക്കുന്ന ഒരു വാർത്ത പുറത്തുവന്നു. ഈ കൊടും ഭീകരനായ ദേവീന്ദർ സിങിനെ ഒരു ലക്ഷം രൂപയുടെ ഈടിൽ ജാമ്യം അനുവദിച്ച് പുറത്തുവിട്ടിരിക്കുന്നു എന്ന വാർത്ത. എന്താണ് അതിന്റെ കാരണം എന്നറിയാമോ? നമ്മുടെ നാട്ടിൽ ഒരാളെ ഏതെങ്കിലും ഒരു കേസിൽ അറസ്റ്റ് ചെയ്താൽ മൂന്ന് മാസത്തിനകം അയാളുടെ കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ട്. മൂന്നുമാസമായിട്ടും അങ്ങനെ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ ഏജൻസി പരാജയപ്പെട്ടാൽ ജാമ്യം അയാളുടെ അവകാശമായി മാറും. എൻ ഐ എ എന്ന നമ്മുടെ നാട്ടിലെ ഭീകരാക്രമണ കേസുകൾ അന്വേഷിക്കുന്ന ദേശീയ ഏജൻസി മൂന്നുമാസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതുകൊണ്ട് ദേവീന്ദർ സിങ്ങിന് സ്വഭാവികമായും ജാമ്യം കിട്ടി. അതായത് നമ്മുടെ രാജ്യത്തെ ഇല്ലാതാക്കുന്നതിന്, പാർലമെന്റിന് ബോംബ് വെയ്ക്കുന്നതിന്, ഭരണാധികാരികളെ ബോംബ് വച്ച് കൊല്ലുന്നതിനൊക്കെ കൂട്ടു നിന്ന ഒരു ഭീകരവാദി മൂന്ന് മാസം കൊണ്ട് ജാമ്യം കിട്ടി പുറത്തിറങ്ങിയിരിക്കുന്നു. എന്തുകൊണ്ട് എൻഐഎയുടെ വീഴ്ചകൊണ്ട്.

ഇതേ എൻഐഎ തന്നെയാണ് അലൻ എന്ന പേരിലും, താഹ എന്ന പേരിലുമുള്ള രണ്ട് മലയാളികളെ ജാമ്യം കൊടുക്കാതെ ജയിലിൽ അടച്ചിരിക്കുന്നത്. അവർ ചെയ്ത കുറ്റം അവരുടെ വീട്ടിൽ ലഘുലേഖ ഉണ്ടായിരുന്നു എന്നതാണ്. അവർ പൊതുപ്രവർത്തകരാണ്. നാട്ടിലെ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്നവരാണ്, അവർ ഇടതുപക്ഷപാർട്ടിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന കുട്ടികളാണ്. പക്ഷെ, അവർ മാവോയിസ്റ്റുകളോട് അനുഭാവം പുലർത്തുന്നു എന്നു പറഞ്ഞുകൊണ്ട് ഒരുവിധത്തിലുള്ള ഭീകരവാദ പ്രവർത്തനത്തിലും ഒരിക്കലും അവർ പങ്കെടുക്കാതിരുന്നിട്ടും, ഒരു തരത്തിലുമുള്ള വിദ്വംസക പ്രവർത്തനങ്ങളുടെയും തെളിവുകൾ ഇല്ലാതിരുന്നിട്ടും അവരെ ജയിലിൽ അടച്ചിരിക്കുകയാണ് ജാമ്യം കൊടുക്കാതെ.

സഫൂറ സർഗർ എന്ന ഒരു യുവതി അടക്കം പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത അനേകം പേർ ഇപ്പോഴും ജയിലിലാണ്. അവർക്കൊന്നും ജാമ്യം അനുവദിക്കാൻ നമ്മുടെ രാജ്യത്തെ നിയമം അനുവദിക്കുന്നില്ല. മുസ്ലിം നാമദേയമുള്ളതുകൊണ്ട് മാത്രം ഭീകരവാദികളാണെയെന്ന് മുദ്രകുത്തപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുന്ന ആയിരങ്ങൾ ഈ രാജ്യത്തുണ്ട്. അവരൊക്കെ രാജ്യത്തിന് ഭീതിയാണ് എന്ന് പറഞ്ഞ് അവർക്ക് ജാമ്യം നിഷേധിക്കുമ്പോൾ, കൃത്യമായി ഈ നാട് കുട്ടിച്ചോറാക്കുന്നതിന് ഗൂഢാലോചനയിൽ പങ്കെടുത്ത് ഒരു നിരപരാധിയെ തൂക്കിക്കൊല്ലുന്നതിന് അവസരമൊരുക്കി, ഇന്ത്യൻ പാർലമെന്റ് പോലും പൊട്ടിതകർക്കുന്നതിന് വേണ്ടി പണിയെടുത്ത ഒരാൾ മൂന്ന് മാസം കൊണ്ട് പുറത്തുവിടുമ്പോൾ ലജ്ജിക്കണ്ടേ?

എന്റെ ഇന്ത്യ ഇങ്ങനെയല്ല... ഇതു നൽകുന്ന സന്ദേശം ഈ നാട്ടിൽ നിങ്ങൾ മുസ്ലിം ആണെങ്കിൽ മാത്രമെ ഭീകരവാദി ആവൂ എന്നതാണ്. മുസ്ലിം നാമധാരികൾ ഭീകരവാദികളായി വേട്ടിയാടപ്പെടുന്നു എന്ന ആരോപണം ആ സമൂഹം ഉന്നയിക്കുമ്പോൾ എങ്ങനെ അതിൽ ശരിയില്ലായെന്ന് ഇനി നമുക്ക് പറയാൻ കഴിയും? ഈ പറയുന്ന മനുഷ്യൻ ഇപ്പോൾ മുസ്ലിം ആയിരുന്നെങ്കിൽ ഈ മനുഷ്യൻ ഇപ്പോൾ പുറത്തിറങ്ങുമായിരുന്നോ? എന്തുകൊണ്ടാണ് അബ്ദുൾ നാസർ മ്അദനി ഇരുപത് വർഷമായിട്ടും വിചാരണ തടവുകാരനായി ജയിലിൽ കഴിയുന്നത്? ആദ്യം അദ്ദേഹത്തിന്റെ മേൽ ചുമത്തപ്പെട്ട കോയമ്പത്തൂർ സ്ഫോടനക്കേസിൽ അദ്ദേഹം നിരപരാധിയാണെന്ന് വിട്ടയച്ചത് പത്തുകൊല്ലം വിചാരണ തടവുകാരനായി ജയിലിൽ കഴിഞ്ഞ ശേഷമാണ്. പിന്നീട് ഒരു തെളിവുകളുമില്ലാതെ ബാംഗ്ലൂർ സ്ഫോടനത്തിന്റെ പേരിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിട്ട് പത്ത് വർഷം തികയുന്നു.

മ്അദനിക്ക് എന്തുകൊണ്ട് മൂന്നുമാസത്തെ സ്വഭാവിക ജാമ്യം അനുവദിക്കാത്തത്? മൂന്ന് മാസം വേണ്ട, ഇരുപതുകൊല്ലമായിട്ടും മ്അദനിയുടെ മുൻപിൽ മാത്രം എന്താണ് ആ നിയമം തെളിഞ്ഞുവരാത്തത്? ഇങ്ങനെ ആയിരങ്ങൾ നമ്മുടെ നാട്ടിലുണ്ട്. നമ്മുടെ രാജ്യം ഒരു മതേതര ജനാധിപത്യ രാജ്യമാണെന്ന് എല്ലാവർക്കും അറിയാം. ആ നാട്ടിൽ ഏതെങ്കിലും ഒരു സമൂഹത്തെ ടാർജറ്റ് ചെയ്തുകൊണ്ട് എന്തു തരം നിയമം ഉണ്ടായാലും, എന്തുതരം നടപടി ഉണ്ടായാലും പ്രതിഷേധിക്കേണ്ടത് തന്നെയാണ്.

ഇവിടെ ദേവീന്ദർ സിങിന് നിയമപരമായി ജാമ്യം ലഭിച്ചു എന്നു പറയുമ്പോൾ, അത്തരത്തിൽ നിയമപരമായി ജാമ്യം ലഭിക്കാതെ പ്രക്ഷോപം നടത്തിയ മുസ്ലിം സമൂഹത്തിൽപ്പെട്ട ആയിരങ്ങൾ ജയിലിൽ കിടക്കുമ്പോൾ ഇന്ത്യ ലജ്ജിക്കേണ്ടിയിരിക്കുന്നു. തല കുനിക്കേണ്ടിയിരിക്കുന്നു. അമിത്ഷാ ഇടപെടേണ്ടിയിരിക്കുന്നു. അമിത് ഷാ ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയാണ്. അല്ലാതെ ഹിന്ദുവിന്റെ മാത്രം ആഭ്യന്തരമന്ത്രിയല്ല. ഇവിടെ ഹിന്ദു സംസ്‌കാരവും, ഹിന്ദു ഭരണവും ഒക്കെ കൊണ്ടുവരാൻ ശ്രമിക്കുന്നത് നിങ്ങളുടെ ആശയപരമായ നിലാപാടാവാം.

പക്ഷെ, ഇന്ത്യൻ ഭരണഘടന എല്ലാവർക്കും നൽകുന്ന തുല്യ അവകാശവും, തുല്യ നീതിയും ഉണ്ട്. അത് മറികടക്കാൻ ആർക്കും അധികാരമില്ല. ഇവിടെ ദേവീന്ദർ സിങിന് മൂന്ന് മാസം കൊണ്ട് ജാമ്യം കിട്ടിയാൽ, രാജ്യത്തുള്ള സകല കുറ്റവാളികൾക്കും ആ ആനുകൂല്യം ലഭിച്ചെ മതിയാവു. പ്രത്യേകിച്ച് പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ പോലും സമരം ചെയ്തവരെ ജയിലിൽ അടക്കുമ്പോൾ, അവർക്ക് നീതി നിഷേധിച്ചുകൊണ്ട്, ഭീകരവാദികൾക്ക് ജാമ്യം കൊടുക്കുന്ന തോന്ന്യവാസത്തെ, തെമ്മാടിത്തരത്തെ ഏതുതരം ഭാഷ ഉപയോഗിച്ച് അപലപിച്ചാലും മതിയാവുകയില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP