Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

കൊറോണ വൈറസിനെതിരെ പോരാടാൻ മൗണ്ട് സീനായ് ആശുപത്രി സംഭാവന തേടുന്നു

കൊറോണ വൈറസിനെതിരെ പോരാടാൻ മൗണ്ട് സീനായ് ആശുപത്രി സംഭാവന തേടുന്നു

മൊയ്തീൻ പുത്തൻചിറ

ന്യൂയോർക്ക്: കൊവിഡ്-19 രോഗികളെ ശുശ്രൂഷിക്കുന്നതിന് സ്വയം സംരക്ഷണ സാമഗ്രികൾക്കും വെന്റിലേറ്ററുകൾക്കുമായി ന്യൂയോർക്ക് മൗണ്ട് സീനായ് ആശുപത്രി പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു.

സംരക്ഷണ സാമഗ്രികളുടെ ദൗർലഭ്യം മൂലം മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് ബാഗുകളാണ് ഗൗണുകളായി നഴ്‌സുമാർ ഉപയോഗിക്കുന്നത്. ഉപയോഗിച്ച മാസ്‌കുകൾ തന്നെ വീണ്ടും ഉപയോഗിക്കുന്നത് അപകടത്തെ വിളിച്ചുവരുത്തുകയാണെന്നാണ് നഴ്‌സുമാരുടെ ആരോപണം. വെന്റിലേറ്ററുകളുടെ കുറവും ആശുപത്രിയെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കൂടുതൽ വെന്റിലേറ്ററുകളും ഗൗണുകളും മാസ്‌കുകളും വാങ്ങാൻ സംഭാവന ആവശ്യപ്പെട്ടാണ് അടിയന്തര ധനസമാഹരണ യജ്ഞം ആരംഭിച്ചിരിക്കുന്നത്.

കൊവിഡ്-19നെ ചെറുക്കാൻ പരീക്ഷണാത്മക മയക്കുമരുന്ന് ചികിത്സയും ആശുപത്രി പരിഗണിക്കുന്നുണ്ട്. പക്ഷെ, അതിനും പണം വേണമെന്ന് അധികൃതർ പറയുന്നു.

ധനസമാഹരണത്തിനായി മൗണ്ട് സീനായ് ആശുപത്രിയുടെ വെബ്‌സൈറ്റിൽ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന പുതിയ ലിങ്കിൽ ദാതാക്കൾക്ക് 'സംഭാവന തുക' തിരഞ്ഞെടുക്കാൻ സൗകര്യമുണ്ട്. ഒരു വെന്റിലേറ്റർ വാങ്ങുന്നതിന് 1,000 ഡോളർ, കൊറോണ വൈറസ് പ്രതിരോധ പരിശോധനയ്ക്ക് 500 ഡോളർ, 10 പേരടങ്ങുന്ന സ്റ്റാഫ് അംഗങ്ങൾക്ക് ഭക്ഷണത്തിന് 250 ഡോളർ, അഞ്ച് സംരക്ഷണ ഗൗണുകൾക്ക് 100 ഡോളർ, മൂന്ന് ബോക്‌സ് കൈയുറകൾക്ക് 50 ഡോളർ, രണ്ട് ഫെയ്‌സ് ഷീൽഡുകൾക്കും കണ്ണടകൾക്കും 25 ഡോളർ, ഒരു നഴ്‌സിന്റെ ഒരു ഉബർ സവാരിക്ക് 20 ഡോളർ, ആരോഗ്യ പരിപാലന തൊഴിലാളികൾക്ക് ഉച്ചഭക്ഷണം വാങ്ങാൻ 10 ഡോളർ എന്നിങ്ങനെ പോകുന്നു സംഭാവന തുകകൾ.

'കൊറോണ വൈറസ് പാൻഡെമികിന്റെ മുൻനിരയിലാണ് മൗണ്ട് സിനായ് ഹെൽത്ത് സിസ്റ്റം. ഞങ്ങളുടെ ക്ലിനിക്കുകളിൽ ന്യൂയോർക്ക് സിറ്റിയിലെ രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ ഗവേഷകർ പരിശോധനകൾ വികസിപ്പിക്കുകയും വാക്‌സിൻ കണ്ടുപിടിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നു. ഈ വെല്ലുവിളിയെ നേരിടാനുള്ള വൈദഗ്ധ്യവും പ്രതിബദ്ധതയും ഞങ്ങൾക്ക് ഉണ്ട്,' എന്നാണ് വെബ്‌സൈറ്റിലെ സന്ദേശം.

മൗണ്ട് സിനായിയിലെ മിഡ്ടൗൺ വെസ്റ്റ് ആശുപത്രിയിലെ നഴ്‌സുമാർ പ്ലാസ്റ്റിക് ബാഗുകൾ ഗൗണുകളാക്കി ധരിക്കുന്നത് ശ്രദ്ധയിൽ പെട്ടതായി മാർച്ച് 26 ന് പത്രവാർത്തകൾ ഉണ്ടായിരുന്നു. കൊവിഡ്-19 പ്രതിരോധ സാമഗ്രികളുടെ അഭാവമാണ് നഴ്‌സിങ് മാനേജർ കിയസ് കെല്ലിയുടെ മരണത്തിന് കാരണമെന്ന് നേരത്തെ ഉയർന്ന ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു.

വാർത്തകൾ പുറത്തുവന്നതിനു ശേഷം തങ്ങൾക്ക് കൂടുതൽ സാമഗ്രികൾ നൽകിയതായി നഴ്‌സുമാർ കഴിഞ്ഞ ആഴ്ച പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച, അപ്പർ ഈസ്റ്റ് ഭാഗത്തുള്ള മൗണ്ട് സിനായിയുടെ മുൻനിര ആശുപത്രിയിലെ നഴ്‌സുമാരും വ്യക്തിഗത സംരക്ഷണ സാമഗ്രികളുടെ കുറവിനെക്കുറിച്ച് പരാതിപ്പെടാൻ പത്രസമ്മേളനം നടത്തിയിരുന്നു.

അടുത്തിടെ ചൈനയിൽ നിന്ന് അഞ്ച് ടൺ മെഡിക്കൽ സപ്ലൈസ് മൗണ്ട് സീനായ് എത്തിച്ചു. ദേശീയ കോവിഡ് 19 കൺവാലസെന്റ് പ്ലാസ്മ പദ്ധതിയിൽ പങ്കെടുക്കുന്ന രാജ്യവ്യാപകമായി 34 സ്ഥാപനങ്ങളിൽ ഒന്നാണ് മൗണ്ട് സിനായി. ഗുരുതരമായ രോഗികളിൽ വൈറസിനെതിരെ പോരാടാൻ സഹായിക്കുന്ന ആന്റിബോഡികൾ അടങ്ങിയിരിക്കുന്ന, രോഗവിമുക്തരായവരിൽ നിന്ന് ബ്ലഡ് പ്ലാസ്മ ശേഖരിക്കുകയാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP