Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പെൻസിൽവാനിയയിലെ വാഹനാപകടം; ട്രാക്ടർ ട്രെയിലറുകളും ബസും അടക്കം കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു; 60 പേർക്ക് പരിക്കേറ്റു

പെൻസിൽവാനിയയിലെ വാഹനാപകടം; ട്രാക്ടർ ട്രെയിലറുകളും ബസും അടക്കം കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു; 60 പേർക്ക് പരിക്കേറ്റു

മൊയ്തീൻ പുത്തൻചിറ

പെൻസിൽവാനിയ: ഞായറാഴ്ച പുലർച്ചെ പെൻസിൽവാനിയ ടേൺപൈക്കിൽ രണ്ട് ട്രാക്ടർ ട്രെയിലറുകളും ഒരു ബസും മറ്റു നിരവധി വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പിറ്റ്‌സ്ബർഗിന്റെ കിഴക്ക് ഭാഗത്തെ അല്ലഗനി കൗണ്ടിയുടെ അതിർത്തിയിലുള്ള വെസ്റ്റ്‌മോർലാൻഡ് കൗണ്ടിയിൽ പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. ന്യൂജേഴ്‌സിയിലെ റോക്ക്എവേയിൽ നിന്ന് ഒഹായോയിലെ സിൻസിനാറ്റിയിലേക്ക് പോകുകയായിരുന്നു ബസ്.

എബിസി ന്യൂസ് അഫിലിയേറ്റായ ഡബ്ല്യു.ടി.എ.ഇ ചാനൽ രാവിലെ ട്വിറ്ററിൽ പ്രസിദ്ധീകരിച്ച അപകടം നടന്ന സ്ഥലത്തിന്റെ വീഡിയോയിൽ കുറഞ്ഞത് മൂന്ന് ട്രക്കുകളും ഒരു ബസും കാണാം. ബസ് ഒരു വശത്തേക്ക് മറിഞ്ഞു കിടക്കുന്നതും രണ്ട് ട്രക്കുകളുടെ ക്യാബുകളും അവയുടെ ട്രെയിലറുകളിൽ നിന്ന് വേർപെട്ടു കിടക്കുന്നതും കാണാം.

പെൻസിൽവാനിയ ടേൺപൈക്കിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ കാൾ ഡിഫെബോ അഞ്ച് പേർ മരിച്ചുവെന്ന് സ്ഥിരീകരിച്ചു. അപകടത്തിൽ പരിക്കേറ്റ 60 ഓളം പേരെ പ്രദേശത്തെ മൂന്ന് ആശുപത്രികളിലേക്ക് മാറ്റിയതായി അറിയിച്ചു.

എക്‌സെല ഹെൽത്ത് ഫ്രിക് ഹോസ്പിറ്റൽ, ഫോർബ്‌സ് ഹോസ്പിറ്റൽ, പിറ്റ്‌സ്ബർഗ് മെഡിക്കൽ സെന്ററിന്റെ സ്ഥലങ്ങൾ എന്നിവയാണ് ആ ആശുപത്രികൾ എന്ന് പിറ്റ്‌സ്ബർഗ് പോസ്റ്റ് ഗസറ്റ് റിപ്പോർട്ട് ചെയ്തു. എക്‌സല ഹെൽത്ത് ഫ്രിക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചവരിൽ ഒമ്പത് പേർ പ്രായപൂർത്തിയാകാത്തവരാണെന്ന് പോസ്റ്റ് ഗസറ്റ് പറയുന്നു. രണ്ട് പേരുടെ നില ഗുരുതരമാണെന്നും, എന്നാൽ ബാക്കിയുള്ളവർ അപകടനില തരണം ചെയ്തുവെന്നും ഫോബ്‌സ് ഹോസ്പിറ്റൽ വക്താവ് സ്റ്റെഫാനി വൈറ്റ് പറഞ്ഞു.

അപകടം നടന്ന റോഡിന്റെ മറുവശത്തുകൂടെ കടന്നുപോയ മറ്റൊരു ട്രക്കിന്റെ ഡ്രൈവർ ഏഞ്ചല മെയ്‌നാർഡ് പിറ്റ്‌സ്ബർഗ് ട്രിബ്യൂൺ റിവ്യൂവിനോട് പറഞ്ഞത് അപകടം നടന്ന സ്ഥലത്തെത്തിയപ്പോൾ അധികം വെളിച്ചമൊന്നും കണ്ടില്ല എന്നാൽ ധാരാളം പുക കണ്ടു എന്നാണ്. താനാണ് അത്യാഹിത നമ്പർ 911 വിളിച്ചതെന്നും ആർക്കെങ്കിലും പരിക്കു പറ്റിയോ എന്നറിയാൻ താൻ ട്രക്ക് നിർത്തിയെന്നും തന്റെ സഹഡ്രൈവറോടൊപ്പം സ്ഥലത്തെത്തിയപ്പോൾ അബോധാവസ്ഥയിലായ ഒരാളെ കണ്ടുവെന്നും, പൊലീസും ആംബുലൻസും എത്തുന്നതുവരെ അവിടെ നിന്നുവെന്നും പറഞ്ഞു.

ന്യൂയോർക്ക് സിറ്റിയിൽ നിന്ന് സിൻസിനാറ്റിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ബസ്സിലെ ഒരു യാത്രക്കാരൻ പ്രാദേശിക വാർത്താ സ്റ്റേഷനായ കെഡികെഎയോട് പറഞ്ഞത് ട്രാക്ടർ ട്രെയിലറുകൾ മൂന്ന് തവണ ബസിൽ ഇടിച്ചു എന്നാണ്.

അപകടത്തിന്റെ യഥാർത്ഥ കാരണം ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ ഒന്നും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും, റോഡുകൾ മഞ്ഞുമൂടി കിടക്കുകയായിരുന്നു എന്ന് എഞ്ചല മെയ്‌നാർഡ് പറഞ്ഞു. ഫെഡെക്‌സിന്റെ ഒരു ട്രക്കും യുപിഎസിന്റെ ഒരു ട്രക്കും അപകടത്തിൽ പെട്ടിട്ടുണ്ട്.

'അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു,' ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച ഫെഡെക്‌സിന്റെ പ്രസ്താവനയിൽ പറയുന്നു. ഫെഡെക്‌സ് ഗ്രൗണ്ട് സർവീസിന് സുരക്ഷയേക്കാൾ ഉയർന്ന മുൻഗണനയില്ല, ഇപ്പോൾ ഞങ്ങൾ അന്വേഷണ ഏജൻസികളുമായി സഹകരിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. യുപിഎസ് വക്താവ് ക്രിസ്റ്റൻ പെട്രെല്ലയും സമാന രീതിയിൽ പ്രതികരിച്ചു.

ടേൺപൈക്ക് അപകടത്തെക്കുറിച്ച് അറിഞ്ഞതായും അപകടത്തിൽ പെട്ടവരേയും അവരുടെ കുടുംബങ്ങളേയും പ്രാർത്ഥനയിൽ ഓർക്കുമെന്ന് പെൻസിൽവാനിയ ഗവർണർ ടോം വോൾഫ് ട്വിറ്ററിൽ കുറിച്ചു. കൂടുതൽ ആളുകളുടെ ജീവൻ നഷ്ടപ്പെടുന്നതിൽ നിന്ന് അവരെ രക്ഷിക്കുന്നതിൽ പങ്കുവഹിച്ചതിന് ആദ്യം പ്രതികരിച്ചവരെയും പെൻസിൽവാനിയ സ്റ്റേറ്റ് പൊലീസിനെയും അദ്ദേഹം പ്രശംസിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP