Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അവാർഡ് ദാന നിശയും വാർഷിക ഡിന്നർ ആഘോഷവുമായി ജീവകാരുണ്യ സംഘടന 'എക്കോ ' ഡിസംബർ 4 -ന് ന്യൂയോർക്കിൽ

അവാർഡ് ദാന നിശയും വാർഷിക ഡിന്നർ ആഘോഷവുമായി ജീവകാരുണ്യ സംഘടന 'എക്കോ ' ഡിസംബർ 4 -ന് ന്യൂയോർക്കിൽ

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: കാരുണ്യത്തിന്റെ കരസ്പർശവും ജീവകാരുണ്യ പ്രവർത്തന മുഖമുദ്രയും മനുഷ്യത്വത്തിന്റെ സാന്ത്വനവും സാമൂഹിക പ്രതിബദ്ധതയുടെ മാറ്റൊലിയുമായി ന്യൂയോർക്കിൽ പ്രവർത്തിച്ചു വരുന്ന 'എക്കോ' യുടെ (ECHO - Enhance Community through Harmonious Outreach) 2021 -ലെ വാർഷിക ഡിന്നറും അവാർഡ് ദാന നിശയും ഡിസംബർ 4 ശനിയാഴ്ച നടത്തപ്പെടുന്നു. ജെറിക്കോയിലുള്ള കൊട്ടിലിയൻ ഹോട്ടലിൽ വച്ച് വൈകിട്ട് 6 മുതൽ നടത്തപ്പെടുന്ന വാർഷിക ആഘോഷത്തിൽ എക്കോ കുടുംബാംഗങ്ങളും സമൂഹത്തിലെ പ്രശസ്തരായ വ്യക്തികളും പങ്കെടുക്കുന്നു.

സ്വന്തം മാതൃരാജ്യത്തും ലോകത്തിലെ വിവിധയിടങ്ങളിലും പ്രകൃതി ദുരന്തത്താലും ആരോഗ്യ സാമ്പത്തിക പ്രശ്‌നങ്ങളാലും കഷ്ടതയും ദുരിതവും അനുഭവിക്കുന്ന ജനങ്ങൾക്ക് തങ്ങളാലാകുന്ന സഹായഹസ്തം നീട്ടുന്നതിന് തല്പരരായ ഏതാനും വിദ്യാസമ്പന്നരായ പ്രൊഫഷണലുകൾ കൂട്ടായി ചേർന്ന് 2013- ൽ ന്യൂയോർക്കിൽ രൂപീകരിച്ച നോൺ പ്രോഫിറ്റ് സംഘടനയാണ് എക്കോ. 501 (സി) (3) നോൺ പ്രോഫിറ്റ് ചാരിറ്റി സംഘടനയായി രജിസ്റ്റർ ചെയ്യപ്പെട്ട എക്കോ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കി കഴിഞ്ഞു. സംഘടനാംഗങ്ങളിൽ നിന്നും എക്കോയുടെ പ്രവർത്തനങ്ങളിൽ വിശ്വാസമർപ്പിച്ച നല്ലമനസ്‌കരായ സുഹൃത്തുക്കളിൽ നിന്നുമുള്ള സഹായത്താൽ ലോകത്തിലെ പലയിടങ്ങളിൽ താങ്ങും തണലുമായി നിന്ന് ഇതിനോടകം എക്കോ ചെയ്ത പ്രോജെക്ടുകളെല്ലാം പ്രശംസനീയമാണ്.

2015 ഏപ്രിൽ 25 ന് നേപ്പാളിലെ കാത്മണ്ഡുവിന് സമീപം നടന്ന ഭൂകമ്പത്തിൽ ഒമ്പതിനായിരം ജനങ്ങൾ മരണപ്പെടുകയും 22,000 പേർക്ക് പരിക്കേൽക്കുകയും ആറു ലക്ഷത്തിലധികം കെട്ടിടങ്ങൾക്കു കേടുപാടുകൾ സംഭവിക്കുകയും ചെയ്തപ്പോൾ, എക്കോ അവരുടെ സഹായത്തിനായി ഉടൻ എത്തി. നേപ്പാളി ഡോക്ടർമാരുടെ സഹായത്താൽ 30,000 ഡോളർ മുടക്കി ഒരു പ്രൈമറി കെയർ സെന്റർ പണിതു നൽകിയത് ആ ജനതയ്ക്ക് വളരെ സഹായകരമായിരുന്നു. 2018 ലെ കേരള പ്രളയക്കെടുതിയിൽ വീടുകൾ നഷ്ടപ്പെട്ടവർക്കായി രണ്ടു ലക്ഷം ഡോളർ സമാഹരിച്ചു റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ നിർമ്മിച്ചു നൽകിയ വീടുകൾ കോട്ടയം കുമരകത്തുള്ള 30 ഭവനരഹിതർക്കു തണലായി.

ഡേവിസ് ചിറമ്മേലച്ചന്റെ നേതൃത്വത്തിലുള്ള കിഡ്‌നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയിലൂടെ ഡയാലിസിസ് മെഷീനുകൾ നൽകിയതും ആവശ്യത്തിലിരുന്ന ചിലർക്ക് ആർട്ടിഫിഷ്യൽ അവയവങ്ങൾ നൽകിയതും, ചെന്നൈയിലെ സങ്കൽപ് ലേണിങ് & സ്‌പെഷ്യൽ നീഡ്സ് സ്‌കൂളിന് നൽകിയ സഹായങ്ങളും ഇന്ത്യയിലെ കോവിഡ് നിയന്ത്രണ ഘട്ടങ്ങളിൽ സഹായ ഹസ്തം നീട്ടിയതും എക്കോ ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ചിലതു മാത്രമാണ്. ആവശ്യക്കാർക്ക് സഹായങ്ങൾ അവരുടെ കരങ്ങളിലേക്ക് നേരിട്ട് ലഭിക്കുന്നതായി ഉറപ്പു വരുത്തുവാൻ എക്കോ അംഗങ്ങൾ എപ്പോഴും ശ്രദ്ധാലുക്കളാണ്. എക്കോ നേരിട്ടും മറ്റു പ്രാദേശിക സംഘടനകളുടെ സഹകരണത്തിലൂടെയും വിവിധ സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടികളും നടത്താറുണ്ട്. പ്രാദേശികമായി ന്യൂയോർക്കിലെ വിവിധ സിറ്റികളിലായി നടത്തപ്പെട്ട ഫ്രീ കാൻസർ അവെയർനെസ്സ് ക്യാമ്പ്, കോവിഡ് അവയേർനെസ്സ് ക്യാമ്പ്, ടാക്‌സ് പ്ലാനിങ് ആൻഡ് അസ്സെറ്റ് പ്രൊട്ടക്ഷൻ പ്ലാനിങ് പ്രോഗ്രാം, ഫ്രീ മെഡിക്കെയർ എന്റോൾമെന്റ് സെമിനാർ മുതലായ പരിപാടികൾ പ്രാദേശിക ജനങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും പ്രശംസ നേടിയിട്ടുള്ളതാണ്. ഇന്ത്യൻ അമേരിക്കൻ സമൂഹത്തിലെ സഹായം അർഹിക്കുന്ന സീനിയർ ജനങ്ങൾക്കായി ഒരു സംപൂർണ അഡൾട്ട് ഡേ കെയർ സെന്റർ സ്ഥാപിക്കുന്നതാണ് എക്കോയുടെ അടുത്ത സ്വപ്നപദ്ധതി.

ഇതുപോലുള്ള കാരുണ്യ പ്രവർത്തനങ്ങൾക്കു ധന ശേഖരണത്തിനായി എക്കോ ഡിന്നർ മീറ്റിംഗുകളും മറ്റു പരിപാടികളും നടത്താറുണ്ട്. ഡിസംബർ 4 നു നടക്കുന്ന വാർഷിക ഡിന്നർ മീറ്റിംഗിൽ ലഭിക്കുന്ന തുകയും കാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതിനാണ് സംഘാടകർ ആഗ്രഹിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളെ ആദരിക്കുന്ന ചടങ്ങും ഡിസംബർ 4 -ലെ മീറ്റിംഗിൽ നടത്തപ്പെടുന്നതാണ്.

ന്യൂയോർക്കിലെ ഈസ്റ്റ് ഹില്ലിലുള്ള ബ്ലൂ ഓഷൻ വെൽത് സൊലൂഷൻസിലെ സി.ഈ.ഓ.- യും മാനേജിങ് പാർട്ണറുമായ ഫ്രാങ്ക് സ്‌കലേസ് ആണ് അന്നേ ദിവസത്തെ മുഖ്യാതിഥി. എക്കോയിലൂടെ നൽകുന്ന എല്ലാ സംഭവനകൾക്കും 501 (സി) (3) പ്രകാരമുള്ള ഇൻകം ടാക്‌സ് ഇളവ് ലഭ്യമാണ്. എക്കോയുടെ പ്രവർത്തനങ്ങളിൽ പങ്കു ചേരണം എന്നും സഹായ ഹസ്തങ്ങൾ നീട്ടണം എന്നും താല്പര്യമുള്ളവർ 516-855-0700 എന്ന നമ്പറുമായി ബന്ധപ്പെടുക. Email: [email protected] , Web: www.echoforhelp.org

'2021 എക്കോ ചാരിറ്റി അവാർഡ്' ജോൺ മാത്യുവിന്

മാത്യുക്കുട്ടി ഈശോ.

ന്യൂയോർക്ക്: ജീവകാരുണ്യ പ്രവർത്തനം മുഖമുദ്രയാക്കി ന്യൂയോർക്കിൽ പ്രവർത്തിച്ചു വരുന്ന 'എക്കോ' എന്ന സംഘടനയുടെ (ECHO - Enhance Community through Harmonious Outreach) 2021 ലെ എക്കോ ചാരിറ്റി അവാർഡിന് ന്യൂ ഹൈഡ് പാർക്കിൽ താമസിക്കുന്ന ജോൺ മാത്യു (ജോ) അർഹനായി. ജെറിക്കോയിലുള്ള കൊട്ടിലിയൻ ഹോട്ടലിൽ വച്ച് ഡിസംബർ 4 ശനിയാഴ്ച വൈകിട്ട് 6 മുതൽ നടത്തപ്പെടുന്ന എക്കോ വാർഷിക ആഘോഷത്തിൽ ഈ അവാർഡ് ജോണിന് സമ്മാനിക്കുന്നതാണ്.

ലോങ്ങ് ഐലൻഡ് എൻ. വൈ . യു . ലോങ്കോൺ ഹോസ്പിറ്റലിലെ മെഡിക്കൽ ടെക്ക്നോളജിസ്‌റ് ആയ ജോൺ മാത്യു സ്വന്തം വരുമാനത്തിൽ നിന്നും തുക ചെലവഴിച്ചു് ധാരാളം കാരുണ്യ പ്രവർത്തനങ്ങളാണ് വർഷങ്ങളായി കേരളത്തിൽ ചെയ്തു വരുന്നത്. വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്ന് ആഗ്രഹിക്കുന്ന ജോ തനിയെ ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ കൊട്ടിഘോഷിക്കുന്നതിനോ അതിലൂടെ പ്രശസ്തി നേടുന്നതിനോ താല്പര്യപ്പെടുന്നില്ല.

'എന്നാലാകുന്ന സഹായം അർഹതപ്പെട്ടവർക്ക് നേരിട്ട് നൽകുന്നതിന് മാത്രമാണ് ഞാൻ ചിലരെ സഹായിക്കുന്നത്. മറ്റുള്ളവരുടെ മുന്നിൽ പ്രശസ്തി നേടുന്നതിനോ ഷോ കാണിക്കുന്നതിനോ ഒന്നുമല്ല ഞാനിതു ചെയ്യുന്നത്. ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കണം എന്ന മനസ്ഥിതി ചെറുപ്പം മുതൽക്കേ ഉള്ളതുകൊണ്ട് സ്വന്തം സമ്പാദ്യത്തിൽ നിന്ന് ചെറിയ സഹായങ്ങൾ ചെയ്യണം എന്നത് മനസാക്ഷി അനുസരിച്ചു ചെയ്യുന്നുവെന്നേയുള്ളു. സഹായത്തിനു അർഹതയുള്ളവരാണോ എന്ന് മനസ്സിലാക്കിയതിനു ശേഷം മാത്രം നാട്ടിലുള്ള എന്റെ സഹോദരി വഴി ഞാൻ സഹായം എത്തിച്ചു നൽകുന്നു. എന്റെ പ്രവത്തനങ്ങൾ മറ്റുള്ളവർക്ക് മാതൃകയാകണം എന്ന് മാത്രമേ ഈ അവാർഡ് സ്വീകരിക്കുന്നതിലൂടെ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. അങ്ങനെ എന്റെ ഈ പ്രവർത്തനം മാതൃകയാക്കി കൂടുതൽ പേരിലൂടെ അർഹിക്കുന്നവർക്ക് സഹായം ലഭിക്കട്ടെ എന്ന് താല്പര്യപ്പെടുന്നു.' അവാർഡ് ലഭിച്ച സന്തോഷത്തിൽ ജോ പറഞ്ഞു.

പത്തനംതിട്ട ജില്ലയിൽ അയിരൂരിലുള്ള ഒരു വ്യക്തിക്കും, കിടങ്ങന്നൂരിലുള്ള രണ്ടു വ്യക്തികൾക്കും ഭവന നിർമ്മാണ സഹായമായി ഒൻപതു ലക്ഷത്തോളം രൂപ ജോ നൽകി. നാട്ടിൽ അപ്പ്ഹോൾസറി വർക്ക് നടത്തുന്ന ഒരു വ്യക്തിക്ക് അപകടം സംഭവിച്ചപ്പോൾ കാലിനു സർജ്ജറി നടത്തുന്നതിനും മറ്റൊരാൾക്ക് ഓപ്പൺ ഹാർട്ട് സർജ്ജറി നടത്തുന്നതിനും നിർധനയായ ഒരു പെൺകുട്ടിക്ക് ആയുർവേദ മെഡിസിന് അഡ്‌മിഷൻ ലഭിച്ചപ്പോൾ വിദ്യാഭ്യാസ സ്‌പോൺസർ ചെയ്യുന്നതിനും മറ്റൊരു വ്യക്തിക്ക് ജീവിത മാർഗത്തിനായി ഒരു തട്ടു കട നിർമ്മിച്ചു നൽകുന്നതിനും ഇതിനോടകം ദൈവാനുഗ്രഹത്താൽ സാധിച്ചു. മകന്റെ വിവാഹത്തോടനുബന്ധിച്ചു 12 നിർധനരായ പെണ്കുട്ടികൾക്ക് വിവാഹ സഹായം നൽകുന്നതിനും സാധിച്ചു. 2018 ലെ പ്രളയക്കെടുതി സമയത്തു പത്തനംതിട്ട ജില്ലയിലെ വിവിധ പുനരധിവാസ ക്യാമ്പുകളിൽ കഴിഞ്ഞവർക്ക് ഭക്ഷണം നൽകുന്നതിനും മറ്റു സഹായങ്ങൾ എത്തിക്കുന്നതിനും ആ സമയങ്ങളിൽ സാധിച്ചു. കോവിഡ് കാലത്തു ഓൺലൈൻ ക്ലാസ്സിൽ പഠിക്കുന്നതിനു നിര്ധനയായ ഒരു വിദ്യാർത്ഥിനിക്ക് ലാപ്‌ടോപ്പ് വാങ്ങി നൽകിയതും ധാരാളം സഹായങ്ങൾ നല്കിയതിൽ ചിലതു മാത്രമാണ്. ദൈവം തനിക്കു തരുന്ന നന്മകൾ കഷ്ടതയനുഭവിക്കുന്ന മറ്റുള്ളവർക്ക്കൂടി പങ്കു വെയ്ക്കണം എന്ന താല്പര്യമാണ് തന്നെ ഈ പ്രവർത്തനം ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നത് എന്ന് ജോ ഓർമ്മിച്ചു. പത്തനംതിട്ട അയിരൂർ സ്വദേശിയായ ജോൺ മാത്യു ഭാര്യ ഷീലയോടൊപ്പം രണ്ടു പതിറ്റാണ്ടിലേറെയായി ന്യൂയോർക്കിൽ താമസമാണ്. രണ്ടു ആൺമക്കൾ വിവാഹിതരാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP