Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

പ്രാർത്ഥന- ഉറഞ്ഞിരിക്കുന്ന നന്മയെ പുറത്തു കൊണ്ടുവന്നു അണയാത്ത ഊർജസ്രോതസ്: ബ്രഹ്മശ്രീ അവ്യയാനന്ദ സ്വാമി

പ്രാർത്ഥന- ഉറഞ്ഞിരിക്കുന്ന നന്മയെ പുറത്തു കൊണ്ടുവന്നു അണയാത്ത ഊർജസ്രോതസ്: ബ്രഹ്മശ്രീ അവ്യയാനന്ദ സ്വാമി

പി പി ചെറിയാൻ

ഡാളസ്: പ്രാർത്ഥന എന്നത് സുഖത്തിലേക്കുള്ള ഒരു പ്രയാണമാണ്. മനസ്സിനെ മുറിവേൽപ്പിക്കുന്ന കാമ, ക്രോധ, ലോഭ, മദ, മാത്സര്യങ്ങൾ എങ്ങോ പോയ്മറഞ്ഞു ശാന്തിയുടെ ശീതളിമ നമ്മളിലേക്ക് ഒഴുകി എത്തുന്നതാണ് മനസ്സുനിറഞ്ഞുള്ള പ്രാർത്ഥനകൾ. നമ്മിൽ ഉറഞ്ഞിരിക്കുന്ന നന്മയെ പുറത്തു കൊണ്ടുവന്നു അണയാത്ത ഊർജസ്രോതസ്സായി അവ നമ്മെ നന്മയിലേക്ക് നയിക്കും. ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഗുരു വന്ദനം വിശ്വശാന്തി ഓൺലൈൻ പ്രാർത്ഥനാ പരമ്പരയിൽ ഏപ്രിൽ 26 ഞായറാഴ്ച നടന്ന സത്സംഗത്തിൽ പ്രാർത്ഥനയുടെ മാധുര്യവും ശക്തിയും എന്തെന്ന് ഗുരുദേവന്റെയും ഗാന്ധിജിയുടെയും കൃതികളെ പരാമർശിച്ചു പ്രഭാഷണം നടത്തുകയായിരുന്നു ബ്രഹ്മശ്രീ അവ്യയാനന്ദ സ്വാമി.

ആശ്രമം ജനറൽ സെക്രട്ടറി മനോജ് തങ്കച്ചന്റെ ആമുഖത്തോടെ സമാരംഭിച്ച സത്സംഗം സമാരംഭിച്ചു. ട്രഷറർ സന്തോഷ് വിശ്വനാഥ് സ്വാഗതമാശംസിച്ചു. തുടർന്ന് സംപൂജ്യനായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികളുടെ നേതൃത്വത്തിൽ ഗുരുസ്മരണയോടുകൂടി പ്രാർത്ഥനകൾക്കു തുടക്കം കുറിച്ചു.

ബ്രഹ്മശ്രീ അവ്യയാനന്ദ സ്വാമികളുടെ അനുഗ്രഹ പ്രഭാഷണം വളരെ ഹൃദ്യമായിരുന്നു. പ്രാർത്ഥനയുടെ മാധുര്യവും ശക്തിയും എന്തെന്ന് ഗുരുദേവന്റെയും ഗാന്ധിജിയുടെയും കൃതികളിലൂടെ അദ്ദേഹം വിശദീകരിക്കുകയുണ്ടായി. 'ദൈവമേ കാത്തുകൊൾകങ്ങു കൈവിടാതെ ഇങ്ങു ഞങ്ങളെ ' എന്ന് ഗുരുദേവൻ പറയുമ്പോൾ ആ ഞങ്ങൾ എന്നത് എല്ലാ ചരാചരങ്ങളെയും സാക്ഷി ആക്കിയാണ്. അവിടെ, ആ ഞങ്ങൾ അഭേദമായിരിക്കുന്നു. പ്രാർത്ഥനയുടെ ആ തരളിതമായ നിമിഷത്തിൽ മനസ് അരുളും , അൻപും , അനുകമ്പയും കൊണ്ട് നിറയും. ഗുരുദേവന്റെ അനുകമ്പാദശകത്തിലെ വരികൾ ഉരുവിട്ട സ്വാമിജി, സഹജീവികളോട് കരുണ എങ്ങനെ പ്രകടിപ്പിക്കണം എന്ന് ഓർമിപ്പിച്ചു. 'അരുളുള്ളവനാണ് ജീവി' എന്ന നവാക്ഷരീ മന്ത്രം ഉരുവിട്ടു അത് ജീവിതത്തിൽ സ്വായത്തമാക്കണമെന്നു ഉപദേശിച്ചു . അരുൾ ഇല്ലാത്ത ഹൃദയം അസ്ഥിയും, തോലും, സിരയുമുള്ള നാറുന്ന ഒരു ഉടമ്പു മാത്രമാണ് . അങ്ങനെയുള്ള മനുഷ്യൻ, മണമില്ലാത്ത പുഷ്പംപോലെ ആർക്കും ഉപയോഗപെടാതെ കൊഴിഞ്ഞു പോകും. പ്രാർത്ഥന നാമെല്ലാം നടത്താറുണ്ടെങ്കിലും പലപ്പോളും പൂർണമായ വിശ്വാസം ഉണ്ടാകാറില്ല എന്നത് ഒരു കഥയിലൂടെ സ്വാമിജി വരച്ചു കാട്ടി.

'ഒരിടത്തു മഴക്കുവേണ്ടി യാഗം നടക്കുന്നു. വളർച്ച കൊടുമ്പിരികൊണ്ടിരുന്ന ആ നാട്ടിൽ ഏഴു ദിവസത്തെ ഗംഭീര യാഗം. യാഗത്തിന്റെ അവസാന നാൾ നിങ്ങൾക്കു പ്രിയപ്പെട്ടതുകൊണ്ടുവരാൻ ആചാര്യൻ ആവശ്യപ്പെട്ടു . കൂടുതൽപേരും ജപമാലയും , വിശിഷ്ട ഗ്രന്ഥങ്ങളുമായി യാഗശാലയിൽ എത്തി . യാഗത്തിന് അവസാനം കോരിച്ചൊരിയുന്ന മഴ. എല്ലാപേരും കുടയ്ക്കായി നെട്ടോട്ടം .ഒരു എട്ടു വയസുള്ള കുട്ടിമാത്രം കുടയുമായി നില്കുന്നു . ആ കുഞ്ഞുമനസ്സ് മഴപെയ്യുമെന്നു പൂർണമായി വിശ്വസിച്ചിരുന്നു . മറ്റുള്ളവർക്ക് യാഗം ഒരു ആചാരം മാത്രം . പൂർണമായ അർപ്പണവും വിശ്വാസവും അർപ്പിക്കേണ്ടതാണ് പ്രാർത്ഥന. സ്വയം അർപ്പിക്കാത്ത പ്രാർത്ഥന പൂർണമാകുന്നില്ല .'അറിവിന് ശക്തി അനന്തമുണ്ട് ' എന്ന ഗുരുവാണി ഓർമിപ്പിച്ചു കൊണ്ട് ശരണാഗതി ഭാവത്തോടെ പൂർണമായി അഹങ്കാരം നശിച്ചു നിർമലമായ മനസോടുകൂടി പ്രാർത്ഥിക്കാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന് അദ്ദേഹം അനുഗ്രഹിച്ചു.

തുടർന്ന് ശ്രീമദ് ഋതംബരാനന്ദ സ്വാമികൾ ഗുരുദേവന്റെ വിശ്വ മാനവികത നിറഞ്ഞ ഉപദേശങ്ങളുടെയും അവയുടെ കാലിക പ്രസക്തിയെയും വിശദീകരിച്ചു . ഗുരുദേവൻ രചിച്ച ജീവകാരുണ്യ പഞ്ചകം എത്ര വലിയ ഉപദേശമായിരുന്നു !

'കൊല്ലുന്നവനില്ല ശരണ്യത
മറ്റെല്ലാവക നന്മയുമാർന്നിടിലും '

എന്ന വരികൾ, ഈ കോവിഡ് എന്ന മഹാമാരി, സഹജീവികളെ നിർദ്ദാക്ഷിണ്യം കശാപ്പു ചെയ്യുന്ന മനുഷ്യരുടെ മനോഭാവത്തിനെതിരെയുള്ള ഒരു ഓർമ്മപ്പെടുത്തലായി സ്വാമിജി സൂചിപ്പിക്കുകയുണ്ടായി. . ഗുരുവചസ്സുകൾ നാം ഉൾക്കൊണ്ടിരുന്നെങ്കിൽ വവ്വാലുകളിൽ മാത്രം കണ്ടിരുന്ന ഈ വൈറസുകൾ മനുഷ്യനെ ഇത്രമേൽ പേടിപ്പിക്കുമായിരുന്നില്ല . ശുചിത്വത്തെ പറ്റി ഗുരുദേവൻ അന്ന് അരുളി ചെയ്തത് പരിപാലിക്കുവാൻ ഇന്ന് നാം നിർബ്ബന്ധിതരായിരിക്കുന്നു. . ഗുരു ലോകത്തിനുവേണ്ടി കാരുണ്യപൂർവം നൽകിയ ഉപദേശങ്ങൾ ജീവിതത്തിൽ പകർത്തിയാൽ അത് മാനവരാശിയുടെ സന്തോഷകരമായ ജീവിതത്തിനു വഴികാട്ടിയാകും. 'ഈശാവാസ്യം ഇദം സർവ്വം ' എന്ന് ഉപദേശിച്ച ഗുരുദേവൻ പ്രകൃതിയെ ഒരു ഉപഭോഗ വസ്തുവായി കാണാതെ അതുമായി ഇണങ്ങി ജീവിക്കുന്നതിന്റെ ആവശ്യകത നമ്മോടു പറഞ്ഞിരുന്നു . എല്ലാത്തിലും ഈശ്വരനെ കാണാൻ സാധിക്കുന്ന ഭഗവദ് ദാസന് ഒന്നും തന്നെ നിന്ദ്യമായി ഇല്ലതന്നെ . അർപ്പണ മനോഭാവത്തോടെയുള്ള പ്രാർത്ഥന നടത്തുന്ന ഒരു ഭക്തന് ഭഗവാൻ എന്നും തുണ ഉണ്ടാകുമെന്നു ഭഗവദ് ഗീതയിലെ

'അനന്യചിന്തയന്തൊം മാം യെ ജനാ : പര്യുപാസനത്തെ
തേഷാമ നിത്യാഭിയുക്തനാം യോഗക്ഷേമം വഹാമ്യഹം .'

എന്ന വരികൾ ഉദ്ധരിച്ചുകൊണ്ടു സ്വാമിജി വ്യക്തമാക്കുകയുണ്ടായി. തന്നെ പൂർണ്ണമായി ഭഗവാന് അർപ്പിക്കുന്ന ഭക്തനെ ഭഗവാൻ കാത്തുകൊള്ളും. ഗുരുദേവന്റെ ഉപദേശങ്ങൾ പകർത്തിക്കൊണ്ട് ഭഗവാനിൽ പൂർണ്ണമായി അർപ്പിച്ച പ്രാർത്ഥനയുമായി ജീവിതം നയിച്ചാൽ, തീർച്ചയായും നമ്മെ ഈ അവസരത്തിൽ കൈപിടിച്ച് നടത്തുവാൻ ഭഗവാൻ നമ്മോടൊപ്പമുണ്ടാകുമെന്ന് സ്വാമിജി ഉപദേശിച്ചു.

യു.കെ.യിൽ നിന്നുമുള്ള സജീഷ് വാസുദേവൻ ആലപിച്ച വാസുദേവഷ്ടകവും, ഇന്ദിരാമ്മ അവതരിപ്പിച്ച ഗുരുദേവ കീർത്തനവും ഹൃദ്യമായിരുന്നു.

പ്രസാദ് കൃഷ്ണൻ (USA)ഈ സത്സംഗത്തിനു പങ്കെടുത്ത എല്ലാപേർക്കും നന്ദി അറിയിച്ചു.

വിശ്വശാന്തി പ്രാർത്ഥനാ യജ്ഞം എന്ന ഈ സത്സംഗ പരിപാടി, കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുവാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ അണിയറ പ്രവർത്തകർക്കും, ഒപ്പം ഇതിന്റെ ഭാഗമായി പങ്കുകൊള്ളുന്ന ലോകത്തെമ്പാടുമുള്ള ആശ്രമ ബന്ധുക്കൾക്കും പ്രണാമം

അടുത്ത ആഴ്ച, മെയ് 3 ഞായറാഴ്ച, ശിവഗിരി മഠത്തിൽ നിന്നും ശ്രീമദ് ത്രിരത്‌നതീർത്ഥ സ്വാമികളാണ് നമ്മോട് സംവദിക്കുവാനെത്തുന്നത് വിശദ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
സന്തോഷ് വിശ്വനാഥ് 972 786 4026

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP