Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആമസോണും അമേരിക്കയുടെ വ്യാകുലതകളും

ആമസോണും അമേരിക്കയുടെ വ്യാകുലതകളും

കോരസൺ വർഗീസ്

രാവിലെ ജോലിക്കു പോകുവാൻ ട്രെയിനിൽ കയറി സ്ഥിരം സ്ഥലം പിടിച്ചിരുന്നു. ട്രെയിനിന്റെ താളത്തിനു പതിവുള്ളപോലെ ഒന്ന് കണ്ണടക്കാൻ ശ്രമിച്ചപ്പോൾ ഒരു വലിയ ബഹളംകേട്ടു ഞെട്ടി. അൽപ്പം തൊലിവെളുപ്പുള്ള ഒരു കറുത്തവർഗ്ഗക്കാരൻ എഴുനേറ്റു നിന്നു ഉച്ചത്തിൽ പ്രസംഗിക്കുകയാണ്. ട്രെയിനിൽ തിങ്ങി നിറഞ്ഞുനിന്ന പല രാജ്യങ്ങളിൽനിന്നും കുടിയേറ്റക്കാരായ എത്തിയവരോടാണ് അയാളുടെ സന്ദേശം. നിങ്ങൾ ഒക്കെ നിങ്ങളുടെ നാടുകളിലേക്ക് തിരിച്ചുപോകൂ, നിങ്ങൾ ഈ രാജ്യത്തിനു ഒരു ഭാരമാണ് . നിങ്ങൾ ഈ രാജ്യത്തെ കൊള്ളയടിച്ചു സമ്പത്തു നിങ്ങളുടെ രാജ്യത്തേക്കു കൊണ്ടുപോകയാണ്. ഞങ്ങൾക്ക് ഇവിടെ ജോലി ഇല്ല, ജീവിക്കാൻ നന്നേ കഷ്ടപ്പെടുകയാണ്. നികുതിയടച്ചു കയ്യിൽ കിട്ടാൻ പണം കുറവ് . ചെലവ് കൂടുന്നു. സർക്കാർ ഉള്ള പണമെല്ലാം നിയമാനുസൃതമല്ലാതെ ഇവിടെ കടന്നു വന്നവർക്കായി ചിലവഴിക്കുകയാണ്.

അയാൾ നിരത്തുന്ന വാദങ്ങൾക്ക് അനുബന്ധമായുള്ള വിശദീകരണങ്ങളും അക്കമിട്ടു നിരത്തുന്നുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരും അത് ശ്രദ്ധിക്കുന്നുമുണ്ട്. അയാളുടെ മുഖത്തു വല്ലാത്ത അസഹിഷ്ണുതയും വൈരാഗ്യവും നിഴലിക്കുന്നുണ്ട്. ആർക്കും അവകാശമായി കയ്യിൽ കൊണ്ട് നടക്കാവുന്ന തോക്കുകളുള്ള രാജ്യത്തു അടുത്ത നടപടി എന്താണെന്നു ആകുലപ്പെട്ടു ആളുകൾ ഭയന്ന് ഇരിക്കയാണ്. ഉള്ളിൽ ഒളിപ്പിച്ചു വച്ചിരുന്ന വർഗ്ഗിയ വിദ്വേഷം പരസ്യമായി പുറത്തു ഇറങ്ങുകയാണ്. അമേരിക്കയെ സാധാരണക്കാർക്ക് ജീവിക്കാൻ പ്രയാസമാക്കിയ എല്ലാ ഉത്തരവാദിത്വവും കുടിയേറ്റക്കാരിൽ അയാൾ ചുമത്തുകയാണ്.

പ്രസിഡന്റ് ട്രംപ്, അദ്ദേഹത്തിന്റെ വോട്ടു ബാങ്കുകൾ എങ്ങനെയും ഭദ്രമാക്കാൻ, മെക്‌സിക്കൻ അതിർത്തിയിൽ വന്മതിൽ പണിയാൻ തയ്യറെടുക്കുകയാണ്. അതിനു ജനപ്രതിനിധിസഭ പൂർണ്ണമായി അംഗീകാരം നൽകുന്നില്ല എന്ന കാരണത്താൽ, ആഭ്യന്തര അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.
നിയമാനുസൃതമല്ലാത്ത കുടിയേറ്റക്കാർ എല്ലാം കൊടും കുറ്റവാളികളും മയക്കുമരുന്നു കച്ചവടക്കാരുമാണെന്നു നാഴികക്ക് അമ്പതുവട്ടം അദ്ദേഹം പറയുന്നുണ്ട്. അതുകൊണ്ടു വന്മതിൽ കെട്ടി ദേശീയ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് പ്രെസിഡന്റിന്റെ കടമയാണെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇത്രയും വെറുപ്പും വിദ്വേഷവും ചീറ്റുമ്പോൾ സാധാരണ ജനങ്ങളുടെ ഇടയിൽ വന്നു വീഴുന്ന അസഹിഷ്ണുതക്കും അങ്കലാപ്പുകൾക്കും ആരാണ് ഉത്തരവാദി?.

നിയമാനുസൃതമല്ലാത്ത കുടിയേറ്റക്കാർക്ക് എന്തിനു ഡ്രൈവിങ് ലൈസൻസ്, സാമൂഹ്യ ക്ഷേമ നിധി ഒക്കെ തുറന്നു കൊടുക്കുന്നു? അവർക്കു ഇവിടെ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വവും പഠിക്കാനുള്ള എല്ലാ സഹായങ്ങളും ആരോഗ്യ സുരക്ഷാ സംവിധാനങ്ങളും കൊടുക്കുന്നു. ഇതിനൊക്കെ പണം കണ്ടെത്തുന്നത് സാധാരക്കാരായ കഷ്ട്ടപ്പെടുന്ന ജോലിക്കാരിൽനിന്നുമാണ്. അവർ റോഡിൽ അപകടം ഉണ്ടാക്കിയാൽ കുഴപ്പമില്ലാതെ തടിയൂരുന്നു. പിടിച്ചു അതിർത്തിക്ക് പിന്നിൽ കൊണ്ട് വിട്ടാൽ ഏതാനും മാസങ്ങൾക്കകം വീണ്ടും ഇവിടെ തിരിച്ചെത്തും. അപ്പൊ പിന്നെ മതില് കെട്ടുകയല്ലാതെ എന്ത് ചെയ്യും എന്നാണ് സാധാരക്കാർ ചിന്തിച്ചു തുടങ്ങിയിരിക്കുന്നത്.

ബാത്ത് റൂമിലെ സൺഷേഡിന്റെ കൊളുത്തുകൾ കാണാനില്ലായിരുന്നു അതാണ് അടുത്ത ഹോം ഡിപ്പോയിലേക്കു ചെന്നത്. സൺഷേഡിയന്റെ നിരകൾ അടുക്കിയിരുന്ന സ്ഥലത്തു ചെന്ന് അവിടെയുള്ള വിദഗ്ദ്ധനോട് വിവരങ്ങൾ തിരക്കാണ് ശ്രമിച്ചു. അപ്പോൾ അയാൾ അവിടെയെത്തിയ വെള്ളക്കാരായ ദമ്പതികളെ സഹായിക്കുകയും ഒപ്പം രാഷ്ട്രീയം ചർച്ച ചെയ്യുന്നതും കേൾക്കാനായി. അവരുടെ തിരക്ക് കഴിയാനായി ഞാൻ അവിടെ കാത്തുനിന്നു. മൂവരും മദ്ധ്യവയസ്സ് കഴിഞ്ഞ വെള്ളക്കാരുതന്നെയായിരുന്നു. ഞങ്ങൾ ട്രംപിന് വോട്ട് ചെയ്തവരാണ് എന്നാൽ ഇനിയും അങ്ങനെ അയാൾക്ക് വോട്ട് ചെയ്യാനാകുമോ എന്ന് സ്ത്രീ ഒരു ഫലിത രൂപത്തിൽ പറയുന്നു, അപ്പോഴേക്കും ഭർത്താവു ഇടപെട്ടു പറയുകയാണ്, ഇപ്പൊ അഭിപ്രായം ഒന്നും നമുക്ക് മാറ്റേണ്ട, കുറച്ചുകൂടി അങ്ങോട്ട് നോക്കട്ടെ.

അപ്പോൾ ട്രംപിന്റെ നിലപാടുകൾ ശരിയാണെന്ന് അക്കമിട്ടു നിരത്തുകയാണ് ജോലിക്കാരൻ. അയാളുടെ ഉള്ളിൽ നിറയെ കുടിയേറ്റക്കാരോടുള്ള പകയും വെറുപ്പും ഇടക്കുള്ള എന്നോടുള്ള നോട്ടത്തിൽ നിന്നും വ്യക്തമായിരുന്നു. എന്നെ സഹായിക്കാനുള്ള ഊഴം വന്നപ്പോൾ അയാൾ വളരെ പെട്ടന്ന് തീരുമാനമാക്കി. ഞാൻ തിരക്കിയ കൊളുത്തുകൾ അവിടെയില്ല, അത് അതിന്റെ കമ്പനിയിൽ തന്നെ നേരിട്ട് അന്വേഷിക്കണം, എന്ന് പറയുന്നു കൂട്ടത്തിൽ, വളരെ ഉറക്കെ പരിഹാസമുൾക്കൊള്ളുന്ന ഒരു കമെന്റ് : നിങ്ങളൊക്കെ നിയമവിരുദ്ധമായി കടന്നുവന്നവർക്കല്ലേ ജോലി കൊടുക്കൂ, അവന്മാർ ഒക്കെ നശിപ്പിച്ചിട്ടല്ലേ പോകയുള്ളൂ. ട്രംപ് ഉയർത്തുന്ന ആശങ്കയിൽ കൃത്യമായി വീണുപോകുന്ന ഒരു വലിയ കൂട്ടത്തെയാണ് കുടിയേറ്റക്കാർ അഭിമുഖീകരിക്കേണ്ടിവരുന്നത് എന്ന് വ്യക്തമായി.

2015 ലെ കണക്കുകൾ അനുസരിച്ചു് അമേരിക്കയിൽ 11 മില്യണിലധികം അനധിർക്കൃത കുടിയേറ്റക്കാർ ഉണ്ട് . ജനസംഖ്യയുടെ ഏതാണ്ട് 3.4 ശതമാനം വരും ഇവർ. ഇതിൽത്തന്നെ 53 ശതമാനവും മെക്‌സിക്കോയിൽ നിന്നുള്ളവരാണ്. നാലു ലക്ഷം പേരുള്ള നാലാം സ്ഥാനം ഇന്ത്യക്കാർക്കാണ്. അമേരിക്കൻ തടുവുകാരിൽ അഞ്ചിൽ ഒന്നും കുടിയേറ്റക്കാരാണ് അതിൽ കൂടുതലും ശരിയായ രേഖകൾ ഇല്ലാത്തവരും. സർക്കാർ പുറത്തുവിടുന്ന ഇത്തരം കണക്കുകൾ ഒക്കെ തട്ടിക്കൂട്ടിയ കണക്കാണെന്നാണ് കുടിയേറ്റക്കാരോട് അനുഭാവമുള്ളവർ പറയുന്നത്.

ഏറ്റവും കൂടുതൽ വഴങ്ങുന്ന സ്വഭാവം ഉള്ള, പേടിച്ചു ജീവിക്കുന്ന ഒരു വലിയകൂട്ടം നിയമവിരുദ്ധമായി കടന്നുവന്ന തൊഴിലാകളാണ് അമേരിക്കയുടെ അഭിവൃദ്ധി നിലനിർത്തുന്നത്. ഏതാണ്ട് 12 ബില്യൺ ഡോളർ ആണ് ഇവർ ഒരു വര്ഷം സോഷ്യൽ സെക്യൂരിറ്റി ഫണ്ടിലേക്ക് കൊടുക്കുന്നത്. 3 ബില്യൺ ഡോളർ ഇവർ മെഡികെയർ ട്രസ്റ്റ് ഫണ്ടിലേക്കും കൊടുക്കുന്നു. ഈ സാമൂഹ്യ പദ്ധതികളിൽ നിന്നും ഒന്നും അവർക്കു ഒരു ഡോളർ പോലും പ്രതിഫലം കിട്ടുന്നില്ല.

ചുരുക്കത്തിൽ, അവർ നേടുന്നതിനേക്കാൾ കൂടുതൽ അമേരിക്കൻ സമ്പദ്വ്യവസ്ഥയിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. സങ്കേത നഗരങ്ങളിൽ (Sanctuary Cities) ഇവരുടെ മൂല്യം മനസ്സിലാക്കി, ഇവരെ അനുഭാവപൂർവ്വമാണ് പരിഗണിക്കുന്നത്. ഇവരുടെ കുട്ടികൾക്ക് സ്‌കൂളിൽ ചേർന്ന് പഠിക്കാനും മറ്റുമുള്ള സൗകര്യങ്ങളും കൊടുക്കുന്നു. ലോസ് ആഞ്ചലോസ്, ന്യൂ യോർക്ക്, ഷിക്കാഗോ, വാഷിങ്ടൺ ഡി. സി. തുടങ്ങിയ ഇത്തരം സങ്കേത നഗരങ്ങളിൽ, ഇവരുടെ കുറ്റകൃത്യങ്ങൾ കുറവും, സമ്പദ്വ്യവസ്ഥ ശക്തവുമാണ്.

അര മില്യണിൻലധികം നിയമവിരുദ്ധമായി താമസിക്കുന്ന കുടിയേറ്റക്കാരുള്ള ന്യൂയോർക് സിറ്റിയിൽ, ഹോട്ടൽ, നിർമ്മാണം, ചില്ലറകച്ചവടം, ഡ്രൈവിങ് , വിതരണം, ശുചീകരണം, എന്നീ മേഖലകളിൽ ഇവരുടെ സഹായം കൂടാതെ പ്രവർത്തിക്കാനാകുമോ എന്ന് തന്നെ സംശയമാണ്. താരതമ്യേന കുറഞ്ഞ വേതനവും, ആനുകൂല്യങ്ങൾ ഒഴിവാക്കുകയും വഴി ഇവർ സമസ്ത മേഖലകളിലും അടിസ്ഥാന സാന്നിധ്യമാണ്. വീട്ടുജോലികൾക്കും നമ്മുടെ ഒരു അത്താണിയാണ് ഇവർ. ഇന്ത്യൻ കടകളിൽ എത്ര ചിക്കൻ വേണം എന്ന് മലയാളത്തിൽ ചോദിക്കുന്ന മെക്‌സിക്കോകാരനും, ചില്ലി ചിക്കൻ ഭംഗിയായി ഉണ്ടാക്കി തരുന്ന ഇക്കഡോറുകാരനും ഒക്കെ നമ്മുടെ അഭിവാജ്യ ഘടകമാണല്ലോ. ഇവരെ ഒക്കെ പറഞ്ഞുവിട്ടാൽ എന്തുകൊടുത്താണ് ഒരു അമേരിക്കകാരനെ ഇത്തരം ജോലികൾ ഏൽപ്പിക്കുക?

ആമസോൺ എന്ന അമേരിക്കൻ വ്യവസായഭീമൻ ന്യൂയോർക്കിൽ അവരുടെ മുഖ്യകാര്യാലയം തുറക്കാൻ പോകയായിരുന്നു. അതിനു ന്യൂ യോർക്കിലെ നികുതിദായകർ 3 ബില്യൺ ഡോളർ നികുതിയിളവുകൾ കൊടുക്കാം അതിനു പകരം ആയിരക്കണക്കിന് മുന്തിയ തൊഴിലവസരങ്ങൾ സിറ്റിയിൽ ഉണ്ടാക്കാം എന്നായിരുന്നു ധാരണ. ന്യൂ യോർക്ക് ഗവർണർ ആൻഡ്രൂ കോമോ അതിനായി അക്ഷീണം പരിശ്രമിക്കുകയും ചെയ്തു. ഇത്തരം ഒരു ബിസിനസ് വമ്പൻ സിറ്റിയിൽ പ്രവർത്തിച്ചാൽ ഉണ്ടാകാൻ പോകുന്ന വികസനത്തെക്കുറിച്ചു കച്ചവടക്കാരും നിവാസികളും ദിവാസ്വപ്നം കാണുന്നതിടെ പെട്ടന്ന് ആമസോൺ , ന്യൂയോർക്കിലെ പുതിയ സംരംഭത്തിൽ നിന്നും പിൻവാങ്ങി.

ന്യൂ യോർക്കിലെ തൊഴിൽ നിബന്ധനകളും യൂണിയൻ പരിപാടികൾ ഒന്നും അവർ അംഗീകരിക്കില്ല. അവർ പദ്ധതിയിടുന്ന നഗരത്തിനു അവരുടേതായ ചില കാഴ്ചപ്പാടുകൾ ഒക്കെ ഉണ്ട് . അതിനനുസരിച്ചു ഭരണകൂടങ്ങൾ ചലിക്കണം . അത് നിര്ബന്ധമാണ്. അങ്ങനെ പ്രാദേശീക ഭരണകൂടങ്ങൾക്കും മേലേ പ്രവർത്തിക്കുന്ന കോർപറേഷനുകൾക്കു മനുഷ്യബന്ധമായ നടപടിക്രമങ്ങൾ ഒക്കെ അനഭിലഷണീയം !. ഇതാണ് ഇനിയും അമേരിക്കൻ നഗരങ്ങളെ കാത്തിരിക്കുന്ന ജൻട്രിഫിക്കേഷൻ എന്ന വ്യാളി. അവിടെ ഒഴിവാക്കപ്പെടേണ്ടത് കുടിയേറ്റക്കാരും, സർക്കാർ നടത്തുന്ന സാമൂഹ്യ പദ്ധതികളുമാണ്.

പല അമേരിക്കൻ നഗരങ്ങളും പ്രത്യക്ഷത്തിൽ രണ്ടു നിറം ആയിക്കഴിഞ്ഞു. എത്രയും ചെലവു വഹിക്കാൻ കഴിവുണ്ടായിരിക്കുക എന്നത് മാത്രമാണ് നിവാസിയുടെ നിലവാരം, ആകാത്തവർ സ്ഥലം കാലിയാക്കുക എത്രയും വേഗം. വളരെ വേഗം ഇത്തരം ഒരു സാഹചര്യം ഉണ്ടാകുന്നതു നഗരത്തിന്റെ ഗതിവിധികൾ സൂക്ഷ്മമായി വിലയിരുത്തുന്നവർക്കു മനസ്സിലാകുന്നുണ്ട്. തല്ക്കാലം, നവാഗതയായ ചെറുപ്പക്കാരിയായ അമേരിക്കൻ കോൺഗ്രസ് വുമൺ അലക്‌സാണ്ഡ്രിയ ഒക്കാഷിയോ കോർട്ടസ്, ആമസോണിന്റെ പിൻവാങ്ങലിനെ നൃത്തം ചവിട്ടി ആഘോഷിച്ചു. ഇനി എത്രനാൾ ഈ നൃത്തം ചവിട്ടി നിൽക്കാനാവുമെന്നുള്ളത് കാലം തെളിയിക്കും.

(ശ്രീ. M.P.വീരേന്ദ്രമാകുമാറിന്റെ 'ആമസോണും കുറെ വ്യാകുലതകളും ' എന്ന പുസ്തകത്തോട് യാതൊരു ബന്ധവും ഈ ലേഖനത്തിനില്ല.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP