Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ഗുരുദേവനെ അശ്രുകണങ്ങൾകൊണ്ട് മാത്രമേ അർച്ചിക്കാൻ സാധിക്കൂ: ബ്രഹ്മശ്രീ ബോധിതീർത്ഥ സ്വാമികൾ

ഗുരുദേവനെ അശ്രുകണങ്ങൾകൊണ്ട് മാത്രമേ അർച്ചിക്കാൻ സാധിക്കൂ: ബ്രഹ്മശ്രീ ബോധിതീർത്ഥ സ്വാമികൾ

പി പി ചെറിയാൻ

ഡാളസ് :ഭാരതീയ തത്വചിന്തയായ അദ്വൈതത്തെ അതിന്റെ പൂർണ്ണമായ അർത്ഥ തലത്തിൽ അനുഭവിച്ചറിഞ്ഞു കൊണ്ട് ലോകത്തേക്ക് ഇറങ്ങിവന്നു നടപ്പാക്കിയ ഗുരുദേവനെ അശ്രുകണങ്ങൾകൊണ്ട് മാത്രമേ അർച്ചിക്കാൻ സാധിക്കൂവെന്നു ബ്രഹ്മശ്രീ ബോധിതീർത്ഥ സ്വാമികൾ.

ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഗുരു വന്ദനം വിശ്വശാന്തി ഓൺലൈൻ പ്രാർത്ഥനാ പരമ്പരയിൽ മെയ് 10 ഞായറാഴ്ച നടന്ന സത്സംഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമികൾ .

സന്ദീപ് പണിക്കരുടെ ആമുഖത്തോടെ സമാരംഭിച്ച സത്സംഗത്തിൽ, ശ്രീനി പൊന്നച്ചൻ സ്വാഗതം ആശംസിച്ചു . തുടർന്ന് സംപൂജ്യനായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ ഗുരുസ്മരണയോടുകൂടി പ്രാർത്ഥനകൾക്കു തുടക്കം കുറിച്ചു .

ബ്രഹ്മശ്രീ ബോധിതീർത്ഥ സ്വാമികൾ തന്റെ അനുഗ്രഹ പ്രഭാഷണത്തിൽ നാരായണ ഗുരുദേവൻ ആരായിരുന്നു എന്ന് അറിയാൻ നമ്മുടെ സമൂഹത്തിനു ഇനിയും കഴിഞ്ഞിട്ടില്ല എന്ന് ഓർമിപ്പിച്ചു . ഗുരുദേവനെ അറിയാൻ ശ്രമിക്കുന്ന ഒരുവന് അദ്ദേഹം ഒരു സാമൂഹ്യ പരിഷ്‌കർത്താവ് എന്ന ഉത്തരമായിരിക്കും ആദ്യമേ ലഭിക്കുക . പക്ഷെ അത്, അന്ധൻ ' ആന എന്നാൽ ചൂലുപോലെയാണ്' എന്ന് കരുതുന്നതിനു തുല്യമാണ് . സത്യം കണ്ടറിഞ്ഞ ഒരു ഋഷിവൈര്യന് തന്നിൽ നിന്നുംഅന്യമായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല . ആ പൂർണതയിൽ നിന്ന് ഒഴുകിയ ഓരോ വാക്കുകളും കവിത്വം നിറഞ്ഞതായിരുന്നു . അങ്ങനെ നോക്കിയാൽ ഗുരുദേവൻ ഒരു മഹാകവിയായിരുന്നു . പ്രകൃതിയെ എങ്ങനെ സ്‌നേഹിക്കാം എന്ന് അനുകമ്പാ ദശകത്തിലൂടെ പറയുമ്പോൾ , ഗുരുദേവൻ നമുക്ക് പരിചിതമായ പ്രകൃതി സ്‌നേഹത്തിന്റെ സീമകൾ എത്രയോ കടന്നു പോയിരിക്കുന്നു . 'ഒരുപീഡയെറുമ്പിനും വരുത്തരുത് ' എന്ന് ഗുരു ബോധിപ്പിക്കുമ്പോൾ സർവ്വ ചരാചരങ്ങളോടും ആർദ്രമായ പ്രേമം നിറഞ്ഞു നില്ക്കുന്നു . ഇങ്ങനെ നോക്കിയാൽ ഗുരുദേവൻ ആരായിരുന്നു എന്ന് ചോദിക്കുന്നതിനേക്കാൾ ആര് അല്ലായിരുന്നു എന്ന് ചോദിക്കുന്നതാകും ഉത്തമം .

ഒരു പൂർണ്ണ ഋഷിവര്യൻ ആയിരിക്കുമ്പോളും തന്റെ ചുറ്റും സത്യം അറിയാതെ , ജീവിത പ്രാരാബ്ധങ്ങളിൽ കഷ്ടപ്പെടുന്നവർക്ക് അവരുടെ സമസ്ത മേഖലകളിലും ഉയർച്ചക്ക് വേണ്ടുന്ന ഉപദേശങ്ങളും അതിലേക്കുള്ള പ്രായോഗിക മാർഗ്ഗങ്ങളും ഗുരുദേവൻ നൽകിയിരുന്നു . അകവും പുറവും നിറഞ്ഞു നിൽക്കുന്ന ദൈവത്തെ അനുഭവിച്ചറിഞ്ഞ ഗുരുദേവൻ, സഗുണാരാധന അന്യമായിരുന്ന ജനതതികൾക്കായി ക്ഷേത്രങ്ങൾ സ്ഥാപിച്ചു . ഭേദചിന്തയോ , രാഗദ്വേഷമോ ഇല്ലാത്ത മനസ്സിൽ സ്‌നേഹവും, കരുണയും, അനുകമ്പയും, ശാന്തിയും സമൃദ്ധമായി നിറയും. വരണ്ടതെന്നു പലരും വിശേഷിപ്പിക്കുന്ന വേദാന്ത തത്വചിന്തയെ, പ്രിയത്തിന്റെയും, അനുകമ്പയുടെയും, കരുണയുടെയും മുഖംനൽകി ജനമനസ്സുകളിലും അശരണരുടെ നിത്യ ജീവിതത്തിലും പരിവർത്തനം വരുത്തുകയാണ് ഗുരുദേവൻ ചെയ്തത്.

'നല്ലതല്ല ഒരുവൻ ചെയ്ത നല്ലകാര്യം മറപ്പതു, നല്ലതല്ലാത്തതുടനെ മറന്നീടുന്നത് ഉത്തമം ' എന്ന ഗുരുദേവ വചസ്സുകൾ ഓർമിപ്പിച്ച സ്വാമിജി ,പണ്ടെന്നോ ആരോ പറഞ്ഞ വാക്കുകൾ ഓർത്തു ദേഷ്യത്തിലും ദുഃഖത്തിലും ഈ സുന്ദരമായ ജീവിതം കളയുന്നത്തിന്റെ നിരർത്ഥകത ഓർമിപ്പിച്ചു .

മാതൃ ദിനത്തിൽ നടന്ന സത്സംഗത്തിൽ മാതൃത്വത്തിന്റെ മഹിമ സ്വാമിജി വിവരിച്ചു . മാതൃ ഭാവം ദൈവത്തിന്റെ ഒരു വരദാനമാണ് . കുഞ്ഞിന് 'അമ്മ നൽകുന്ന സ്‌നേഹം , അത് മനുഷ്യനിൽ മാത്രമുള്ളതല്ല . നമുക്കുചുറ്റുമുള്ള ജീവികൾ അവയുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് നോക്കിയാൽ മാതൃത്വത്തിന്റെ മഹിമ അറിയാം . ഒരു കുടുംബത്തിന്റെ നെടുംതൂണും ആ വീട്ടിലെ മാതാവാണ് . സന്തോഷത്തിലും സന്താപത്തിലും തന്റെ കുടുംബത്തെ നയിക്കുന്നവളാണ് അമ്മ . സഹനത്തിന്റെയും, സ്‌നേഹത്തിന്റെയും ക്ഷമയുടെയും ഉദാത്തമാതൃകയായ ആ സ്ത്രീരത്‌നങ്ങളോടു നന്ദിയുള്ളവരാകാം .

ഗുരുദേവൻ , കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകത അരുളിചെയ്തത് ഓർമിപ്പിച്ച സ്വാമിജി കഴിവതും അതിനുവേണ്ടി സമയം കണ്ടെത്തേണ്ടുന്ന് ഉദ്‌ബോധിപ്പിക്കുകയുണ്ടായി. ഫലവൃക്ഷങ്ങൾ നട്ടു പരിപാലിച്ചാൽ നമുക്കും മറ്റ് ജീവികൾക്കും ഭക്ഷണത്തിനു ഉപകരിക്കും . സസ്യാഹാരം ശീലമാകുന്നത് ആരോഗ്യകരമായ ജീവിതത്തിനു അത്യന്താപേക്ഷിതമാണ് .

തുടർന്ന്, രമ ഷാജി, ഗുരുദേവ കൃതിയായ 'ജനനീ നവരത്‌ന മഞ്ജരി 'ആലാപനം ചെയ്തു. ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ, ഗുരുദേവൻ ഈ കൃതി രചിക്കുവാനുണ്ടായ സാഹചര്യവും വിവരിച്ചു. എല്ലാത്തിലും അഖണ്ഡ സത്യത്തെ കാണിച്ചുതരുന്ന വിദ്യാ രൂപിണിയാണ് ശാരദാദേവി. മീനും, മാനും, പാമ്പും, പർവ്വതവും, പക്ഷിയും, ഭൂമി, നദി, സ്ത്രീ, പുരുഷൻ, സ്വർഗം, നരകം എന്നുവേണ്ട എല്ലാം ദേവിതന്നെ. ശിവശക്തി ഐക്യ രൂപം വെളിവാകുന്ന ഈ കൃതിയുടെ ആസ്വാദ്യത സ്വാമിജി വിവരിച്ചു.

കൊറോണാ വ്യാധിയുടെ കാലത്ത് സ്‌നേഹ സ്വാന്തനവുമായി ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ഹെൽപ് ലൈൻ പ്രവർത്തനത്തെ പറ്റി അനൂപ് രവീന്ദ്രനാഥ് വിശദീകരിച്ചു.

ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കർമ്മനിരതരും സേവന തല്പരരുമായ ഒരു പറ്റം സഹോദരങ്ങൾ (ഡോക്ടർമാർ, നേഴ്‌സ് പ്രാക്ടീഷണറുമാർ, ഫാർമസിസ്റ്റുകൾ, തെറാപ്പിസ്റ്റുകൾ) തുടങ്ങി ആതുര സേവന രംഗത്തുള്ള വിദഗ്ദരായവരുടെ സേവനം ഈ ഹെൽപ് ലൈനിലൂടെ ലഭ്യമാക്കിയിരിക്കുന്നു. സംശയങ്ങൾക്കുള്ള മറുപടി, ആശങ്കകൾ ദൂരീകരിക്കുവാനുള്ള മാർഗ്ഗങ്ങൾ, മുൻകരുതലും ജാഗ്രതയും , ചികിത്സാ സംബന്ധമായ വിവരങ്ങൾ എല്ലാത്തിനും ഒരു വേദിയായി ഈ സംരംഭം ഉപയോഗപ്പെടുത്തുവാൻ കഴിയും.

ഹെല്പ് ലൈൻ നമ്പർ ആയ 469-278-5235 -ഇൽ വിളിച്ചാൽ ഹെൽത് കെയർ അഡൈ്വസറുമായുള്ള കൺ സൽട്ടിങ് ഷെഡ്യൂൾ ചെയ്യാൻ സാധിക്കും എന്ന് അദ്ദേഹം അറിയിച്ചു

ശ്രീ വിജയൻ ദിവാകരൻ സത്സംഗത്തിനു പങ്കെടുത്ത ഏവർക്കും നന്ദി അറിയിച്ചു .

വിശ്വശാന്തി പ്രാർത്ഥനാ യജ്ഞം എന്ന ഈ സത്സംഗ പരിപാടി, അതീവ ഹൃദ്യമായി സംഘടിപ്പിക്കുവാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ അണിയറ പ്രവർത്തകർക്കും , ഒപ്പം ഇതിന്റെ ഭാഗമായി പങ്കുകൊള്ളുന്ന ലോകത്തെമ്പാടുമുള്ള ആശ്രമ ബന്ധുക്കൾക്കും പ്രണാമം

അടുത്ത ആഴ്ച, മെയ് 17 ഞായറാഴ്ച, ശ്രീമദ് നിത്യസ്വരൂപാനന്ദ സ്വാമികൾ നമ്മോട് സംവദിക്കുവാനെത്തുന്നു .വിശദ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP