Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിഷപ്പ് റൈറ്റ് റവ. ഡോ. ജോർജ് നൈനാന്റെ സംസ്‌കാരം ശനിയാഴ്ച

ബിഷപ്പ് റൈറ്റ് റവ. ഡോ. ജോർജ് നൈനാന്റെ സംസ്‌കാരം  ശനിയാഴ്ച

ജോയിച്ചൻ പുതുക്കുളം

വാലികോട്ടേജ്, ന്യൂയോർക്ക്: അന്തരിച്ച സി.എൻ.ഐ സഭയുടെ മുൻ ബിഷപ്പ് റൈറ്റ് റവ.ഡോ. ജോർജ് നൈനാന്റെ (80) സംസ്‌കാരം  27-നു ശനിയാഴ്ച നടക്കും. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ മുൻ ബിഷപ്പായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം 21-ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്കായിരുന്നു.

സി.എൻ.ഐ നാസിക് ഡയോസിസിന്റെ അധ്യക്ഷനായിരുന്ന തിരുമേനി 1999-ൽ വിരമിച്ചശേഷം വാലി കോട്ടേജിലായിരുന്നു ശിഷ്ടജീവിതം കഴിച്ചുകൂട്ടിയത്. അമേരിക്കൻ മലയാളികളുടെ എല്ലാ ആവശ്യങ്ങൾക്കും മുന്നിട്ടിറങ്ങിയിരുന്ന അദ്ദേഹം വളരെ ലളിതജീവിതമായിരുന്നു നയിച്ചിരുന്നത്.

മുംബൈയിൽ അർബൻ ഇൻഡസ്ട്രിയിൽ ലീഗ് ഫോർ ഡവലപ്‌മെന്റിന്റെ ഡയറക്ടറായും, അർബൻ റൂറൽ മിഷന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായും, ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യയുടെ അസോസിയേറ്റ് ജനറൽ സെക്രട്ടറിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചു.

ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസും മക്കളും ഒഡീഷയിൽ കൊല്ലപ്പെട്ടപ്പോൾ അതിനെതിരെ ശക്തമായ നിലപാടെടുത്ത തിരുമേനിക്കെതിരേ പൊലീസിൽ നിന്നും നിരന്തരമായി ഉപദ്രവങ്ങളുണ്ടായി. എന്നിട്ടും ദൈവത്തിൽ ആശ്രയിച്ച് തന്റെനിലപാടിൽ ഉറച്ചുനിന്നു.

റിട്ടയർമെന്റിനുശേഷം ഒരു വിശ്രമജീവിതം നയിക്കുന്നതിനു പകരം വളരെയേറെ വിശാലമായ ചിന്തകളും പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് പകർന്ന് നോർത്ത് അമേരിക്കയിലുള്ള മലയാളികളുടെ ഉന്നമനത്തിനായി തിരുമേനി അക്ഷീണം പ്രവർത്തിച്ചു.

എക്യൂമെനിസത്തിനുവേണ്ടി അഹോരാത്രം പ്രവർത്തിക്കുന്നതിൽ തിരുമേനി വ്യാപൃതനായിരുന്നു. റോക്ക്‌ലാന്റ് കൗണ്ടിയിലെ മലയാളം സമ്മേളനങ്ങളിൽ തിരുമേനിയുടെ സാന്നിധ്യം ഒഴിച്ചുകൂടാൻ പാടില്ലാത്ത അവസ്ഥയിലേക്കു വന്നു.

1934 ഓഗസ്റ്റ് നാലിനു പരേതരായ അമ്പാട്ട് നൈനാൻ ജോർജ്, മറിയാമ്മ ജോർജ് എന്നിവരുടെ പുത്രനായി കവിയൂരിൽ ജാതനായി. ആലപ്പുഴ എസ്.ഡി. കോളജിൽ നിന്നും ഇക്കണോമിക്‌സിലും പൊളിറ്റിക്കൽ സയൻസിലും ബിരുദം നേടി. സ്റ്റുഡന്റ്‌സ് ക്രിസ്ത്യൻ മൂവ്‌മെന്റിന്റെ സജീവ പ്രവർത്തകനായിരുന്ന സമയത്ത് സി.എസ്.ഐ മധ്യകേരള ഭദ്രാസനത്തിന്റെ കീഴിലുള്ള ക്രിസ്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ആലപ്പിയിൽ ചേരുകയും 1958-ൽ ഒരുവർഷത്തെ പ്രത്യേക പരിശീലനത്തിനായി ജപ്പാനിലേക്ക് പോയി. തിരികെ വന്ന അദ്ദേഹം ഡയോസിസ് യൂത്ത് സെക്രട്ടറിയായി. അതിനുശേഷമാണ് ജബൽപൂർ ലേനാർഡ് തിയോളജിക്കൽ കോളജിൽ നിന്നും ദൈവശാസ്ത്രത്തിൽ ബിരുദമെടുത്തത്.

1964-ൽ ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ വൈദീകനായി. പിന്നീട് 1970-ൽ ഒക്കലഹോമ ഫിലിപ്‌സ് യൂണിവേഴ്‌സിറ്റിയിൽ ഡോക്ടറൽ പഠനത്തിനായി അദ്ദേഹം പത്‌നി റേച്ചലിനൊപ്പം എത്തി. ഭാരതത്തിൽ തിരിച്ചെത്തിയശേഷം വിവിധ ഇടവകകളിൽ സേവനം അനുഷ്ഠിച്ചശേഷം 1994-ൽ നാസിക് ഭദ്രാസനത്തിന്റെ ബിഷപ്പായി അവരോധിക്കപ്പെട്ടു. 2001-ൽ ആംഗ്ലിക്കൻസഭയിൽ പ്രവർത്തിച്ചു. 2006-ൽ ന്യൂയോർക്കിൽ വന്ന തിരുമേനി റോക്ക്‌ലാന്റ് കൗണ്ടിയിലുള്ള വാലികോട്ടേജിലെ ഓൾ സെയിന്റ്‌സ് എപ്പിസ്‌കോപ്പൽ  ചർച്ചിൽ സ്വദേശികളുടെ ആരാധനയ്ക്കും, സി.എസ്.ഐ മലയാളം കോൺഗ്രിഗേഷന്റെ ആരാധനയ്ക്കും നേതൃത്വം നൽകിവന്നു.

ചെങ്ങന്നൂർ കൊച്ചുകളീക്കൽ പരേതരായ റവ. കെ.ജെ. ചാക്കോ-മറിയാമ്മ ദമ്പതികളുടെ പുത്രി റേച്ചൽ നൈനാണ് ബിഷപ്പിന്റെ പത്‌നി. റീന, രാജീവ്, റെനി എന്നിവർ മക്കളും, അമ്പു, ആഷ എന്നിവർ മരുമക്കളുമാണ്. സമന്ത, ഷീന, ഷാനിയ, എത്സ എന്നിവർ കൊച്ചുമക്കൾ.

മോളി മാത്യു (തിരുവല്ല), ഡോ. ലിസു കൊടിയാട്ട് (കാനഡ) എന്നിവർ സഹോദരിമാരാണ്.

തിരുമേനിയുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്നു റേച്ചൽ കൊച്ചമ്മ. അദ്ദേഹവും പത്‌നിയുംകൂടി രൂപംകൊടുത്തതാണ് അഗപ്പെ ഇന്റർനാഷണൽ.  

സഭകളിൽ ആരാധനയ്ക്കു നേതൃത്വം നൽകുന്നതിനു തിരുമേനി നൽകുന്ന പ്രാധാന്യം എടുത്തുപറയേണ്ടതാണ്. 2006 മുതൽ 2010 വരെ വാലികോട്ടേജിലുള്ള ഓൾ സെയിന്റ്‌സ് സി.എസ്.ഐ മലയാളം കോൺഗ്രിഗേഷനിലും, എപ്പിസ്‌കോപ്പൽ ചർച്ചിലും ആരാധനയ്ക്ക് തിരുമേനി നേതൃത്വം നൽകിയിരുന്നു. സെന്റ് ആൻഡ്രൂസ് എപ്പിസ്‌കോപ്പൽ ചർച്ച് ബ്രെൻസ്റ്റർ, സെന്റ് പോൾസ് ക്രെസറക്ഷൻ ന്യൂജേഴ്‌സി തുടങ്ങിയ അമേരിക്കൻ സഭകൾക്ക് നേതൃത്വം നൽകുന്നതിനു തിരുമേനി സമയം കണ്ടെത്തി.

അമേരിക്കയിൽ തിരുമേനി ആരംഭിച്ച 'മീറ്റിങ് പോയിന്റ്' എന്ന ക്രിസ്തീയ മാസികയുടെ ചീഫ് എഡിറ്ററായിരുന്നു. അതോടൊപ്പം തിരുമേനി ആരംഭിച്ച ASIAAC (All Saints Institute for Asian American Concerns) എന്ന പ്രസ്ഥാനം അദ്ദേഹത്തിന്റെ വിശാലമായ കാഴ്ചപ്പാടിന്റെ മകുടോദാഹരണമാണ്. കൗൺസിലിങ്, ആർട്‌സ്, എക്യൂമെനിക്കൽ ക്വയർ, സെമിനാറുകൾ തുടങ്ങി അനേകം പ്രവർത്തനങ്ങൾക്ക് 'ഏഷ്യാക്' വേദിയൊരുക്കുന്നു. അങ്ങനെ വിവിധ തുറകളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം പ്രകടമായിരുന്നു.

തിരുമേനിയുടെ വിയോഗം ലോകമെമ്പാടുമുള്ള മലയാളികൾക്കും ഉത്തരേന്ത്യക്കാർക്കും മാത്രമല്ല നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള  സ്വദേശികൾക്കും ഒരു തീരാനഷ്ടമാണ്. വലിയ ഒരു സുഹൃദ് വലയം തിരുമേനി കാത്തുസൂക്ഷിച്ചിരുന്നു. സരസമായ ഭാഷയിൽ ഒരുപോലെ ഇംഗ്ലിഷിലും മലയാളത്തിലും പ്രസംഗിക്കുന്നതിൽ നിപുണനായിരുന്നു തിരുമേനി. ഏതു വിഷയത്തേയുംകുറിച്ചുള്ള അദ്ദേഹത്തിന്റെ ജ്ഞാനം അപാരമായിരുന്നു.

ജൂൺ 26-ന് ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരേയും വൈകുന്നേരം 6 മുതൽ 9 വരേയും സെന്റ് സ്റ്റീഫൻസ് എപ്പിസ്‌കോപ്പൽ ചർച്ചിൽ (St. Stephens Episcopal Church, 84 Ehrhartd Rd, Pearl River , NY 10965) ഭൗതീകശരീരം പൊതുദർശനത്തിനു വെയ്ക്കുന്നതാണ്. ജൂൺ 27-ന് ശനിയാഴ്ച രാവിലെ 9.30-ന് സെന്റ് സ്റ്റീഫൻസ് ചർച്ചിൽ ശവസംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കുകയും തുടർന്ന് ഉച്ചയ്ക്ക് 12 മണിക്കv St. Johns in the Wilderness, 119 St. Johns Road, Stony Point, NY 10980-ൽ കബറടക്കം നടത്തുന്നതുമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP