Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

അർത്ഥതലത്തിൽ നിന്നും അനുഭവ തലത്തിലേക്ക് എത്തിച്ചേരാൻ 'ദൈവദശകം ' പാരായണം ചെയ്യണമെന്ന് ബ്രഹ്മശ്രീ ത്രിരത്ന തീർത്ഥസ്വാമികൾ

അർത്ഥതലത്തിൽ നിന്നും അനുഭവ തലത്തിലേക്ക് എത്തിച്ചേരാൻ 'ദൈവദശകം ' പാരായണം ചെയ്യണമെന്ന് ബ്രഹ്മശ്രീ ത്രിരത്ന തീർത്ഥസ്വാമികൾ

പി പി ചെറിയാൻ

ഡാളസ്: ഗുരുദേവന്റെ വിശ്വപ്രസിദ്ധമായ 'ദൈവദശകം' എന്ന കൃതി , അതിന്റെ അർത്ഥതലത്തിൽ നിന്നും അനുഭവ തലത്തിലേക്ക് എത്തിച്ചേരാൻ ഏതു രീതിയിൽ പാരായണം ചെയ്യണമെന്ന് ബ്രഹ്മശ്രീ ത്രിരത്ന തീർത്ഥസ്വാമികൾ ഉദ്ബോധിപ്പിച്ചു

ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഗുരു വന്ദനം വിശ്വശാന്തി ഓൺലൈൻ പ്രാർത്ഥനാ പരമ്പരയിൽ മെയ് 3 ഞായറാഴ്ച നടന്ന സത്സംഗത്തിൽ ദൈവദശകം' എന്ന കൃതിയെ കുറിച്ചു അതീവ ഹൃദ്യമായി
വിശദീകരിക്കുകയായിരുന്നു സ്വാമികൾ.

ആശ്രമം ജനറൽ സെക്രട്ടറി മനോജ് തങ്കച്ചന്റെ ആമുഖത്തോടെ സമാരംഭിച്ച സത്സംഗത്തിൽ , പ്രസന്ന ബാബു സ്വാഗതമോതി. തുടർന്ന് സംപൂജ്യനായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികളുടെ നേതൃത്വത്തിൽ ഗുരുസ്മരണയോടുകൂടി പ്രാർത്ഥനകൾക്കു തുടക്കം കുറിച്ചു .

സത്യദർശി ആയ ഗുരുദേവൻ , തനിക്കു അനുഭവ വേദ്യമായ സത്യം പരമകൃപയാൽ പത്തു ശ്ലോകങ്ങളായി ലോകമംഗളത്തിനായി സമർപ്പിച്ചതാണ് ദൈവദശകം .നമുക്കേവർക്കും സുപരിചിതമായ ഈ കൃതി സ്വാമിജിയുടെ വിശദീകരണത്തിലൂടെ അതിന്റെ അർത്ഥ പൂർണതയിലേക്ക് എത്തുകയായിരുന്നു . സംസാര സാഗരത്തിൽ പെട്ട് ഉഴലുന്ന ജീവൻ പടിപടിആയി ആനന്ദസാഗരത്തിൽ അണയാനുള്ള രീതി ഗുരുദേവൻ ഈ കൃതിയിൽ വിവരിക്കുന്നു . പ്രാർത്ഥനയുടെ രുചിയും , തത്വചിന്തയുടെ ആഴവും സമ്മേളിച്ച കൃതിയിലൂടെ സ്വാമിജി ശ്രോതാക്കളെ കൈപിടിച്ചു നടത്തി .

'ദൈവമേ കാത്തുകൊൾകങ്ങു കൈവിടാതിങ്ങു ഞങ്ങളെ 'എന്ന അർത്ഥനയിൽ ആരംഭിക്കുന്ന കൃതി , സംസാര സമുദ്രത്തിൽ നിന്ന് ഉള്ള മോചനത്തിന് ഒരേ ഒരു മാർഗമേ ഉള്ളൂ എന്ന് അസന്നിഗ്ദ്ധമായി പറയുന്നു . ഒരു സത്യാന്വേഷി, സത്യം എന്തെന്ന് അന്വേഷിക്കുമ്പോൾ ഉണ്ടായി മറയുന്നതു സത്യമല്ല എന്ന് ഉറപ്പുവരുന്നു. . ഉള്ളതിന് ഒരിക്കലും ഇല്ലാതാകാൻ കഴിയില്ല എന്ന ഔപനിഷദമായ സത്യം അറിഞ്ഞു അത് കണ്ടെത്താനുള്ള മാർഗം ഗുരുദേവൻ 'ഒന്നൊന്നൊയ് എണ്ണിയെണ്ണി ...എന്ന ശ്ലോകത്തിലൂടെ മനോഹരമായി പറയുന്നു . ലോകത്തു ഇന്ദ്രിയ വേദ്യമായ എല്ലാ പൊരുളുകളുടെയും സത്യസ്ഥിതി മനസിലാകുന്ന സാധകന്റെ ദൃക്ക് ദൈവത്തിൽ അസ്പന്ദമാകും എന്ന് ഗുരുദേവൻ പറയുന്നു. കാണപ്പെടുന്നതിൽനിന്നു കാണുന്നവനിലേക്കും , കാണുന്നവനായ ജീവബോധം ബ്രഹ്മസത്യത്തിൽലയിച്ചു അസ്പന്ദമാകണം എന്ന് ഒരു സാധകൻ അപേക്ഷിക്കുകയാണ് . ലോക വിഷയങ്ങളിൽ ചഞ്ചലപ്പെട്ടു ഉഴലുന്ന മനസ് ഉപശമിച്ചു, കാണപ്പെടുന്നവന്റെ സ്വരൂപം വെളിവാക്കിത്തരുന്നു, ആ സ്പന്ദിക്കുന്ന ബോധസ്പൂർത്തി സ്പന്ദനം നിലച്ചു സാന്ദ്രാനന്ദാവബോധമായ ഈശ്വരനിൽ ലയിച്ചു ഏകീഭവിക്കണം .

മനുഷ്യൻ, തന്റെ സാമർത്ഥ്യം കൊണ്ടാണ് തന്റെ ജീവിതത്തിനു ആവശ്യമുള്ളതെല്ലാം നേടുന്നതെന്ന് ചിന്തിക്കാറുണ്ട് . അന്നവും വസ്ത്രവും തുടങ്ങി ഈ ലോകത്തു ജീവിക്കാൻ വേണ്ടുന്നതെല്ലാം നേടിയെടുക്കുന്നതിൽ മനുഷ്യന്റെ പ്രയത്നം വളരെ ചെറിയ ഒരു അംശം മാത്രമേ ഉള്ളുവെന്നു ചിന്തിച്ചാൽ മനസിലാകും . ചെടി , മണ്ണ് , വെള്ളം , സൂര്യപ്രകാശം എന്നു തുടങ്ങി ദൈവം ഊടും പാവും നെയ്തു തന്ന ഭക്ഷണമാണ് നാം കഴിക്കുന്നത് . അതിൽ ഏതെങ്കിലും ഒന്നില്ലെങ്കിൽ മനുഷ്യന്റെ സാമർത്ഥ്യത്തിന് എന്ത് ഫലം ? അതെല്ലാം തന്നു ഞങ്ങളെ ധന്യരാകുന്ന നീ ഒന്നുതന്നെയാണ് ഞങ്ങളുടെ തമ്പുരാൻ എന്ന് ഗുരുദേവൻ പറയുന്നു . തുടർന്ന് വരുന്ന മൂന്നുശ്ലോകങ്ങൾ നാല് (4) എന്ന ഉപനിഷത് പ്രസിദ്ധമായ സംഖ്യരീതി ഉപയോഗിച്ചാണ് ഗുരുദേവൻ ദൈവസങ്കല്പത്തെ വിവരിക്കുന്നത് . സമുദ്രത്തിനു അതിലെ തിരയും , കാറ്റും , ആഴവും എങ്ങനെ ഭിന്നമല്ലയോ അതുപോലെഞങ്ങളുൾപ്പെടുന്ന ജീവജാലങ്ങളും , മായയും , ദൈവത്തിന്റെ മഹത് രൂപവും , ദൈവവും ഒന്നുചേർന്ന് നില്കുന്നു എന്ന് ഞങ്ങൾക്ക് ധരിക്കാൻ കഴിയണം എന്ന് പ്രാർത്ഥിക്കുന്നു . അടുത്ത ശ്ലോകത്തിൽ ദൈവം , സൃഷ്ടി യും , സ്രഷ്ടാവും , സൃഷ്ടി ജാലവും , സൃഷ്ടിക്കുള്ള സാമഗ്രിയും ആയി വിവരിക്കുന്നു . പിന്നീട് , ദൈവം തന്നെയാണ് മായയും , മായാവിയും , മായാവിനോദനും , മായയെ നീക്കി സായൂജ്യം നൽകുന്ന ഗുരുവും ആകുന്നത് .അജ്ഞാന ദശയിൽ ഇരിക്കുന്ന ഒരുസാധകന് ഇവയെല്ലാ വെവ്വേറെ ആണെങ്കിലും സത്യം അനുഭവിച്ചറിഞ്ഞാൽ ഈ ഭേദം വിട്ടുപോകും എന്ന് ഗുരുദേവൻ അരുളിച്ചെയ്യുന്നു .

അടുത്ത ശ്ലോകത്തിൽ , ഗുരുദേവൻ ദൈവത്തിന്റെ സ്വരൂപം എന്തെന്ന് വെളിവാകുന്നു . നീ , സത്യമാണ് , ജ്ഞാനം ആണ് , ആനന്ദമാണ് . ( സച്ചിദാനന്ദമാണ് ) നീ വർത്തമാനകാലമാണ് (കഴിഞ്ഞുപോയ വർത്തമാനകാലമാണ് ഭൂതകാലം, വരാനിരിക്കുന്ന വർത്തമാന കാലമാണ് ഭാവികാലം . അനുഭവം എന്നത് വർത്തമാനകാലത്തു മാത്രം ഉള്ളതാണ് ) ഒന്നോർത്താൽ ഓതുന്ന ഈ മൊഴിയും നീതന്നെയാണ് .
അകവും പുറവും ഇടതിങ്ങി നിറഞ്ഞുനിൽക്കുന്ന മഹത്തായ ദൈവ സ്വരൂപത്തെ ഞങ്ങൾ പാടി പുകഴ്‌ത്തുന്നു . ഭഗവാനെ അങ്ങ് വിജയിക്കുമാറാകട്ടെ !

അടുത്ത ശ്ലോകത്തിൽ , ദേവദേവനായ ദൈവമേ അങ്ങ് ജയിക്കുക , ദുഃഖിതന്മാരെ രക്ഷിക്കാൻ സദാ ഉണർന്നിരിക്കുന്ന ദൈവമേ അങ്ങ് വിജയിക്കുക , ബോധസ്വരൂപനായ , കാരുണ്യ കടലായ അങ്ങ് വിജയിക്കുക എന്ന് പാടി പുകഴ്‌ത്തുന്നു . അവസാന ശ്ലോകത്തിൽ അങ്ങയുടെ ജ്യോതിസ്സാകുന്ന ആഴമുള്ള കടലിൽ പൂർണമായി മുങ്ങണമെന്നും അതുമാത്രം പോരാ , നിത്യമായ ആനന്ദസാഗരത്തിൽ എന്നെന്നും വാഴണമെന്നും പ്രാർത്ഥിക്കുന്നു.

സംസാര സാഗരത്തിൽ നിന്ന് ആനന്ദസാഗരത്തിലേക്കുള്ള ഗുരുദേവന്റെ സ്വാനുഭവം വിളിച്ചോതുന്ന ഒരു പ്രാർത്ഥനാ ഗീതമാണ് ദൈവദശകം . ഈ കൃതി ,അർത്ഥമറിഞ്ഞു പദശുദ്ധിയോടെ ചൊല്ലാൻ സ്വാമിജി ഉപദേശിച്ചു .

തുടർന്ന് , ശ്രീ ശ്രീനിവാസൻ ശ്രീധരൻ ഗുരുദേവന്റെ കുണ്ഡലിനി പാട്ട് എന്ന കൃതി ആലാപനം ചെയ്തു . കുമാരി ശ്രേയ അഭി കോലതീരേശസ്തവം എന്ന ഗുരുദേവകൃതി മനോഹരമായി ചൊല്ലി . ഈ ചെറുപ്രായത്തിൽ മലയാളം മാതൃഭാഷ അല്ലാത്ത ഒരുനാട്ടിൽ ഇത്ര മനോഹരമായി ഗുരുദേവകൃതി പാരായണം ചെയ്യുന്നത് ഗുരുദേവൻ വരും തലമുറയിൽ എങ്ങനെ സ്വാധിനിക്കുന്നു എന്നതിന് ഉദാഹരണമായി . ഒരുപക്ഷെ എസ് എ എൻ എ യുടെ(SANA) പ്രാഥമിക ലക്ഷ്യങ്ങളിൽ പ്രധാനമായതും പുതു തലമുറയിലേക്കു ഗുരുദേവ വചസ്സുകൾ എത്തുക എന്നതാണല്ലോ . ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ ഗുരുദേവകൃതികളുടെ മനോഹാരിതയും ഗുരുദേവൻ ആ കൃതികൾ എഴുതന്നതിനുണ്ടായ സാഹചര്യവും വിവരിച്ചു . ഗുരുദേവൻ എങ്ങനെ കാലാതീതനാകുന്നു എന്നതിന്റെ നേർസാക്ഷ്യമായിരുന്നു സ്വാമിജിയുടെ സന്ദേശം.

കോവിഡ് 19 എന്ന മഹാമാരിയിൽ കഷ്ടപ്പെടുന്ന ജനതയ്ക്കായി എസ് എ എൻ എയുടെ (SANA) യുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഹെല്പ് ലൈനിന്റെ ഉത്ഘാടനം സംപൂജ്യനായ ഗുരുപ്രസാദ് സ്വാമികൾ നിർവഹിച്ചു. അനൂപ് രവീന്ദ്രനാഥും, പ്രസന്ന ബാബുവും ഹെൽപ് ലൈൻ സാരഥികളായി.

ജയരാജ് ജയദേവൻ സത്സംഗത്തിനു പങ്കെടുത്ത ഏവർക്കും നന്ദി അറിയിച്ചു .

വിശ്വശാന്തി പ്രാർത്ഥനാ യജ്ഞം എന്ന ഈ സത്സംഗ പരിപാടി , അതീവ ഹൃദ്യമായി സംഘടിപ്പിക്കുവാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ അണിയറ പ്രവർത്തകർക്കും , ഒപ്പം ഇതിന്റെ ഭാഗമായി പങ്കുകൊള്ളുന്ന ലോകത്തെമ്പാടുമുള്ള ആശ്രമ ബന്ധുക്കൾക്കും പ്രണാമം

അടുത്ത ആഴ്ച, മെയ് 10 ഞായറാഴ്ച , ശിവഗിരി മഠത്തിൽ നിന്നും ശ്രീമദ് ബോധിതീർത്ഥ സ്വാമികളാണ് നമ്മോട് സംവദിക്കുവാനെത്തുന്നത് വിശദ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP