Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രൊവാർഡ് കൗണ്ടി ഹ്യൂമൻ റൈറ്റ്സ് ബോർഡിൽ മലയാളി സാന്നിധ്യം; പാലാ ഭരണങ്ങാനം സ്വദേശിയായ ജോയി കുറ്റിയാനിയെ തിരഞ്ഞെടുത്തത് റിയൽ എസ്റ്റേറ്റ് ഇൻഡസ്ട്രിയുടെ പ്രതിനിധിയായി

ബ്രൊവാർഡ് കൗണ്ടി ഹ്യൂമൻ റൈറ്റ്സ് ബോർഡിൽ മലയാളി സാന്നിധ്യം; പാലാ ഭരണങ്ങാനം സ്വദേശിയായ ജോയി കുറ്റിയാനിയെ തിരഞ്ഞെടുത്തത്  റിയൽ എസ്റ്റേറ്റ് ഇൻഡസ്ട്രിയുടെ പ്രതിനിധിയായി

ഫ്ളോറിഡ: അമേരിക്കൻ മലയാളി സംഘാടക രംഗത്ത് തിളക്കമാർന്ന സംഭാവനകൾ നല്കിയ ജോയി കുറ്റിയാനിയെ തേടി മറ്റൊരു അംഗീകാരം കൂടി.ബ്രോവാർഡ് കൗണ്ടി ഹ്യൂമൻ റൈറ്റ്സ് ബോർഡിലേക്ക് നവംബർ 15-ാം തീയതിയാണ് കൗണ്ടി മേയർ മാർട്ടിൻ കെർ ജോയി കുറ്റിയാനിയെ നിയമിച്ചത്. ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ നിന്ന് ഇദംപ്രഥമമായി കൗണ്ടി അഡൈ്വസറി ബോർഡിലേക്ക് നടത്തിയ ഈ നിയമനം ഇന്ത്യൻ സമൂഹത്തിന് നല്കിയ ഒരു അംഗീകാരം കൂടിയാണ്.

രണ്ടു മില്യനടുത്ത് ജനസംഖ്യയുള്ള ബ്രോവാർഡ് കൗണ്ടിയിലെ ജനങ്ങളുടെ പൗരാവകാശവും, നീതിയും സംതുലനമാക്കുന്നതിനും; ജാതി, മത, വർഗ്ഗ, വർണ്ണ, ലിംഗ, വംശീയ വിവേചനങ്ങൾ തടയുന്നതിനും, ചൂഷണ വിധേയരായ പൗരന്റെ നിയമാവകാശങ്ങൾ പരിരക്ഷിക്കുന്നതിനുമായി ഭരണഘടനാ പ്രകാരം സ്ഥാപിതമാണ് ഹ്യൂമൻ റൈറ്റ്സ് ബോർഡ്. ഒരു ഉപദേശക സമിതി എന്നതിലുപരി അർദ്ധ ജുഡീഷ്യൽ അധികാരം കൂടി ഈ ബോർഡിൽ നിക്ഷ്പിതമാണ്. അതിനാൽ വിവേചനം സംബന്ധിച്ചുള്ള ഏതു തരത്തിലുള്ള പരാതികൾ സ്വീകരിക്കുന്നതിനും, തുടർനടപടികൾ കൈക്കൊള്ളുന്നതിനും ഈ ബോർഡിനധികാരമുണ്ട്.

ബ്രോവാർഡ് കൗണ്ടി കമ്മീഷണർമാർ നിയമിക്കുന്ന ഈ ബോർഡിൽ പതിനെട്ട് അംഗങ്ങളാണുള്ളത്. ഈ കമ്മിറ്റിയിൽ സമൂഹത്തിലെ വിവിധ തൊഴിൽ മേഖലയിൽ നിന്നുള്ള അംഗങ്ങൾ ഉണ്ടായിരിക്കും. ഫ്ളോറിഡ ബാറിൽ നിന്നുള്ള ഒരു അറ്റോർണിയും; ബിസിനസ് കമ്മ്യൂണിറ്റി, റിയൽ എസ്റ്റേറ്റ് ഇൻഡസ്ട്രി, ചെറുകിട വ്യവസായ ഉടമകൾ, ബാങ്കിങ് ഇൻഡസ്ട്രി എന്നീ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ, മുനിസിപ്പൽ ഗവൺമെന്റ് പ്രതിനിധി, തൊഴിലാളി ഓർഗ്ഗനൈസേഷൻ പ്രതിനിധി, നോൺ പ്രോഫിറ്റ് സിവിൽ ഓർഗനൈസേഷൻ പ്രതിനിധി, 60 വയസ്സിനുമുകളിലുള്ള സീനിയർ സിറ്റിസൺസിന്റെ പ്രതിനിധി എന്നിവർ മിനിമം ഈ ബോർഡിൽ ഉണ്ടാകണം. റിയൽ എസ്റ്റേറ്റ് ഇൻഡസ്ട്രിയുടെ പ്രതിനിധിയായിട്ടാണ് കുറ്റിയാനിയെ കൗണ്ടി മേയർ ഈ ബോർഡിലേക്ക് നിയമിച്ചിരിക്കുന്നത്.

ഫ്ളോറിഡ സെന്റ് തോമസ് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിലും, അറ്റ്ലാന്റിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്‌മിനിസ്ട്രേഷനിലും, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിലും മാസ്റ്റർ ബിരുദധാരിയായ ജോയി ബ്രോവാർഡ് കൗണ്ടി ക്ലർക്ക് ഓഫ് സർക്യൂട്ട് ആൻഡ് കൗണ്ടി കോർട്ടിന്റെ ഹ്യൂമൻ റിസോർസ് ഡിപ്പാർട്ട്മെന്റിൽ ട്രെയിനിങ് കോഓർഡിനേറ്ററായി ജോലി ചെയ്യുന്നു.

2012ൽ കേരളസമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ ഇന്ത്യൻ അമേരിക്കൻ കമ്യൂണിറ്റിയെ ഒരുമിച്ചു ചേർത്ത് ഡേവി നഗരസഭയുടെ ഫാൽക്കൺ ലീയാ പാർക്കിൽ അമേരിക്കയിലെ ഏറ്റവും വലിയ ഗാന്ധിസ്‌ക്വയർ നിർമ്മിക്കുന്നതിനു കുറ്റിയാനി നേതൃത്വം നൽകി. മുൻ പ്രസിഡന്റ് ഡോ. എ.പി.ജെ അബ്ദുൾ കലാം ആണ് പ്രസ്തുത പാർക്ക് ഉദ്ഘാടനം ചെയ്ത് രാഷ്ട്രത്തിനു സമർപ്പിച്ചത്. മഹത്തായ പദ്ധതിക്ക് ഇദ്ദേഹത്തിന്റെ സേവനം പ്രശംസനീയമായിരുന്നു. കേരള സമാജത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിൽ കടമക്കുടി ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് എഴുപത്തഞ്ച് കുടുംബങ്ങൾക്ക് വീടു നിർമ്മിച്ചു നല്കിയ ബൃഹദ് പദ്ധതിയുടെ ചീഫ് കോർഡിനേറ്ററുമായിരുന്നു ജോയി . അതിനു പുറമെ നിരവധി സാമൂഹ്യപ്രതിബദ്ധതയുള്ള പരിപാടികൾക്കും നേതൃത്വം കൊടുത്തിട്ടുണ്ട്.

അഞ്ചാമത് ഫോമ കൺവൻഷന്റെ (മയാമി) നാഷണൽ കോഓർഡിനേറ്റർ, സീറോ മലബാർ കാത്തലിക് കോൺഗ്രസ് (എസ്.എം.സി.സി) ഫ്ളോറിഡ ചാപ്റ്റർ പ്രസിഡന്റ്, നാഷണൽ വൈസ് പ്രസിഡന്റ്, ഇന്ത്യ പ്രസ് ക്ലബ് നാഷണൽ ജോയിന്റ് ട്രഷറർ, ജീവകാരൂണ്യ സംഘടനയായ അമല (അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലവ് ആൻഡ് ആക്സപ്റ്റൻസ്) യുടെ സ്ഥാപക പ്രസിഡന്റ,് ഡേവി നഗരസഭയുടെ പാർക്ക് ആൻഡ് റിക്രിയേഷൻ അഡൈ്വസറി ബോർഡ് മെംബർ തുടങ്ങി നിരവധി തുറകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഫ്ളോറിഡായിലെ പ്രശസ്തമായ കെയ്സർ യൂണിവേഴ്സിറ്റിയുടെ അക്കാഡമിക് അഡൈ്വസ്മെന്റ് കൗൺസിൽ മെംബറായി സേവനം അനുഷ്ഠിക്കുന്നു.

ഫ്ളോറിഡ സംസ്ഥാന തിരഞ്ഞെടുപ്പിലും കൗണ്ടി, സ്‌കൂൾ ബോർഡ്, വിവിധ നഗരസഭാ സ്ഥാനാർത്ഥികളുടെ ഇലക്ഷൻ പ്രചരണത്തിനും സൗത്ത് ഫ്ളോറിഡയിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയെ സജീവമാക്കുന്നതിന് നേതൃത്വം കൊടുത്തു വരുന്നു.ടൗൺ ഓഫ് ഡേവിയിൽ ഭാര്യ അലീഷ കുറ്റിയാനി, മകൾ തങ്കം എന്നിവർക്കൊപ്പം താമസിക്കുന്ന ജോയി പാലാ ഭരണങ്ങാനം സ്വദേശിയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP