Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൈസ്മെൻ ഇന്റർനാഷണൽ ക്ലബ്ബ് ന്യൂയോർക്കിലെ കോവിഡ് പ്രതിരോധ നിരയിൽ; ആരോഗ്യ പരിപാലന രംഗത്ത് മുൻനിരയിൽ പ്രവർത്തിച്ചവരെ ആദരിച്ചു

വൈസ്മെൻ ഇന്റർനാഷണൽ ക്ലബ്ബ് ന്യൂയോർക്കിലെ കോവിഡ് പ്രതിരോധ നിരയിൽ; ആരോഗ്യ പരിപാലന രംഗത്ത് മുൻനിരയിൽ പ്രവർത്തിച്ചവരെ ആദരിച്ചു

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: ന്യൂയോർക്കിലെ കോവിഡ് പ്രതിരോധ നിരയിൽ, ആരോഗ്യ പരിപാലന രംഗത്ത് മുൻനിരയിൽ പ്രവൃത്തിച്ച 91 വൈസ്മെൻ അംഗങ്ങളെ ആദരിച്ചു. ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇതുപോലൊരു ചടങ്ങിന് വേദിയാകുന്നതെന്നു അന്തർദേശീയ ക്ലബ്ബിന്റെ സെക്രട്ടറി ജനറൽ ജോസ് വർഗീസ് പറഞ്ഞു.

അതിജീവനം മാത്രം തിരഞ്ഞെടുക്കാനുള്ള സാഹചര്യത്തിൽ കാലം ഓർത്തുവെയ്ക്കാൻ നൽകുന്ന അവസരങ്ങളിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഈ പരീക്ഷണഘട്ടം ഒരു കുന്നോളം നന്മകളുടെ വസന്തകാലം ആയി പരിണമിക്കട്ടെ എന്ന് ആഗ്രഹിക്കുകയാണ് എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ലോകത്തിൽ ഏറ്റവും പ്രയാസങ്ങളിൽ കൂടി കടന്നുപോകുന്ന ന്യൂയോർക്ക്, അവിടുത്തെ ആതുരരംഗത്തു ധീരരായി പൊരുതുന്ന വൈസ്മെൻ അംഗങ്ങൾക്ക് എഴുപതോളം രാജ്യങ്ങളിലെ വൈസ്മെൻ അംഗങ്ങൾ അയ്ക്യദാര്ഢ്യം പ്രഖ്യാപിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെയ് രണ്ടാം തീയ്യതി വൈകിട്ട് 8 മണിക്ക് ആരംഭിച്ച സൂംമീറ്റിങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്നും അന്തർദേശീയ നേതാക്കൾ ഉൾപ്പെടെ 125 അംഗങ്ങൾ പങ്കെടുത്തു. ഡെന്മാർക്കിൽ നിന്നും കാൾ ഹേർട്‌സ് ജെൻസൺ നടത്തിയ പ്രാരംഭ പ്രാർത്ഥനകളോടെ യോഗം ആരംഭിച്ചു. ഓരോരുത്തരും വളരെ അകലെയാണ്, എന്താണ് ലോകത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതിനു യാതൊരു ധാരണയുമില്ല എങ്കിലും നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു എന്ന വേദവാക്യം വളരെ പ്രതീക്ഷയും പ്രത്യാശയും നൽകുന്നു എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

സങ്കീർണ്ണമായ ഒരു കാലത്തിലൂടെയാണ് ലോകം കടന്നു പോകുന്നത് എങ്കിലും, കരുണയുടെ നാമ്പുകൾ തളിർത്തുവരുന്നത് ശുഭദായകം ആണെന്നു ആസ്‌ട്രേലിയലിൽ നിന്നും അന്തർദേശീയ പ്രസിഡന്റ് ജെന്നിഫർ ജോൺസ് പ്രസ്ഥാപിച്ചു. ന്യൂയോർക്കിലെ കോവിഡ് പ്രതിരോധ നിരയിൽ, ആരോഗ്യ പരിപാലന രംഗത്ത് മുൻനിരയിൽ നിസ്വാർത്ഥമായി പ്രവൃത്തിച്ച വൈസ്മെൻ അംഗങ്ങൾ എല്ലാവരുടെയും അഭിനന്ദനം അർഹിക്കുന്നു എന്ന് അവർ പറഞ്ഞു. പ്രതിസന്ധികളിൽ സമൂഹത്തിനു കരുതലായി ഉയരേണ്ടതു ക്ലബ്ബിന്റെ പരമപ്രധാനമായ ലക്ഷ്യങ്ങളിൽ ഒന്നാണെന്നും അവർ എടുത്തുപറഞ്ഞു. യുഎസ് ഏരിയയിലുള്ള എല്ലാ അംഗങ്ങളുടെയും പേരിൽ ആശംസകൾ നേരുന്നുവെന്ന് ഹവായിയിലുംനിന്നും യുഎസ് ഏരിയ പ്രസിഡന്റ് ബോബി സ്റ്റിവേര്‌സ് അപിക്കി അറിയിച്ചു.

തന്റെ പതിറ്റാണ്ടുകൾ നീണ്ട പ്രവർത്തന പരിചയത്തിൽ ഒരിക്കൽ പോലും ഇത്തരം ഒരു സാഹചര്യത്തെ അഭിമുഘീകരിക്കേണ്ടി വന്നിട്ടില്ല എന്ന്, നോർത്ത് അറ്റ്‌ലാന്റിക് റീജിയൻ സെക്രട്ടറിയും സ്റ്റോണിബ്രുക് ഹോസ്പിറ്റൽ ഫാക്കൽറ്റി അംഗവുമായ ഡോക്ടർ അലക്‌സ് മാത്യു പറഞ്ഞു. താൻ നേരിട്ട ആർദ്രമായ അനുഭവങ്ങൾ പങ്കുവച്ചപ്പോൾ പലരും വിതുമ്പുന്നതു കാണാമായിരുന്നു. പ്രൊട്ടക്റ്റീവ് ഗിയർ അണിയുന്നതിനു മുൻപേ രോഗിക്കരികിലേക്കു ഓടിപ്പോകേണ്ട അവസ്ഥ, ഒരാളെ പരിചരിക്കുമ്പോൾ മറ്റുകിടക്കയിൽ ഉള്ളവർ സഹായം ആവശ്യപ്പെട്ടുന്നത്, തിരിച്ചുവരുമ്പോൾ അവർ ജീവനോടെ കാത്തിരിക്കുമോ എന്ന് അറിയാതെ തിരികെവരാം എന്ന് പറയേണ്ടി വരുന്ന അവസ്ഥകൾ, സുഖപ്പെട്ടവർ ആ കൈ ഒന്ന് തൊട്ടോട്ടെ എന്ന് ചോദിക്കുമ്പോൾ, സാധിക്കില്ല എന്ന് പറയേണ്ട അവസ്ഥകൾ, ഒക്കെ വിവരിച്ചപ്പോൾ സപ്തനാഡികളും തളർന്ന അവസ്ഥയിലായിരുന്നു അംഗങ്ങൾ.

ഇനി ഒരിക്കലും ഇങ്ങനെ ചില നിമിഷങ്ങൾ കടന്നുപോകരുതേ എന്ന് മനസ്സുകൊണ്ട് പ്രാർത്ഥിച്ച നിമിഷങ്ങളായിരുന്നു തന്റെ കോവിഡ് ദിനങ്ങളെന്നു രോഗവിമുക്തി നേടിയ പോൾ ചാക്കോ പറഞ്ഞു. രോഗികളുടെ ബന്ധുക്കൾക്ക് പ്രവേശനം ഇല്ലാത്ത ആശുപതികളിൽ തങ്ങൾ രോഗികളുടെ ബന്ധുക്കളായി മാറിയ അവസ്ഥകൾ, അവരുടെ അറ്റുപോകുന്ന നിമിഷങ്ങളിലെ, ഏകാന്തതകളിൽ തങ്ങളുടെ സാന്നിധ്യം, കണ്ണുകൊണ്ടു മാത്രമുള്ള യാത്രപറച്ചിലുകളിലെ അടക്കാനാവാത്ത ഹൃദയമിടിപ്പുകൾ ഒക്കെ ഒരു തുടർക്കഥയായി ഇപ്പോഴും നിൽക്കുന്നു എന്ന് ന്യൂയോർക്ക് സിറ്റിയിൽ ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ട എൽമെസ്‌റ് ഹോസ്പിറ്റലിൽ നേഴ്‌സ് ആയി ജോലി ചെയ്യുന്ന ലിയനാ റോസലിൻ ഗോമസ് പറഞ്ഞു. എന്നും മുത്തം തന്നു യാത്രയയക്കുന്ന തന്റെ കുട്ടിയെ അവളുടെ സുരക്ഷിതം ഓർത്തു ഒളിച്ചു മാറിപ്പോകുന്ന ദിവസങ്ങൾ എന്തുവേദനാജനകമാണെന്നും അവർ ഓർമ്മിച്ചു. ന്യൂയോർക്ക് സിറ്റിയിൽത്തന്നെ ഏറ്റവും ദുരിതപൂർണ്ണമായ കോവിഡ് അനുഭവങ്ങൾ ഉള്ള ബ്രുക്ലിൻ ഹോസ്പിറ്റലിൽ ദീർഘകാലം അനസ്‌തേഷ്യ വിഭാഗം കൈകാര്യം ചെയ്യുന്ന ഡോക്ടർ ബെഞ്ചമിൻ ജോർജ്, തന്റെ അൻപതോളം വർഷങ്ങളിൽ ഇത്തരം ഒരു ജീവിതമോ മരണമോ എന്ന അവസ്ഥയിലൂടെ കടന്നുപോയിട്ടില്ല എന്ന് പറഞ്ഞു. തങ്ങളുടെ എല്ലാ അന്വേഷണങ്ങൾ സുഖങ്ങളും മറ്റുള്ളവരുടെ സുഖങ്ങൾക്കായി മാറ്റിവയ്ക്കുന്നത് ജീവിതത്തിലെ ഒരു പാഠമായിമാറി. മറ്റു ക്ലബ്ബ് അംഗങ്ങൾ നൽകിയ അന്വേഷണങ്ങൾ ആണ് ജീവിതത്തിൽ പിടിച്ചുനിറുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഡെന്മാർക്കിൽ നിന്നും ചേർന്ന ഇന്റർനാഷണൽ പ്രസിഡന്റ് ഇലെക്ട് ജേക്കബ് ക്രിസ്റ്റൻസെൻ, ന്യൂയോർക്കിൽ വൈസ്മെൻ അംഗങ്ങൾ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും അന്തർദേശീയ ക്ലബ്ബിന്റെ പിന്തുണ നേർന്നു. സൗത്തുകൊറിയയിൽ നിന്നും മുൻ അന്തർദേശീയ പ്രസിഡന്റ് സാങ് ബോങ് മൂൺ, 2021 ലെ അന്തർദേശീയ പ്രെസിഡന്റായി പ്രെസിഡിന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോക്ടർ കിം, അന്തർദേശീയ ട്രെഷറർ ഫിലിപ്പ് ചെറിയാൻ, അമേരിക്ക ഏരിയ സെക്രട്ടറി നാൻസി ലിബി, അമേരിക്കൻ ഏരിയ പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷാജു സാം, മുൻ റീജിണൽ ഡയറക്ടർ മാത്യു ചാമക്കാല തുടങ്ങിയവർ പ്രസംഗിച്ചു.

ക്ലബ്ബ് പ്രെസിഡന്റുമാരായ ഗീവർഗീസ് വർഗീസ് (ലോങ്ങ് ഐലൻഡ് ക്ലബ്ബ്), ചെറിയാൻ ജോർജ്ജ് (ഫ്‌ളോറൽ പാർക്ക് ക്ലബ്ബ്), ഷോളി കുമ്പിളുവേലി (വെചെസ്റ്റർ ക്ലബ്ബ്), ഡാൻ മോഹൻ (ന്യൂജേഴ്‌സി ക്ലബ്ബ് ), സുഖൻ ജോസഫ് (ജാക്‌സൺ ഹെയ്റ്റ് ക്ലബ്ബ്), ഡേവിഡ് വർക്ക്മാൻ (വേക് ഫീൽഡ് ക്ലബ്ബ്) എന്നിവർ ഓരോ ക്ലബ്ബിൽ നിന്നും മെഡിക്കൽ രംഗത്ത് മുൻ നിരയിൽ പ്രവർത്തിക്കുന്ന 91 വൈസ്മെൻ അംഗങ്ങളുടെ പേരുകൾ വായിച്ച് അഭിനന്ദനം അറിയിച്ചു.

ഹാന വർഗീസ് ആലപിച്ച ഗാനങ്ങൾ ശ്രദ്ധേയമായി. അമേരിക്കൻ ഏരിയ നേതാക്കളായ ചാർലി റെഡ്മൺഡ് , ഡെബ്ബി റെഡ്മണ്ട്, അമേരിക്കൻ ഏരിയ സി എഫ് ഓ എയ്ബ് തോമസ്, അമേരിക്കൻ ജനപ്രതിനിധിയായ ഡോക്ടർ ആനി പോൾ, തുടങ്ങി മറ്റു അതിഥികളും യോഗത്തിൽ പങ്കെടുത്തു.

നോർത്ത് അറ്റ്‌ലാന്റിക് റീജിയൻ ഡയറക്ടർ ജോസഫ് കാഞ്ഞമല യോഗം നിയന്ത്രിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. അന്തർദേശീയ നേതൃത്വം അവസരത്തിനൊത്തു ഉയരുകയും ന്യൂയോർക്കിന്റെ പ്രത്യേക പശ്ചാത്തലത്തിൽ ഒത്തുചേരുകയും ചെയ്തതിലുള്ള സന്തോഷം അദ്ദേഹം രേഖപ്പെടുത്തി. ന്യൂയോർക്കിലെ ഹെൽത്ത് കെയർ രംഗത്തുള്ള വൈസ്മെൻ അംഗങ്ങളെ ആദരിക്കുവാനായി അന്തർദേശീയ തലത്തിലുള്ള അംഗീകാരവും പുരസ്‌കാരവും മറ്റൊരു യോഗത്തിൽ നൽകും. സമീപപ്രദേശത്തുള്ള ആശുപത്രികളിൽ മറ്റു ഹെൽത് കെയർ രംഗത്ത് പ്രവർത്തിക്കുന്നവരെ അഭിനന്ദിക്കുവാനും, ന്യൂയോർക്കിലെ പാവപ്പെട്ടവർക്കായുള്ള ഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ രണ്ടു ഘട്ടങ്ങളിലായി പതിനായിരം പേർക്ക് ഭക്ഷണവിതരണം നടത്തുവാനും തീരുമാനമെടുത്തു എന്നും അദ്ദേഹം അറിയിച്ചു.

ലോക തലസ്ഥാനമായ ന്യൂയോർക്ക് സിറ്റിയും എളുപ്പത്തിൽ പരുക്കേൽക്കാവുന്ന ഇടമാണെന്നു ബോദ്ധ്യപ്പെട്ടു. ഒരിക്കലും ഉറങ്ങാത്ത നഗരം ഇന്ന് ഉണങ്ങാത്ത മുറിവുകളുമായി ഉറക്കം നഷ്ട്ടപ്പെട്ടു. എന്നാലും ഈ നഗരത്തിന്റെ പൂർവ്വസ്ഥിതി പ്രാപിക്കാനുള്ള നൈസർഗ്ഗിക കഴിവ് അപാരമാണ്. ജീവിതം കഠിനമാണ്, പക്ഷേ കുറെയൊക്കെ ഒന്നായി നമുക്ക് പൊരുതാനാവും. 'യുദ്ധം ദൈവത്തിനുള്ളത്' എന്ന വേദവാക്യം പ്രതിസന്ധികളിൽ നങ്കൂരമായിത്തീരട്ടെ എന്ന് ആശംസിച്ചുകൊണ്ട്, അന്തർദേശീയ ക്ലബ്ബിന്റെ പബ്ലിക് റിലേഷൻസ് ഡയറക്ടർ കോരസൺ വർഗീസ് ഏവർക്കും നന്ദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP