Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാരിനെ വിമർശിച്ചാൽ വിനു വി ജോണിനെ പെണ്ണു കേസുകാരനാക്കി നാടു നീളെ പോസ്റ്റർ ഒട്ടിക്കും.ധൂർത്തിനെതിരെ വാർത്ത എഴുതിയ ഷാജൻ സ്‌കറിയയെ വഴിയിൽ ഇട്ടു തല്ലിയെന്നു നുണ പ്രചരിപ്പിക്കും..അണയാൻ പോകുന്ന വിളക്കു പോലെ ആളിക്കത്തുന്ന സിപിഎം തെറ്റു തിരുത്താൻ ചർച്ച നടത്തുമ്പോൾ മറന്നു പോകുന്നത്..

സർക്കാരിനെ വിമർശിച്ചാൽ വിനു വി ജോണിനെ പെണ്ണു കേസുകാരനാക്കി നാടു നീളെ പോസ്റ്റർ ഒട്ടിക്കും.ധൂർത്തിനെതിരെ വാർത്ത എഴുതിയ ഷാജൻ സ്‌കറിയയെ വഴിയിൽ ഇട്ടു തല്ലിയെന്നു നുണ പ്രചരിപ്പിക്കും..അണയാൻ പോകുന്ന വിളക്കു പോലെ ആളിക്കത്തുന്ന സിപിഎം തെറ്റു തിരുത്താൻ ചർച്ച നടത്തുമ്പോൾ മറന്നു പോകുന്നത്..

മറുനാടൻ ഡെസ്‌ക്‌

സിപിഎം തെറ്റ് തിരുത്തുന്നതിനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ദിവസം പാർട്ടിയുടെ സെക്രട്ടറിയേറ്റ് യോഗത്തിൽ തെറ്റ് തിരുത്തുന്നതിനുള്ള പരിപാടി അവതരിപ്പിച്ചു. പാർട്ടി സെക്രട്ടറിയുടെ റിപ്പോർട്ടിംഗിൽ പറയുന്നത് നേതാക്കന്മാരുടെ ധാർഷ്ട്യവും ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടതുമാണ് സിപിഎം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നാണ്. സിപിഎം ഔദ്യോഗികമായി അവരുടെ ധാർഷ്ട്യം അംഗീകരിച്ചതിൽ ആദ്യമേ അവരെ അഭിനന്ദിക്കട്ടെ. തെറ്റ് തിരുത്തുന്നതിനുള്ള ആദ്യത്തെ പടിയായി ഇതിനെ കാണേണ്ടതുണ്ട്. സംസ്ഥാന-ദേശീയ നേതാക്കന്മാരുടെ ധാർഷ്ട്യം മാത്രമല്ല ചർച്ചയാക്കേണ്ടത്. പ്രാദേശിക നേതാക്കന്മാരുടെ ധാർഷ്ട്യവും ചർച്ചയാക്കണം. എല്ലാവരും പിണറായി വിജയനാകാൻ ശ്രമിക്കുന്നു എന്നതാണ് സിപിഎം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. പിണറായി വിജയന് അദ്ദേഹത്തിന്റെ ഒരു ശൈലിയും രീതിയുമുണ്ട്. അത് ധാർഷ്ട്യം ഉള്ളതാണെങ്കിൽ കൂടി അത് അംഗീകരിക്കാൻ പലർക്കും സാധിക്കുന്നുണ്ട്. എന്നാൽ, പാർട്ടിയുടെ ലോക്കൽ സെക്രട്ടറിമാരും ബ്രാഞ്ച് മെമ്പർമാരും വരെ പിണറായി വിജയനാകാൻ ശ്രമിക്കുമ്പോൾ സംഭവിക്കാവുന്ന അകലമാണ് പാർട്ടിക്ക് പ്രധാനമായും സംഭവിച്ചത്.

കുമ്പസാരം നടത്തുകയും തെറ്റ് തിരുത്താൻ ശ്രമിക്കുകയും ചെയ്യുന്ന സിപിഎം ഒരു പ്രധാനപ്പെട്ട വിഷയം ചർച്ച ചെയ്തതായി കാണുന്നില്ല. സിപിഎം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വഴിയേപോകുന്നവരൊക്കെ വെളിച്ചപ്പാടാകുന്ന സൈബർ ഇടത്തിലെ ഇടപെടൽ തന്നെയാണ്. പാർട്ടിക്ക് സൈബർ ഇടത്തിൽ ഔദ്യോഗികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. പാർട്ടി സഖാക്കന്മാരും നേതാക്കന്മാരും അവർക്ക് തോന്നിയത് പോലെ സൈബർ ഇടത്തിൽ പുലഭ്യം വിളിയുമായി നിറയുന്നു. പോരാളി ഷാജി എന്ന പേരിലും സമാനമായ പേരുകളിലും നൂറുകണക്കിന് ഫേസ്‌ബുക്ക് അക്കൗണ്ടുകൾ സിപിഎം എന്ന് പറയുന്ന പാർട്ടിയുടെ നയമാണ് എന്ന തരത്തിൽ ന്യായീകരണത്തൊഴിലാളികളായി ആ പാർട്ടിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. പാർട്ടിയുടെ നേതാക്കന്മാരുടെ ധാർഷ്ട്യത്തെക്കാൾ കൂടിയത് ഇത്തരം സൈബർ കൂട്ടായ്മകളുടെ ഗുണ്ടായിസമാണ്. തെരുവിൽ കാണുന്നവരെ കുത്തിവീഴ്‌ത്തിയിരുന്ന സിപിഎമ്മിന്റെ അതേ ക്രിമിനൽ മനോഭാവമാണ് ഇന്ന് സിപിഎമ്മിന്റെ സൈബർ ഇടങ്ങളിൽ മുഴുവൻ നിറഞ്ഞ് നിൽക്കുന്നത്.

പണ്ടൊക്കെ സിപിഎമ്മിന് കുത്തിവീഴ്‌ത്തുന്നവരുടെ ഇമേജ് ഉള്ളപ്പോഴും എഴുത്തുകാർ എന്ന നിലയിലും സാംസ്‌കാരിക നായകർ എന്ന നിലയിലും സിപിഎമ്മിന് തത്വചിന്തയുടെയും എഴുത്തിന്റെയും ഒക്കെ ഒരു ഉയർന്ന മുഖമുണ്ടായിരുന്നു. എന്നാൽ ഇന്ന് സിപിഎമ്മിന്റെ എല്ലാ മുഖങ്ങളും സൈബർ ഗുണ്ടകൾ വിഴുങ്ങിയിരിക്കുന്നു. ചെറിയ ഒരു എതിർശബ്ദം പോലും കേൾപ്പിക്കാൻ അവർ ആഗ്രഹിക്കുകയില്ല. ഇടത്പക്ഷത്തോട് ചേർന്ന് നിന്നുകൊണ്ട് അവർക്കെതിരെ നേരിയ ഒരു വിമർശനം നടത്തിയാൽ അപ്പോൾത്തന്നെ അവരെ ചാണകസംഘിയാക്കി തേച്ചൊട്ടിച്ച് പോസ്റ്ററൊട്ടിക്കും. അങ്ങനെ നേരിയ എതിരഭിപ്രായം പോലും അനുവദിക്കാതെ സൈബർ സഖാക്കൾ നടത്തുന്ന തേർവാഴ്‌ച്ചയുടെ ഭാഗമായി ഈ പാർട്ടിയെ വെറുത്തുപോയ ആയിരങ്ങളുണ്ട്. സ്വതന്ത്ര മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഭരിക്കുന്ന സർക്കാരിനെ വിമർശിക്കുക എന്ന ദൗത്യം ഏറ്റെടുത്തതിന്റെ പേരിൽ ഞാൻ അനുഭവിക്കുന്ന സൈബർ ആക്രമണം ഇതിന്റെ ഒരു ഭാഗം മാത്രമാണ്. വിനു വി ജോണിനെയും സിന്ധു സൂര്യകുമാറിനെയും പോലുള്ളവർക്കെതിരെ നാളുകളായി നീണ്ടുകിടക്കുന്ന സൈബർ ആക്രമണങ്ങളും എനിക്ക് നേരെ ഇപ്പോൾ നടക്കുന്ന സൈബർ ആക്രമണവും കൂട്ടിവായിക്കേണ്ടതുണ്ട്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP