Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

ഭാര്യയുടെ കൊലപാതകത്തിൽ എഫ്ബിഐയുടെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിൽ ഇന്ത്യാക്കാരനും

ഭാര്യയുടെ കൊലപാതകത്തിൽ എഫ്ബിഐയുടെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിൽ ഇന്ത്യാക്കാരനും

മൊയ്തീൻ പുത്തൻചിറ

ന്യൂയോർക്ക്: 2015-ൽ മെരിലാൻഡിലെ ഡങ്കിൻ ഡോണട്ട്‌സിൽ വെച്ച് ഭാര്യ പലക് പട്ടേലിനെ കൊലപ്പെടുത്തിയ കേസിൽ എഫ്ബിഐ അന്വേഷിക്കുന്ന 29 കാരനായ ഭദ്രേഷ്‌കുമാർ പട്ടേൽ ഇപ്പോഴും എഫ്ബിഐയുടെ പത്ത് പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിൽ തുടരുന്നു.

ഇന്ത്യയിലെ ഗുജറാത്ത് സ്വദേശിയായ ഭദ്രേഷ്‌കുമാർ ചേതൻ ഭായ് പട്ടേൽ 21 കാരിയായ ഭാര്യയോടൊപ്പം യുഎസിൽ യാത്ര ചെയ്യുകയായിരുന്നു. കൊലപാതകം നടക്കുമ്പോൾ ഇരുവരും മെരിലാൻഡിലെ ഹാനോവറിലുള്ള പട്ടേലിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഒരു ഡോണട്ട് ഷോപ്പിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് എഫ്ബിഐ റിപ്പോർട്ട് ചെയ്യുന്നു.

2015 ഏപ്രിൽ 12 അർദ്ധരാത്രിക്ക് തൊട്ടുമുമ്പ്, ഉപഭോക്താക്കൾ കടയുടെ മുൻപിൽ നിൽക്കുമ്പോഴാണ് പട്ടേൽ തന്റെ ഭാര്യ പാലക് പട്ടേലിനെ കടയുടെ പിൻഭാഗത്ത് വെച്ച് പലതവണ കുത്തി കൊലപ്പെടുത്തിയത്.

പലക് പട്ടേൽ ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. പലകിന്റെ വിസാ കാലാവധി ഒരു മാസം മുൻപ് കാലഹരണപ്പെട്ടതായിരുന്നു കാരണം. എന്നാൽ ഭർത്താവ് ഭദ്രേഷ്‌കുമാർ ഈ ആശയത്തിന് എതിരായിരുന്നു.

'അവൾ ഇന്ത്യയിലേക്ക് തിരിച്ചുപോകാൻ അവൻ ആഗ്രഹിച്ചിരുന്നില്ല. അങ്ങനെ ചെയ്താൽ അവൻ അപമാനിക്കപ്പെടുമെന്ന് കരുതിയിരിക്കാം,' എഫ്ബിഐയുടെ ബാൾട്ടിമോർ ഡിവിഷനിൽ നിന്ന് കേസ് അന്വേഷിക്കുന്ന സ്‌പെഷ്യൽ ഏജന്റ് ജോനാഥൻ ഷാഫർ നേരത്തെ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു.

ഉദ്ദേശ്യം വ്യക്തമല്ലെങ്കിലും, പട്ടേൽ കൊലപാതകം ആസൂത്രണം ചെയ്തിരുന്നോ എന്നറിയാൻ ഒരു മാർഗവുമില്ലെങ്കിലും, കുറ്റകൃത്യത്തിന് ശേഷം അയാളുടെ പ്രവർത്തനങ്ങൾ കണ്ടിട്ട് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാനും പ്രദേശത്ത് നിന്ന് പലായനം ചെയ്യാനും അയാൾ മുൻകൂട്ടി പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളതായി തോന്നുന്നുണ്ട് എന്ന് ഷാഫർ അഭിപ്രായപ്പെട്ടു.

കൊലപാതകത്തിന് ശേഷം, കടയിൽ പ്രവേശിച്ച ഒരു ഉപഭോക്താവിന് തന്റെ ഓർഡർ എടുക്കാൻ ആരും വരാത്തത് കണ്ടപ്പോൾ എന്തോ പന്തികേടു തോന്നി സമീപത്തെ ആൻ അരുൺഡെൽ കൗണ്ടി പൊലീസ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥനെ വിവരം അറിയിച്ചതനുസരിച്ച് പൊലീസിന്റെ അന്വേഷണത്തിലാണ് സ്ഥാപനത്തിന്റെ പുറകുവശത്ത് പലകിന്റെ മൃതദേഹം കണ്ടെത്തിയത്. 'വളരെ ക്രൂരവും ഭയാനകവുമാണ് അയാൾ ആ യുവതിയോട് ചെയ്തത്' ഷാഫർ പറഞ്ഞു.

പട്ടേൽ ഒളിച്ചോടി പോകാൻ സാധ്യതയുള്ള ആൾ ആണെന്ന് മനസ്സിലാക്കിയ ലോക്കൽ പൊലീസ് എഫ്ബിഐയുടെ സഹായം അഭ്യർത്ഥിച്ചിരുന്നു. അതനുസരിച്ച് കൊലപാതകം കഴിഞ്ഞ് ദിവസങ്ങൾക്കുശേഷം പട്ടേലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ഭാര്യയുടെ കൊലപാതകക്കുറ്റവും ചുമത്തിയിട്ടുണ്ട്.

പട്ടേൽ അമേരിക്കയിൽ തന്നെ പലയിടങ്ങളിലുമുള്ള ബന്ധുക്കളോടൊപ്പമുണ്ടാകാം അല്ലെങ്കിൽ കാനഡയിലേക്ക് കടന്നുകളഞ്ഞതാകാനും സാധ്യതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. അതുമല്ലെങ്കിൽ കാനഡയിലൂടെ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടതാകാനുമുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ഏതായാലും ഞങ്ങളുടെ അന്വേഷണം എല്ലാ വഴിക്കും നീങ്ങുന്നുണ്ട്,' ഷാഫർ പറഞ്ഞു.

പട്ടേലിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം ഡോളർ പ്രതിഫലമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പട്ടേലിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയുകയോ അല്ലെങ്കിൽ ഇതിനകം എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, അവർ മുന്നോട്ട് വരാൻ വിമുഖത കാണിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ഈ തുക പ്രോത്സാഹിപ്പിക്കപ്പെടും,' അദ്ദേഹം പറഞ്ഞു.

സായുധനും അപകടകാരിയുമായി കണക്കാക്കേണ്ട പട്ടേലിനെക്കുറിച്ച് നിങ്ങൾക്ക് അറിയാമെങ്കിൽ ആ വിവരം നിങ്ങളുടെ പ്രാദേശിക എഫ്ബിഐ ഓഫീസിലോ അടുത്തുള്ള യുഎസ് എംബസിയിലോ കോൺസുലേറ്റിലോ അറിയിക്കണം. അതുമല്ലെങ്കിൽ എഫ്ബിഎയെുടെ വെബ്‌സൈറ്റിൽ ഒരു സൂചന നൽകിയാലും മതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP