Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അജപാലനത്തിന്റെ പ്രഭാപൂരിത രജതരേഖ; ടോണി അച്ചൻ പൗരോഹിത്യ ജൂബിലി നിറവിൽ

അജപാലനത്തിന്റെ പ്രഭാപൂരിത രജതരേഖ; ടോണി അച്ചൻ പൗരോഹിത്യ ജൂബിലി നിറവിൽ

സെബാസ്റ്റ്യൻ ആന്റണി

 

ന്യൂജേഴ്സി: സോമർസെറ്റ് സെന്റ് തോമസ് സിറോ മലബാർ കാത്തോലിക് ഫോറോന ദേവാലയ വികാരി  റവ.ഫാ. ടോണി പുല്ലുകാട്ട് അച്ചന്റെ പൗരോഹിത്യത്തിനു ഇത് 25 വർഷം.

ചങ്ങനാശേരി എസ്.ബി കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആന്റണി പുല്ലുകാട്ട് സേവ്യറിന് ദൈവവിളി ലഭിക്കുന്നത്. ക്രൈസ്തവ ജനതയെ ദൈവമാർഗത്തിലൂടെ നയിക്കുകയാണ് തന്റെ നിയോഗമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം തുടർന്ന് തന്റെ ജീവിതത്തെ അതിനായി പാകപ്പെടുത്തിയപ്പോൾ വിശ്വാസികൾക്ക് ലഭിച്ചത് ലാളിത്യവും എളിമയും സേവനതൽപരതയും കൊണ്ട് വിശ്വാസികളുടെ മനസ്സ് കീഴടക്കിയ ഫാദർ ആന്റണി പുല്ലുകാട്ട് എന്ന പ്രിയപ്പെട്ട ടോണി അച്ചനെയാണ്.

പൗരോഹിത്യ ജീവിതത്തിൽ കാൽനൂറ്റാണ്ട് പിന്നിടുന്ന ടോണി അച്ചൻ ന്യൂജഴ്സിയിലെ സോമർസെറ്റ് സെന്റ് തോമസ് സിറോ മലബാർ കാത്തോലിക് ഫോറോന ദേവാലയത്തിലെ ഇടവകാംഗങ്ങൾക്ക് സ്നേഹത്തിന്റെയും നേതൃപാടവത്തിന്റേയും മകുടോദാഹരണമാണ്.

കോട്ടയം ജില്ലയിലെ ചങ്ങനാശേരി ചീരഞ്ചിറ പുല്ലുകാട്ട് സേവ്യറിന്റെയും, മറിയാമ്മയുടെയും എട്ടു മക്കളിൽ ആറാമനായി 1970, നവംബർ 7 -ന് ജനിച്ച ആന്റണി സേവ്യറിന്റെ ജീവിതത്തിന്റെ തുടക്കവും മധ്യതിരുവിതാംകൂറിലെ ഒരു സാധാരണ കത്തോലിക്കാ വിശ്വാസിയെ പോലെ തന്നെയായിരുന്നു. വേരൂർ സെന്റ് ജോസഫ് സിറോ മലബാർ ഇടവകയിൽ ഉൾപ്പെട്ട പുല്ലേക്കാട്ട് കുടുംബം ഇടവക ദേവാലയവുമായി അടുത്ത് പ്രവർത്തിക്കുന്നവരും ഉറച്ച ദൈവവിശ്വാസമുള്ളവരുമായിരുന്നു.

കുടുംബത്തിൽനിന്നു ലഭിച്ച വിശ്വാസപൈതൃകവും, മാനവിക മൂല്യങ്ങളും ദൈവിക ചിന്തയിൽ വളരുന്നതിനും തന്റെ ദൈവവിളി തെരഞ്ഞെടുക്കുന്നതിനും ടോണിയച്ചനെ ഏറെ സഹായിച്ചു. കുട്ടിക്കാലത്തുതന്നെ അൾത്താര ബാലനായി ശുശ്രൂഷ ചെയ്തു. മിഷൻ ലീഗും സൺഡേ സ്‌കൂളുമായും ബന്ധപ്പെട്ടു പ്രവർത്തനം ആരംഭിച്ച അദ്ദേഹത്തിന് ഒമ്പതാം ഗ്രേഡിൽ പഠിക്കുന്ന സമയത്ത് മൂന്നാം ഗ്രേഡിലെ അദ്ധ്യാപകന് പകരം ആദ്യമായി പഠിപ്പിക്കാൻ അവസരം ലഭിച്ചത് ഇന്നും ഒരു മധുരിക്കുന്ന ഓർമയാണ്.

ഫ്രാൻസിസ്‌ക്കൻ ക്ലാരിസ്റ്റ് സഹോദരിമാർ നടത്തിയിരുന്ന വേരൂർ സെന്റ് മേരീസ് എൽപി സ്‌കൂളിലും ചങ്ങനാശ്ശേരി എസ്.ബി ഹൈസ്‌കൂളിലുമായി പ്രാഥമിക വിദ്യഭ്യാസം പൂർത്തിയായ അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത് പ്രീഡിഗ്രി വിദ്യാഭ്യാസത്തിനായി ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ ചേർന്നതായിരുന്നു. വൈദികവൃത്തിയാണ് തന്റെ ജീവിത നിയോഗമെന്ന് അവിടെ വച്ച് തിരിച്ചറിഞ്ഞ അദ്ദേഹം 1988-ൽ കുറിച്ചി സെന്റ് തോമസ് മൈനർ സെമിനാരിയിൽ വൈദീക പഠനം ആരംഭിച്ചു. തുടർന്ന് മധ്യപ്രദേശിലെ ഉജ്ജയിനിയിൽ സ്ഥിതിചെയ്യുന്ന റുഹാലയ സെമിനാരിയിൽ ചേർന്ന് വൈദികപഠനം പൂർത്തിയാക്കി. വൈദിക പരിശീലനത്തിന്റെ നിർണായകഘട്ടം ഇവിടെ നിന്നു പിന്നിട്ട അദ്ദേഹം ഉജ്ജയിനിലെ വിക്രം സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ്, ഹിന്ദി, തത്വശാസ്ത്രം എന്നിവയിൽ ബിരുദവും റുഹാലയ മേജർ സെമിനാരിയിൽനിന്നു ഫിലോസഫിയിലും ബിരുദം നേടി. വീണ്ടും പഠനം തുടർന്ന അദ്ദേഹം സാറ്റ്നയിലെ സെന്റ് എഫ്രേംസ് തീയോളോജിക്കൽ കോളേജിൽ നിന്നും ദൈവശാസ്ത്രത്തിലും ബിരുദം നേടിയശേഷമാണ് കേരളത്തിലേക്ക് മടങ്ങിയത്.

ചങ്ങനാശ്ശേറി അതിരൂപതാ മെത്രാൻ മാർ.ജോസഫ് പൗവ്വത്തിൽ നിന്നും 1998 ഏപ്രിൽ 14-ന് വൈദിക പട്ടം സ്വീകരിച്ച ടോണി അച്ചൻ ചങ്ങനാശ്ശേരി സെന്റ് മേരീസ് ദേവാലയത്തിൽ (പ്രശസ്തമായ പാറേൽ പള്ളി) ആണ് ആദ്യം സഹവികാരിയായി നിയമിതനാകുന്നത്. തുടർന്ന് കുറുമ്പനാടം സെന്റ് ആന്റണീസ് പള്ളിയിലും (1999-2000), തോട്ടയ്ക്കാട് സെന്റ് ജോർജ് പള്ളിയിലും സഹവികാരിയായി പ്രവർത്തിച്ച ശേഷം, ആലപ്പുഴ ജില്ലയിലെ കണ്ടങ്കരി സെന്റ് ജോസഫ് പള്ളിയിലാണ് ആദ്യമായി വികാരിച്ചനാകുന്നത്. പിന്നീട് മാമ്പുഴക്കരിയിലെ ലൂർദ് മാതാ പള്ളിയിൽ വികാരിയായി പ്രവർത്തിച്ചു. അതിരൂപതയ്ക്ക് കീഴിലെ ATMATA കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുമ്പോഴാണ് അമേരിക്കയിലേക്ക് വൈദിക സേവനത്തിനായി അയക്കപ്പെടുന്നത്. തുടർന്ന് 2008-ൽ അമേരിക്കയിലെ അലബാമയിലുള്ള മൊബൈൽ അതിരൂപതയിൽ സഹവികാരിയായി അജപാലന ശുശ്രൂഷ ആരംഭിച്ചു. തുടർന്ന് ഷിക്കാഗോ സീറോ മലബാർ രൂപതയുടെ കീഴിൽ ടെക്സാസിലെ പെയർലാൻഡ് സെന്റ് മേരീസ് സീറോ മലബാർ കാത്തോലിക്കാ പള്ളിയിൽ ചുരുങ്ങിയ കാലം വികാരിയായ സേവനമനുഷ്ഠിച്ചശേഷം ശേഷം അദ്ദേഹം ബോസ്റ്റണിലേക്ക് പുതിയ ചുമതലയുമായി യാത്രതിരിച്ചു.

ബോസ്റ്റണിലെ സെന്റ് തോമസ് സിറോ മലബാർ കത്തോലിക്കാ ദേവലയത്തിൽ 2017 ഫെബ്രുവരി 5-ന് വികാരിയായി ചുമതലയേറ്റ ഫാദർ ആന്റണി പുല്ലുകാട്ട് പെട്ടന്നാണ് ഇടവക വിശ്വാസികളുടെ പ്രിയപ്പെട്ട ടോണി അച്ചനായി മാറിയത്. തന്റെ മുന്നിലെത്തിയ എല്ലാവരേയും ഒരു പുഞ്ചിരിയോടെ സ്വീകരിച്ച അദ്ദേഹം ഇടവകനിവാസികളുടെ സ്നേഹവും ആദരവും നേടിയെടുത്തത് ചുരുങ്ങിയ കാലം കൊണ്ടായിരുന്നു. ഇടവക നിവാസികൾക്കെല്ലാം അദ്ദേഹം ഒരു അനുഗ്രഹീത സാന്നിധ്യമായി നിലകൊണ്ടു. ഇടവക നിവാസികൾ അച്ചന്റെ നേതൃപാടവം ഏറ്റവുമധികം മനസ്സിലാക്കിയത് കോവിഡ് 19 മഹാമാരി പടർന്നുപിടിച്ച കാലത്തായിരുന്നു. ലോകം സാമൂഹിക അകലം പാലിച്ച് പരസ്പരം അകന്നുമാറിയപ്പോൾ, ടോണി അച്ചൻ തന്റെ വിശ്വാസികളെ കൂടുതൽ ചേർത്തു നിർത്തുകയാണ് ചെയ്തത്.

മസാച്ചുസെറ്റ്സ് മാർച്ച് 12-ന് ലോക്ഡൗണിലേക്ക് കടന്നപ്പോൾ 12 ദിവസത്തിനുള്ളിൽ കുർബാന ലൈവ് സ്ട്രീമിങ്ങിൽ നടത്തി വിശ്വാസികൾക്ക് അദ്ദേഹം ധൈര്യം പകർന്നു. മതം, സാഹിത്യം, കല എന്നിവയിൽ ഇടവക വിശ്വാസികളുടെ കഴിവ് പ്രോത്സാഹിപ്പിക്കുന്നതിനായി എസ്.എം.സി.ബി ടൈംസ് എന്ന ഡിജിറ്റൽ മാസികയും ആരംഭിച്ചു.

2020 നവംബർ 28-ന് ന്യൂജേഴ്‌സിയിലെ സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ വികാരിയായി നിയമിതനായി. സോമർസെറ്റ് ഇടവക ദേവാലയത്തിൽ നിയോഗിത സേവനം അർപ്പണ മനോഭാവത്തോടെ നയിക്കുമ്പോഴും മറ്റു മേഖലകളിൽ തന്റെ പരിചയ സമ്പത്തും വൈദീക അനുഭവവും മതബോധന രംഗത്തെ തന്റെ അറിവും ധ്യാന ചിന്തകളും മറ്റുള്ളവർക്കുകൂടി പകർന്നു നൽകുവാനും ടോണി അച്ചൻ സമയം കണ്ടെത്തുന്നു.

സഭയുടെ ഐക്യവും മഹത്വവും കാത്തുസൂക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധ പുലർത്തുന്ന ടോണി അച്ചൻ ഉത്തരവാദിത്വങ്ങൾ ദൈവമഹത്വത്തിനായി നിറവേറ്റുന്നതിൽ പ്രകടിപ്പിക്കുന്ന ഔത്സുക്യം എടുത്തുപറയേണ്ടിയതാണ്. കർമനിരതനായ ഒരു അജപാലകനെയാണ് ടോണി അച്ചനിൽ ഇവിടത്തെ ഇടവക സമൂഹത്തിനു കാണുവാൻ കഴിയുന്നത്. ഓരോ ക്രിസ്തീയ കുടുംബവും തിരുക്കുടുംബമായി മാറാനുള്ള വലിയ ഉത്തരവാദിത്വത്തിലേക്കാണ് നാമോരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത് എന്ന തന്റെ ബോധ്യം ഹൃദയത്തിൽ ഇപ്പോഴും സൂക്ഷിക്കുന്ന ടോണി അച്ചൻ, തന്റെ ഇടയ ജനത്തെയും ആ വലിയ ബോധ്യത്തിലേക്ക് നയിക്കുന്ന ശ്രമങ്ങളിൽ ബദ്ധശ്രദ്ധാലുവാണ്.

ചങ്ങനാശേരി ചീരഞ്ചിറ എന്ന സ്ഥലത്തുനിന്നും ആരംഭിച്ച അച്ചന്റെ ജീവിത യാത്ര സോമർസെറ്റിൽ എത്തി നിൽക്കുമ്പോൾ പിന്നിട്ട വഴികളിൽ ഒപ്പം നിന്ന ദൈവത്തിന്റെയും, മനുഷ്യരുടെയും സ്നേഹവും, സാന്ത്വനവും, കരുതലും എത്രമാത്രമാണെന്നു ഞങ്ങൾ അറിയുന്നു. മാനുഷിക കഴിവുകൾക്കും പ്രാഗത്ഭ്യങ്ങൾക്കുമപ്പുറം, വിശ്വാസത്തോടെയുള്ള പ്രാർത്ഥനയ്ക്ക് ദൈവം നൽകുന്ന അനുഗ്രഹവും സംരക്ഷണവുമാണ് നാളിതുവരെ ടോണി അച്ചന്റെ അജപാലന പ്രവർത്തനങ്ങളുടെ വിജയരഹസ്യം.

പൗരോഹിത്യ ജീവിതത്തിന്റെ നീണ്ട 25 വർഷങ്ങൾ പിന്നിടുമ്പോൾ കുശവന്റെ കൈയിലെ കളിമണ്ണുപോലെ (ജെറിമിയ 18-6) അതിശക്തമായ ദൈവത്തിന്റെ കരങ്ങളിൽ തന്നെ സമർപ്പിച്ചു 'ഇതാ ഞാൻ' എന്ന പ്രത്യുത്തരം നൽകാൻ വേണ്ടി ഓരോ നിമിഷവും മനസ്സിനെ സജ്ജമാക്കുന്ന ടോണി അച്ചൻ ഇടവക സമൂഹത്തിന്റെ പ്രാർത്ഥനാശംസകൾ നേരുന്നു.

ജൂബിലിയോടനുബന്ധിച്ച് ഇടവക ദേവാലയമായ സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ വച്ച് 2022 ജൂൺ 5-നു ഞായറാഴ്ച രാവിലെ 9:30-ന് അച്ചൻ കൃതജ്ഞതാബലി അർപ്പിക്കും. ദിവ്യബലിയെ തുടർന്ന് പൗരോഹിത്യ ജൂബിലി ആഘോഷം അവിസ്മരണീയമാക്കാൻ സോമർസെറ്റിലെ വിശ്വാസിസമൂഹം 11:30ന് അനുമോദന സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP