Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുടുംബത്തിന്റെ വെളിച്ചമാണ് മാതാവെങ്കിൽ നെടുംതൂണാണ് പിതാവ്: ബിഷപ്പ് മാർ ഫിലക്‌സിനോസ്

കുടുംബത്തിന്റെ വെളിച്ചമാണ് മാതാവെങ്കിൽ നെടുംതൂണാണ് പിതാവ്: ബിഷപ്പ് മാർ ഫിലക്‌സിനോസ്

പി പി ചെറിയാൻ

ഡാളസ്: മാതാവ് ഒരു കുടുംബത്തിന്റെ വെളിച്ചമാണെങ്കിൽ ആ കുടുംബത്തെ ഭദ്രമായി താങ്ങി നിർത്തുന്ന നെടും തൂണാണ് പിതാവെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനാധിപൻ റൈറ്റ് റവ ഡോ ഐസക് മാർ ഫിലക്‌സിനോസ് പറഞ്ഞു.

ജൂൺ 21 ഞായറാഴ്ച രാവിലെ ഡാളസ് കാരോൾട്ടൻ മാർത്തോമാ ചർച്ചിൽ നടന്ന പരസ്യാരാധനയിൽ പങ്കെടുത്തു ധ്യാന പ്രസംഗം നടത്തുകയായിരുന്നു എപ്പിസ്‌കോപ്പ. പിതൃ ദിനമായി ഇന്ന് നാം ആചരിക്കുമ്പോൾ എല്ലാ പിതാക്കന്മാർക്കും സന്തോഷിക്കുന്നതിനുള്ള അവസരമാണ്. ഹൃദയാന്തർഭാഗത്തു ദുഃഖം തളം കെട്ടി നിൽക്കുമ്പോഴും ആത്മസംയമനം കൈവിടാതെ ചെറുപുഞ്ചിരിയോടെ മറ്റുള്ളവരോട് ഇടപെടുവാൻ കഴിയുന്ന നിശ്ശബ്ദമായ, ത്യാഗസമ്പൂർണമായ പിതാക്കന്മാരുടെ ജീവിതത്തെ ആദരിക്കപ്പെടുന്നു എന്നതും അവരെ സംബന്ധിച്ച് അഭിമാനകരമാണ്.

എന്നാൽ ഒരു കുടുംബത്തിന്റെ സന്തോഷം പൂർത്തീകരിക്കപ്പെടുന്നത്, ഭവനത്തിന്റെ മാതാവിൽ നിന്നും പ്രവഹിക്കുന്ന വെളിച്ചം പിതാവായ തൂണിൽ തട്ടി പ്രതിഫലിക്കുന്ന അനുഭവത്തിലൂടെ കടന്നുപോകുമ്പോൾ മാത്രമാണെന്ന് നാം എപ്പോഴും ഓർത്തിരിക്കണമെന്നു തിരുമേനി ഉദ് ബോധോപിച്ചു. എന്നാൽ ഇതിനൊക്കെ ഉപരിയായി നമ്മുടെയെല്ലാം പിതാവായ, സർവ സൃഷ്ടിക്കും മുഖാന്തിരമായ ദൈവത്തെ നാം ദിനംതോറും സ്മരിക്കുകയും അവന്റെ കല്പനകൾ പ്രമാണിച്ചു ജീവിക്കുകയും ചെയ്യുമ്പോൾ ജീവിതത്തിൽ അനുഭവിക്കുന്ന സന്തോഷം മറ്റെന്തിനേക്കാളും അവർണനാതീതമായിരിക്കുമെന്നും തിരുമേനി പറഞ്ഞു. തുടർന്നു സഭയായി ഞായറാഴ്ച നിശ്ചയിക്കപ്പെട്ടിരിക്കുന്ന 'എന്താണ് ആരാധന' എന്ന വിഷയത്തെ കുറിച്ചും തിരുമേനി പ്രതിപാദിച്ചു. വിശ്വാസ ജീവിതത്തിന്റെ പ്രഘോഷണ അനുഭവമായി ആരാധന മാറണമെന്നും തിരുമേനി പറഞ്ഞു.

കൊറോണ വൈറസ് വ്യാപകമായതിനു മൂന്ന് മാസങ്ങൾക്കു ശേഷം ആദ്യമായാണ് ഭദ്രാസന ആസ്ഥാനത്തു പുറത്തു ഇങ്ങനെ ഒരു ആരാധന നടത്തുന്നതിന് അവസരം ലഭിച്ചതെന്നും ഇതിന് അവസരം ഒരുക്കി തന്ന കരോൾട്ടൻ വികാരി റവ. തോമസ് മാത്യു, ഭദ്രാസന മീഡിയ കമ്മിറ്റി അംഗവും സഭ മണ്ഡലം പ്രിതിനിധിയുമായ ഷാജി രാമപുരം, ട്രസ്റ്റി ഭായ് എബ്രഹാം, ലേ ലീഡർ ജോർജ് തോമസ്, സാം സജി, ജിമ്മി മാത്യു തുടങ്ങിയ കമ്മറ്റി അംഗങ്ങളെ തിരുമേനി അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. വികാരി റവ തോമസ് മാത്യു തിരുമേനിയെ സ്വാഗതം ചെയ്യുകയും ആമുഖ പ്രസംഗം നടത്തുകയും ചെയ്തു.

ഇടവക സെക്രട്ടറി സജു കോരാ തിരുമേനിയെ പൂച്ചെണ്ടു നൽകി ആദരിച്ചു. ഡാളസിൽ കഴിഞ്ഞ മൂന്ന് ആഴ്‌ച്ചയായി ദേവാലയം തുറന്നു നിലവിലുള്ള നിർദേശങ്ങൾക്കു വിധേയമായി പരിമിതമായ അംഗങ്ങളെ ഉൾപ്പെടുത്തി ആരാധന നടത്തുന്ന ഏക മാർത്തോമാ ദേവാലയമാണ് കാരോൾട്ടൻ മാർത്തോമാ ചർച്ച്. പ്രത്യേക അതിഥികളായി ഭദ്രാസന ട്രഷറർ ഫിലിപ് തോമസ് സി പി എ, എബി ജോർജ് (ആർ എ സി) എന്നിവർ കുടുംബസമേതം പങ്കെടുത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP