Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിസ്സാരമായ ഒരു വാക്ക് തർക്കത്തിൽ തീരേണ്ട വിഷയം രണ്ട് ജീവൻ എടുക്കുമ്പോൾ നമുക്കും പഠിക്കാൻ ഒരുപാടില്ലേ? അപരിചിതമായ ഒരാൾ ഓവർടേക്ക് ചെയ്യുമ്പോൾ പോലും എന്തുകൊണ്ടാണ് നമ്മുടെ ഹൃദയം ക്ഷോഭം കൊണ്ട് നീറുന്നത്? ഡിവൈഎസ്‌പി ഹരികുമാറിന്റെ ആത്മഹത്യയും സനലിന്റെ പാഴായി പോയ ജീവിതവും നമ്മളോട് പറയുന്നത്

നിസ്സാരമായ ഒരു വാക്ക് തർക്കത്തിൽ തീരേണ്ട വിഷയം രണ്ട് ജീവൻ എടുക്കുമ്പോൾ നമുക്കും പഠിക്കാൻ ഒരുപാടില്ലേ? അപരിചിതമായ ഒരാൾ ഓവർടേക്ക് ചെയ്യുമ്പോൾ പോലും എന്തുകൊണ്ടാണ് നമ്മുടെ ഹൃദയം ക്ഷോഭം കൊണ്ട് നീറുന്നത്? ഡിവൈഎസ്‌പി ഹരികുമാറിന്റെ ആത്മഹത്യയും സനലിന്റെ പാഴായി പോയ ജീവിതവും നമ്മളോട് പറയുന്നത്

മറുനാടൻ ഡെസ്‌ക്‌

ഡിവൈഎസ്‌പി ഹരികുമാറിന്റെ ജീവൻ നഷ്ടമായ സംഭവം തീർച്ചയായും ഖേദത്തോട് കൂടി കാണേണ്ടതാണ്. ദുഷ്ടമനസ്സുള്ള ഒരാളുടെ ജീവൻ നഷ്ടമായതിൽ ആശ്വസിക്കുന്ന അനേകം പേർ കാണും. സനലിന്റെ വിധവ ആ സങ്കടത്തിനിടയിലും പറഞ്ഞത് ദൈവത്തിന്റെ വിധി നടപ്പിലാക്കി എന്നാണ്. അങ്ങനെ കരുതാനും ആശ്വസിക്കാനും കരുതുന്നവർക്ക് അതിനുള്ള അവസരവും അനുവാദവുമുണ്ട്. ഓരോ ജിവന്റെയും പിന്നിൽ ഒരുപാട് കണ്ണുനീര് ബാക്കിയാകുന്നതുകൊണ്ട് തന്നെ ആ മരണത്തിൽ എനിക്ക് ഒട്ടും സന്തോഷം തന്നെയില്ല. പ്രത്യേകിച്ച് ആ ഡിവൈഎസ്‌പിയ്‌ക്കെതിരെയുള്ള ആരോപണങ്ങളൊക്കെ ഇനിയും തെളിയിക്കപ്പെടേണ്ടിയിരിക്കവേ ആ ആരോപണത്തിന് പിന്നാലെ അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെട്ടത് തികച്ചും സങ്കടകരമാണ്.

ഡിവൈഎസ്‌പിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങൾ ഒക്കെ തെളിയിച്ചത് അദ്ദേഹത്തിന്റെ അധമ പ്രവൃത്തിയുടേയും അക്രമത്തിന്റെയും അഴിമതിയുടേയും ഒക്കെ കഥകൾ ആയിരുന്നെങ്കിലും അദ്ദേഹത്തെ നേരിട്ട് പരിചയമുള്ളവർ ഒക്കെ പറഞ്ഞ ചില നല്ല കഥകളുണ്ട്. ഒരു സഹായത്തിന് വേണ്ടി വിളിച്ചാൽ ഏത് സഹായവും ചെയ്തു തരുന്ന മനുഷ്യത്വമുള്ള മനസ്സും ആ മനുഷ്യനുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വഴി വിട്ട ചില ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും അദ്ദേഹത്തിന്റെ ജീവിതത്തെ ഇങ്ങനെയാക്കി മാറ്റി. തീർച്ചയായും സനൽ എന്ന നിരപരാധിയായ യുവാവിന്റെ ജീവൻ നഷ്ടപ്പെട്ടത് കണക്കിലെടുക്കുമ്പോൾ ഈ മരണവും ഈ ജീവനും അത്ര വിലയുള്ളതല്ല എന്നത് സത്യമാണ്.

ഇത്ര നിസ്സാരമായ ഒരു വിഷയത്തിന്റെ പേരിൽ രണ്ട് ജീവനുകൾ നഷ്ടപ്പെടാൻ മാത്രം മനുഷ്യ ജീവൻ ഇത്രയും വില കുറഞ്ഞതാണോ. ഒന്നാലോചിച്ചു നോക്കുക ഒരു വാഹനത്തിന്റെ മുമ്പിൽ മറ്റൊരു വാഹനം പാർക്കു ചെയ്തു എന്നത് മാത്രമാണ് രണ്ട് ജീവനുകൾ ഇല്ലാതായ ദുരന്തത്തിന്റെ മൂലകാരണം. ആ വാഹനം വരുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ ഡിവൈഎസ്‌പിക്ക് ഇല്ലാതെ പോയതും ആ ഡിവൈഎസ്‌പി അതിനെ ചോദ്യം ചെയ്തപ്പോൾ അതിനോട് സംയമനത്തോടെയുമ ശാന്തതയോടെ പെരുമാറാനുള്ള ക്ഷമ സനലിനില്ലാതെ പോയതും നഷ്ടമാക്കിയത് രണ്ട് ജീവനുകളും അനേകം കുടുംബങ്ങളുമാണ്. രണ്ട് പേർക്കും ഭാര്യമാരും മക്കളും കുടുംബവുമൊക്കെയുണ്ട്. നിസ്സാരമായ വാക്കു തർക്കത്തിൽ അവസാനിക്കാവുന്ന ഒരു സംഭവം രണ്ട് ജീവനുകൾ ഇല്ലാതാക്കുമ്പോൾ ഇത്തരം സാഹചര്യങ്ങളെ ദൈനം ദിനം നേരിടുന്ന നമ്മളും ചിന്തിക്കേണ്ടതുണ്ട്.

സനൽ അറിഞ്ഞിരുന്നോ ഇങ്ങനെ തർക്കം നടത്തുമ്പോൾ തന്റെ ജീവൻ നഷ്ടപ്പെടുമെന്ന്. ഹരികുമാർ അറിഞ്ഞിരുന്നോ ഈ ദുരന്തം തന്റെ ജീവനെടുക്കുന്ന ആത്മഹത്യയിലേക്കാവും നയിക്കുക എന്ന്. ഇത്തരം ചിന്താ ശൂന്യതയും അറിവില്ലായ്മയുമാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണം. കൊലപാതകങ്ങളും അടിപിടിക്കേസുകളും ഒക്കെ പരിശോധിക്കുമ്പോൾ ക്രിമിനൽ മനസ്സോട് കൂടി അത് ചെയ്യുന്നവരുടെ എണ്ണം തീരെ കുറവാണ്. മഹാ ഭൂരിപക്ഷം വരുന്ന ആളുകളും പെട്ടന്ന് ഉണ്ടാകുന്ന പ്രകോപനവും അവനവന്റെ ഈഗോയെ ശമിപ്പിക്കുന്നതിന് വേണ്ടിയുള്ള നെട്ടോട്ടത്തിലും കുഴപ്പത്തിലും ചെന്ന് ചാടുന്നവരാണ്. നിസ്സാരമായി അവഗണിക്കേണ്ട കാര്യങ്ങളെ വലിയ സംഭവമാക്കി മാറ്റുന്ന നമുക്ക് ഓരോരുത്തർക്കും പാഠമാകേണ്ടതാണ് സനലിന്റേയും ഹരികുമാറിന്റെയും ജീവിതം.

ഒരാൾ നിനച്ചിരിക്കാതെ അപകടത്തിലേക്ക് വീണു മരിച്ചെങ്കിൽ മറ്റൊരാൾ നിസ്സഹായനായി സ്വയം ജീവൻ എടുത്തു. ചിലരെങ്കിലും പറയുന്നു ഹരികുമാർ ക്രിമിനൽ അല്ല ഇത്തരം ഒരു സാഹചര്യത്തിൽ പെട്ടതു കൊണ്ട് അതിനെ അതിജീവിക്കാൻ പറ്റാത്തതു കൊണ്ടാണ് സ്വന്തം ജീവൻ എടുത്തത് എന്ന്. പറഞ്ഞത് പോലെ ക്രിമിനലായ ഒരു ഓഫിസറാണ് ഹരികുമാർ എങ്കിൽ അയാൾ എന്തിന് സ്വന്തം ജീവനെടുക്കുന്നു. അയാൾക്ക് സ്വന്തം സഹപ്രവർത്തകരുടെ സഹായത്തോടെ രക്ഷപ്പെടാനാകുമായിരുന്നില്ലെ എന്നും ചോദിക്കുന്നു. എന്തായാലും ക്ഷിപ്ര കോപവും ഒരു വാക്ക് കൊണ്ട് അവസാനിപ്പിക്കേണ്ട തർക്കവും രണ്ട് ജീവനുകൾ ഒടുങ്ങുന്നതിന്റെ കാരണമായി മാറിയെങ്കിൽ നമ്മൾ ഓരോരുത്തർക്കും അത് പാഠമാകേണ്ടത് തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP