Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എന്നോട് കടക്കുപുറത്തു എന്ന്പറയാൻ നിനക്ക് എന്ത് ധൈര്യം

എന്നോട് കടക്കുപുറത്തു എന്ന്പറയാൻ നിനക്ക് എന്ത് ധൈര്യം

കോരസൺ വർഗീസ്

ലോങ്ങ് ഐലൻഡ് റെയിൽറോഡ് ട്രെയിൻ പെൻസ്റ്റേഷനിൽ ചെന്നു നിന്നാലുടൻ എത്രയും പെട്ടെന്ന് സബ്ബ്വേ ട്രെയിനിൽ ടൗൺടൗൺ മൻഹാട്ടനിലേക്കാണ് ജോലിക്കുള്ള പതിവുള്ള ഓട്ടം. രാവിലെയുള്ള തിരക്കിൽ ആറരലക്ഷം പേരുള്ള മനുഷ്യത്തിരമാലയിൽപ്പെട്ടു അങ്ങനെ ഒരു ഒഴുകിപോക്കലാണ്. കുറെയേറെ വർഷങ്ങളായുള്ള സ്ഥിരം പാതകൾ,സമയം, സഹയാത്രികർ ഒക്കെ.

ഒരു നനുത്ത പ്രഭാതത്തിൽ പതിവുപോലെ തിരക്ക് പിടിച്ചു സബ്ബ്വേ ട്രെയിൻ പിടിക്കാൻ വേഗത്തിൽ നീങ്ങുകയായിരുന്നു. ഉറുമ്പുകൾ സഞ്ചരിക്കുന്നതുപോലെ കൂട്ടമായി ഒഴുകിപ്പോകുന്ന തിരക്കിൽ പൊടുന്നനെ മുന്നിലുള്ള ഒരാൾ പെട്ടന്ന് തിരിഞ്ഞു. ആറരയടിയോളം പൊക്കമുള്ള വെള്ളക്കാരനായ ആ മസിൽമാൻ തന്റെ പുറത്തു തൂക്കിയിട്ടിരുന്ന ഭാരിച്ച ബാഗ് അയാളോടൊപ്പം തന്നെ തിരിഞ്ഞു വീശി. അയാൾ തന്റെ കൂട്ടുകാരനായ, എന്റെ പിറകിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പൊക്കംകുറഞ്ഞയാളോട് ഉച്ചത്തിൽ എന്തോ പറയാനാണ് തിരിഞ്ഞത്. ഭാഗ്യത്തിന് അയാളുടെ ബാഗ് എന്റെ മുഖത്തു ഇടിക്കാതെ ഒഴിവായി എന്ന് പറയാം. നീരസഭാവത്തിൽ അയാളുടെ മുഖത്തേക്കു തുറിച്ചുനോക്കി. താടി വളർത്തിയ കൊമ്പൻ തലമുടിയുള്ള അയാളുടെ ക്രൂരമായ മുഖഭാവം ഭയപ്പെടുത്തി. ഇനി ഒരിക്കലും അയാളെ കാണരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് മുന്നോട്ടു പോയി.

ന്യൂയോർക്ക് സിറ്റിയുടെ ഹൃദയഭാഗത്തു, ഒരു നൂറ്റാണ്ടിനു മുൻപ് രണ്ടുലക്ഷം പേർക്ക് ഉപയോഗിക്കാവുന്ന രീതിയിൽ പണിത, പടിഞ്ഞാറൻ ഹെമിസ്ഫിയറിലെ ഏറ്റവും തിരക്കുള്ള ട്രെയിൻ സ്റ്റേഷനാണ് പെൻസൽവാനിയ സ്റ്റേഷൻ അഥവാ പെൻ സ്റ്റേഷൻ. ഓരോ 90 സെക്കന്ഡുകളിലും ആയിരത്തിലധികം യാത്രക്കാർ കടന്നു പോകുന്നു എന്നാണ് കണക്കാക്കുന്നത്. കാലപ്പഴക്കംകൊണ്ട് ത്രേതായുഗത്തിലെ രാവണ ക്കോട്ടയെ ഓർമ്മപ്പെടുത്തും ഭൂഗർഭത്തിലായി എട്ടു ഏക്കറിൽ പരന്നു കിടക്കുന്ന ഈ യാത്രാസങ്കേതം. ന്യൂയോർക്ക് സിറ്റിയുടെ പ്രത്യേകത കൊണ്ട്, യാത്രക്കാർ വിവിധ നിറക്കാരും തരക്കാരുമാണ്.

കുറെയേറെ ചവിട്ടുപടികൾ ഓടിക്കയറി സ്ഥിരമായി ട്രെയിൻ കാത്തു നിൽകുന്നയിടത്തു നിലയുറപ്പിച്ചു. ഇടിച്ചു പിടിച്ചു ട്രെയിനിൽ കയറാൻ ശ്രമിച്ചപ്പോൾ ആളുകൾ മൂക്ക് പൊത്തിക്കൊണ്ടു പിന്നോട്ട് മാറുന്നു. ഏതോ ഒരു ഹോംലെസ്സ് മനുഷ്യൻ കിടന്നു ഉറങ്ങുകയാണ്. ഓടി അടുത്ത കമ്പാർട്‌മെന്റിൽ കയറിപറ്റി ട്രെയിൻ മുന്നോട്ടു നീങ്ങി.

ഹോംലെസ്സ് സിറ്റുവേഷൻ ന്യൂയോർക്ക് സിറ്റിയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണുന്നുണ്ട്. പ്രത്യകിച്ചും ഭൂഗർഭ ട്രെയിനിൽ ഇവരുടെ മുഷിഞ്ഞ നാറിയ മണം അസഹനീയമായി തോന്നിയിട്ടുണ്ട് . ചിലർ ചില പ്ലാറ്റുഫോമുകളിൽ സ്ഥിരതാമസമാക്കിയതാണെന്നു തോന്നുന്നു. ഇവരെ കണ്ടുപിടിച്ചു ഷെൽറ്ററുകളിൽ എത്തിക്കാനുള്ള വലിയ സംരംഭം സിറ്റി സംവിധാനത്തിൽ ഉണ്ട്. എന്നാൽ എല്ലാ ഷെൽറ്ററുകളും നിറഞ്ഞു കവിഞ്ഞു എന്ന് തോന്നുന്നു. ഇവർ നഗരത്തിന്റെ മുക്കിലും മൂലകളിലും ഒളിഞ്ഞും പതിഞ്ഞും എപ്പോഴും കാണാനുണ്ട്.

ഏതാണ്ട് 3,675 പേരോളം ഇങ്ങനെ നഗരത്തിന്റെ വിവിധ കോണുകളിൽ ഓരോ രാത്രികളിലും അന്തിയുറങ്ങുന്നു എന്നു കണക്കാക്കപ്പെടുന്നു. അഫൊർഡബിൾ ഹൗസിങ് അഥവാ താങ്ങാനാവുന്ന പാർപ്പിടം ന്യൂയോർക്ക് നഗരത്തിന്റെ ഏറ്റവും പരിഗണ അർഹിക്കുന്ന വിഷയമാണെന്ന് സിറ്റി മേയർ വാതോരാതെ സംസാരിച്ചുകൊണ്ടിക്കുമ്പോഴും , ഗുരുതരമായ ഈ വിഷയം എങ്ങുമെത്താതെ അലയുന്നു എന്ന് നഗര വാസികൾക്ക് അറിയാം. സത്യത്തിൽ സാധാരണ ശമ്പളക്കാർക്കു താങ്ങാനാവാത്ത ആഡംബര ഫ്‌ളാറ്റുകൾ കൊണ്ട് നഗരം നിറയുകയാണ്. ആരാണ് ഇത് പണിയുന്നതെന്നോ ആരാണ് ഇവിടെ താമസിക്കാൻ പോകുന്നതെന്നോ അറിയില്ല എന്ന് പബ്ലിക് റേഡിയോ ഹോസ്റ്റ് പറയുന്നത് ശ്രദ്ധിച്ചിരുന്നു.

എന്തായാലും റെസ്റ്റോറെന്റുകളിലും ബാറുകളിലും ഒക്കെ കയറിപ്പറ്റാൻ നീണ്ടനിര എപ്പോഴും ഉണ്ട്. നമ്മുടെ പുതിയ തലമുറക്കാരും നഗരത്തിലേക്ക് ചേക്കേറുന്നുണ്ട്. സ്വന്തമായി വീടും കാറും ഒന്നും ഇപ്പോൾ അമേരിക്കൻ ചെറുപ്പക്കാരെ അഭിരമിപ്പിക്കാറില്ല. വാടകക്കു പുറമേ, കുതിച്ചുയരുന്ന പ്രോപ്പർട്ടി നികുതിയും, ഇൻഷ്വറൻസും, നിലക്കാത്ത അറ്റകുറ്റപ്പണികളും ചിന്തിക്കയേ വേണ്ട. ആരൊക്കയോ ചിട്ടപ്പെടുത്തിയ ജൻട്രിഫിക്കേഷൻ എന്ന പുതിയ ജീവിതചര്യകളിൽ ജനം അറിയാതെ സഞ്ചരിച്ചു തുടങ്ങി.

സിറ്റിയിൽ വിദേശ സഞ്ചാരികൾ നിറഞ്ഞു ഒഴുകുകയാണ്. കഴിഞ്ഞ വര്ഷം 65 മില്യണിലധികം സഞ്ചാരികളാണ് ന്യൂയോർക്ക് സിറ്റി സന്ദർശിച്ചത്. അവർ മാത്രം സിറ്റിയിൽ ചെലവാക്കിയത് 44 ബില്യൺ ഡോളർ ആണെന്നാണ് കണക്ക്. വര്ഷങ്ങളായി ഈ മഹാ നഗരത്തിന്റെ ഒരു സേവനഭാഗമാകാൻ കഴിയുന്നു എന്നത് ചാരിതാർഥ്യം തരുന്നുണ്ട്. മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ടേഷൻ ആതോറിറ്റിയിൽ തന്നെ വളരെയധികം മലയാളികൾ ജോലി ചെയ്യന്നുണ്ട്. കുമ്പനാട് യൂണിവേഴ്‌സിറ്റി ഡിഗ്രി മുതൽ എന്തൊക്കയോ പറഞ്ഞു ആദ്യകാലത്തു ഇവിടെ ജോലിക്കു കയറി പറ്റിയവർ ഇപ്പോൾ മുന്തിയ പെൻഷനും പറ്റി റിട്ടയർമെന്റ് അടിച്ചു പൊളിക്കയാണ്. ലോക തലസ്ഥാനം എന്ന് വിശേഷിപ്പിക്കുന്ന, രാവും പകലും, മഞ്ഞിലും വേനലിലും ഭ്രമിപ്പിക്കുന്ന ഈ നഗരം എത്രയോ ദേശക്കാരുടെ ജീവിതങ്ങളുടെ അടിസ്ഥാന പടവാണ് ഇന്നും.

നിറഞ്ഞ ആ ട്രെയിനിൽ ഒരു ചെറിയ കോൺ പിടിച്ചു കമ്പിയിൽ തൂങ്ങി സെൽഫോണിലെ മെസ്സേജുകൾ നോക്കാൻ ശ്രമിച്ചു. ട്രെയിനിന്റെ വേഗത കൂടിയും കുറഞ്ഞും നിന്നതിനാൽ അടുത്തുള്ള ആളുകൾ തമ്മിൽ ചെറുതായി മുട്ടിയുരുമ്മിയാണ് പൊയ്‌ക്കൊണ്ടിരുന്നത്. പൊടുന്നനെ മുന്നിൽ നിന്നയാളുടെ പുറത്തു തൂക്കിയിരുന്ന ഭാരമുള്ള ബാഗ് എന്റെ മൂക്കിന് നേരേ നിൽക്കുന്നു. വാതിലിൽ ചാരി നിൽക്കുന്ന എനിക്ക് ഒരു ഇഞ്ചുപോലും ഒതുങ്ങാൻ സാധിക്കുന്നില്ല. കഴിവതും അയാളുടെ ബാഗ് ഒഴിവാക്കാൻ ശ്രമിച്ചുകൊണ്ട് സാഹസികമായ മെയ്വഴക്കം കാണിച്ചുകൊണ്ടിരുന്നു. അയാൾ ഇതൊന്നും ശ്രദ്ധിക്കാതെ ആരോടോ ചലപല ഉച്ചത്തിൽ സംസാരിക്കുകയും അതിനനുസരിച്ചു അയാളുടെ ബാഗ് ചാഞ്ചാടുകയും ചെയ്തുകൊണ്ടിരുന്നു. പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോൾ ബാഗ് എന്റെ മുഖത്തുതന്നെ ഇഞ്ചോടിഞ്ചു ദൂരത്തിൽ നിൽക്കെയാണ്. പതുക്കെ അയാളുടെ ശരീരത്തിൽ തട്ടി, ദയവായി അൽപ്പം സ്ഥലംതരൂ എന്ന് വിനീത ഭാവത്തിൽ അഭ്യർത്ഥിച്ചു.

അയാൾ പെട്ടന്ന് തിരിഞ്ഞു എന്റെ മുഖത്തേക്ക് സൂക്ഷിച്ചു തുറിച്ചു നോക്കികൊണ്ട് എന്തോ പിറുപിറുക്കുകയാണ്. ആ നോട്ടത്തിൽ ഞാൻ ഉരുകിപ്പോയി എന്ന് പറയാം, അതെ , ഇനി ഒരിക്കലും കാണരുതേ എന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ച മുഖം. സാക്ഷാൽ ഒരു റെഡ്‌നെക്ക് (ഉൾനാടുകളിൽ താമസിക്കുന്ന വിദ്യാഭ്യാസമില്ലാത്ത വെള്ളക്കാരെ വിശേഷിപ്പിക്കാനുപയോഗിക്കുന്ന ഒരു നിന്ദാ വചനം). അയാളുടെ മുഖഭാവത്തിൽ എല്ലാം വ്യക്തമായിരുന്നു. ഏയ് ഇഡിയറ്റ് ഇമ്മിഗ്രന്റ്, നീ ഒക്കെ എന്റെ സ്ഥലമാണ് കൈക്കലാക്കിയിരിക്കുന്നത് . എന്റെ ജോലിയും എനിക്ക് അവകാശപ്പെട്ടതെല്ലാം നീ അനർഹമായി കൈയടക്കിയിട്ടു എന്നോട് മാറി നില്ക്കാൻ പറയാൻ നിനക്ക് എന്ത് ധൈര്യം? 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP