Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മലയാളി സമൂഹത്തെ മുക്തകണ്ഠം പ്രശംസിച്ച് കോൺസുലാർ ജനറൽ റീവാ ഗാംഗുലി; മഞ്ച്, നാമം, കെ.സി.എഫ് അസോസിയേഷനുകൾ ഒന്നിച്ച സംഘടിപ്പിച്ച ഓണാഘോഷം ചരിത്രസംഭവമായി

മലയാളി സമൂഹത്തെ മുക്തകണ്ഠം പ്രശംസിച്ച് കോൺസുലാർ ജനറൽ റീവാ ഗാംഗുലി; മഞ്ച്, നാമം, കെ.സി.എഫ് അസോസിയേഷനുകൾ ഒന്നിച്ച സംഘടിപ്പിച്ച ഓണാഘോഷം ചരിത്രസംഭവമായി

ഫ്രാൻസിസ് തടത്തിൽ

ന്യൂജേഴ്‌സി: മലയാളി സമൂഹത്തിന്റെ ഏതൊരു പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ പ്രതിജ്ഞാബദ്ധതമാണ് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് എന്ന് കോൺസുലാർ ജനറൽ റീവാ ഗാംഗുലി ദാസ് ഐഎഫ്എസ്.

ഇന്ത്യൻ സമൂഹത്തിന് പ്രത്യേകിച്ച് മലയാളി സമൂഹത്തിന് കോൺസുലാർ സംബന്ധമായ ഏതൊരു പ്രശ്‌നങ്ങൾക്കും എംബസിയെ നേരിട്ട് സമീപിക്കാമെന്നും ഗാംഗുലി വ്യക്തമാക്കി. ന്യൂജേഴ്‌സിയിലെ ബർഗൻഫീൽഡിലുള്ള കോൺലോൺ ഓഡിറ്റോറിയത്തിൽ മഞ്ച് -കെസിഎഫ് - നാമം എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷപരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.

ഇന്ത്യൻ എംബസിയുടെ വെബ്‌സൈറ്റ് വളരെ സജീവവും എപ്പോഴും പുതുക്കുന്നതുമാണ്. അതുകൊണ്ടുതന്നെ വെബ്‌സൈറ്റിൽ ഏറെ വിവരങ്ങൾ ലഭ്യമാണ്. കൂടാതെ, എംബസി ഫേയ്്‌സ്ബുക്ക് പേജും സജീവമായി പ്രവർത്തിക്കുന്നുണ്ട്. വിവരങ്ങൾക്കായി വെബ്‌സൈറ്റും ഫേയ്‌സ്ബുക്ക് പേജും സന്ദർശിക്കുകയും ലൈക്ക് ചെയ്യുകയും വേണമെന്ന് റീവാ ഗാംഗുലി അഭ്യർത്ഥിച്ചു.

മലയാളി സമൂഹവും സംഘടനകളും എന്നും ലോകത്തിന് മുഴുവൻ മാതൃകയാണെന്നു പറഞ്ഞ റീവാ ഗാംഗുലി മലയാളി സംസ്‌കാരത്തെ പ്രത്യേകിച്ച് ഓണാഘോഷത്തെ മുക്തകണ്ഠം പ്രശംസിച്ചു. ഓണം സന്തോഷത്തിന്റെയും സമാധാനത്തിന്റെ സാഹോദര്യത്തിന്റെയും ഉത്സവമാണ്. ഭാരതത്തിലെ മറ്റെല്ലാ സംസ്‌കാരങ്ങളേയുംകാൾ ശ്രേഷ്ഠമായ ഈ ഉത്സവും ഇന്ന് ലോകമെമ്പാടുമുള്ള മലയാളികൾ കൂടുതൽ പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നത് മാതൃകാപരമാണ്.

മഞ്ച് -കെസിഎഫ് - നാമം സംഘടനകൾ ചേർന്ന് ഒരുമയോടെ ഇത്രയും വലിയ ആഘോഷം സംഘടിപ്പിച്ചതും ജനപ്രാതിനിധ്യവും വിസ്മയിപ്പിക്കുന്നതാണെന്ന് റീവാ ഗാംഗുലി പറഞ്ഞു. ഇനിയും കൂടുതൽ സംഘടനകൾ ഒരുമയോടെ ഇവർക്കൊപ്പം കോകോർക്കട്ടെയെന്ന് അവർ ആശംസിച്ചു.

മഞ്ച് - നാമം - കെസിഎഫ് എന്നീ സംഘടനകൾ കൈകോർത്ത് ഓണം സംഭവ ബഹുലമാക്കിയത് ശ്ലാഘനീയമാണെന്ന് ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ പോൾ കറുകപ്പള്ളിൽ അഭിപ്രായപ്പെട്ടു. ബർഗൻഫീൽഡിൽ ഇത്തരമൊരു മഹാസംഭവത്തിന് വേദിയൊരുക്കുവാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നുവെന്ന് ഫൊക്കാന നേതാവും കെസിഎഫ് രക്ഷാധികാരിയുമായ ടി.എസ്. ചാക്കോ അഭിപ്രായപ്പെട്ടു.

ന്യൂജേഴ്‌സിയിൽ ഒരൊറ്റ ഓണം എന്ന ആശയം താൻ മുന്നോട്ടുകൊണ്ടുവരുമ്പോൾ അത് ഇത്ര വൻവിജയമാകുമെന്ന് കരുതിയില്ലെന്നും വരുംവർഷങ്ങളിൽ കൂടുതൽ ജനപങ്കാളിത്തവും കൂടുതൽ വിപുലമായി ഓണാഘോഷം നടത്താൻ കഴിയുമെന്നുള്ളതിന്റെ സൂചനയാണ് ഈ ഓണാഘോഷത്തിന്റെ വിജയം വ്യക്തമാക്കുന്നതെന്ന് മഞ്ച് പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.

ഒരുമയോടെ ഓണത്തിന് ജാതിമത വ്യത്യാസമില്ലെന്ന് തെളിയിക്കുന്നതാണ് ഈ ഓണാഘോഷമെന്ന് നാമം രക്ഷാധികാരിയും ഫൊക്കാന നേതാവുമായി മാധവൻ ബി. നായർ പറഞ്ഞു. ഒരുമയോടെ ഒരു ഓണം എല്ലാ അർത്ഥത്തിലും അനുകരണീയമാക്കിയ ഓണാഘോഷമാണിതെന്ന് കെ.സിഎഫ് പ്രസിഡന്റ് ദാസ് കണ്ണംകുഴിയിൽ അഭിപ്രായപ്പെട്ടു. മലയാളി സമൂഹത്തിന്റെ ഒരുമയുടെയും കൂട്ടായ്മയുടെയും ഉദാഹരണമാണ് മഞ്ച് - നാമം - കെസിഎഫ് സംഘടനകൾ നേതൃത്വം നല്കിയ ഈ ഓണാഘോഷമെന്ന് നാമം പ്രസിഡന്റ് ജിതേഷ് തമ്പി അഭിപ്രായപ്പെട്ടു.കെ.സി.എഫ് സെക്രട്ടറി ദേവസി പാലാട്ടി സ്വാഗതവും നാമം പ്രസിഡന്റ് ജിതേഷ് തമ്പി നന്ദിയും പറഞ്ഞു.

കെ.സി.എഫ് 26-ാം വാർഷികം ആഘോഷിച്ചു

ന്യൂജേഴ്‌സി: കേരള കൾച്ചറൽ ഫോറത്തിന്റെ (കെസിഎഫ്) 26-ാം വാർഷികം ആഘോഷിച്ചു. ബർഗൻഫീൽഡിലെ കോൺലോൺ ഓഡിറ്റോറിയത്തിൽ കെസിഎഫ്-നാമം-മഞ്ച് സംയുക്താഭിമുഖ്യത്തിൽ നടന്ന ഓണാഘോഷത്തോട് അനുബന്ധിച്ചാണ് വാർഷികാഘോഷപരിപാടിയും നടത്തിയത്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലാർ ജനറൽ റീവാ ഗാംഗുലി ദാസ് കെസിഎഫ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.

കെ.സി.എഫ് പ്രസിഡന്റ് ദാസ് കണ്ണംകുഴി, രക്ഷാധികാരി ടി.എസ്. ചാക്കോ, കെ.സി.എഫ് നേതാക്കളായ എൽദോ പോൾ, ഫ്രാൻസിസ് കാരക്കാട്ട്, ദേവസി പാലാട്ടി, ജോയി ചാക്കപ്പൻ, ചിന്നമ്മ ദേവസി, ആൻണി കുര്യൻ, അന്നമ്മ മാപ്പിളശേരി, മോനിക്ക സണ്ണി, സജി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.എല്ലാ വർഷവും ഓണാഘോഷത്തോട് അനുബന്ധിച്ചാണ് കെ.സി.എഫ് വാർഷകാഘോഷപരിപാടികളും നടത്താറുള്ളത്.

ചരിത്രമായി സംയുക്ത ഓണാഘോഷം; മഞ്ച്, നാമം, കെ.സി.എഫ് ആത്മനിർവൃതിയിൽ

ന്യൂജേഴ്‌സി: മൂന്ന് മലയാളി സംഘടനകൾ ചേർന്ന് ന്യൂജേഴ്‌സിയിൽ ഒരുക്കിയ സംയുക്ത ഓണാഘോഷം ചരിത്രമായി. മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച്), കേരള കൾച്ചറൽ ഫോറം (കെസിഎഫ്), നാമം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ സംയുക്തഓണാഘോഷം ജനപ്രാതിനിധ്യംകൊണ്ടും സംഘടനകളുടെ പങ്കാളിത്തംകൊണ്ടും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്.

സെപ്റ്റംബർ 18-ന് ബർഗൻ ഫീൽഡിലെ കോൺലോൺ ഓഡിറ്റോറിയത്തിൽ നടന്ന വർണ്ണശബളമായ ചടങ്ങ് നയനസുന്ദരമായ ഓഒണാഘോഷ കലാപരിപാടികൾകൊണ്ട് മുഖരിതമായിരുന്നു. ചെണ്ടവാദ്യം, ശിങ്കാരിമേളം, തിരുവാതിര, കൈകൊട്ടിക്കളി, ചാക്യാർകൂത്ത് തുടങ്ങി അസോസിയേഷനുകളിലെ അംഗങ്ങളുടെ മക്കളുടെ നൃത്തനൃത്യങ്ങളും ഓണാഘോഷത്തിനു മാറ്റുകൂട്ടി. മഞ്ചിന്റെ അംഗങ്ങൾ അവതരിപ്പിച്ച ഫ്യൂഷൻ നൃത്തവും കലാഭവൻ ജോഷി, സാബു തിരുവല്ല, ഐഡിയ സ്റ്റാർ സിംഗർ ഫെയിം വില്യംസ്, പ്രമുഖ ഗായകൻ ജെംസൺ കുര്യാക്കോസ് എന്നിവരുടെ സംഗീത കോമഡി ഷോയും കാണികളെ ഇളക്കിമറിച്ചു.

ചരിത്രത്തിൽ ആദ്യമായി കക്ഷിരാഷ്ട്രീയദേദമില്ലാതെ നേതാക്കളും പ്രമുഖരും പങ്കെടുത്തു. ഫൊക്കാന, ഫോമ എന്നീ ദേശീയ സംഘടനകൾ, ട്രൈസ്‌റ്റേറ്റ് മേഖലയിലെ എല്ലാ കലാ, സാംസ്‌കാരിക സംഘടനകൾ, മതസമുദായ നേതാക്കൾ, ബിസിനസ്-സാമ്പത്തിക രംഗത്ത പ്രമുഖർ എന്നിവർക്കു പുറമെ ബർഗൻഫീൽഡ് കൗണ്ടിയിലെ രാഷ്ട്രീയ മേഖലയിലെ പ്രമുഖരും ഓണാഘോഷത്തിനായി ഒത്തുചേർന്നു. മലയാളികൾക്കുപുറമെ അമേരിക്കക്കാരും ഓണാഘോഷത്തിൽ ഭാഗഭാക്കായി.

ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലാർ ജനറൽ റീവാ ഗാംഗുലിദാസ് ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ട്രൈസ്‌റ്റേറ്റിലെ വിവിധ സംഘടനാ മേഖലകളിലെ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ അമേരിക്കൻ മലയാളികളുടെ ആത്മീയഗുരുവായ ഫാ. മാത്യു കുന്നത്ത്്, ഫാ. ബാബു എന്നിവർ ചേർന്ന് രണ്ടാമത്തെ തിരിയും മഞ്ച് പ്രസിഡന്റ് സജിമോൻ ആന്റണി, കെ.സി.എഫ്. പ്രസിഡന്റ് ദാസ് കണ്ണമ്പള്ളി, നാമം പ്രസിഡന്റ് ഗീതേഷ് തമ്പി എന്നിവർ ചേർന്ന് മൂന്നാമത്തെ തിരിയും മഞ്ച് ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഷാജി വർഗീസ്, നാമം രക്ഷാധികാരി ടി.എസ് ചാക്കോ എന്നിവർ ചേർന്ന് നാലാമത്തെ തിരിയും ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ പോൾ കറുകപ്പള്ളിൽ, ഫൊക്കാന വുമൻസ് ഫോറം ചെയർപേഴ്‌സൺ ലീല മാരറ്റ്, ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫീലിപ്പോസ് ഫിലിപ്പ്, ഫോമ ജനറൽ സെക്രട്ടറി ഷാജി എഡ്വേർഡ്, ഫോമ നേതാവ് ജോസ് ഏബ്രാഹം എന്നിവർ ചേർന്ന് അഞ്ചാമത്തെ തിരിയും മഞ്ച് സെക്രട്ടറി സുജ ജോസ്, വൈസ് പ്രസിഡന്റ് ഉമ്മൻ ചാക്കോ, നാമം സെക്രട്ടറി സജിത് ഗോപിനാഥ്, കെ.സി.എഫ് വൈസ് പ്രസിഡന്റ് എൽദോ പോൾ, സെക്രട്ടറി ദേവസി പാലാട്ടി തുടങ്ങിയവർ ആറാമത്തെ തിരിയും പ്രമുഖ വ്യവസായികളായ വർക്കി ഏബ്രാഹാം, ബേബി ഊരാളിൽ, ദിലീപ് വർഗീസ്, ബർഗൻഫീൽഡ് മേയർ നോർമൻ ഷ്‌മെൽസ് തുടങ്ങിയവർ ചേർന്ന് ഏഴാമത്തെ തിരിയും തെളിച്ചതോടെ ഓണാഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു.

കെ.സി.എഫിന്റെ ഇരുപത്താറാമത് വാർഷികം ചടങ്ങിൽ കോൺസുലാർ ജനറൽ റീവ ഗാംഗുലി ദാസ് ഉദ്ഘാടനം ചെയ്തു.

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ, ഹഡ്‌സൺവാലി മലയാളി അസോസിയേഷൻ, കാഞ്ച്, കെസിഎൻജെ, കേരള എൻജിനീയറിങ് അസോസിയേഷൻ, മിത്രാസ്, ഇസിഎഫ്എൻജെ, എഫ്എംആർഎൽഎഫ്, കെസിഎഫ്, ലിംക, കെസിസിഎൻഎ തുടങ്ങിയ നിരവധി സംഘടനകളുടെ ഭാരവാഹികളും പ്രതിനിധികളും സ്‌പോൺസർമാരായ തോമസ് മലയിൽ, ബാബു ജോസഫ്, ഏബാഹാം തോമസ്, സ്‌റ്റെർളിൻ ഫുഡ്‌സ് തുടങ്ങിയവരും വമ്പിച്ച ഓണാഘോഷപരിപാടിയിൽ പങ്കെടുത്തു.

മാദ്ധ്യമരംഗത്തെ പ്രമുഖരായ ജോർജ് ജോസഫ്, ജോർജ് തുമ്പയിൽ, സുനിൽ ട്രൈസ്റ്റാർ, രാജു പള്ളത്ത്, മധുരാജൻ, ബിജുജോൺ, ഫിലിപ്പ് മാരറ്റ്, ഷിജോ പൗലോസ് തുടങ്ങിയവരും പങ്കെടുത്തു.

ഫോമ സെക്രട്ടറി ഇലക്ട് ജിബി തോമസ്, വൈസ് പ്രസിഡന്റ് ഇലക്ട് ലാലി കളപ്പുരയ്ക്കൽ, കെസിസിഎൻഎ പ്രസിഡന്റ് അനിയൻ ജോർജ്, ഫൊക്കാന നാഷണൽ കമ്മിറ്റി അംഗം ലൈസി അലക്‌സ്, ഫൊക്കാന നേതാവ് അലക്‌സ് തോമസ്, കാഞ്ച് പ്രസിഡന്റ് അലക്‌സ് മാത്യു, സെക്രട്ടറി സ്വപ്‌ന രാജേഷ് തുടങ്ങിയവരും ഓണാഘോഷത്തിൽ പങ്കാളികളായി.

ന്യൂജേഴ്‌സിയിലെ പ്രമുഖ ഡാൻസ് സ്‌കൂളുകളായ കലാശ്രീ ഡാൻസ് സ്‌കൂൾ, മയൂർ സ്‌കൂൾ ഓഫ് ആർട്‌സ്, നൂപുര ഡാൻസ് സ്‌കൂൾ, സൗപർണിക ഡാൻസ് അക്കാദമി എന്നിവിടങ്ങളിലെ കലാപ്രതിഭകൾ അവതരിപ്പിച്ച ശാസ്ത്രീയ, ബോളിവുഡ് നൃത്തങ്ങൾ ഓണാഘോഷത്തിന് പൊലിമ കൂട്ടി.

എല്ലാ അസോസിയേഷനുകളുടെയും ഭാരവാഹികളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ച ഭദ്രദീപത്തിന് തിരികൊളുത്തിയതെന്നത് ഈ ഓണാഘോഷത്തിന്റെ പ്രത്യേകതയാണ്. ന്യൂജേഴ്‌സിയിലെ മലയാളികൾ ഒരൊറ്റ ഓണം എന്ന ആശയത്തിന് മികച്ച പിന്തുണ നൽകിയതാണ് ഈ ഓണാഘോഷത്തിന്റെ വിജയരഹസ്യം. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ സംഘടനകളെയും ഒരൊറ്റക്കുടക്കീഴിൽ കൊണ്ടുവരുവാൻ ഈ ഓണാഘോഷത്തിന് കഴിഞ്ഞു എന്നതും മറ്റൊരു പ്രത്യേകതയാണ്.

താലപ്പൊലിയേന്തിയ മലയാളിപ്പെൺകൊടികൾ, ചെണ്ടവാദ്യം, ശിങ്കാരിമേളം തുടങ്ങിയ വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയാണ് മുഖ്യാതിഥിയെ വേദിയിലേയ്ക്ക് ആനയിച്ചത്. ഓണപ്പൂക്കളവും വൈവിധ്യമാർന്ന രുചിക്കൂട്ടുകളുടെ സമ്പൽസമൃദ്ധിയുമായി ഓണസദ്യയും ഓണാഘോഷത്തിന് പെരുമകൂട്ടി.

സ്വാദ് റസ്റ്ററന്റ് ആണ് രുചികരമായ ഓണസദ്യ ഒരുക്കിയത്. ഇവന്റ് കാറ്റ്‌സ് ഒരുക്കിയ സൗണ്ട് & ലൈറ്റ്‌സ് കലാപരിപാകൾക്ക് പൊലിമ കൂട്ടി. ട്വിലൈറ്റിന് ആയിരുന്നു ഫോട്ടോഗ്രഫിയുടെ ചുമതല.

വിവിധ കർമ്മമേഖലകളിൽ മികവ് തെളിയിച്ചവരെ പൊന്നാടയും ഫലകങ്ങളും നല്കി ആദരിച്ചു. നിരവധി പ്രമുഖരെ വേദിയിലേയ്ക്ക് ആനയിച്ച് ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു. മഞ്ച് പ്രസിഡന്റ് സജിമോൻ ആന്റണി ആയിരുന്നു പൊതുപരിപാടിയിൽ പ്രമുഖരെ പരിചയപ്പെടുത്തിയത്. മഞ്ച് കൾച്ചറൽ സെക്രട്ടറി ഷൈനിയും സഹായിയായിരുന്നു. തുടർന്ന നടന്ന കലാപരിപാടികൾക്ക് കെസിഎഫ് സെക്രട്ടറി ദേവസി പാലാട്ടി, മഞ്ച് സെക്രട്ടറി സുജ ജോസ്, നാമം ട്രഷറർ ആശ വിജയൻ എന്നിവർ എംസിമാരായിരുന്നു.

വരുംവർഷങ്ങളിൽ കൂടുതൽ സംഘടനകളെ അണിനിരത്തി ഓണാഘോഷം നടത്തുമെന്ന വിളംബരത്തോടെയാണ് ഓണാഘോഷപരിപാടികൾക്ക് സമാപനം കുറിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP