Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

മുസ്ലിം പള്ളികളിൽ അഞ്ചു നേരവും ബാങ്ക് വിളിക്കാനുള്ള ഓർഡിനൻസിന് സിറ്റി കൗൺസിൽ പ്രാഥമിക അനുമതി നൽകി

മുസ്ലിം പള്ളികളിൽ അഞ്ചു നേരവും ബാങ്ക് വിളിക്കാനുള്ള ഓർഡിനൻസിന് സിറ്റി കൗൺസിൽ പ്രാഥമിക അനുമതി നൽകി

മൊയ്തീൻ പുത്തൻചിറ

ന്യൂജെഴ്‌സി: മുസ്ലിം പള്ളികളിൽ അഞ്ചു നേരവും ബാങ്ക് (അദാൻ) വിളിക്കാൻ അനുവദിക്കുന്ന ഓർഡിനൻസിന് പാറ്റേഴ്‌സൺ സിറ്റി കൗൺസിലിൽ നിന്ന് പ്രാഥമിക അനുമതി ലഭിച്ചു.

കൗൺസിലർ ഷാഹിൻ ഖാലിക്ക് അവതരിപ്പിച്ച പുതുക്കിയ ശബ്ദ ഓർഡിനൻസിന് അംഗീകാരം നൽകാൻ കൗൺസിൽ അംഗങ്ങൾ 7-0-2 വോട്ടു ചെയ്തു. ഓർഡിനൻസിൽ ഇങ്ങനെ പറയുന്നു, 'അദാൻ ഉൾപ്പെടെയുള്ള പ്രാർത്ഥനയിലേക്കുള്ള വിളികളെ ശബ്ദ മലിനീകരണ ഓർഡിനൻസിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.' മുമ്പത്തെ ഓർഡിനൻസിൽ രാവിലെ 6 മുതൽ രാത്രി 10 വരെയായിരുന്നു സമയപരിധി. എന്നാൽ പുതുക്കിയ ഓർഡിനൻസിൽ സമയ നിയന്ത്രണം ഉൾപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞയാഴ്ച ഖാലിക്ക് ഈ ഓർഡിനൻസ് അനുമതിക്കായി അവതരിപ്പിച്ചതിനു ശേഷം ഈ നടപടിയെ എതിർത്തുകൊണ്ട് നിരവധി പേരിൽ നിന്ന് ടെലഫോൺ കോളുകളും ഇ-മെയിലുകളും മറ്റു കൗൺസിൽ അംഗങ്ങൾക്ക് ലഭിച്ചിരുന്നുവെന്ന് കൗൺസിൽ പ്രസിഡന്റ് മാരിറ്റ്‌സ ഡാവില പറഞ്ഞു. ഇ-മെയിലുകളുടേയും ടെലഫോൺ കോളുകളുടേയും ഒരു പ്രവാഹം തന്നെയായിരുന്നു എന്നും അവർ പറഞ്ഞു. സോഷ്യൽ മീഡിയകളിലും എതിർപ്പ് രൂക്ഷമായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

പൊതുസമൂഹത്തിൽ ധാരാളം വിവാദങ്ങൾ നടക്കുന്നുണ്ടെന്ന് ഖാലിക് പറഞ്ഞു. ഓർഡിനൻസിനെക്കുറിച്ച് അഭിപ്രായം പറയാൻ കൗൺസിലിന് മുന്നിൽ ഹാജരാകാൻ ജനങ്ങളെ പ്രേരിപ്പിച്ച മേയർ ആൻഡ്രേ സയേഗിനെ ഖാലിക് വിമർശിച്ചു.

എന്നാൽ, മേയർ ഇക്കാര്യത്തിൽ നിഷ്പക്ഷത പ്രകടിപ്പിച്ചു. മെയ് മാസത്തിൽ നടക്കാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി തന്റെ പ്രതിച്ഛായ വളർത്താൻ രണ്ടാം വാർഡ് കൗണിസിലർ ഖാലിക് നടത്തിയ ഗൂഢാലോചനയാണ് ഈ ഓർഡിനൻസ് എന്ന് വിമർശകർ പറയുന്നു. 2010 ൽ മദ്യപിച്ച് വാഹനമോടിച്ചതിന് ന്യൂജേഴ്‌സി സ്റ്റേറ്റ് പൊലീസ് ഖാലികിനെ അറസ്റ്റ് ചെയ്തതായ വിവരം ഈ മാസം ആദ്യം പുറത്തായത് ഖാലികിന് തിരിച്ചടിയായി.

അദാന് നിലവിലുള്ള ഡെസിബെൽ പരിധി പാലിക്കേണ്ടതുണ്ടെന്ന് മുനിസിപ്പൽ അധികൃതർ പറഞ്ഞു. അദാന് 80 ഡെസിബെലിൽ കവിയാൻ പാടില്ലെന്ന് അധികൃതർ പറഞ്ഞു.

ക്ഷേത്രങ്ങൾ, പള്ളികൾ, മോസ്‌ക്കുകൾ എന്നിവയ്ക്കുള്ള ശബ്ദ ഓർഡിനൻസിന് മതപരമായ ഇളവുകൾ ഈ നടപടി നൽകുന്നുണ്ടെന്ന് കൗൺസിൽമാൻ അൽ അബ്ദെലസിസ് പറഞ്ഞു. മതപരമായ സേവനങ്ങൾക്കായി ഉപയോഗിക്കുന്ന 'മണികൾ, മണിനാദം അല്ലെങ്കിൽ സംഗീത ഉപകരണം' എന്നിവയുടെ ശബ്ദം നിജപ്പെടുത്തിയിട്ടുണ്ട്.

ഇത് പ്രാർത്ഥനയിലേക്ക് എല്ലാവർക്കുമുള്ള ഒരു ആഹ്വാനമാണ്. മുസ്ലീങ്ങൾക്ക് മാത്രമുള്ളതല്ല, എല്ലാ മതസ്ഥാപനങ്ങൾക്കും ബാധകമാണെന്ന് അബ്ദെലാസിസ് പറഞ്ഞു.

എല്ലാവർക്കും പ്രാർത്ഥനയിലേക്കുള്ള ആഹ്വാനമാണെങ്കിൽ അതിനെ എതിർക്കുന്നില്ല. പക്ഷെ, ഓർഡിനൻസിലെ 'അദാൻ' എന്ന വാക്ക് ചൂണ്ടിക്കാണിച്ച് കൗൺസിൽ വുമൺ ലിസ മിംസ് സംശയം പ്രകടിപ്പിച്ചു. ഈ നടപടിയെ താൻ എതിർക്കുന്നില്ലെന്നും, നഗരത്തിലെ മുസ്ലിം സമൂഹവുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും അവർ പറഞ്ഞു.

ചില കൗൺസിൽ അംഗങ്ങൾ ഓർഡിനൻസിന്റെ ആവശ്യകതയെ ചോദ്യം ചെയ്തു.

ബ്രോഡ്വേയിലെ മസ്ജിദ് സലാഹുദ്ദീൻ പതിറ്റാണ്ടുകളായി പ്രാർത്ഥനയ്ക്ക് ബാങ്ക് വിളിക്കാറുണ്ടെന്ന് കൗൺസിൽ വുമൻ റൂബി കോട്ടൺ പറഞ്ഞു.

നിയമപാലകരിൽ നിന്നോ മറ്റു അധികൃതരിൽ നിന്നോ അവർക്ക് പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലെങ്കിൽ പിന്നെ നമ്മളെന്തിനാണ് ഇതേക്കുറിച്ച് വേവലാതി പെടുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് റൂബി കോട്ടൺ പറഞ്ഞു. മസ്ജിദ് സലാഹുദ്ദീൻ സ്ഥിതിചെയ്യുന്ന പ്രദേശത്തെയാണ് ഞാൻ പ്രതിനിധീകരിക്കുന്നത്. അദാനെക്കുറിച്ച് അവിടത്തെ താമസക്കാരിൽ നിന്ന് ഒരിക്കലും പരാതി ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

കൗൺസിൽ യോഗത്തിൽ ഏകദേശം രണ്ട് ഡസൻ ആളുകൾ പങ്കെടുത്തു. നിരവധി പേർ ഇതിനെ അനുകൂലിച്ച് സംസാരിച്ചപ്പോൾ ഒരാൾ എതിർത്തു സംസാരിച്ചു.

കൗൺസിൽ അംഗങ്ങളായ അബ്ദെലാസിസ്, കോട്ടൺ, മൈക്കൽ ജാക്‌സൺ, ഖാലിക്ക്, മിംസ്, റിവേര, ഡാവില എന്നിവർ അനുകൂലമായി വോട്ട് ചെയ്തപ്പോൾ മക്കോയിയും വെലസും വിട്ടുനിന്നു.

ഓർഡിനൻസിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാൻ മാർച്ച് 10 ന് സിറ്റി ഹാളിൽ പൊതുയോഗം നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP