Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക കൺവെൻഷന് ഹ്യൂസ്റ്റനിൽ കൊടി ഉയരുന്നു; മഹാസംഗമം ഓഗസ്റ്റ് നാലു മുതൽ ഏഴു വരെ

ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക കൺവെൻഷന് ഹ്യൂസ്റ്റനിൽ കൊടി ഉയരുന്നു; മഹാസംഗമം ഓഗസ്റ്റ് നാലു മുതൽ ഏഴു വരെ

എ.സി. ജോർജ്

ഹ്യൂസ്റ്റൻ: വടക്കെ അമേരിക്കയിലെ ക്‌നാനായ കത്തോലിക്കാ അൽമായരുടെ സംഘടനകളുടെ സംഘടനയായ ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.സി.സി.എൻ.എ)യുടെ പന്ത്രണ്ടാമത്‌ മഹാ സംഗമത്തിന് കൊടി ഉയരാൻ ഇനി ഏതാനും ദിനങ്ങൾ മാത്രം. അമേരിക്കയിലെ നാലാമത്തെ പ്രമുഖ നഗരവും എനർജി ക്യാപിറ്റൽ എന്നറിയപ്പെടുന്ന ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ ഏറ്റവും വലിയ കൺവെൻഷൻ വേദിയായ ജോർജ് ആർ. ബ്രൗൺ കൺവെൻഷൻ സെന്ററിലും ഹിൽട്ടൺ അമേരിക്ക ഹോട്ടലിലുമായി ഓഗസ്റ്റ് 4 മുതൽ 7 വരെയാണ് മഹാസംഗമം ക്രമീകരിച്ചിരിക്കുന്നത്. കൺവെൻഷന്റെ സുഗമമായ നടത്തിപ്പിന് മുപ്പതോളം കമ്മറ്റികളാണ് അഹോരാത്രം പ്രവർത്തിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിനിധികൾ എത്തുന്നു എന്നത് ഈ കൺവെൻഷന്റെ ഒരു പ്രത്യേകതയാണ്.

കൺവെൻഷനിലെത്തുന്നവരെ സ്വീകരിക്കാനും സൽക്കരിക്കാനും അവർക്ക് മാക്‌സിമം സുരക്ഷ ഉറപ്പാക്കാനും ആതിഥേയ സംഘടനയായ ഹ്യൂസ്റ്റൻ കെ.സി.സി.എൻ.എ. പ്രതിജ്ഞാബദ്ധവും സർവ്വഥാ തയ്യാറുമായിരിക്കുമെന്ന് ഹ്യൂസ്റ്റൻ കെ.സി.സി.എൻ.എ. ഭാരവാഹികളായ എബ്രഹാം പറയൻകാലായിൽ (പ്രസിഡന്റ്) ലൂസി കറുകപറമ്പിൽ (വൈസ് പ്രസിഡന്റ്) സോനി ആലപാട്ട് (സെക്രട്ടറി) ഷാജി അറ്റുപുറം (ജോയിന്റ് സെക്രട്ടറി) രാജു ചേരിയിൽ (ട്രഷറർ) എന്നിവർ അറിയിച്ചു. ഹ്യൂസ്റ്റനിൽ സംഘടിപ്പിച്ച പത്രമാദ്ധ്യമ സമ്മേളനത്തിൽ കെ.സി.സി.എൻ.എ. യുടെ ഹ്യൂസ്റ്റൻ പ്രാദേശിക ഭാരവാഹികൾക്കു പുറമെ ഹ്യൂസ്റ്റനിൽ നിന്നു തന്നെയുള്ള കെ.സി.സി.എൻ.എ. യുടെ അഖില കൺവെൻഷൻ ചെയർമാൻ അജിത് കളത്തിൽ കരോട്ട്, കൺവെൻഷൻ കോ-ഓർഡിനേറ്ററും ഇവന്റ് കമ്മറ്റി ചെയർമാനുമായ ബേബി മണക്കുന്നേൽ എന്നിവരും സന്നിഹിതരായിരുന്നു.

സെന്ററൽ കമ്മിറ്റിയുടെ വൈവിധ്യമാർന്ന കൺവെൻഷൻ ചടങ്ങുകളുടെ ഒരു ഏകദേശ രൂപം ഈ പ്രസ് മീഡിയാ മീറ്റിലൂടെ അവർ വിശദീകരിച്ചു. കൺവെൻഷന് നാലായിരത്തോളം പേരെത്തുമെന്നാണ് പ്രതീക്ഷ എന്ന് കെ.സി.സി.എൻ.എ. സെന്ററൽ കമ്മറ്റി അഭിപ്രായപ്പട്ടു. ഓഗസ്റ്റ് 4 വ്യാഴാഴ്ച രാവിലെ മുതൽ രജിസ്‌ട്രേഷൻ പാക്കറ്റുകൾ വിതരണം ചെയ്യപ്പെടും. ഹ്യൂസ്റ്റനിലെ ഡൊമസ്റ്റിക് എയർപോർട്ടായ ഹോബിയിൽ നിന്നും അതുപോലെ ജോർജ് ബുഷ്, ഇൻടർ കോണ്ടിനെന്റൽ എയർപോർട്ടിൽ നിന്നും ഹോട്ടൽ സമുച്ചയത്തിലേക്കും കൺവെൻഷൻ സെന്ററിലേക്കും ട്രാൻസ്‌പോർട്ടേഷൻ ഒരുക്കിയിട്ടുണ്ട്. കൺവെൻഷൻ സമാപനത്തിനു ശേഷം മടക്കയാത്രക്കും ഈ എയർപോർട്ടുകളിലേക്കുള്ള ട്രാൻസ്‌പോർട്ടേഷൻ സൗകര്യമുണ്ടായിരിക്കും.

ഓഗസ്റ്റ് 4ന് വൈകുന്നേരം 6 മണിക്ക് കൺവെൻഷൻ ഔപചാരികമായി തിരിതെളിയിച്ച് ഓപ്പൺ ചെയ്യും. തുടർന്ന് ഹ്യൂസ്റ്റൻ ആതിഥേയ ക്‌നാനായ കാത്തലിക്ക് സൊസൈറ്റി അവതരിപ്പിക്കുന്ന കൾച്ചറൽ പ്രോഗ്രാമും, ക്‌നാനായ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള വൈവിധ്യമാർന്ന കലാപരിപാടികൾ ആദ്യദിനത്തെ മോടിപിടിപ്പിക്കും. വെള്ളിയാഴ്ച രാവിലെ കൺവെൻഷൻ സെന്ററിൽ ആഘോഷമായ ദിവ്യ ബലിക്കു ശേഷം വർണശബളമായ ഘോഷയാത്രക്കു തുടക്കമാകും. പരമ്പരാഗതമായ അലങ്കാരങ്ങൾ ആകർഷകങ്ങളായ വേഷവിധാനങ്ങൾ കലാ-സാംസ്‌കാരിക രൂപങ്ങൾ പ്രകടനങ്ങൾ വാദ്യ മേളങ്ങൾ ഘോഷയാത്രയെ മോടിപിടിപ്പിക്കും. കെ സി സി എൻ എ യുടെ ഓരോ യൂണിറ്റുകാരുടെയും ബാനറുകൾ കൊടിതോരണങ്ങൾ സഹിതം ഘോഷയാത്ര ജോർജ് ആർ. ബ്രൗൺ കൺവെൻഷൻ സെന്ററിലെ രണ്ടാം നിലയിലുള്ള ബാൾ റൂമിലാണ് സമാപിക്കുക. ഡെമോക്രാറ്റിക് പാർട്ടിയുടെ 2004 ലെയും 2008ലേയും നാഷണൽ കൺവെൻഷൻ ഇതേ ബാൾ റൂമിലും ജോർജ് ആർ. ബ്രൗൺ കൺവെൻഷൻ ഹോട്ടൽ സമുച്ചയത്തിലുമായിരുന്നെന്ന് സ്മരിക്കുക.

ഘോഷയാത്രക്കുശേഷം കൺവെൻഷന്റെ ഔപചാരികമായ പൊതുസമ്മേളനം നടക്കും. അതിൽ കേരളത്തിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള മത, സാമൂഹ്യ, സാംസ്‌കാരിക നായകർ പങ്കെടുക്കും. തുടർന്ന് വിവിധങ്ങളായ കലാ-കായിക മത്സരങ്ങളായിരിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും വിവിധ പ്രായമന്യെ വേർതിരിച്ചാണ് മത്സരങ്ങൾ. യുവജനങ്ങൾക്കായി പ്രത്യേക കലാ കായിക വേദികളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ക്‌നാനായ മങ്ക, ക്‌നാനായ മന്നൻ, മാസ്റ്റർ ക്‌നാ, മിസ് ക്‌നാ, ബാറ്റിൽ ഓഫ് ദ സിറ്റീസ്, ചിരി അരങ്ങ്, നർമ്മ സല്ലാപം തുടങ്ങിയ പരിപാടികൾ അതീവ ഹൃദ്യവും വേറിട്ട അനുഭവങ്ങളുമായിരിക്കും സമ്മാനിക്കുക. വിജ്ഞാനപ്രദമായ സാംസ്‌കാരിക സെമിനാറുകൾ, പ്രൊഫഷണൽ സിമ്പോസിയങ്ങൾ, ചർച്ചകൾ എല്ലാം ഈ സംഗമത്തെ ഫലപ്രദമാക്കും. കേരളീയ വിഭവങ്ങളടങ്ങിയ ഭക്ഷണക്രമീകരണങ്ങൾക്കു പുറമെ ധാരാളം ബിസിനസ് ബൂത്തുകളും കൺവെൻഷൻ നഗറിലുണ്ടാകും. ഓഗസ്റ്റ് 7 ന് ഞായറാഴ്ച വിശുദ്ധകുർബാനക്കു ശേഷം കൺവെൻഷന്റെ ക്ലോസിങ് സെറിമണി പരിപാടികൾക്ക് തുടക്കമാകും. കൺവെൻഷൻ സമാപന ദിനത്തിലെ മുഖ്യ ഇനമാണ് ബാങ്ക്വറ്റും തൽസമയ അനുബന്ധ പരിപാടികളും.

ഗ്രെയിറ്റർ ഹ്യൂസ്റ്റനിലേയും ഗാൽവെസ്റ്റനിലേയും വിവിധ സൈറ്റ് സീയിങ് ട്രിപ്പിനുള്ള സംവിധാനവും കൺവെൻഷൻ കമ്മറ്റി ഒരുക്കിയിട്ടുണ്ട്. ക്‌നാനായ സഹോദരങ്ങൾക്ക് ഒരേ കുടുംബമെന്ന നിലയിൽ ഒത്തുചേരുവാനും ദൃഢമായ ആത്മബന്ധം വളർത്തുവാനും ജീവിതാനുഭവങ്ങൾ മധുരോദമായി പങ്കിടാനും കൺവെൻഷൻ ഒരു അസുലഭ അവസരമായിരിക്കുമെന്ന് കൺവെൻഷൻ ഭാരവാഹികൾ പറഞ്ഞു. മഹത്തായ ഈ ക്‌നാനായ സംഗമത്തിലേക്ക് അവർ ഏവരേയും സഹർഷം സ്വാഗതം ചെയ്തു. ഇപ്പോൾ കെ. സി. സി. എൻ. എ. ദേശീയ സംഘടനക്കും ഈ കൺവെൻഷനും ചുക്കാൻ പിടിക്കുന്നവർ സണ്ണി പൂഴിക്കാല (പ്രസിഡന്റ്) ജോസ് ഉപ്പൂട്ടിൽ (വൈസ് പ്രസിഡന്റ്) പയസ് വെളൂപറമ്പിൽ (ജനറൽ സെക്രട്ടറി) സഖറിയാ ചേലക്കൽ (ജോയിന്റ് സെക്രട്ടറി) ജോസ് കുരുവിള എടാട്ടുകുന്നേൽ ചാലിൽ (ട്രഷറർ) അജിത് കുളത്തിൽ കരോട്ട് (കൺവെൻഷൻ ചെയർമാൻ) ബേബി മണക്കുന്നേൽ (കൺവെൻഷൻ ഇവന്റ് കോഓർഡിനേറ്റർ) എന്നിവരാണ്. ഹ്യൂസ്റ്റനിൽ വിളിച്ചു ചേർത്ത മാദ്ധ്യമ കോൺഫറൻസിൽ മാദ്ധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP