Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ന്യുയോർക്കിൽ പുതിയ ചരിത്രം: കെവിൻ തോമസ് സ്റ്റേറ്റ് സെനറ്ററായി സത്യപ്രതിജ്ഞ ചെയ്തു

ന്യുയോർക്കിൽ പുതിയ ചരിത്രം: കെവിൻ തോമസ് സ്റ്റേറ്റ് സെനറ്ററായി സത്യപ്രതിജ്ഞ ചെയ്തു

ജോയിച്ചൻ പുതുക്കുളം

ഹെമ്പ്സ്റ്റെഡ്, ന്യൂയോർക്ക്: സ്റ്റേറ്റ് സെനറ്റിലെ മജോറിറ്റി ലീഡർ സെനറ്റർ ആൻഡ്രിയ സ്റ്റുവർട്ട് കസിൻസിന്റെ മുമ്പാകെ കെവിൻ തോമസ് സ്റ്റേറ്റ് സെനറ്ററായി സത്യപ്രതിഞ്ജ ചെയ്താതോടെ ന്യു യോർക്ക് രാഷ്ട്രീയത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ കാലടിപ്പാടുകൾ പതിയുന്നു. പാർട്ടി നേതൃത്വത്തിന്റെ കാര്യമായ പിന്തുണയോ സാമ്പത്തിക സഹായങ്ങളോ ഇല്ലാതിരുന്നിട്ടും റിപ്പബ്ലിക്കൻ കോട്ട എന്നു കരുതിയ ആറാം ഡിസ്ട്രിക്ടിൽ നിന്നു വിജയിച്ച് കയറിയ മുപ്പത്തിമൂന്നുകാരനായ സെന. കെവിന്റെ സത്യപ്രതിജ്ഞയ്ക്ക് ഭാര്യ റിൻസി, ഏഴ് ആഴ്ച മാത്രം പ്രായമുള്ള പുത്രി ലൈലാ റേച്ചൽ തോമസിനെയുമെടുത്ത് പോഡിയത്തിലെത്തി. റിൻസിയുടെ കൈയിലെ ബൈബിളിൽ കൈ വെച്ചു കെവിൻ സത്യവാചകം ഏറ്റു ചൊല്ലി.

കെവിന്റെ പിതാവ് തോമസ് കാനമൂട്ടിൽ, മാതാവ് റേച്ചൽ തോമസ്, റിൻസിയുടെ മാതാവ് സൂസൻ ജോൺ, കെവിന്റെ സഹോദരി ഷൈൻ തോമസ്, മറ്റു കുടുംബാംഗങ്ങളായ റയൻ ജോൺ, റിക്കി ജോൺ, ജൂബി സണ്ണി എന്നിവരും അഭിമാനകരമായ ഈ ചടങ്ങിനു സാക്ഷികളായി.

സ്റ്റേറ്റ് ലഫ് ഗവർണർ കാഠി ഹോക്കൽ, യുഎസ് സെനറ്റർ ചക്ക് ഷൂമർ, നാസാ കൗണ്ടി എക്സിക്യൂട്ടീവ് ലോറാ കുറൻ, സഫോക് കൗണ്ടി എക്സിക്യൂട്ടീവ് സ്റ്റീവ് ബലോൺ, സ്റ്റേറ്റ് ട്രഷറർ തോമസ് ഡി നാപ്പൊളി, ഏഷ്യൻ അമേരിക്കൻ സെനറ്റർ ജോൺ ലൂ തുടങ്ങി ഒട്ടേറെ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ മലയാളികളുടെ സാന്നിധ്യവും ശ്രദ്ധേയമായി. ഏതാനും പഞ്ചാബികളും പങ്കെടുത്തു.

കെവിനും കുടുംബവും അംഗങ്ങളായ മാർത്തോമാ ഭദ്രാസനത്തീന്റെ എപ്പിസ്‌കോപ്പ റവ.ഡോ. ഐസക് മാർ ഫിലക്സിനോസ് അനുഗ്രഹ പ്രാർത്ഥന നടത്തി.

സെനറ്റർ ചക് ഷൂമറുടെ പ്രസംഗം ആവേശമുണർത്തുന്നതായിരുന്നു. നാലു കാരണങ്ങൾകൊണ്ട് ഇത് മഹത്തായ ദിനമാണെന്നദ്ദേഹം പറഞ്ഞു. ആദ്യമായി ഇതു കെവിന്റെ ദിനമാണ്. എളിയ തുടക്കത്തിൽ നിന്നാണ് കെവിൻ ഇവിടെ എത്തിയത്. പത്താം വയസ്സിൽ അമേരിക്കയിലെത്തിയ കെവിൻ ക്വീൻസിലെ ജമൈക്കയിലെ വർക്കിങ് ക്ലാസ് ഏരിയയിലാണ് വളർന്നത്. എങ്കിലും നല്ല കാര്യങ്ങൾക്കുവേണ്ടിയുള്ള ആഗ്രഹം ഉള്ളിൽ നിറഞ്ഞുനിന്നു.

വിദ്യാഭ്യാസത്തിനു ശേഷം ന്യൂയോർക്ക് പൊലീസിൽ സിവിലിയൻ ഓഫീസറായി. തുടർന്ന് സെനറ്റർ പീറ്റർ വാലോന്റെ കീഴിൽ പ്രവർത്തിച്ചു. പിന്നീട് നിയമം പഠിച്ചു. എട്ടുവർഷമായി ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നു. സൗജന്യ നിയമസഹായം നൽകാനും സ്റ്റുഡന്റ്സ് ലോൺ വഴിയുള്ള ചൂഷണത്തിനെതിരേ പോരാടാനും കോവിൻ മുന്നിലുണ്ട്.

കെവിന്റെ കുടുംബത്തിനും മഹത്തായ ദിനമാണ് ഇത്. പൊതുപ്രവർത്തകരുടെ കുടുംബവും ഏറെ ത്യാഗങ്ങൾ സഹിക്കേണ്ടി വരും. പുത്രിയുടെ അഞ്ചാം ജന്മദിനത്തിൽ തനിക്ക് എത്താൻ കഴിഞ്ഞില്ല. പുത്രിക്ക് ഇപ്പോൾ 29 വയസായി. എങ്കിലും ഇപ്പോഴും ആക്കാര്യം അവൾ മറന്നിട്ടില്ല. തനിക്കും ആറാഴ്ച പ്രായമുള്ള പേരക്കുട്ടിയുണ്ട്.

കെവിൻ പ്രതിനിധീകരിക്കുന്ന ആറാം ഡിസ്ട്രിക്ടിനും ഇത് മഹത്തായ ദിനമാണ്. വൈവിധ്യത്തിന്റെ പ്രതിഫലനമാണ് കെവിന്റെ വിജയം. തങ്ങൾക്കുവേണ്ടി ആരെങ്കിലും പോരാടാൻ ജനം ആഗ്രഹിക്കുന്നു. ഇതാ കെവിൻ അതിനു തയാർ.

ഇത് അമേരിക്കയ്ക്കും മഹത്തായ ദിനമാണ്. നാം ഒരു റിപ്പബ്ലിക് സ്ഥാപിച്ചിരിക്കുന്നു. നമുക്കത് കാത്തുസൂക്ഷിക്കാൻ കഴിഞ്ഞാൽ മതിയെന്നാണ് സ്ഥാപക പിതാക്കളിലൊരാളായബഞ്ചമിൻ ഫ്രാങ്ക്ളിൻ പറഞ്ഞത്. അന്ന് വോട്ട് ചെയ്യാൻ അവകാശം വെള്ളക്കാരായ പുരുഷന്മാർക്ക് മാത്രമായിരുന്നു. അവർ പ്രൊട്ടസ്റ്റന്റ് ആയിരിക്കണം. ഭൂസ്വത്ത് ഉള്ളവരായിരിക്കണം. അന്നത്തെ നിയമം വെച്ചു നോക്കുമ്പോൾ തനിക്കു വോട്ട് ചെയ്യാനോ, ഇലക്ഷന് മത്സരിക്കാനോ യോഗ്യതയില്ല.

ഈ ഓഡിറ്റോറിയത്തിലേക്ക് ബൻ ഫ്രാങ്ക്ളിൻ നോക്കിയാൽ അദ്ദേഹം തീർച്ചയായും സന്തോഷം കൊണ്ടു മന്ദഹസിക്കും സെനറ്റർ ഷൂമർ കരഘോഷത്തിനിടയിൽ പറഞ്ഞു.

അവിശ്വസനീയമായ വിജയമാണ് കെവിന്റേതെന്നു സെനറ്റർ ആൻഡ്രിയ സുറ്റുവർട്ട് കസിൻസ് പറഞ്ഞു. ഇലക്ഷനു രണ്ട് നാൾ മുമ്പ് കണ്ടപ്പോൾ തനിക്ക് പ്രചാരണത്തിനു പണം കിട്ടിയാൽ ജയസാധ്യതയുണ്ടെന്നു കെവിൻ പറഞ്ഞു. പണം കിട്ടിയിലാലും രണ്ട് നാളുകൊണ്ട് എന്തു ചെയ്യാനാകുമെന്നു താൻ ചോദിച്ചു

ഫലപ്രഖ്യാപന ദിവസം കെവിന്റെ പേരുപോലും ബോർഡിൽ ഇല്ലായിരുന്നു. എന്നാൽ കെവിൻ മുന്നേറുന്നു എന്നു കണ്ടപ്പോൾ പേര് മുകളിൽ തന്നെ കൊടുക്കാൻ താൻ പറഞ്ഞു. അതിശയകരമായ പ്രചാരണമാണ് കെവിൻ നടത്തയിത്. പാർട്ടി ഒന്നുംകൊടുത്തില്ല എന്നിട്ടും കെവിൻ ജയിച്ചു അവർ പറഞ്ഞു.

സത്യപ്രതിജ്ഞയ്ക്കുശേഷം കെവിൻ നടത്തിയ പ്രസംഗത്തിൽ തന്നിൽ വിശ്വാസമർപ്പിച്ചതിനു ഭാര്യയ്ക്കും കുടുംബത്തിനും നന്ദി പറഞ്ഞു. ഇലക്ഷനു മുമ്പ് വരാതിരുന്നതിനു പുത്രിക്കും നന്ദി പറഞ്ഞു. വോളണ്ടിയർമാരുടെ സേവനം അനുസ്മരിച്ച കെവിൻ ഓരോ വോട്ടും വിലപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടി.

ഇവരുടെയൊക്കെ സേവനം ഒരിക്കലൗം മറക്കില്ല. തന്റെ പ്രവർത്തനകാലത്തെ ഓരോ നിമിഷവും ജനോപകാരപ്രദമായ കാര്യങ്ങൾക്ക് വിനിയോഗിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണ്.

സ്വയം ചരിത്രം സൃഷ്ടിച്ച മജോറിറ്റി ലീഡർ തന്നെ തനിക്ക് തനിക്ക് സത്യവാചകം ചൊല്ലിത്തന്നതിൽ അഭിമാനമുണ്ട്. (ആദ്യമായി മജോറിട്ടി ലീഡറാകുന്ന ആഫ്രിക്കൻ അമേരിക്കൻ.) ന്യു യോർക്കിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ സെനറ്ററാണ് താൻ. എല്ലാ തിരക്കും കഴിയുമ്പോൾ തന്റെ പ്രവർത്തനം വച്ചാണ് ജനംതന്നെ വിലയിരുത്തുന്നതെന്നറിയാം.

തനിക്ക് മുമ്പ് പലരും നടത്തിയ പ്രവർത്തനങ്ങളാണ് തനിക്ക് വിജയം കൊണ്ടുവന്നത്. അവർ വൈവിധ്യത്തിൽ വിശ്വസിച്ചു. വൈവിധ്യം മികച്ച ഭരണം കൊണ്ടു വരുമെന്നു കരുതി.

നല്ല സ്‌കൂളോ, മികച്ച റോഡോ,വെള്ളമോ ഒന്നും പാർട്ടി അടിസ്ഥാനത്തിൽ ചിന്തിക്കേണ്ട കാര്യമല്ല. താൻ എല്ലാവരുടേയും സെനറ്ററായിരിക്കും. പാർട്ടി അടിസ്ഥാനത്തിലല്ലാതെലോംഗ്ഐലന്റിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ താനുണ്ടാവും. മികച്ച സ്‌കൂൾ, നല്ല വെള്ളം, ആവശ്യത്തിനുപാർപ്പിടം തുടങ്ങിയവയ്ക്കൊക്കെ വേണ്ടി താൻ മുന്നിട്ടിറങ്ങും ഇവയാണ് സുരക്ഷിതമായ സമൂഹത്തിന്റെ അടിത്തറ.

കൺസ്യൂമർ അഫയേഴ്സ് കമ്മിറ്റി ചെയർ എന്ന നിലയിൽ 20 മില്യൻ ജനതയെ ചൂഷണങ്ങളിൽ നിന്നു രക്ഷിക്കാനുള്ള ചുമതലയും തനിക്കുണ്ട്. കമ്പനികൾ വ്യക്തിപരമായ വിവരങ്ങൾ നിങ്ങളുടെ സമ്മതം കൂടാതെ മറ്റുള്ളവർക്ക് നൽകുന്നത് തടയുന്ന ബിൽ താൻ അവതരിപ്പിക്കുംകെവിൻ പറഞ്ഞു.

മറ്റു രാഷ്ട്രീയക്കാരെപ്പോലയല്ല കെവിൻ എന്നും പള്ളിയിൽ വന്നാൽ തങ്ങളോടൊപ്പം സർവീസിൽ പങ്കെടുക്കുമെന്നും ലെയ്ക്ക് വ്യൂവിലെ സെന്റ് മാത്യു എ.എം.ഇ. സയൻ ചർച്ചിലെ പാസ്റ്റർ ക്രിസ്റ്റഫർ ജെ. ബ്രൗൺ പറഞ്ഞു. അദ്ദേഹവും ഈസ്റ്റ് മേഡോയിലെ ലോംഗ് ഐലൻഡ് മുസ്ലിം സൊസൈറ്റിയിലെ ബംഗ്ലാദേശിയായ ഇമാം ഹഫീസ് അഹമ്മദുള്ള കമാലും സമാപനാ പ്രാർത്ഥന നടത്തി.

ഡ്രം ബീറ്റ്സ് ഓഫ് ലോംഗ് ഐലണ്ടിന്റെ ചെണ്ടമേളം ഹ്രുദയഹാരിയായി. മുഖ്യധാരയിൽ നിന്നുള്ളവർ ഈ അപൂർവ കലാവിരുന്ന് ക്യാമറയിൽ ഒപ്പിയെടുത്തു. റിയ അലക്സാണ്ടർ ദേശീയ ഗാനം ആലപിച്ചു.

കെവിന്റെ സ്ഥാനലബ്ദി അഭിമാനകരമാണെന്നു ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്‌കോപ്പ പറഞ്ഞു.

പ്രത്യേകിച്ച് രാഷ്ട്രീയ പാരമ്പര്യമൊന്നും ഇല്ലെന്നു കെവിന്റെ പിതാവ് റാന്നി സ്വദേശിയായ തോമസ് കാനമൂട്ടിൽ പറഞ്ഞു.

ചടങ്ങിൽ ഡപ്യൂട്ടി കോൺസൽ ജനറൽ ശത്രുഘൻ സിൻഹ, കോൺസൽ ദേവദാസൻ നായർ,പോൾ കറുകപ്പള്ളി, ഫിലിപ്പോസ് ഫിലിപ്പ്, ലീല മാരേട്ട്, കോശി ഉമ്മൻ, ബിജു കൊട്ടാരക്കര,തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP