Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഎപിസി ആറാം വർഷത്തിലേക്ക്; സുനിൽ ജോസഫ് കൂഴമ്പാല പ്രസിഡന്റായി നവനേതൃത്വം സ്ഥാനമേറ്റു

ഐഎപിസി ആറാം വർഷത്തിലേക്ക്; സുനിൽ ജോസഫ് കൂഴമ്പാല പ്രസിഡന്റായി നവനേതൃത്വം സ്ഥാനമേറ്റു

ഡോ മാത്യു ജോയിസ് ബോർഡ് സെക്രട്ടറി

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ വംശജരായ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിനെ (ഐഎപിസി) 2019 ൽ നയിക്കാനുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മറ്റി സ്ഥാനമേറ്റു. ഐഎപിസിയെ ആറാം വർഷത്തിൽ നയിക്കാൻ പ്രമുഖ മാധ്യമസംരംഭകൻ സുനിൽ ജോസഫ് കൂഴമ്പാലയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയാണ് സത്യപ്രതിജ്ഞ ചെയ്തത് സ്ഥാനമേറ്റത്. സുനിൽ ജോസഫ് കൂഴമ്പാല കേരളത്തിലെ പ്രമുഖ പത്രമായ രാഷ്ട്രദീപികയുടെ മാനേജിങ് ഡയറക്ടറും പബ്ലീഷറുമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സുനിൽ ജോസഫ് കൂഴമ്പാല ദീർഘവീക്ഷണമുള്ള നേതാവാണെന്നു ഐഎപിസി സ്ഥാപക ചെയർമാൻ ജിൻസ്മോൻ സക്കറിയ പറഞ്ഞു. ന്യൂയോർക്കിലെ ഹിക്സ്വില്ലിലുള്ള ആന്റണ്സ് ബൈ മിനാർ ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢോജ്ജ്വലമായ ചടങ്ങിൽ ഇൻഡോ അമേരിക്കൻ കമ്മ്യൂണിറ്റിയുടെ ശക്തമായ സാന്നിധ്യം ശ്രദ്ധേയമായി.

നാഷ്ണൽ കമ്മറ്റിക്കൊപ്പം ന്യൂയോർക്ക്, ഫിലാഡാൽഫിയ ചാപ്റ്ററുകളുടെ പുതിയ നേതൃത്വവും സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. മറ്റേതൊരു വിജയകരമായ സംഘടനയേയും പോലെ, അംഗങ്ങളുടെ ആത്മാഭിമാനം ഉയർത്തുകയും മറ്റ് സംഘടനകൾക്ക് അസൂയ സൃഷ്ടിക്കുന്ന തരത്തിലുമുള്ള പ്രവർത്തനങ്ങളുമായാണ് ഐഎപിസിയും മുന്നോട്ടുപോകുന്നതെന്ന് സ്വാഗത പ്രസംഗം നടത്തിയ ഐഎപിസി ജനറൽ സെക്രട്ടറി മാത്യുക്കുട്ടി ഈശോ പറഞ്ഞു.

മികച്ച വേതനവും പെൻഷൻ പദ്ധതി പോലുള്ള ആനുകൂല്യങ്ങളും ലഭിക്കാത്ത ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകർക്ക് ശക്തമായ വേദിയാണ് ഐഎപിസിയെന്ന് ബോർഡ് അംഗവും ദി സൗത്ത് ഏഷ്യൻ ടൈംസ് പ്രസാധകനുമായ കമലേഷ് മേത്ത പറഞ്ഞു. സമൂഹത്തിൽനിന്നുള്ള പിന്തുണയോടെ അവർക്കു ചില സുരക്ഷകൾ നൽകാനാണ് ഐഎപിസി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ സമൂഹത്തിന്റെ ഊർജ സ്രോതസെന്ന് അറിയപ്പെടുന്ന, സാമൂഹിക നേതാവും മനുഷ്യസ്‌നേഹിയുമായ കാഞ്ചന പൂലയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സമ്മാനിച്ചു. ന്യൂയോർക്ക് തമിഴ് സംഘത്തിന്റെ (എൻവൈടിഎസ്) പ്രസിഡന്റായിരുന്ന പൂല, ഇപ്പോൾ സംഘടനയുടെ ഉപദേശകരിൽ ഒരാളാണ്. ഫെറ്റ്‌നയുടെ ആജീവനാന്ത അംഗമായ പൂല, അമേരിക്കൻ തമിഴ്് സംരംഭകരുടെ സംഘടനയുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. ഏഷ്യൻ ഇറ, അക്ഷരം മാസികകളുടെ കോ-ചെയർപേഴ്സൻ ആണ്്. വിദ്യാഭ്യാസം, പാവപ്പെട്ടവർ, ദരിദ്രർ എന്നിവർക്കുള്ള സഹായം തുടങ്ങിയ മൂല്യങ്ങൾ പിതാവിൽനിന്നാണു തനിക്കു ലഭിച്ചതെന്ന് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് കാഞ്ചന പൂല പറഞ്ഞു.

ഡോ.നീത ജെയിൻ (സിവിക് കമ്മ്യൂണിറ്റി ലീഡർ), ദേവദാസൻ നായർ (ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിലെ കമ്മ്യൂണിറ്റി അഫേഴ്സ് കോൺസിലർ), അശോക് വ്യാസ് ( ഐടിവി പ്രോഗ്രാം ഡയറക്ടർ ), വെൺ പരമേശ്വരൻ (മികച്ച എഴുത്തുകാരൻ നിരൂപകൻ), വർക്കി എബ്രാഹം (സംരംഭകൻ), ഗുരുജി ദിലീപ്കുമാർ തങ്കപ്പൻ (യോഗാചാര്യൻ), ബിസിബി ബാങ്ക്് (രൂപം മൈനി, മാനേജർ), മോഹൻ നന്നപാനേനി (ടീം എയ്ഡ്), സുജിത് രാജൻ (എക്സിക്യൂട്ടീവ് എഡിറ്റർ ,ന്യു ഇന്ത്യാ ടൈമ്സ്, ദേശി ടോക് ന്യൂസ് പേപ്പേഴ്സ്) എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പേനയും വാക്കുകളും ഉപയോഗിച്ച് ലോകത്തിൽ വലിയ മാറ്റങ്ങൾ വരുത്താനാകും എന്നതിനാൽ മാധ്യമങ്ങളുടെ പങ്ക് പ്രധാനമാണെന്ന്, പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ന്യൂയോർക്കിലെ 25-ാം അസംബ്‌ളി ഡിസ്ട്രിക്റ്റ് (പാർട്ട് ബി), ഡെമോക്രാറ്റിക് നേതാവായ നീത ജെയ്ൻ പറഞ്ഞു.

മാധ്യമങ്ങൾ എല്ലായ്‌പ്പോഴും സത്യസന്ധവും ശരിയായതുമായ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിലെ കമ്യൂണിസ്റ്റ് അഫയേഴ്‌സ് കോൺസലായ ദേവദാസൻ നായർ പറഞ്ഞു. ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നുമുള്ള മാധ്യമപ്രവർത്തകരെയും സംഘടനയിൽ ഉൾപ്പെടുത്തണമെന്നു നിർദേശിച്ച അദ്ദേഹം, ഇത് അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന ഒരു സംഘടനയായി മാറട്ടെയെന്ന് ആശംസിച്ചു.

അമേരിക്കയും ജപ്പാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും, ഇന്ത്യയുടെ പങ്കാളിത്ത രാഷ്ട്രമായ ജപ്പാനെക്കുറിച്ചും, ചടങ്ങിൽ വിശിഷ്ടാതിഥിയായ യുഎന്നിലെ ജപ്പാന്റെ സ്ഥിരം ഉപപ്രതിനിധി ഡോ. തോഷിയ ഹൊഷിമോ എടുത്തുപറഞ്ഞു. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം ഭാരവാഹിയായ ദീപക് മിശ്ര ചടങ്ങിലുടനീളം പങ്കെടുത്തു. കോൺഗ്രസ്മെൻ ടോം സുവോസി, ഓസ്റ്റർ ബേ സൂപ്പർവൈസർ ജോസഫ് സലാഡിനോ എന്നിവർ ഐഎപിസിക്ക് ആശംസകൾ അറിയിച്ചു.

എക്‌സിക്യുട്ടീവ് എഡിറ്ററായ സുജീത് രാജനെയും ഐടിവി ഗോൾഡ് പ്രോഗ്രാമിങ് ഡയറക്ടറായ അശോക് വ്യാസിനെയും പരീഖ് വേൾഡൈ്വഡ് മീഡിയ ചെയർമാൻ പത്മശ്രീ ഡോ. സുധീർ പരീഖ് ഐഎപിസി അംഗീകാരം നേടിയതിൽ അഭിനന്ദിച്ചു. ആറു വർഷത്തിനിടെ ഐഎപിസി കരുത്തരായി വളർന്നു കഴിഞ്ഞെന്ന് അദ്ദേഹം പ്രശംസിച്ചു.

ഇന്ത്യൻ സമൂഹത്തെ കൂട്ടിയോജിപ്പിച്ചുകൊണ്ടും ഇന്ത്യ-യുഎസ് പങ്കാളിത്തത്തിലൂടെയും, അമേരിക്കയുടെ നിർമ്മാണപ്രവർത്തനങ്ങളിൽ ഇന്ത്യൻ മാധ്യമങ്ങൾ നിർണായക പങ്കാണു വഹിക്കുന്നതെന്ന് എയർ ഇന്ത്യയുടെ അമേരിക്ക റീജണൽ മാനേജർ ഭുവന റാവു പറഞ്ഞു.

ഇന്റർഫെയ്ത്ത് ജേർണലായ വൺ വേൾഡ് അണ്ടർ ഗോഡിന്റെ ഏഴു ലക്കങ്ങൾ അടങ്ങിയ, ഗ്ലോബൽ റിലീജിയൻസ് എന്ന പേരിലുള്ള കോഫി ടേബിൾ ബുക്ക് ചടങ്ങിൽ പ്രകാശനം ചെയ്തു. റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ദർശൻ സിങ് ഭഗ്ഗ, കഴിഞ്ഞ വർഷം സ്ഥാപിച്ച ഗ്ലോബൽ ഇന്റർഫെയ്ത്ത് ഫൗണ്ടേഷനാണു പുസ്തകം പുറത്തിറക്കുന്നത്. ദി സൗത്ത് ഏഷ്യൻ ടൈംസ് മാനേജിങ് എഡിറ്ററായ പർവീൺ ചോപ്ര പുസ്തകം എഡിറ്റ് ചെയ്തു.

ആഘോഷങ്ങളോട് അനുബന്ധിച്ച് കേരള കലാരൂപമായ ചെണ്ടമേളം, സുവർ ഭാംഗ്ര ഗ്രൂപ്പ് എന്നിവ ഒരുക്കിയിരുന്നു. മാലിനി നായരുടെ നേതൃത്വത്തിലുള്ള സൗപർണിക ഡാൻസ് അക്കാഡമി നൃത്തരൂപങ്ങൾ അവതരിപ്പിച്ചു.

ഐഎപിസി വൈസ് ചെയർപേഴ്സൺ വിനീത നായർ യോഗത്തിനു തുടക്കംകുറിച്ചശേഷം, ജിനു ആൻ മാത്യു, ആൻഡ്രൂ ജി. സക്കറിയ എന്നിവർ എംസിമാരായി. ദേശീയ സെക്രട്ടറി ബിജു ചാക്കോ നന്ദി പറഞ്ഞു.

ബോബി കുമാർ, ഭുവന റാവു, ഡോ. രാജ് ഭയാനി, ജഗദീഷ് സ്വൈനി, നാഗേന്ദ്ര ഗുപ്ത, ശേഖർ നെലനുത്തല, സുനിൽ ഹാലി, ശരൺജിത് സിങ്, ഡോ. രാജ് ഉപ്പൽ, ലളിത് അറേ, അരവിന്ദ് വോറ, രാജേഷ് ഷാ, സുനിൽ മോദി, റിസ്വാൻ ഖുറേഷി, ഡോ. തോമസ് മാത്യു, തോമസ് കൂവള്ളൂർ, സിബി ഡേവിഡ്, ഗുഞ്ജൻ റസ്‌തോഗി, ബീന കോത്താരി, ബിന സഭാപതി, നിലിമ മദൻ, പിങ്കി ജഗ്ഗി, ദിലീപ് ചൗഹാൻ, രവി ഭൂപ്ലാപുർ, ആൻഡി ഭാട്ടിയ, ശിവ് ദാസ്, അർജെൻ ബത്തേജ, ഡേവ് ശർമ, ഇന്ദു ഗജ്വാനി, രശ്മി സിൻഹ, രൂപം മൈനി, ദേവേന്ദ്ര വോറ, ആനന്ദ് അഹൂജ, ഡോ. എം.എൻ. കൃഷ്ണൻ, ശശികല, ഡോ. ബാല സ്വാമിനാഥൻ, ഡോ. കാശിനാഥൻ, ഗോബിന്ദ് മുഞ്ജാൽ, ഡോ. സയിദ് യൂസഫ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP