Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഏഴു വര്ഷം പിന്നിട്ടിട്ടും ലക്ഷ്യം പൂർത്തീകരിക്കാനാവാതെ പാട്രിക്ക് മിഷൻ പ്രൊജക്റ്റ്

പി.പി.ചെറിയാൻ

ഡാളസ്: 2020 ജൂൺ 4നു ഏഴു വർഷം പിന്നിട്ടിട്ടും ലക്ഷ്യം പൂർത്തീകരിക്കാനാവാതെ പാട്രിക്ക് മിഷൻ പ്രൊജക്റ്റ് .അകാലത്തിൽ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക്ക് മരുതുംമൂട്ടലിന്റെ സ്മരണ സജീവമായി നിലനിർത്തുന്നതിന് നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ ഭദ്രാസനം പ്രഖ്യാപിച്ച പാട്രിക്ക് മിഷൻ പ്രോജക്റ്റ് ഏഴു വർഷം പിന്നിട്ടിട്ടും പൂർണമായി പൂർത്തീകരികുന്നതിനോ, ലക്ഷ്യപ്രാപ്തിയിലെത്തിക്കുന്നതിനോ സാധിച്ചിട്ടില്ലായെങ്കിലും സഭാ സ്നേഹികളേയും, പ്രത്യേകിച്ചും യുവജനങ്ങളേയും, കുടുംബാംഗങ്ങളേയും മനസ്സിൽ ഇന്നും ഒരു വേദനിക്കുന്ന, ആവേശം പകരുന്ന ഓർമയായി പാട്രിക് നിലനിൽക്കുന്നു.

നോർത്ത് അമേരിക്കാ, യൂറോപ്പ് ഭദ്രാസനം നാറ്റീവ് മിഷന്റെ ആഭിമുഖ്യത്തിൽ ഒക്കലഹോമ ബ്രോക്കൻ ബോയിൽ സംഘടിപ്പിച്ച വെക്കേഷൻ ബൈബിൾ സ്‌കൂളിനുള്ള ക്രമീകരണങ്ങൾക്കായി കൂട്ടുക്കാരുമൊത്ത് കാറിൽ യാത്ര ചെയ്യുന്നതിനിടയിലുണ്ടായ അപകടത്തിലാണ് 2013 ജൂൺ 4 നാണ് പാട്രിക്കിനെ മരണം തട്ടിയെടുത്തത്.2004 ൽ ഉപരിപഠനാർത്ഥം അമേരിക്കയിലെത്തി ഇലക്ട്രിക് എൻജീനിയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ പാട്രിക് ടെക്സസ് ഇൻസ്ട്രുമെന്റിൽ ജോലിയിൽ പ്രവേശിച്ചു അധികം താമസിയാതെയാണ് മരണമടഞ്ഞത്.

മലയാളികളായ ചെറിയാൻ ജെസ്സി ദമ്പതിമാരുടെ ഏക മകനായ പാട്രിക് പഠനത്തിലും സ്പോർട്സിലും ഗിറ്റാർ വായനയിലും അതീവ സമർത്ഥനായിരുന്നു.ക്രൈസ്തവ മൂല്യങ്ങളും, വിശ്വാസങ്ങളും മുറുകെ പിടിക്കുന്നതിൽ ദത്തശ്രദ്ധനായിരുന്നു എന്നു മാത്രമല്ല, ആധുനിക സംസ്‌ക്കാരത്തിന്റെ ദൂഷിത വലയത്തിലകപ്പെട്ടു അന്ധകാര ശക്തികൾക്കു അടിമപ്പെട്ടിരുന്ന നിരവധി യുവജനങ്ങളെ സത്യപ്രകാശത്തിലേക്ക്ു നയിക്കുന്നതിനുള്ള പ്രേരകശക്തി കൂടി ആയിരുന്നു പ്ാട്രിക്ക് മരുതുംമൂട്ടിൽ.

കോളേജ് വിദ്യാഭ്യാസത്തിനിടെ, സീനിയർ ഓറിയന്റേഷൻ ടീം മെന്റർ, യുറ്റി.ഡി. സ്റ്റുഡന്റ് അംബാസിഡർ, ഗോൾഡൻ കി ഹന്നർ സൊസൈറ്റി എന്നീ തലങ്ങളിൽ പ്രവർത്തനനിരതനായിരുന്നു.

ഡാലസ് സെന്റ് പോൾസ് മാർത്തോമാ ഇടവകാംഗമായിരുന്ന പാട്രിക്ക് ഡാലസിലെ മാത്രമല്ല, അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ യുവാക്കളെ സംഘടിപ്പിച്ചു ആത്മീയ നേതൃത്വം നൽകുന്നതിൽ മുൻ പന്തിയിലായിരുന്നു.മാർത്തോമ സഭക്കുവേണ്ടി പാട്രിക് ചെയ്ത സേവനങ്ങളെ മാനിച്ചു ഉചിതമായ സ്മാരകം നിർമ്മിക്കുമെന്നും അതു പാട്രിക് മിഷൻ പ്രോജക്റ്റിന്റെ ഭാഗമായിരിക്കുമെന്നും 2014 ൽ ഭദ്രാസന സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ മെത്രാപ്പൊലീത്തായുടെ സാന്നിധ്യത്തിൽ ഭദ്രാസന എപ്പിസ്‌കോപ്പയാണ് പ്രഖ്യാപിച്ചത്.

പാട്രിക്കിന്റെ ഒന്നാം ചരമ വാർഷികദിനമായ ജൂൺ നാലിന് ഒക്കലഹോമ ബ്രോക്കൻ ബോയിൽ പുതിയ കെട്ടിടത്തിന്റെ കൂദാശ നിർവ്വഹിക്കുന്നതിനുമായിരുന്നുപദ്ധതി തയാറാക്കിയിരുന്നത്.ഇതിന്റെ ചുമതല സൗത്ത് വെസ്റ്റ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. 2,20,000 ഡോളർ ചില വഴിച്ചു രണ്ടു ഘട്ടങ്ങളായി പണിപൂർത്തീകരിക്കാനായിരുന്നു പദ്ധതി.

ഭദ്രാസന എപ്പിസ്‌കോപ്പാ റൈറ്റ് റവ. ഡോ. ഗീവർഗീസ് തെയോഡോഷ്യസിന്റെ കാലാവധി പൂർത്തിയാക്കിയിട്ടും പണി ആരംഭിക്കുവാൻ കഴിയാതിരുന്നത് മൂന്നു വർഷങ്ങൾക്കുശേഷം പുതിയ ഭദ്രാസനാധിപനായി ചുമതലയേറ്റ ഐസക്ക് മാർ ഫിലക്സിനോസ് 2016 ഓഗസ്റ്റ് 13 ന് ഗ്രൗണ്ട് ബ്രേക്കിങ്ങ് സെറിമണിയോടെ ആരംഭിച്ചു. ഈ കെട്ടിടത്തിന്റെ ആദ്യഘട്ടം ഒരു ലക്ഷത്തിലധികം ഡോളർ ചിലവഴിച്ചു പൂർത്തിയാക്കിയതിന്റെ കൂദാശാകർമ്മം 2017 ജൂൺ 8 ന് എപ്പിസ്‌കോപ്പാ നിർവ്വഹിച്ചു. ഇപ്പോൾ മൂന്ന് കൂടി കടന്നു പോയിരിക്കുന്നു.

ഒന്നാം ഘട്ടം പൂർത്തീകരിച്ചിടത്തു തന്നെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഉണ്ടാകുമോ, അതോ പ്രോജക്ടിന്റെ പ്രവർത്തനം ഔദ്യോഗീകമായി അവസാനിപ്പിച്ചുവെന്ന പ്രഖ്യാപനം ഉണ്ടാകുമോ എന്നറിയുന്നതിനു സഭാ ജനങ്ങൾ ആകാംഷയോടെ കാത്തിരിക്കയാണ്. ഭദ്രാസന സഭാ നേതൃത്വം വളരെ പ്രതീക്ഷയോടെ ഏറ്റെടുത്ത പാട്രിക് മിഷൻ പ്രോജക്റ്റ് പോലെ തന്നെ, അറ്റ്‌ലാന്റാ പ്രൊജക്റ്റ്, മെക്‌സിക്കോമിഷൻ ഉൾപെടെ ഭദ്രാസനം ഏറ്റെടുത്ത പല പദ്ധതികൾക്കും പുതിയതായി ഏറ്റെടുക്കുന്ന പ്രൊജെക്ടുകൾകും ഇതേ ഗതി തന്നെ ഉണ്ടാകുമോ എന്ന് ആരെങ്കിലും സംശയിച്ചാൽ അതിൽ ഒട്ടും അതിശയോക്തിയില്ലത്തന്നെ: ബ്രോക്കൻ ബോയിൽ ഇത്രയും തുക ചിലവഴിച്ചു പൂർത്തീകരിച്ച കെട്ടിടം മൂന്ന് വർഷത്തിനുള്ളിൽ എത്ര തവണ ഉപയോഗിക്കേണ്ടി വന്നുവെന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇനി രണ്ടാം ഘട്ട നിർമ്മാണത്തിന് പണം ചിലവഴിക്കുന്നതെന്തിന്നാണെന്നാണ് ദീർഘ വീക്ഷണമുള്ളവർ ഉന്നയിക്കുന്ന ചോദ്യം. എപ്പിസ്‌കോപ്പായും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പറയപ്പെടുന്നു. പദ്ധതിക്കായി ഇനിയും നീക്കി വച്ചിരിക്കുന്ന തുക പ്രോജക്ടിന്റെ ആരംഭത്തിൽ തന്നെ പലരും ചൂണ്ടികാട്ടിയിരുന്നതുപോലെ ഒരു എൻഡോവ്മെന്റ് ഫണ്ടായി മാറ്റി.ഇതിൽ നിന്നും നിർധനരായ വിദ്യാർത്ഥികളുടെ ഉന്നത പഠനത്തിന് സ്‌കോളർഷിപ്പ് ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തിപ്പെടുകയാണ്. എല്ലാ വർഷവും നൽകുന്ന സ്‌കോളർഷിപ്പ് പാട്രിക്കിന്റെ സ്മരണ നിലനിർത്തുമെന്നും അഭിപ്രായം ഉയരുന്നു. ഭദ്രാസന എപ്പിസ്‌കോപ്പാ ഈ ആവശ്യം അനുഭാവപൂർവ്വം പരിഗണിച്ചു ഉചിതമായ തീരുമാനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP