Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ന്യൂയോർക്കിൽ യഹൂദർക്കെതിരെ ആക്രമണം; അഞ്ചു പേർക്ക് പരിക്കേറ്റു

ന്യൂയോർക്കിൽ യഹൂദർക്കെതിരെ ആക്രമണം; അഞ്ചു പേർക്ക് പരിക്കേറ്റു

മൊയ്തീൻ പുത്തൻചിറ

റോക്ക്ലാന്റ് (ന്യൂയോർക്ക്): യഹൂദ വംശജരുടെ മതാഘോഷമായ 'ഹനുക്ക' ആഘോഷത്തിനിടെ അക്രമിയുടെ കുത്തേറ്റ് അഞ്ച് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി ന്യൂയോർക്കിലെ റോക്ക്ലാന്റ് കൗണ്ടിയിൽ മോൺസി പട്ടണത്തിലാണ് സംഭവം നടന്നത്.

ശനിയാഴ്ച രാത്രി തിങ്ങിനിറഞ്ഞ ആഘോഷത്തിനിടെയാണ് മോൺസിയിലെ റബ്ബിയുടെ ബേസ്‌മെന്റ് സിനഗോഗിൽ കത്തി ഉപയോഗിച്ച് ആക്രമണകാരി നാല് പേരെ കുത്തിയതെന്ന് മോൺസി പൊലീസ് അറിയിച്ചു.

അക്രമത്തിനു ശേഷം ജോർജ്ജ് വാഷിങ്ടൺ ബ്രിഡ്ജിന് മുകളിലൂടെ ന്യൂയോർക്ക് സിറ്റിയിലേക്ക് 2015 നിസ്സാൻ സെൻട്ര കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി 38-കാരൻ തോമസ് ഗ്രാഫ്റ്റനെ 144ാം സ്ട്രീറ്റിനും ഹാർലെമിലെ സെവൻത് അവന്യൂവിനുമിടയ്ക്ക് വെച്ച് അർദ്ധരാത്രിയിൽ ന്യൂയോർക്ക് പൊലീസ് അറസ്റ്റ് ചെയ്തു.

കേസ് അന്വേഷിക്കുന്ന സ്റ്റേറ്റ് പൊലീസ് ഞായറാഴ്ച പുലർച്ചെ 4 മണിയോടെ പ്രതിയെ റോക്ക്ലാന്റ് കൗണ്ടിയിലേക്ക് കൊണ്ടുപോയി.ആക്രമണത്തിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ ഒരാൾ മോൺസിയിലെ ബേസ്‌മെന്റ് സിനഗോഗിലേക്ക് കത്തിയുമായി വന്ന് അവിടെ കൂടിയിരുന്നവരെ ആക്രമിക്കാൻ തുടങ്ങിയെന്ന് 65-കാരനായ ആരൺ കോഹൻ മാധ്യമങ്ങളോട് പറഞ്ഞു.

'അയാൾ കത്തി വീശി ജനങ്ങൾക്കരികിലേക്ക് ഓടുന്നത് കണ്ടപ്പോൾ ഭ്രാന്തമായ ആവേശത്തോടെ തനിക്ക് ചെയ്യാൻ കഴിയുന്നത് ചെയ്തു. കൈയിൽ കിട്ടിയ ഫർണിച്ചറുകളെടുത്ത് അയാൾക്ക് നേരെ ഞാൻ എറിഞ്ഞു,' കോഹൻ വിവരിച്ചു.50 മുതൽ 100 വരെ ആളുകളാണ് റബ്ബിയുടെ സിനഗോഗിനുള്ളിലുണ്ടായിരുന്നത്. 'റബ്ബി റോട്ടൻബെർഗിന്റെ ഷൂൾ' എന്നാണ് പ്രാദേശികമായി ഈ സ്ഥലം അറിയപ്പെടുന്നത്.

അകത്ത് കടന്ന പ്രതി നാല് പേരെ കുത്തിയ ശേഷം പരിഭ്രാന്തിയിലായിരുന്ന അഞ്ചാമത്തെ വ്യക്തിക്കും കുത്തേറ്റു. ആക്രമണകാരി റബ്ബിയുടെ വീടിന്റെ തൊട്ടടുത്തുള്ള സിനഗോഗിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചുവെങ്കിലും പ്രവേശനം തടഞ്ഞതിനാൽ അകത്ത് പ്രവേശിക്കാൻ കഴിഞ്ഞില്ല. അതോടെ ഓടി രക്ഷപ്പെടുകയായിരുന്നു.

ആളുകൾ ഓടിപ്പോകുന്നതും നിലവിളിക്കുന്നതും പൊലീസുകാരെ വിളിക്കുന്നതും താൻ കണ്ടതായി അയൽവാസിയായ 19 കാരനായ ലേസർ ക്ലീൻ പറഞ്ഞു.പരിക്കേറ്റവരെ വെസ്റ്റ്ചെസ്റ്റർ മെഡിക്കൽ സെന്ററിലേക്കും മോണ്ടെഫിയോർ നയാക്ക് ഹോസ്പിറ്റലിലേക്കും കൊണ്ടുപോയതായി പൊലീസ് അറിയിച്ചു.

ഓർത്തഡോക്‌സ് യഹൂദ സമൂഹത്തിനെതിരായ അക്രമസംഭവങ്ങൾക്കിടയിലെ ഏറ്റവും പുതിയ സംഭവമാണിത്. ഹനുക്കയുടെ കാലത്ത് ന്യൂയോർക്ക് സിറ്റിയിൽ എട്ട് സെമിറ്റിക് വിരുദ്ധ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റ് തീവ്രവാദ വിരുദ്ധ ബ്യൂറോ ട്വീറ്റ് ചെയ്തു.

റോക്ക്ലാന്റ് കൗണ്ടിയിലെ ഒരു സിനഗോഗിൽ ഒന്നിലധികം ആളുകളെ കുത്തി പരിക്കേല്പിച്ച വാർത്ത എന്നെ ഞെട്ടിച്ചു എന്ന് ന്യൂയോർക്ക് ഗവർണ്ണർ മറിയോ ക്വോമോ ട്വീറ്റ് ചെയ്തു 'ന്യൂയോർക്കിൽ യഹൂദവിരുദ്ധത കാണിക്കുന്നവരോട് ഞങ്ങൾക്ക് സഹിഷ്ണുതയില്ല, മാത്രമല്ല ആക്രമണകാരിക്ക് നിയമത്തിന്റെ പരമാവധി ശിക്ഷ ഉറപ്പാക്കുകയും ചെയ്യും,' അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

'ഇത് അതിഭയങ്കരമാണ്. ഞങ്ങളുടെ നഗരത്തിലെ നിരവധി യഹൂദ കുടുംബങ്ങൾക്ക് റോക്ക്ലാന്റിലെ മോൺസിയിലുള്ള സിനഗോഗുമായി അടുത്ത ബന്ധമുണ്ട്. യഹൂദർക്ക് ഇപ്പോൾ അനുഭവപ്പെടുന്ന ഭയം നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. ജീവിതത്തിൽ ആദ്യമായി, യഹൂദ വിശ്വാസത്തിന്റെ ബാഹ്യ അടയാളങ്ങൾ കാണിക്കാൻ ഭയപ്പെടുന്നു എന്ന് തന്റെ ദീർഘകാല സുഹൃത്തുക്കൾ പറയുന്നു' എന്ന് ന്യൂയോർക്ക് മേയർ ഡി ബ്ലാസിയോ ട്വീറ്റ് ചെയ്തു.

മുൻ സംസ്ഥാന നിയമസഭാംഗവും 'Americans Against Antisemitism group' സ്ഥാപകനുമായ ഡോവ് ഹിക്കിന്ദ് ആക്രമണത്തെ 'അവിശ്വസനീയമാണ്' എന്ന് വിശേഷിപ്പിച്ചു.ജെഴ്‌സി സിറ്റിക്കും ന്യൂയോർക്കിനും ഇടയിൽ ഇപ്പോൾ ഇങ്ങനെയുള്ള വിദ്വേഷ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നതാണ് കാണുന്നത്. മനോരോഗികളായ ആക്രമണകാരികൾക്ക് യഹൂദരെ ആക്രമിക്കാൻ ലൈസൻസും നൽകുന്നു,' ഡോവ് ഹിക്കിന്ദ് പറഞ്ഞു.

അറ്റോർണി ജനറൽ ലെറ്റിറ്റിയ ജെയിംസും അക്രമത്തെ അപലപിച്ചു. 'ഇന്ന് രാത്രി ന്യൂയോർക്കിലെ മോൺസിയിൽ നടന്ന സംഭവം എന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നു' എന്ന് അവർ ട്വീറ്റ് ചെയ്തു.'ഏതെങ്കിലും തരത്തിലുള്ള വിദ്വേഷ പ്രവർത്തനങ്ങളോട് സഹിഷ്ണുതയില്ല. ഈ ഭയാനകമായ സാഹചര്യം ഞങ്ങൾ തുടർന്നും നിരീക്ഷിക്കും. ഇന്ന് രാത്രിയും എല്ലാ രാത്രിയും ഞാൻ യഹൂദ സമൂഹത്തോടൊപ്പം നിൽക്കുന്നു' എന്നും അവർ ട്വിറ്ററിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP