Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷിക്കാഗോ സീറോ മലബാർ രൂപതയിൽ കുടുംബവർഷാചരണം; 2015 ഡിസംബർ 25 വരെ കുടുംബവർഷം

ഷിക്കാഗോ സീറോ മലബാർ രൂപതയിൽ കുടുംബവർഷാചരണം; 2015 ഡിസംബർ 25 വരെ കുടുംബവർഷം

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാർ രൂപതയിൽ 2014 ഡിസംബർ 25 മുതൽ 2015 ഡിസംബർ 25 വരെ കുടുംബവർഷമായി രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പ്രഖ്യാപിച്ചു. കുടുംബവർഷാചരണത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും ഡിസംബർ 25-ന് വ്യാഴാഴ്ച വിശുദ്ധ കുർബാനമധ്യേ നടന്നു. രൂപതയിലെ കുടുംബങ്ങളുടെ മാനസീകവും ആത്മീയവുമായ ശാക്തീകരണത്തിന് സഹായകരമാകുന്ന അജപാലന പ്രവർത്തനങ്ങൾക്ക് ഇടവക/മിഷൻ തലങ്ങളിൽ കൂടുതൽ ഏകീകരണവും, പ്രോത്സാഹനവും നൽകുന്നതിനായി സ്ഥാപിതമായിരിക്കുന്ന ഫാമിലി അപ്പോസ്തലേറ്റ് ആയിരിക്കും കുടുംബവർഷാചരണത്തോടനുബന്ധിച്ചുള്ള വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾക്ക് രൂപതാ തലത്തിൽ നേതൃത്വം നൽകുന്നത്.

കുടുംബവർഷാചരണത്തിന്റെ ഔദ്യോഗീക പ്രഖ്യാപനത്തോടനുബന്ധിച്ച് നൽകപ്പട്ട ഇടയലേഖനത്തിൽ അഭിവന്ദ്യ അങ്ങാടിയത്ത് പിതാവ് കുടുംബത്തെ സംബന്ധിക്കുന്ന ദൈവീക പദ്ധതിയെക്കുറിച്ചും, അതിനെതിരായി നിലകൊള്ളുന്ന വെല്ലുവിളികളെക്കുറിച്ചും വിശ്വാസികളെ ഓർമപ്പെടുത്തുന്നു.

ദൈവം മെനഞ്ഞെടുത്ത ഭൂമിയിലെ സ്വർഗ്ഗമാണ് കുടുംബം. ദൈവസാന്നിധ്യം നിറഞ്ഞുനിൽക്കുന്ന പറുദീസ ആയിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദൈവം ആദ്യ കുടുംബത്തിന് രൂപംനൽകിയത്. ദൈവസാന്നിധ്യത്തിന്റെ അടയാളമായ പറുദീസയിൽ ആയിരുന്നുകൊണ്ട് തന്റെ ജീവതത്തിലും ദൗത്യത്തിലും ആദ്യ ദമ്പതികൾ പങ്കുകാരാകണമെന്ന് ദൈവം ആഗ്രഹിച്ചു. ഇതുതന്നെയാണ് ഓരോ കുടുംബത്തേയും സംബന്ധിച്ചുള്ള ദൈവീക പദ്ധതി.

ഏദൻ തോട്ടത്തിൽ ആദിമാതാപിതാക്കന്മാരുടെ സൗഭാഗ്യപൂർണ്ണമായ ജീവിതത്തെ നശിപ്പിച്ച പൈശാചിക ശക്തി, നമ്മുടെ കുടുംബങ്ങളെ ദൈവത്തിൽ നിന്നും അകറ്റാനായി സദാ പരിശ്രമിക്കുന്നു. ദൈവീക സംവിധാനങ്ങൾക്കും, ക്രിസ്തുവിന്റെ തുടർച്ചയായ സഭയുടെ പ്രബോധനങ്ങൾക്കും അനുസരിച്ച് കുടുംബ ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ ഇന്ന് ക്രൈസ്തവ കുടുംബങ്ങൾ കടുത്ത വെല്ലുവിളികളും പരീക്ഷണങ്ങളും നേരിടുന്നു. സത്യത്തിന്റെ വസ്തുനിഷ്ഠതയെ നിരാകരിച്ചുകൊണ്ട്, വ്യക്തിപരമായ അഭിപ്രായങ്ങളെ ആവശ്യാനുസരണം വ്യാഖ്യാനങ്ങൾക്ക് വിധേയമാക്കുന്ന, ആധുനിക മനുഷ്യന്റെ മുഖമുദ്രയായ ആപേക്ഷിക സിദ്ധാന്തത്തിന്റെ അതിപ്രസരണവും, സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലും, രാഷ്ട്രീയ-സാമ്പത്തിക മേഖലകളിലും, സമ്പർക്ക-മാദ്ധ്യമ രംഗങ്ങളിലും കാണുന്ന അപകടകരമായ പ്രവണതകളും കുടുംബ ജീവിതത്തിന് വർദ്ധിച്ച വെല്ലുവിളികളുയർത്തുന്നു. ആപേക്ഷിക സിദ്ധാന്തത്തിന്റെ അതിപ്രസരണം വ്യക്തികളെ സഭയിൽ നിന്നും അകറ്റുന്നതോടൊപ്പം, ധാർമ്മിക അധ:പതനത്തിലേക്കും, ദൈവവും സഹോദരങ്ങളുമായുള്ള ബന്ധങ്ങളുടെ തകർച്ചയിലേക്കും കുടുംബ ബന്ധങ്ങളുടെ ശിഥിലീകരണത്തിലേക്കും നയിക്കുന്നു. മുല്യശോഷണത്തിനും വിശ്വാസ തകർച്ചയ്ക്കും കാരണമാക്കുന്നു.

ആധുനിക ലോകത്ത് കുടുംബങ്ങൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് സഭ തികച്ചും ബോധവതിയാണ് എന്നതിന്റെ വ്യക്തമായ അടയാളമാണ് 'സുവിശേഷവത്കരണത്തിന്റെ പശ്ചാത്തലത്തിൽ കടുംബങ്ങൾ നേരിടുന്ന അജപാലനപരമായ വെല്ലുവിളികൾ' എന്ന വിഷയത്തെക്കുറിച്ച് പഠിക്കാനായി 2014 ഒക്‌ടോബർ 5 മുതൽ 19 വരെ തീയതികളിൽ റോമിൽ വച്ച് നടന്ന മെത്രാന്മാരുടെ സിനഡ്. കുടുംബം നേരിടുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ, കുടുംബങ്ങളുടെ അജപാലന ശുശ്രൂഷയ്ക്ക് മുന്തിയ പരിഗണന നൽകുക എന്നത് സഭയുടെ പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ്. കുടുംബ ജീവിതത്തിന്റെ അജപാലന പരമായ ആവശ്യങ്ങൾ നിറവേറ്റുക എന്നത് ഇടവക സമൂഹത്തിന്റെ മുഖ്യമായ കടമയാണ്. ചാൻസിലർ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് അറിയിച്ചതാണിത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP