Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വംശീയത കൊടികുത്തി വാഴുന്ന ഈ രാജ്യത്ത് തെരുവിലൂടെ നടക്കുമ്പോഴും കരുതൽ എടുക്കുക; വാൻ പിറകോട്ട് എടുത്ത് ജിഹാബ് ധരിച്ച സ്ത്രീയെ ഇടിച്ചു വീഴ്‌ത്തുന്ന വെള്ളക്കാരന്റെ വീഡിയോ നമ്മളോട് പറയുന്നത്

വംശീയത കൊടികുത്തി വാഴുന്ന ഈ രാജ്യത്ത് തെരുവിലൂടെ നടക്കുമ്പോഴും കരുതൽ എടുക്കുക; വാൻ പിറകോട്ട് എടുത്ത് ജിഹാബ് ധരിച്ച സ്ത്രീയെ ഇടിച്ചു വീഴ്‌ത്തുന്ന വെള്ളക്കാരന്റെ വീഡിയോ നമ്മളോട് പറയുന്നത്

സ്വന്തം ലേഖകൻ

ജാതിമത വിദ്വേഷങ്ങൾ കൊടികുത്തി വാഴുന്ന അപരിഷ്‌കൃത സമൂഹമായിട്ടാണ് പലപ്പോഴും പാശ്ചാത്യ മാധ്യമങ്ങൾ, പ്രത്യേകിച്ചും ബ്രിട്ടീഷ് മാധ്യമങ്ങൾ ഇന്ത്യയെ ചിത്രീകരിക്കാറ്. 1982-ലെ ക്രിക്കറ്റ് ലോകകപ്പിലെ വിജയം മുതൽ, വിജയകരമായ ഉപഗ്രഹ വിക്ഷേപണം വരെ, തങ്ങളേക്കാൾ വളർന്ന പഴയ കോളനിക്കാരന്റെ നേട്ടങ്ങളിലുള്ള അസൂയയാകാം ഇവരെ അതിനു പ്രേരിപ്പിക്കുന്നത്. എന്നാൽ, ഇങ്ങനെ മറ്റുള്ളവരെ കുറ്റപ്പെടുത്തുമ്പോഴും, തങ്ങളുടെ സമൂഹം ഹീനമായ വംശീയ ചിന്തകളിലേക്ക് തിരിച്ചുപോകുന്നത് ബ്രിട്ടീഷ് പൊതുസമൂഹവും മാധ്യമങ്ങളും മനസ്സിലാക്കുന്നില്ല. അല്ലെങ്കിൽ, മനസ്സിലായിട്ടും കുറ്റകരമായ മൗനം പാലിക്കുന്നു.

കൊറോണ കാലത്ത് നമ്മൾ ഏറെ കേട്ടതാണ് ഏറ്റവും അപകടകരമായ സാഹചര്യങ്ങളിലേക്ക് വംശീയ ന്യുനപക്ഷത്തിൽ പെട്ട ആരോഗ്യപ്രവർത്തകരെ തെരഞ്ഞുപിടിച്ച് അയയ്ക്കുന്നു എന്നത്. കോവിഡ് ബാധമൂലംമരണമടഞ്ഞ വംശീയ ന്യുനപക്ഷ വിഭാഗക്കാരുടെ എണ്ണം, അവരുടെ അനുപാതത്തേക്കാൾ ഉയർന്നതായിരുന്നതിന് ഒരു കാരണമായും ഇത് പറഞ്ഞു കേട്ടിരുന്നു. ഇത് സത്യമാണെങ്കിലും അല്ലെങ്കിലും, എൻ എച്ച് എസ്ഉദ്യോഗസ്ഥർ വരെ സമ്മതിച്ച ഒരു കാര്യമുണ്ട്, സുരക്ഷാ ഉപകരണങ്ങൾ കർശനമായി ആവശ്യൂപ്പെടുവാൻ വംശീയ ന്യുനപക്ഷവിഭാഗത്തിൽ പെട്ടവർ മടിക്കുന്നു എന്നത്. കളിയാക്കലുകളും അപമാനവും നേരിടേണ്ടി വരും എന്നതുകൊണ്ടാണ് ഈ മടി എന്നും സൂചിപ്പിക്കപ്പെട്ടിരുന്നു. ഇതുതന്നെ, ബ്രിട്ടനിൽ നിലനിൽക്കുന്ന വംശീയ വിവേചനത്തിന് ഉത്തമോദാഹരണമാണ്.

ബ്ലാക്ക് ലൈവ്സ് മാറ്റർ സമരങ്ങൾക്കെതിരേയും തീവ്ര വലതുപക്ഷക്കാർ നിരവധി പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു. അതിൽ ചിലത് ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷങ്ങളിലും കലാശിച്ചിരുന്നു. ഇപ്പോഴിതാ, ബ്രിട്ടനിലെ വംശീയ വെറിയുടെ ഉത്തമോദാഹരണമായി ഒരു വീഡിയോ വൈറലാകുന്നു. ഒരു വാൻ ഡ്രൈവർ, ഹിജാബ് ധരിച്ചു നിൽക്കുന്ന ഒരു മുസ്ലിം വനിതയെ വെറുപ്പോടെ നോക്കുന്നതും പിന്നീട് അവരെ ഇടിച്ചിട്ട് നിർത്താതെ പോകുന്നതുമാണ് ഈ വീഡിയോ. സമീപത്തുള്ള സി സി ടി വി കാമറയിൽ പതിഞ്ഞ ദൃശ്യം ഇപ്പോൾ വൈറലാകുകയാണ്.

ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡിൽ റോഡ് ക്രോസ്സ് ചെയ്യുന്നതിനിടയിലാണ് ഫോർഡ് ട്രാൻസിറ്റ് വാനിന്റെ ഡ്രൈവർ, വാഹനം പുറകോട്ടെടുത്ത് ഈ സ്ത്രീയെ ഇടിച്ചു വീഴ്‌ത്തുന്നത്. ഒരു ടി ജംങ്കഷനിലേക്ക് ഈ വാൻ വരുന്നതും, നടപ്പാതയിലൂടെ ഈ സ്ത്രീ നടന്നു വരുന്നതുംവ്യക്തമായി വീഡിയോയിൽ കാണാം. കഴിഞ്ഞ ചൊവ്വാഴ്‌ച്ച രാവിലെ 9 മണിക്കാണ് സംഭവം നടക്കുന്നത്. ഹിജാബ് ധരിച്ച സ്ത്രീ പിന്നീട് റോഡ്‌ക്രോസ്സ് ചെയ്യുന്നതും ഈ സ്ത്രീയെ ഇടിച്ചിട്ടശേഷം നിർത്താതെ ഓടിച്ചു പോകുന്നതും ഈ വീഡിയോയിൽ കാണാം.

തന്റെ സുഹൃത്തിന്റെ സഹോദരി രണ്ടു ദിവസം മുൻപ് വംശീയ വിദ്വേഷത്തിന് വിധേയമായി എന്ന അടിക്കുറിപ്പോടെയാണ് ഒരാൾ ഈ വീഡിയോ ആദ്യമായി ട്വീറ്ററിൽ പോസ്റ്റ് ചെയ്തത്. ഇത് സംഭവിക്കുന്നതിനു മുൻപായി, റോഡ് ക്രോസ്സ് ചെയ്യുന്ന സമയത്ത് വാഹനത്തിലെ ഡ്രൈവർ തന്നെ വെറുപ്പോടെ നോക്കുന്നത് താൻ കണ്ടിരുന്നു എന്ന് ആ സ്ത്രീ പിന്നീട് പറഞ്ഞതായും ട്വീറ്ററിൽ പറയുന്നു. പൊലീസിനെ വിവരം അറിയിച്ചെങ്കിലും, പ്രതിയെ കണ്ടുപിടിക്കുന്ന കാര്യത്തിൽ പൊലീസ് അലംഭാവം കാണിക്കുകയാണെന്നും ട്വിറ്ററിൽ കുറ്റപ്പെടുത്തുന്നു.

രാവിലെ ഒമ്പതരയോടെയാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും, ഈ നിർത്താതെ പോയ വാൻ കണ്ടുപിടിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഏതായാലും ഇത് ബ്രിട്ടനിൽ വർദ്ധിച്ചുവരുന്ന വംശീയവിദ്വേഷത്തിന്റെ ഭാഗമായാണ് പലരും കാണുന്നത്. മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യൻ വംശജർ ഇനി മുതൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് ഈ വീഡിയോ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP