Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202112Saturday

ഓടിയോടി ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിലേക്ക്; മാരത്തൺ ഓട്ട പ്രേമികളായ സോജനും എബിയും രണ്ടാഴ്ചക്കകം ഷിക്കാഗോയിൽ എത്തുന്നത് പുതിയ ചരിത്രമാകാൻ

ഓടിയോടി ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിലേക്ക്; മാരത്തൺ ഓട്ട പ്രേമികളായ സോജനും എബിയും രണ്ടാഴ്ചക്കകം ഷിക്കാഗോയിൽ എത്തുന്നത് പുതിയ ചരിത്രമാകാൻ

കെ ആർ ഷൈജുമോൻ

ടിയോടി അമേരിക്കയിലേക്ക്. യുകെയിലെ കെന്റിലെ സുഹൃത്തുക്കളായ സോജനും എബിയും ഇപ്പോൾ പുതിയൊരു ചരിത്ര നിർമ്മിതിയുടെ ഭാഗമാകാൻ തയ്യാറെടുക്കുകയാണ്. പാരീസ് മാരത്തോൺ പൂർത്തിയാക്കിയ രണ്ടു സുഹൃത്തുക്കൾ ലോക പ്രശസ്തമായ ഷിക്കാഗോ കൂടി കീഴടക്കുമ്പോൾ അതിൽ നേട്ടത്തിന്റെ വലിയ ദൂരങ്ങൾ കൂടിയാണ് പിന്നിടുന്നത്. ലണ്ടൻ മരത്തോണിനെ അപേക്ഷിച്ചു ഏകദേശം ഇരട്ടി ദൂരമാണ് ഷിക്കാഗോയിൽ പിന്നിടേണ്ടത്. ഏറ്റവും വേഗത്തിൽ 42 കിലോമീറ്റർ ഓടുക എന്ന വെല്ലുവിളിയാണ് കെന്റിലെ ഓട്ടക്കാരും സുഹൃത്തുക്കളുമായ സോജൻ ജോസഫും എബി മാത്യുവും രണ്ടാഴ്ചക്കകം ഏറ്റെടുക്കുന്നത്. സോജൻ മൂന്നു വർഷം മുൻപ് ലണ്ടൻ മരത്തോണും കഴിഞ്ഞ വർഷം ബെർലിൻ മരത്തോണും പൂർത്തിയാക്കിയതിനാൽ അദ്ദേഹത്തിനിപ്പോൾ മാരത്തോൺ ഓടുക എന്നത് അൽപ്പം തമാശ നിറഞ്ഞ കാര്യം കൂടിയാണ്.

സോജനെ കുറിച്ച് അഞ്ചു വർഷം മുൻപ് ബ്രിട്ടീഷ് മലയാളി എഴുതി തുടങ്ങിയ ശേഷം ഇടയ്ക്കിടെ വാർത്തകളിൽ നിറയുന്ന ഈ യുവാവ് കൈപ്പിടിയിൽ ഒതുക്കിയ നേട്ടങ്ങൾക്കു കണക്കില്ല. വർഷങ്ങൾക്കു മുൻപ് ആകസ്മികമായി നേരിടേണ്ടി വന്ന ചില ജീവിത സാഹചര്യങ്ങളിൽ നിന്നും കരുത്തു നേടി തന്റെ ജീവിതം അപ്പാടെ മാറ്റി മറിച്ചു കോട്ടയം ജില്ലയിലെ കൈപ്പുഴക്കാരൻ സോജൻ ലോക മലയാളികൾക്ക് തന്നെ അഭിമാനമായി മാറുന്നത് എന്നതും മറ്റൊരു പ്രത്യേകത. സോജന്റെ നിശ്ചയദാർഢ്യവും ആത്മധൈര്യവും സമൂഹത്തിനു വെളിച്ചം പകരുന്നു എന്ന തിരിച്ചറിവിൽ ബ്രിട്ടീഷ് മലയാളി ക്രോയിഡോൺ അവാർഡ് നൈറ്റിൽ അദ്ദേഹത്തെ വാർത്ത താരമായി പരിഗണിച്ചിരുന്നു. വായനക്കാർ നടത്തിയ വോട്ടെടുപ്പിൽ നിസ്സാര വോട്ടുകൾക്കാണ് അന്നദ്ദേഹത്തെ വാർത്ത താരം പുരസ്‌ക്കാരം കൈവിട്ടത്.

എന്നാൽ സോജനെ സംബന്ധിച്ചടത്തോളം അവിടം കൊണ്ട് അവസാനിപ്പിക്കാൻ ഉള്ളതായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യങ്ങൾ. അത് മാരത്തോൺ ഓട്ടം പോലെ അനന്തമായി നീളുകയാണ്. കഴിഞ്ഞാൽ ലോകത്തിലെ ആറു പ്രശസ്ത മരത്തോണുകളും പൂർത്തിയാക്കണം എന്നതാണ് സോജന്റെ ആഗ്രഹം. അതിനായി ഷിക്കാഗോ മാരത്തോൺ കൂടി കഴിയുമ്പോൾ അദ്ദേഹം പാതി ദൂരം പിന്നിട്ടു കഴിയും എന്നുറപ്പ്. ലണ്ടൻ, പാരീസ്, ബെർലിൻ എന്നിവയ്‌ക്കൊപ്പം ഷിക്കാഗോ കൂടി കൈപ്പിടിയിൽ ആയാൽ പിന്നെ ബാക്കിയുള്ളത് ബോസ്റ്റൺ, ന്യുയോർക്, ടോക്കിയോ മാരത്തോണുകൾ മാത്രമാണ്. സജീവ പ്രചോദനമായി കൂട്ടുകാരൻ എബി മാത്യു കൂടെയുള്ളപ്പോൾ ഒരു തിരിഞ്ഞു നോട്ടം പോലും ഇല്ലാതെ സോജന് ലക്ഷ്യം പൂർത്തിയാക്കാൻ കഴിയും എന്നാണ് സുഹൃത്തുക്കളായ ആഷ്‌ഫോർഡ് മലയാളികൾ പറയുന്നത്.

ആഷ്‌ഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ആയിരുന്ന സോജന്റെ താൽപ്പര്യം മൂലം ഇവിടെ താമസിക്കുന്ന ഒട്ടറെ മലയാളികൾ ഇപ്പോൾ തികഞ്ഞ ഓട്ടക്കാരാണ്. പലർക്കും 40 പിന്നിട്ടതോടെ ആരോഗ്യത്തോടെ ജീവിക്കുക എന്ന ലക്ഷ്യവുമായി സോജൻ നടത്തിയ ആഹ്വനം ഉൾക്കൊണ്ടു ഇവരിൽ പലരും ഓട്ടം ജീവിതചര്യയുടെ ഭാഗമാക്കുകയൂം ഒന്നിലേറെ ദീർഘ ദൂര ഓട്ടങ്ങളിൽ പങ്കാളികളാകുകയും ചെയ്തതും ബ്രിട്ടീഷ് മലയാളിയുടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഒരാൾ ഒറ്റയ്ക്ക് വിചാരിച്ചാലും ഒരു സമൂഹത്തെ തന്നെ മാറി ചിന്തിപ്പിക്കാൻ കഴിയും എന്നതിന് ബ്രിട്ടനിലെ മലയാളികൾക്കിടയിലെ ഏറ്റവും മികച്ച ദൃഷ്ടാന്തം കൂടിയാണ് സോജൻ.

സോജൻ ഓടി തുടങ്ങി നേട്ടങ്ങൾ സ്വന്തമായതോടെയാണ് നിലമ്പൂർ സ്വദേശിയായ എബിയും കൂടെക്കൂടുന്നത്. ഷിക്കാഗോയിലെ തുല്യ ദൂരം തന്നെ ബെർലിനിൽ ഓടിയത് നാലു മണിക്കൂർ 45 മിനിറ്റ് എന്നത് സോജന് കൂടുതൽ ധൈര്യം നൽകുന്ന ഘടകമാണ്. പാരീസും എഡിൻബറോ മാരത്തോണും പൂർത്തിയാക്കിയ അനുഭവ സമ്പത്താണ് എബിയെ ഷിക്കാഗോയിലേക്കു പറക്കാൻ പ്രേരിപ്പിക്കുന്നത്. കാര്യമായ കായിക പരിശീലനം കൂടാതെ വെറും നിശ്ചയദാർഢ്യം മാത്രം കൈമുതലാക്കിയാണ് സോജനും എബിയും ഓടാൻ തുടങ്ങിയത് എന്നത് സമൂഹത്തിനാകെ കരുത്തു നൽകുന്ന കാര്യമാണ്.

വേണമെങ്കിൽ ആർക്കും ആകാം എന്ന സന്ദേശമാണ് ഇതിലൂടെ ഇരു സുഹൃത്തുക്കളും പങ്കു വയ്ക്കുന്നത്. ഏറെ മലയാളികൾ ഉള്ള ഷിക്കാഗോയിൽ ഓടുമ്പോൾ തങ്ങൾ ഒറ്റയ്ക്കല്ല എന്ന ചിന്ത സിരകളിൽ കൂടുതൽ കരുത്തു നിറയ്ക്കുമെന്നു ഇരുവരും കരുതുന്നു. ഷിക്കാഗോ മരത്തോണിന് പിന്തുണ നൽകാൻ ഇത്തവണ അമേരിക്കൻ മലയാളി സമൂഹം കൂടുതൽ ശ്രദ്ധ നൽകാനും ഇരുവരുടെയും സാന്നിധ്യം കാരണമായേക്കും.

ഒരു വാകിങ് ക്ലബ് പോലും പ്രാദേശികമായി രൂപീകരിക്കാൻ പ്രയാസപ്പെടുന്ന യുകെയിലെ മലയാളി സംഘടന പ്രവർത്തകർ സോജനെ പോലുള്ളവർ നടത്തുന്ന നിശബ്ദം വിപ്ലവം കണ്ടു പഠിക്കാൻ തയ്യാറാകുന്നില്ല എന്നതും ശ്രദ്ധ നേടുകയാണ്. തന്റെ പ്രചോദനം വഴി ആഷ്‌ഫോട് മലയാളി അസോസിയേഷൻ പ്രസിഡന്റ് കൂടി ആയിരുന്ന അദേഹം സുഹൃത്തുക്കളെയും കൂട്ടി ഓടാൻ ഇറങ്ങിയപ്പോൾ ഏഴെട്ടു പേർക്ക് കെന്റിലെ മിനി മാരത്തോണിലും ഓടാൻ കഴിഞ്ഞു. ഈ സാമൂഹിക നേട്ടത്തിന് അംഗീകരമായി 2013ലെ വാർത്ത താരമാകാൻ ഉള്ളവരുടെ കൂട്ടത്തിലേക്ക് സോജനും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അടുത്തിടെ പാരീസ് മാരത്തോൺ ഓടി തീർത്ത സോജാൻ ഈ ഓട്ടം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് സമർപ്പിക്കാൻ തയ്യാറായത് അദേഹത്തിന്റെ സാമൂഹിക ഉത്തരവാദിത്വം കൂടി വെളിപ്പെടുത്തുന്നതായി. പാരീസിൽ ബ്രിട്ടീഷ് മലയാളി കഴിഞ്ഞ വിഷുക്കാലത്തു നടത്തിയ അപ്പീലിൽ കുട്ടികളുടെ ചികിത്സാർത്ഥം ഫണ്ട് ശേഖരിക്കുന്നതിന് ലോഗോ അടങ്ങിയ ജേഴ്‌സി അണിഞ്ഞു ഓടണം എന്ന് സോജാൻ ആഗ്രഹിച്ചിരുന്നെങ്കിലും അവസാന നിമിഷം ഉണ്ടായ ക്രമീകരങ്ങളിലെ പാളിച്ച മൂലമാണ് അത് നടക്കാതെ പോയത്. എന്നാൽ ഓട്ടത്തിന് മുൻപ് താൻ ഇത്തവണ ഓടുനത് ബ്രിട്ടീഷ് മലയാളി ചരിറ്റി ഫൗണ്ടേഷന് വേണ്ടിയാണെന്ന് സോഷ്യൽ മീഡിയ വഴി സോജൻ മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നു.

അഞ്ചു വർഷം മുൻപ് പുതു വർഷ ദിനത്തിൽ ധീരമായ ഒരു തീരുമാനം എടുത്താണ് സോജൻ ഓടി തുടങ്ങിയത്. കൂടുതൽ ദൂരത്തേക്കു കൂടുതൽ വേഗത്തിൽ. ഏതായാലും തീരുമാനം വെറുതെ ആയില്ല. തുടർന്ന് രണ്ടു വർഷത്തിനിടയിൽ 5 പ്രധാന ഓട്ട മത്സരങ്ങളിൽ പങ്കാളി ആയി.March 2012 – Ashford &Ditsrict 10 KM race, October 2012 – Ashford Givaundan 10 KM race ,March 2013 – Lydd half marathon 21 KM , October 2013 – Ashford Givaundan 10 KM race, December 2013 – Ashford Brett half marathon 21 KMഎന്നിവയാണ് സോജൻ ഓടിയ പ്രധാന മത്സരങ്ങൾ അടുത്ത മാസം 9 നു നടക്കുന്ന മാരത്തോൺ ഇത് 39 തവണയാണ് എന്നതും പ്രത്യേകതയാണ്.

ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാർക്കു കൂടിയുള്ളതാണ് ഷിക്കാഗോ മാരത്തോൺ. ഏകദേശം 45000 ഓട്ടക്കാർ എത്തുമെങ്കിലും ആറര മണിക്കൂറിനുള്ളിൽ ഓട്ടം പൂർത്തിയാക്കാൻ കഴിയുന്നവർക്ക് മാത്രമാണ് ഫൈനൽ ലിസ്റ്റിൽ ഇടം കിട്ടുക. മികച്ച ഓട്ടക്കാരെയും ചാരിറ്റി പ്രസ്ഥാനങ്ങൾക്ക് വേണ്ടി ഓടുന്നവരെയുമാണ് മുഖ്യമായും തിരഞ്ഞെടുക്കുന്നതും. പാരീസിൽ ഓടാൻ എത്തിയപ്പോൾ സോജൻ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് വേണ്ടി ഓടാൻ തയ്യാറായിരുന്നെകിലും അവസാന നിമിഷം ജേഴ്‌സി തയ്യാറാകാഞ്ഞതിനെ തുടർന്നാണ് ആ അവസരം മറ്റൊരു ചാരിറ്റിക്കായി ഉപയോഗിച്ചത്. ശരാശരി ആറര മണിക്കൂർ സമയം എടുത്താണ് ഷിക്കാഗോ മാരത്തോൺ ഓട്ടക്കാർ പൂർത്തിയാക്കുക. നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ളവർ ഷിക്കാഗോ മാരത്തണിൽ പങ്കാളികൾ ആകുന്നു എന്നതും പ്രത്യേകതയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP