Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

സഫ്രഗൻ മെത്രാപൊലീത്ത പദവിയിലേക്കുയർത്തപ്പെടുന്ന തിയോഡോഷ്യസ് മെത്രാച്ചൻ

സഫ്രഗൻ മെത്രാപൊലീത്ത പദവിയിലേക്കുയർത്തപ്പെടുന്ന തിയോഡോഷ്യസ് മെത്രാച്ചൻ

പി പി ചെറിയാൻ

 

ഡാളസ്: മുംബൈ ഭദ്രാസനാധിപൻ റൈറ്റ് റവ.ഡോ.ഗീവർഗീസ് മാർ തിയോഡോഷ്യസ്എപ്പിസ്‌കോപ്പ 2020 ജൂലൈ 12 നു ഞായറാഴ്‌ച്ച രാവിലെ 9 മണിക് തിരുവല്ല പൂലാത്തിൻ ചാപ്പലിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന ഭക്തി നിർഭരമായ ചടങ്ങിൽ മാർത്തോമാ സഭയുടെ സഫ്രഗൻ മെത്രാപൊലീത്ത യായി അഭിഷക്തനാകുന്നു. ഇപ്പോൾ നിലവിലുള്ള മുംബൈ ഭദ്രാനത്തിന്റെ ചുമതലയിൽ തുടരുന്നതിനും അതോടൊപ്പം റാണി വൈക്കം ടി എം എ എം മാർത്തോമാ സെന്ററിൽ താമസിച്ചു റാന്നി നിലക്കൽ ഭദ്രാസന ചുമതലയും തിരുമേനി നിർവഹിക്കും .ജൂലൈ 1 നു ചേർന്ന എപ്പിസ്‌കോപ്പൽ സിനഡാണ് ഇതു സംബഡിച്ചു തീരുമാനമെടുത്തത് .കോവിഡ് 19 പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ചടങ്ങിൽ പങ്കെടുക്കുന്നതിനു വളരെ പരിമിതികളുണ്ട് ..ആയതിനാൽ സഭയുടെ വെബ്‌സൈറ്റിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ഏവരും പ്രാർത്ഥനാപൂർവ്വം ചടങ്ങിൽ പങ്കെടുക്കണമെന്ന് അഭിവന്ദ്യ ജോസഫ് മാർത്തോമാ മെത്രാപൊലീത്ത അഭ്യർത്ഥിച്ചിട്ടുണ്ട് .

ഈശ്വര സൃഷ്ടിയുടെ മകുടമാണ് മനുഷ്യൻ, മനോഹരിയായ പ്രകൃതിയും' ഇവ രണ്ടിനേയും ഒരു പോലെ സ്നേഹിക്കുകയും, ആദരിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥത പുലർത്തുകയും, അജഗണ പരിപാലനത്തിൽ പുതിയ മാനം കണ്ടെത്തുകയും ചെയ്ത മുൻ നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനാധിപൻ റൈറ്റ് റവ.ഡോ.ഗീവർഗീസ് മാർ തിയോഡോഷ്യസ് മാർത്തോമ സഭയുടെ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്ത പദവിയിലേക്ക് പ്രവേശിക്കുന്നുവെന്നത് മാർത്തോമാ സഭാ വിശ്വാസികൾക്ക് അഭിമാനകരമായ നിമിഷമാണ്

അഷ്ടമുടി ഇമ്മാനുവേൽ മാർത്തോമാ ഇടവകയിലെ കിഴക്കേ ചക്കാലയിൽ ഡോ.കെ.ജെ.ചാക്കോയുടേയും മേരിയുടെയും മകനായി 1949 ഫെബ്രുവരി 19ന് ആയിരുന്നു ജനനം. കോട്ടയം എം ടി സെമിനാരി സ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബസേലിയസ് കോളേജിൽ നിന്നും ബിരുദ പഠനവും പൂർത്തീകരിച്ചു. തുടർന്നു ദൈവീക വിളി ഉൾകൊണ്ട്. ജബൽപൂർ ലിയനോർഡ് തിയോളജിക്കൽ സെമിനാരിയിൽ നിന്നും ദൈവശാസ്ത്രത്തിൽ ബിരുദം നേടി 1972 ഫെബ്രുവരി 4ന് സഭയുടെ പൂർണ സമയ പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിച്ചു.

1989 ഡിസംബർ 9ന് ഗീവർഗീസ് മാർ അത്താനാസിയോസ്, യൂയാക്കിം മാർ കൂറിലോസ് എന്നിവരോടൊപ്പം ഗീവർഗീസ് മാർ തിയോഡോഷ്യസ് സഭയുടെ മേൽ പട്ടസ്ഥാനത്ത് അവരോധിതനായി.

1990 -93 മദ്രാസ് - കുന്നംകുളം , 93 - 97 കുന്നംകുളം- മലബാർ ഭദ്രാസന ചുമതല ഏറ്റെടുത്തതു മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി ഭദ്രാസനാതിർത്തിയിലുള്ള ചേരി പ്രദേശങ്ങളിലും കാനാലുകളുടെ ഓരങ്ങളിലും കഴിയുന്ന അശരണർ അനാഥർ രോഗികൾ എന്നിവരുടെ ഭവനങ്ങൾ സന്ദർശിച്ചു. അവരെ ആശ്വസിപ്പിക്കുന്നതിനും ആവശ്യമായ സഹായങ്ങൾ നല്കുന്നതിനും തിരുമേനി നൽകിയ നേതൃത്വം മലബാറിലെ ജനങ്ങളുടെ മനസ്സിൽ സജീവമായി നിലനില്ക്കുന്നു. 1997 ഒക്ടോബർ മുതൽ തിരുവനന്തപുരം കൊല്ലം, 2005 ഓഗസ്റ്റ് മുതൽ മദ്രാസ് ബാംഗ്ലൂർ, ഭദ്രാസനാധിപനായും നിലവിൽ മുംബെയ് ഭദ്രാസനാധിപനായും തിരുമേനിയുടെ നേതൃത്വത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ നിസ്സീമമാണ്. മാർത്തോമ യുവജന സംഖ്യം പ്രസിഡന്റായി ചുമതലയേറ്റെടുത്തത് യുവാക്കളെ സഭയുടെ മുഖ്യധാരയിലേക്ക് ആകർഷിക്കുന്നതിന് പ്രചോദകമായി. യുവജന സഖ്യത്തിന്റെ കർമ്മ പരിപാടികളും ബോധവൽക്കരണ സെമിനാറുകളും പഠന സമ്മേളനങ്ങളും സംഘടിപ്പിച്ചു. ഭാവി തലമുറക്ക് പ്രതീക്ഷയും ഉത്തേജനവും നൽകികൊണ്ടുള്ള തിരുമേനിയുടെ പ്രവർത്തന ശൈലി യുവജനങ്ങൾക്കെന്നും ഒരു മാതൃകയും വെല്ലുവിളിയുമായിരുന്നു.
ട്രാൻസ് ജൻഡർ വിഭാഗത്തിൽ പെട്ടവരുടെ ഉന്നമനത്തിനായും അവരെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൈ പിടിച്ചുയർത്തുന്നതിനും തിരുമേനിയുടെ നേത്ര്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

ക്രിസ്തു കേന്ദ്രീകൃത ജീവിത ശൈലി, സാമ്പത്തിക അച്ചടക്കവും സുതാര്യതയും കർമ്മ നിരതയും ക്രമീകൃതവുമായ പ്രവർത്തനശൈലി, അതുല്യമായ നേതൃത്വ പാടവം, ഭരണ കർത്താവും, സംഘാടകർ, മനുഷ്യ സാമൂഹ്യ സ്നേഹി, പ്രകൃതി സ്നേഹി, വായനാ ശീലൻ, ഗ്രന്ഥകാരൻ തുടങ്ങിയ സദ്ഗുണങ്ങൾ ഉൾക്കൊള്ളുന്ന ഏവർക്കും മാതൃകയായി സ്വീകരിക്കാവുന്ന വ്യക്തിത്വം പത്രദൃശ്യമാധ്യമങ്ങൾക്ക് മുഖം നൽകാതെ അകന്നു നിന്നും, കൊട്ടിഘോഷിക്കപ്പെടാത്ത പ്രവർത്തന രീതി ഉൾകൊണ്ടും മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥത പുലർത്തുന്ന തിയോഡോഷ്യസ് തിരുമേനി 2009 ജനുവരി അഞ്ചിനാണ് ഭദ്രാസന ചുമതലയേറ്റെടുക്കുന്നതിന് ന്യൂയോർക്ക് വിമാനത്താവളത്തിൽ വന്നിറങ്ങിയത്. അന്ന് മുതൽ ഇന്ന് വരെ മേൽ വിശേഷങ്ങൾക്ക് ഒരു പോറൽ പോലും ഏല്പിക്കാതെ വ്യത്യസ്ത സംസ്‌കാരങ്ങളുടെ സങ്കലന ഭൂമിയാൽ കാലാനസൃത മാറ്റങ്ങൾ ഉൾകൊണ്ട് ഭദ്രാസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ കഴിഞ്ഞു എന്നത് അഭിമാനത്തിന് വക നൽകുന്നു.

നോർത്ത് അമേരിക്കയിലെ മാർത്തോമ സഭാ വിശ്വാസികൾക്ക് ഭദ്രാസന സിൽവർ ജൂബിലി ഒരിക്കൽ കൂടെ ആഘോഷിക്കുവാൻ അവസരം ഒരുക്കിയതിന്റെ മുഴുവൻ ക്രെഡിറ്റും തിയോഡോഷ്യസ് തിരുമേനിക്ക് മാത്രം അർഹതപ്പെട്ടതാണ്. ഒരു വർഷത്തെ പ്രത്യേക പ്രാർത്ഥനകൾക്കും തയ്യാറെടുപ്പുകൾക്കും ഒടുവിൽ കൊട്ടും കുരവയുമില്ലാതെ നടത്തിയ നിശ്ശബ്ദവും പ്രൗഢ ഗംഭീരവുമായ സിൽവർ ജൂബിലി ആഘോഷങ്ങൾ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൽ മാർത്തോമ സഭയുടെ ആത്മീയവും ഭൗതീകവുമായ അന്തസ് വാനോളം ഉയർത്തി. ഭദ്രാസന സിൽവർ ജൂബിലിയോടനുബന്ധിച്ച് ദീർഘ വീക്ഷണത്തോടെ പ്രഖ്യാപിച്ച വിവിധ പ്രൊജക്ടുകളിൽ പാട്രിക്ക് മിഷൻ പ്രോജക്റ്റിന് സഭാ ജനങ്ങളിൽ നിന്നും മെത്രാപ്പൊലീത്തായിൽ നിന്നും വർദ്ധിച്ച പ്രോത്സാഹനമാണ് ലഭിച്ചത്. ഒക്കലഹോമയിലെ നാറ്റീവ് മിഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കാറിൽ സഞ്ചരിക്കവെ ഒരു അപകടത്തിൽപെട്ട് അകാലത്തിൽ പൊലിഞ്ഞു പോയ സഭാ വ്യത്യാമെന്യേ ഏവരുടേയും പ്രശംസക്ക് പാത്രി ഭൂതനായ ഡാലസ് സെന്റ് പോൾസ് ഇടവകാംഗമായ പാട്രിക് മരുതുംമൂട്ടിലിന്റെ അതുല്യ സേവനത്തിന്റെ അംഗീകാരമായിരുന്നു പ്രാർത്ഥനാ പൂർവ്വം പ്രഖ്യാപിച്ച പാട്രിക് മിഷൻ പ്രോജക്റ്റ് തിരുമേനിയുടെ നേതൃത്വത്തിൽ നടത്തിയ നിശബ്ദ പ്രവർത്തനങ്ങൾ മുംബൈ ഭദ്രാസനത്തിന്റെ ചുമതല യിലേക്ക് നിയമിക്കപ്പെടും മുന്പ് ഫലപ്രാപ്തിയിലേക്ക് നീങ്ങിയിരുന്നു

ഇതര മത വിശ്വാസങ്ങളേയും ആദരിക്കുകയും അവരുമായി സഹകരിക്കാവുന്ന മേഖലകളിൽ സഹകരിക്കുകയും ചെയ്യുന്നതിൽ തിരുമേനി പ്രത്യേകം ശുഷ്‌ക്കാന്തി പ്രകടപ്പിക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ സ്വാധീനം എന്ന വിഷയത്തെ അധികരിച്ചു നടത്തിയ ഗവേഷണങ്ങൾക്ക് വിശ്വഭാരതി യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിച്ച ഡോക്ടറേറ്റ് ഇതിനടിവരയിടുന്നു.

സമ്മർദ്ദ തന്ത്രങ്ങൾക്ക് വംശവദനാകാതെ ആത്മീയ ആചാര്യനെന്ന നിലയിൽ സൂക്ഷ്മതയോടും ദൈവിക ബോദത്തോടും നീതിയോടും ഭരണ ഘടനക്കു വിധേയമായി നീതി നിർവ്വഹണം നടത്തുന്നതിൽ തിരുമേനി വളരെ ദത്തശ്രദ്ധനാണ്. മൂന്നര വർഷക്കാലം നന്മ മാത്രം ചെയ്തും രോഗികളെ സൗഖ്യമാക്കിയും ദൈവരാജ്യം പ്രസംഗിച്ചും ഭൂമിയിൽ സഞ്ചരിച്ച പാപ രഹിതനായ ക്രിസ്തു ദേവനെ കോടതികൾ മാറി മാറി വിസ്തരിച്ചിട്ടും ഒരു കുറ്റവും കണ്ടെത്തനാകാതെ ?ഇവനെ ക്രൂശിക്ക, ക്രൂശിക്ക എന്ന ജനങ്ങളുടെ ആരാവാരങ്ങൾക്ക് മുമ്പിൽ തല കുനിച്ചു. ക്രിസ്തുവിനെ ക്രൂശിക്കുവാൻ ഏല്പിക്കുകയും അനീതിയും അധർമ്മവും നിയമ ലംഘനവും നടത്തിയ ബബെറാസിനെ മോചിപ്പിക്കുകയും ചെയ്ത പീലാത്തോസ് എന്ന ഭരണ കർത്താവ് നീതി ന്യായ വ്യവസ്ഥക്ക് തീരാ കളങ്കമാണെന്ന് ഉറച്ചു വിശ്വസിക്കുകയും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത തിരുമേനിയുടെ നീതി നിർവ്വഹണം സഭാ ജനങ്ങളുടെ പ്രശംസക്ക് പാത്രീഭൂതമായിട്ടുണ്ട്.

സഭാ ജനങ്ങളിൽ മാത്രമല്ല ആരുമായി ഇടപെടുന്നവോ, അവരുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിയെടുക്കുവാൻ കഴിയുന്ന സ്വഭാവ വൈശിഷ്ട്യത്തിന്റെ ഉടമയാണ് തിയോഡോഷ്യസ് തിരുമേനി. മനുഷ്യരെ സ്നേഹിക്കുവാൻ മാത്രം ശീലിച്ചിട്ടുള്ള തിരുമേനി പ്രകൃതിയേയും അതിരറ്റ സ്നേഹിക്കുന്നു. എപ്പിസ്‌കോപ്പൽ സിൽവർ ജൂബിലി പ്രമാണിച്ചു പ്രഖ്യാപിച്ചിട്ടുള്ള ഗോയിങ് ഗ്രീൻ പ്രോജക്റ്റ് പ്രവർത്തനം നോർത്ത് അമേരിക്കൻ - യൂറോപ്പ് ഭദ്രാസന വിശ്വാസികളിൽ പുതിയൊരു ദിശാബോധം വളർത്തിയെടുകുകയും . പല കേന്ദ്രങ്ങളിലും തിരുമേനി നേരിട്ടു തന്നെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു നാം ജീവിക്കുന്ന ഭൂമിയുടെ ആരോഗ്യം നിലനിർത്തണമെങ്കിൽ പ്രകൃതി സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഈ അവബോധം കേരളത്തിൽ നിന്നും കുടിയേറി പാർക്കുന്ന മലയാളികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് ഗോയിങ് ഗ്രീൻ എന്ന പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത് .ഭദ്രാസന സിൽവർ ജൂബിലി പ്രോജക്ടുകൾ സഫലീകൃതമാകുന്നതോടൊപ്പം ഈ പദ്ധതിയും പൂർത്തീകരിക്കപ്പെടുക തന്നെ ചെയ്യും..

മർത്തോമ സഭയുടെ പരമാധ്യക്ഷൻ ജോസഫ് മാർത്തോമയുടെ കീഴിൽ സഫ്രഗൻ മെത്രാപൊലീത്ത പദവിയിലേക്ക് ഉയർത്തപ്പെടുന്ന മൂന്നാമത്തെ എപ്പിസ്‌കോപ്പയാണ് അഭിവന്ദ്യ തിയോഡോഷ്യസ് തിരുമേനി. കാല യവനികക്കുള്ളിൽ മറഞ്ഞ സക്കറിയാസ് മാർ തെയോഫിലോസ് , ഗീവര്ഗീസ് മാർ അത്തനാസിയോസ് എന്നിവരായിരുന്നു മറ്റു രണ്ടു പേർ . സഫ്രഗൻ മെത്രാപൊലീത്ത പദവിയിലേക്കുയർത്തപ്പെടുന്ന തിയോഡോഷ്യസ് തിരുമേനിക്ക് നിരവധി വെല്ലുവിളികളാണ് ഏറ്റെടുക്കാനുള്ളത്. അതിനെയെല്ലാം വിജയപൂർവ്വം തരണംചെയ്തു മാർത്തോമാ സഭയുടെ ആത്മീയവും ഭൗതീകവുമായ വളർച്ചയിൽ കൂടുതൽ സംഭാവനകൾ നൽകുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം ആരോഗ്യവും ദീർഘായുസും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP