Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

സണ്ണി വൈക്ലിഫ് - അനുസ്മരണം

സണ്ണി വൈക്ലിഫ് - അനുസ്മരണം

ബിനോയ് തോമസ്

ജപഗ്നാനം ജോൺ 'സണ്ണി' വൈക്ലിഫ് - ഒട്ടും മലയാളത്തനിമയില്ലാത്ത പേര്. അതും 1941-ൽ കേരളത്തിലെ നെയ്യാറ്റിൻകര എന്ന ഗ്രാമത്തിൽ ജനിച്ച വ്യക്തിക്ക്. അല്പം അതിശയോക്തി തോന്നുന്നതിൽ തെറ്റില്ല. എന്നാൽ കേരളത്തിലെ സെവൻത് -ഡേ- അഡ്വന്റിസ്റ്റുകൾക്കിടയിൽ ഇത്തരത്തിലുള്ള പേരുകൾ അപരിചിതമല്ലായിരുന്നു. സണ്ണിയുടെ മുത്തച്ഛൻ- മുത്തശ്ശിമാരായിരുന്ന ദേവദാസും, ചിന്നമ്മ ഡേവിഡും കേരളത്തിലെ ഒന്നാം തലമുറ അഡ്വന്റിസ്റ്റുകളായിരുന്നു.

സ്പൈസർ കോളജ് ഹൈസ്‌കൂളിൽ പഠനം, യൂണിവേഴ്സിറ്റി കോളജിൽ നിന്നു ബോട്ടണിയിൽ ബിരുദം, 1966-ൽ ഇംഗ്ലീഷ് വിഷയത്തിൽ ബിരുദാനന്തര ബിരുദം, 1962-ൽ കോളജ് പഠന സമയത്ത് പരിചയപ്പെട്ട തേരേസാ സാമുവേലുമായുള്ള വിവാഹം. മഹാരാഷ്ട്രയിലെ ലാസലഗോൺ സെവൻത് ഡേ അഡ്വന്റിസ്റ്റ് സ്‌കൂളിൽ അദ്ധ്യാപകൻ, 1973-ൽ അമേരിക്കയിലേക്ക് കുടിയേറ്റം. ജെയ്സൺ, ജെഫ്, ജീന, ജോയി- നാലുമക്കൾ. ഇതാണ് സണ്ണിയുടെ ഏകദേശ ജീവിതരേഖ.

സണ്ണി എക്കാലത്തും ഉറച്ച ഒരു അഡ്വെന്റിസ്റ്റായിരുന്നു. മേരിലാന്റിലെ സിൽവർ സ്പ്രിംഗിലുള്ള അഡ്വന്റിസ്റ്റ് ചർച്ചിന്റെ ഹെഡ്ക്വാർട്ടേഴ്സിലായിരുന്നു സണ്ണിയുടെ ആദ്യത്തെ ജോലി. 2008-ൽ റിട്ടയർമെന്റ് വരെ അതു തുടർന്നു. ഇരുപത്തിരണ്ടാം വയസ്സിൽ ഇന്ത്യാ ഗവൺമെന്റിൽ നിന്നും നേടിയ പൈലറ്റ് ലൈസൻസ്. വിമാനം പറപ്പിക്കാനുള്ള കമ്പം അമേരിക്കയിലും തുടർന്നു. ഏറെക്കാലം പ്രിൻസ് ജോർജസ് കൗണ്ടിയിലെ സിവിൽ എയർ പെട്രോൾ ടീമിൽ അംഗമായിരുന്നു.

നാലു പതിറ്റാണ്ടുകൾ നീണ്ട അമേരിക്കയിലെ കർമ്മ തപസ്യ വഴി സണ്ണി വൈക്ലിഫ് അമേരിക്കൻ മലയാളികൾക്കിടയിൽ സുപരിചിതമായ പേരായിരുന്നു. വാഷിങ്ടണിലെ ഇന്ത്യൻ സമൂഹത്തിന്റെ നേതൃനിരയിൽ എന്നും നിറസാന്നിധ്യമായിരുന്നു.

തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജിൽ നിന്നും നേടിയ സംഘടനാ വൈദഗ്ധ്യം അമേരിക്കയിലേക്ക് കുടിയേറിയപ്പോൾ സണ്ണിക്ക് മുതൽക്കൂട്ടായി. അഡ്വന്റിസ്റ്റ് ചർച്ചിന്റെ നേതൃസ്ഥാനക്കാരായ മുൻ പ്രസിഡന്റ് നീൽ വിൽസൺ, ഇപ്പോഴത്തെ പ്രസിഡന്റ് റ്റെഡ് വിൽസൺ എന്നിവരായിട്ടുള്ള അടുത്ത ബന്ധവും, തന്റെ സംഘാടക മികവും ഇന്ത്യ അടക്കമുള്ള സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ, അഡ്വന്റിസ്റ്റ് ചർച്ചിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സണ്ണിക്ക് സഹായമായി.

സണ്ണി വൈക്ലിഫിന്റെ പേര് ഫൊക്കാനയ്ക്ക് ഒപ്പം എന്നും തുന്നിച്ചേർത്തിരിക്കുന്ന നാമമാണ്. ഇന്ത്യയുടെ മുൻ പ്രസിഡന്റ് കെ.ആർ. നാരായണൻ വാഷിങ്ടണിൽ അംബാസിഡറായിരിക്കുമ്പോഴാണ് ഫൊക്കാന രൂപംകൊള്ളുന്നത്. അന്നു മുതൽ സണ്ണി വൈക്ലിഫ് ഫൊക്കാനയായിരുന്നു. ഫൊക്കാന സണ്ണി വൈക്ലിഫും, വയലാർ രവി, എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കിടയിലും, അവരുടെ തലമുറക്കാരായ കേരളത്തിലെ മറ്റു രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കൾക്കും ഇന്നും ഫൊക്കാന സണ്ണി വൈക്ലിഫാണ്.

കെ.ആർ. നാരായണന്റെ അന്ത്യം വരെ സണ്ണി മുൻ പ്രസിഡന്റുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഫൊക്കാനയുടെ ഫ്ളാഗ് ഷിപ്പ് പ്രോഗ്രാമറായ 'ഭാഷയ്ക്കൊരു ഡോളർ' പദ്ധതി സണ്ണിയുടെ ആശയത്തിലുദിച്ചതാണ്. ഫൊക്കാന കൺവൻഷനുകളിൽ ഭാഷയ്ക്കൊരു ഡോളറിന്റെ സംഭാവനപ്പെട്ടിയുമായി നടക്കുന്ന സണ്ണിയുടെ രൂപം കൺവൻഷനുകളിൽ പങ്കെടുത്തിട്ടുള്ളവർ മറക്കാനിടയില്ല. ഫൊക്കാന സണ്ണിയുടെ ജീവനായിരുന്നു. സംഘടന രണ്ടായപ്പോഴും മറുവശത്തുള്ളവരുമായും സണ്ണി എന്നും അടുപ്പം പുലർത്തിയിരുന്നു.

നെഹ്റു- ഗാന്ധി കുടുംബത്തിനോടും, ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടും തന്റെ മരണം വരെ സണ്ണി കൂറ് പുലർത്തിയിരുന്നു. സെക്കുലർ ഇന്ത്യയുടെ ഉറച്ച വക്താവായിരുന്നപ്പോഴും ഡൽഹിയിൽ മാറി വന്ന ഗവൺമെന്റുകളുടെ, പാർട്ടി വ്യത്യാസമില്ലാതെ അടുത്തു പ്രവർത്തിച്ചിരുന്നു.

1998-ൽ ബിജെപി ഗവൺമെന്റിന്റെ കാലത്ത് ഇന്ത്യ നടത്തിയ ആണവ പരീക്ഷണത്തെ തുടർന്നു അമേരിക്കയുമായുള്ള ബന്ധം ആടിയുലഞ്ഞപ്പോൾ അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ അണിനിരത്തി, ഇന്ത്യൻ എംബസിയുമായി സഹകരിച്ച് സണ്ണി നടത്തിയ ശ്രമങ്ങൾ ഇവിടെ സ്മരിക്കുന്നു. 2005-ൽ ചർച്ചകൾ തുടങ്ങി 2008-ൽ നിലവിൽ വന്ന യു.എസ്- ഇന്ത്യ ആണവ കരാറിന്റെ പിന്നിലും സണ്ണിയുടെ ശ്രമങ്ങൾ ഉണ്ടായിരുന്നു. ഡെമോക്രാറ്റിക് പാർട്ടിയുമായും, അതിന്റെ നേതൃനിരയിലുള്ളവരുമായും സണ്ണി നിരന്തരം ബന്ധംപുലർത്തിയിരുന്നു. ഫൊക്കാനയ്ക്കു പുറമെ നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷന്റേയും നേതൃത്വത്തിൽ സണ്ണിയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു.

ഇന്ത്യൻ എംബസിയും, സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായും സണ്ണി എന്നും അടുത്ത ബന്ധം പുലർത്തിയിരുന്നു. വിസ, പാസ്പോർട്ട് തുടങ്ങിയ വിഷയങ്ങളിൽ ആർക്കെങ്കിലും വിഷമം ഉണ്ടായാൽ, ഇന്ത്യൻ എംബസിയുമായുള്ള തന്റെ ബന്ധം ഉപയോഗിച്ച് അവരെ സഹായിക്കാൻ സണ്ണി മടികാണിച്ചിരുന്നില്ല.

എനിക്ക് വ്യക്തിപരമായി ഒരു നല്ല സുഹൃത്തിനെയാണ് സണ്ണിയുടെ വിയോഗത്തിലൂടെ നഷ്ടമായത്. ഡോ. പാർത്ഥസാരഥി പിള്ള, സണ്ണി വൈക്ലിഫ് തുടങ്ങിയവരുടെ ചുവടു പിടിച്ചാണ് ഞാൻ സംഘടനാ പ്രവർത്തനങ്ങളിൽ കാലുകുത്തിയത്. ഫൊക്കാന പിളർന്നപ്പോൾ അവർ ഫൊക്കാനയിലും, ഞാൻ ഫോമയിലുമായി. രണ്ട് സംഘടനകളുടെ ഭാഗമായിരുന്നപ്പോഴും സുഹൃദ് ബന്ധത്തിലെ മാന്യതയും, വ്യത്യസ്ത അഭിപ്രായങ്ങളെ ബഹുമാനത്തോടെ കാണാനും ഞങ്ങൾക്ക് കഴിഞ്ഞിരുന്നു.

2014-ൽ ഞാൻ അമേരിക്കൻ സിവിൽ സർവീസിന്റെ ഭാഗമാവുകയും, സംഘടനാ പ്രവർത്തനങ്ങളിൽ നിന്നു അകലം പാലിക്കുകയും ചെയ്തതോടെ, ഞങ്ങൾക്കിടയിലെ കൂടിക്കാഴ്ചകൾ കുറഞ്ഞു. വല്ലപ്പോഴും വാഷിങ്ടണിൽ ഞാനുള്ളപ്പോഴുള്ള ഫോൺ വിളികൾ എന്നാലും നിലച്ചിരുന്നില്ല.

മെയ് 16-നാണ് സണ്ണിക്ക് കാർഡിയാക് അറസ്റ്റുണ്ടാവുകയും, തീവ്രപരിചരണത്തിലാവുകയും ചെയ്തത്. ആഗ്രഹിച്ചിരുന്നെങ്കിലും കോവിഡ് സംബന്ധമായ നിബന്ധനകൾ ഉണ്ടായിരുന്നതിനാൽ പോയി കാണാൻ കഴിഞ്ഞിരുന്നില്ല. മെയ് 30-ന് സണ്ണി നിര്യാതനായപ്പോൾ ഞാൻ ഷിക്കാഗോയിലായിരുന്നു. കോവിഡ് സംബന്ധിച്ച യാത്രാഭീതികൾ വകവെയ്ക്കാതെ ജൂൺ 3-നു ഞാൻ ഷിക്കാഗോയിൽ നിന്നു വാഷിങ്ടണിലെത്തി ജൂൺ 4-നു നടന്ന സംസ്‌കാര ചടങ്ങുകളിൽ പങ്കുകൊള്ളാൻ കഴിഞ്ഞത് ആശ്വാസകരമായി.

സണ്ണിയുടെ സംസ്‌കാര ശുശ്രൂഷകൾ കഴിഞ്ഞ് മടങ്ങുമ്പോൾ ഞാൻ ആലോചിച്ചത് സണ്ണിയെ മറ്റു നേതാക്കളിൽ നിന്നു വ്യത്യസ്തനാക്കുന്നത് എന്തായിരിക്കും എന്നാണ്.

ഇവിടെയാണ് സണ്ണിയുടേയും, എന്റേയും സുഹൃത്തായ മുൻ ഈക്വൽ ഓപ്പർച്യൂണിറ്റി കമ്മീഷണർ ഡോ. ജോയി ചെറിയാൻ ഒരിക്കൽ പറഞ്ഞ കാര്യം ഓർമ്മിച്ചത്. അമേരിക്കൻ മണ്ണിൽ സന്ധ്യയുറങ്ങുമ്പോൾ, കേരളത്തിലാണെന്ന് സ്വപ്നം കാണുകയും, കേരളത്തിലേക്ക് നോക്കി ഉണരുന്നവരുമാണ് നമ്മുടെ ഒട്ടുമിക്ക നേതാക്കളും എന്നാണ്.

സണ്ണിക്ക് കേരളം എന്നും പ്രിയപ്പെട്ടതായിരുന്നു. ഇന്ത്യ അതിപ്രിയപ്പെട്ടതും. എന്നാൽ തന്റെ കർമ്മഭൂമിയും, താൻ ഭാഗമായിരിക്കുകയും ചെയ്തിരിക്കുന്ന രാജ്യത്തോട് അചഞ്ചലമായ കൂറും, ഈ രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും ഇടപഴകി, അമേരിക്കൻ ഇന്ത്യക്കാരനായി, ന്യൂനപക്ഷ സമൂഹത്തിന്റെ ആവശ്യങ്ങൾക്കായും മുന്നിൽ നിന്നു നേതൃത്വം നല്കാൻ എന്നും സണ്ണിയുണ്ടായിരുന്നു. തന്റെ കഴിവും ബന്ധങ്ങളും യു.എസ്- ഇന്ത്യ ബന്ധത്തെ ഊഷ്മളമാക്കാൻ പ്രയത്നിച്ച് വിടവാങ്ങിയ ഒരു വൻ മരമായിരുന്നു സണ്ണി. ഇന്നത്തെ മിക്ക സംഘടനാ നേതാക്കൾക്കും ഇല്ലാത്തതും, ഉണ്ടാകട്ടെ എന്നു ഞാൻ ആഗ്രഹിക്കുന്ന കാഴ്ചപ്പാടും, കഴിവും അതാണ്. ഒരുപക്ഷെ അമേരിക്കൻ മലയാളികൾക്കിടയിലെ 'സണ്ണി ഡേയ്സ്' (Sunny Days) അസ്തമിച്ചപ്പോൾ സണ്ണി തോളത്ത് തട്ടി നമ്മളെ ഓർമ്മിപ്പിക്കുന്നതും ഇതേ കാര്യമായിരിക്കും.

സണ്ണിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP