Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളാ സമാജം ഓഫ് ഗ്രേയ്റ്റർ ന്യൂയോർക്കിന്റെ 51-മത് പ്രസിഡന്റും ഭാരവാഹികളും ചുമതലയേറ്റു; എംഎ‍ൽഎ-മാരായ മോൻസ് ജോസഫ്, മാണി സി. കാപ്പൻ എന്നിവർ മുഖ്യാതിഥികൾ

കേരളാ സമാജം ഓഫ് ഗ്രേയ്റ്റർ ന്യൂയോർക്കിന്റെ 51-മത് പ്രസിഡന്റും ഭാരവാഹികളും ചുമതലയേറ്റു; എംഎ‍ൽഎ-മാരായ മോൻസ് ജോസഫ്, മാണി സി. കാപ്പൻ എന്നിവർ മുഖ്യാതിഥികൾ

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: 2022-ൽ അമ്പത് വർഷം പൂർത്തീകരിച്ച ലോകത്തിലെ തന്നെ ഏറ്റവും പുരാതന മലയാളീ സംഘടനകളിൽ ഒന്നായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ 51-മത് പ്രസിഡന്റ്റിന്റെയും ടീം അംഗങ്ങളുടെയും സ്ഥാനാരോഹണവും 2023-ലെ പ്രവർത്തനോദ്ഘാടനവും പ്രൗഡ്ഢഗംഭീരമായി നടത്തപ്പെട്ടു. കേരളത്തിൽ നിന്നെത്തിയ മുൻ പൊതുമരാമത്തു വകുപ്പ് മന്ത്രിയും കടുത്തുരുത്തി നിയോജക മണ്ഡലം എംഎ‍ൽഎ-യുമായ അഡ്വക്കേറ്റ് മോൻസ് ജോസഫ്, പാലാ നിയോജക മണ്ഡലം എംഎ‍ൽഎ-യും നാഷണൽ കോൺഗ്രസ്സ് പാർട്ടി (എൻ.സി.പി.) മുൻ സംസ്ഥാന ട്രഷറാറുമായ മാണി സി. കാപ്പൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത ചടങ്ങിൽ ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങളും നടത്തപ്പെട്ടു. നൂറു കണക്കിന് കേരളാ സമാജം കുടുംബാംഗങ്ങളുടെയും അതിഥികളുടെയും നിറ സാന്നിധ്യത്തിൽ അഡ്വക്കേറ്റ് മോൻസ് ജോസഫ്, മാണി സി. കാപ്പൻ, നിയുക്ത സമാജം പ്രസിഡന്റ് ഫിലിപ്പോസ് കെ ജോസഫ് (ഷാജി), ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ വർഗീസ് പോത്താനിക്കാട്, ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ഫൊക്കാന ട്രഷറർ ബിജു ജോൺ, സമാജം ഭാരവാഹികൾ, കമ്മറ്റി അംഗങ്ങൾ എന്നിവരെല്ലാവരും ചേർന്ന് ഭദ്രദീപം കൊളുത്തി പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു.

സമാജത്തിന്റെ അൻപതാമത് വാർഷികത്തോടനുബന്ധിച്ച് അൻപതിനായിരം പേർക്ക് ഭക്ഷണം കൊടുക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായി ഇതിനോടകം പതിനായിരം പേർക്ക് ഭക്ഷണം നൽകി എന്ന് 2023-ലെ പ്രസിഡന്റായി സ്ഥാനമേറ്റ ഫിലിപ്പോസ് ജോൺ അധ്യക്ഷ പ്രസംഗത്തിൽ പ്രസ്താവിച്ചതിനെ മോൻസ് ജോസഫ് ഉദ്ഘാടന പ്രസംഗത്തിൽ പ്രകീർത്തിച്ചു. 2018-ലെ കേരളാ പ്രളയത്തിൽ ഈ സമാജം സഹായഹസ്തം നീട്ടിയതും മറ്റു പല അവസരങ്ങളിലും ആവശ്യക്കാരെ സഹായിക്കുന്നതും പ്രശംസനാർഹമാണെന്നു മോൻസ് പറഞ്ഞു. മലയാളി കമ്മ്യൂണിറ്റിയുടെ അഭിമാനമായ അമ്പത് വർഷം പൂർത്തീകരിച്ച ഈ സംഘടനയുടെ അൻപത്തി ഒന്നാമത് വർഷത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുവാൻ അവസരം ലഭിച്ചതിലുള്ള അതിയായ സന്തോഷം എംഎ‍ൽഎ മോൻസ് പ്രകടിപ്പിച്ചു. ഭക്ഷണം ഇല്ലാത്തവർക്ക് ഭക്ഷണം കൊടുക്കുന്നതിനും, ഭവന രഹിതർക്ക് ഭവനം നിർമ്മിക്കുന്നതിന് സഹായം നൽകുന്നതിനും, വിദ്യാഭ്യാസ സഹായം ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് താങ്ങായി തീരുന്നതിനും കേരളാ സമാജം ഈ വർഷത്തെ പ്രവർത്തനത്തിൽ മുൻതൂക്കം നൽകുന്നതിനാൽ ഈ പ്രവർത്തനോദ്ഘാടനം നടത്തുമ്പോൾ അഭിമാനം തോന്നുന്നു എന്നും മോൻസ് പ്രസ്താവിച്ചു.

കേരളാ സമാജത്തിന്റെ പ്രവർത്തനോദ്ഘാടന ചടങ്ങിൽ സംബന്ധിക്കുന്നതിന് ലഭിച്ച അവസരം ജീവിതത്തിലെ വലിയൊരു ഭാഗ്യമാണെന്ന് കരുതുന്നു എന്ന് ആശംസാ പ്രസംഗം നടത്തിയ എംഎ‍ൽഎ. മാണി സി. കാപ്പൻ പറഞ്ഞു. സാധാരണ പല സംഘടനകളും ഈസ്റ്റർ, വിഷു, ഓണം തുടങ്ങിയ ആഘോഷങ്ങളിൽ എല്ലാവരും ഒത്തുകൂടി ഭക്ഷണം കഴിച്ചും ആഘോഷിച്ചും പോകുമ്പോൾ, കേരളാ സമാജം പല നല്ല ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടി അതിന്റെ ഈ വർഷത്തെ പ്രവർത്തനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നറിയുമ്പോൾ വളരെ സന്തോഷവും അഭിമാനവും ഈ സംഘടനയെപ്പറ്റി തോന്നുന്നു എന്ന് കാപ്പൻ പ്രസ്താവിച്ചു. എല്ലാ മലയാളികൾക്കും ഈസ്റ്ററിന്റെയും വിഷുവിന്റെയും ഈദിന്റെയും ആശംസകൾ മാണി സി. കാപ്പൻ നേർന്നു.

2006, 2011, 2016, 2021 വർഷങ്ങളിൽ കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ നിന്നും തുടർച്ചയായി കേരളാ നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎ‍ൽഎ ആയതിനാൽ കേരളാ സമാജം 'ബെസ്‌ററ് പാർലമെന്റേറിയൻ' അവാർഡ് നൽകി അഡ്വക്കേറ്റ് മോൻസ് ജോസഫിനെ ചടങ്ങിൽ ആദരിച്ചു. പ്രശസ്ത വോളിബോൾ ഇതിഹാസം ജിമ്മി ജോർജിനൊപ്പം ഇന്റർനാഷണൽ വോളിബോൾ കളിക്കാരനായും പിന്നീട് സിനിമാ അഭിനേതാവ്, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ തിളങ്ങിയതിന് ശേഷം രാഷ്ട്രീയക്കാരനായി ജനപ്രതിനിധിയായ മാണി സി. കാപ്പന് 'ബെസ്‌ററ് ഹ്യുമാനിറ്റേറിയൻ' അവാർഡ് നൽകിയും ആദരിച്ചു.

സെന്റ് ജോർജ് ഓർത്തഡോക്‌സ് ഇടവക വികാരി ഫാദർ ജോർജ് ചെറിയാൻ യോഗത്തിൽ ഈസ്റ്റർ സന്ദേശവും മലയാളീ അസ്സോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര) എന്ന സംഘടനയുടെ പി.ആർ.ഓ. രഞ്ജിത് ചന്ദ്രശേഖരൻ വിഷു സന്ദേശവും നൽകി. കേരളാ സമാജത്തിന്റെ സ്ഥാപക പ്രസിഡന്റ് ആയിരുന്ന പ്രൊഫ. ജോസഫ് ചെറുവേലിയുടെ സാന്നിധ്യം അൻപത്തി ഒന്നാമതു വർഷവും ലഭിച്ചു എന്നത് വളരെ അനുഗ്രഹീത അനുഭവം ആയിരുന്നു. വിവിധ ഡാൻസ് സ്‌കൂളുകളുടെ മനോഹര ഡാൻസുകളും, സമാജം കുടുംബങ്ങളുടെ കുട്ടികളുടെ പാട്ട്, ഡാൻസ്, അപർണ്ണാ ഷിബുവിന്റെ പാട്ടുകൾ എന്നിവ ചടങ്ങിന് കൊഴുപ്പേകി.

സമാജം സെക്രട്ടറി ജോൺ കെ. ജോർജ് ഏവർക്കും സ്വാഗതം ആശംസിച്ചു. ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ഫൊക്കാന ട്രെഷറർ ബിജു ജോൺ, സമാജം സ്ഥാപക പ്രസിഡന്റ് പ്രൊഫ. ജോസഫ് ചെറുവേലിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ ഷാജി വർഗീസ് ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി. സമാജം വൈസ് പ്രസിഡന്റ് തോമസ് ഡേവിഡ് (സിബി) മാസ്റ്റർ ഓഫ് സെറിമണി ആയി ചടങ്ങു നിയന്ത്രിച്ചു. ജോയിന്റ് സെക്രട്ടറി ഹേമചന്ദ്രൻ, കമ്മറ്റി അംഗങ്ങളായ ലീലാ മാരേട്ട്, ബെന്നി ഇട്ടിയേര, ജോർജ് കുട്ടി, സജി എബ്രഹാം, കോരസൺ വർഗീസ്, മാമ്മൻ എബ്രഹാം, സിജു സെബാസ്റ്റ്യൻ, സജി തോമസ്, ജോസി സ്‌കറിയ, ട്രസ്റ്റീ ബോർഡ് അംഗങ്ങളായ സണ്ണി പണിക്കർ, വിൻസെന്റ് സിറിയക്, വർഗീസ് കെ. ജോസഫ്, പോൾ പി. ജോസ് തുടങ്ങിയവർ ചടങ്ങിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP