Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നൈനയുടെ പുരസ്‌കാരങ്ങൾ നേടി ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ മുന്നോട്ട്

നൈനയുടെ പുരസ്‌കാരങ്ങൾ നേടി ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ മുന്നോട്ട്

ജീമോൻ റാന്നി

ഹൂസ്റ്റൺ: മികവുറ്റ പ്രവർത്തനവർഷം സമ്മാനിച്ച് ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (ഐനാഗ്).നഴ്‌സിങ് രംഗത്ത് അമേരിക്കയിൽ ലഭിക്കാവുന്ന ഏറ്റവും പ്രശസ്തമായ അവാർഡുകൾ നേടിക്കൊണ്ടാണ് 'ഐനാഗ്' ചരിത്ര നേട്ടം കൈവരിച്ചത്.

1994 ൽ സ്ഥാപിതമായ ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (IANAGH) 501c3 സ്റ്റാറ്റസുള്ള നോൺ പ്രോഫിറ്റ് സംഘടനയാണ്. ഇന്ത്യൻ നഴ്‌സുമാരെയും നഴ്‌സിങ് വിദ്യാർത്ഥികളെയും ഹ്യൂസ്റ്റൺ പ്രദേശത്ത് ഒരു കുടക്കീഴിൽ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംഘടനയിൽ ഇപ്പോൾ 500-ലധികം അംഗങ്ങളുണ്ട്.

ഈ വർഷം നിരവധി പുരസ്‌കാരങ്ങളാണ് 'ഐനാഗി'നെ തേടിയെത്തിയത്. ദേശീയതലത്തിൽ ഇന്ത്യൻ നഴ്‌സുമാരെ പ്രതിനിധാനം ചെയ്യുന്ന അമേരിക്കയിലെ ഏറ്റവും പ്രമുഖ സംഘടനകളിലൊന്നായ നാഷണൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസസ് ഓഫ് അമേരിക്ക (നൈന) യുടെ ഈ വർഷത്തെ ചാപ്റ്റർ എക്‌സലൻസ് അവാർഡാണ് ഏറ്റവും പ്രധാനം. മികവുറ്റതും ചിട്ടയായ പ്രവർത്തനവുമാണ് എക്‌സലൻസ് അവാർഡ് ലഭിക്കാൻ ഇടയായതെന്ന് ഭാരവാഹികൾ അറിയിച്ചു.

അസ്സോസിയേഷൻ അംഗം ഗിരിജ ബാബുവിന് നൈനയുടെ ക്ലിനിക്കൽ പ്രാക്ടീസ് RN നഴ്‌സിങ് എക്‌സലൻസ് അവാർഡും ഡോ. റീനു വർഗീസിന് നൈനയുടെ APN എക്‌സലൻസ് അവാർഡും ലഭിച്ചു.

കമ്മ്യൂണിറ്റി പ്രോഗ്രാമുകളുടെയും വിദ്യാഭ്യാസ പരിപാടികളിലൂടെയും പ്രാദേശിക, ദേശീയ, ആഗോള തലങ്ങളിൽ മികവ് തെളിയിച്ചിട്ടുള്ള സംഘടന കമ്മ്യൂണിറ്റിക്ക് സഹായം ആവശ്യമുള്ളപ്പോൾ എപ്പോഴും സഹായ ഹസ്തവുമായി കുമ്യൂണിറ്റിയുടെ കൂടെ നിൽക്കുന്നു. ഈ പാൻഡെമിക് കാലത്ത് ഐനാഗിന്റെ അംഗങ്ങൾ ആയിരക്കണക്കിന് മാസ്‌കുകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. അതോടൊപ്പം വിഎ ഹോസ്പിറ്റലിലേക്കും പാർക്ക് മാനർ നഴ്‌സിങ് ഹോമിലേക്കും ആയിരക്കണക്കിന് N95 മാസ്‌കുകൾ സംഘടന വിതരണം ചെയ്തു. ഹ്യൂസ്റ്റൺ ഫുഡ് ബാങ്ക്, ഇന്തോ അമേരിക്കൻ ചാരിറ്റി ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ച് സ്റ്റാഫോർഡ്, ഹ്യൂസ്റ്റൺ, റിച്ച്മണ്ട് പ്രദേശങ്ങളിലെ പല കുടുംബങ്ങൾക്കും ധാരാളം ഭക്ഷണ, പലവ്യഞ്ജന പാക്കറ്റുകൾ വിതരണം ചെയ്യുന്നതിനും സംഭാവന ചെയ്യുന്നതിനും സംഘടനയ്ക്കു കഴിഞ്ഞു.

കോവിഡ് -19 പ്രതിസന്ധി അതിരൂക്ഷമായിരുന്ന സമയത്ത് വിവിധ പ്രവർത്തനങ്ങൾ നടത്തിയ ന്യൂയോർക്ക്, ന്യൂജഴ്സി ചാപ്റ്ററുകൾക്ക് സാമ്പത്തിക സംഭാവന നൽകി സഹായിച്ചു. ചാപ്റ്റർ അംഗങ്ങൾ കോവിഡ് -19 സംബന്ധിച്ച് നിരവധി വിദ്യാഭ്യാസ പരിപാടികൾ നടത്തി. 15 വർഷമായി സ്റ്റാർ ഓഫ് ഹോപ്പ് ഷെൽട്ടറിൽ ക്രിസ്മസ് പ്രോഗ്രാമുകൾ സംഘടിപ്പിച്ച് പുതപ്പുകൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ മുതലായവയും നൽകി വരുന്നു.

എല്ലാ വർഷവും IANAGH അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ഹാർട്ട് വാക്ക്, ഗോ റെഡ് ഡേയിൽ പങ്കെടുക്കുകയും AHA പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ധനസമാഹരണം നടത്തി സംഭാവന ചെയ്തു വരുന്നു. ഹൂസ്റ്റണിലെ വിവിധ പബ്ലിക് സ്‌കൂളുകളിൽ മദ്യം, മയക്കുമരുന്ന് എന്നിവയ്ക്ക് എതിരെ വിദ്യാർത്ഥികളിൽ അവബോധമുണ്ടാക്കി ലഹരി വിരുദ്ധ പഠന ക്ലാസുകൾ എടുത്തു. കൂടാതെ ബോൺ മാരോ / ബ്ലഡ് / ഓർഗൻ സ്വാബ് ഡ്രൈവ് വഴി കമ്മ്യൂണിറ്റി അവബോധം എത്തിക്കുന്നതിന് ഗൾഫ് കോസ്റ്റ് റീജിയണൽ ബ്ലഡ് സെന്ററുമായി സഹകരിച്ചു പ്രവർത്തിച്ചു.മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റണുമായി (മാഗ്) ചേർന്ന് വാർഷിക ഫ്‌ളൂ വാക്‌സിൻ പ്രോഗ്രാം ആരോഗ്യമേളയിൽ IANAGH അംഗങ്ങൾ സന്നദ്ധസേവനം നടത്തി.

അന്തരിച്ച പൊലീസ് ഡെപ്യൂട്ടി സന്ദീപ് ധാലിവാളിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകി ആദരാഞ്ജലി അർപ്പിച്ചു. 2020 ജനുവരിയിൽ പരേതയായ ചന്ദ്രിക നായരുടെ കുടുംബത്തിന് ശവസംസ്‌കാരച്ചെലവുകൾക്കായി ധനസമാഹരണം നടത്തി സംഭാവന നൽകി.

IANAGH ന്റെ ദൗത്യം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു, ഉദാഹരണത്തിന്, ഹെയ്തിയിൽ ഒരു ക്ലിനിക്ക് ആരംഭിക്കുന്നതിന് ''ഹെയ്തി മിഷന്'' സംഘടന 25,000 ഡോളർ സംഭാവന നൽകി. നിരവധി അംഗങ്ങൾ അവിടെ പോകാൻ സന്നദ്ധരായി, ഹെയ്തിയിലെ ജനങ്ങൾക്ക് അവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി സ്‌കൂൾ സാമഗ്രികൾ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഭക്ഷണം എന്നിവ ശേഖരിക്കുകയും സംഭാവന ചെയ്യുകയും ചെയ്തു.അമേരിക്കയിലെയും ഇന്ത്യയിലെയും 5 നഴ്‌സിങ് വിദ്യാർത്ഥികൾക്ക് 500 ഡോളർ വീതം വാർഷിക സ്‌കോളർഷിപ്പ് IANAGH നൽകി വരുന്നു.

2018 ൽ കേരളത്തിലെ ജനങ്ങൾ പ്രളയ കെടുതിയിൽ ദുരിതം അനുഭവിച്ചപ്പോൾ കേരളത്തിലെ നിരവധി പ്രദേശങ്ങളിൽ 10 ദിവസത്തെ മെഡിക്കൽ മിഷൻ സേവനങ്ങൾക്കായി 'ലെറ്റ് തേം സ്‌മൈൽ' എന്ന സംഘടനയോടൊപ്പം 'ഐനാഗ്' നേതൃത്വം നൽകിയെന്നും 4 വർഷക്കാലം സംഘടനയ്ക്ക് സുധീര നേതൃത്വം നൽകിയ പ്രസിഡണ്ട് അക്കാമ്മ കല്ലേൽ പറഞ്ഞു. മറ്റു ഭാരവാഹികളായ ഡോ. അനുമോൾ തോമസ് (വൈസ് പ്രസിഡണ്ട്) ബ്രിജിറ്റ് മാത്യു (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്) വെർജീനിയ അൽഫോൻസ് (സെക്രട്ടറി) ക്ലാരമ്മ മാത്യൂസ്, എൽസി ജോസ് (ട്രഷറർമാർ) എന്നിവരോടൊപ്പം എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഐനാഗിന്റെ വിജയം എന്ന് പുതിയ വർഷത്തിൽ അഡൈ്വസറി ബോർഡ് ചെയർ ആയി തുടരുന്ന അക്കാമ്മ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP