Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ന്യൂയോർക്കിലെ കർഷകശ്രീ കൂട്ടായ്മ ഇന്ത്യയിലെ കർഷക സമരത്തിന്‌ഐക്യദാർഢ്യം രേഖപ്പെടുത്തി

ന്യൂയോർക്കിലെ കർഷകശ്രീ കൂട്ടായ്മ ഇന്ത്യയിലെ കർഷക സമരത്തിന്‌ഐക്യദാർഢ്യം രേഖപ്പെടുത്തി

സ്വന്തം ലേഖകൻ

ന്യൂയോർക്കിലെ കേരളാ കൾച്ചറൽ സെന്ററിൽ വച്ച് നടന്ന സമ്മേളത്തിൽ വച്ച്, ഇന്ത്യൻ കാർഷിക പരിഷ്‌കരണ നിയമങ്ങളിലെ കർഷക വിരുദ്ധ നിലപാടുകളെക്കുറിച്ചു ആശങ്ക രേഖപ്പെടുത്തി. ഇത് അന്നം തരുന്ന സാധാരണ കർഷകരുടെ സമരമാണ്. അനുഭാവപൂർവ്വം അവരുടെ ആവലാതികൾ പരിഗണിക്കാതെ, നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കുന്ന നിയമങ്ങൾ നീതിയല്ല എന്ന് യോഗം വിലയിരുത്തി.

സമരമുഖത്തു മരിച്ചുവീണ കർഷകരുടെ ഓർമ്മകൾക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് ആരംഭിച്ച യോഗത്തിൽ ന്യൂയോർക്ക് കർഷകശ്രീ സംഘാടകൻ ഫിലിപ്പ് മഠത്തിൽ സ്വാഗതം ആശംസിച്ചു. സങ്കീർണ്ണമായ പുതിയ കർഷകനിയമങ്ങളുടെ വരുംവരാഴികളെക്കുറിച്ചു സാമൂഹ്യപ്രവർത്തകനായ കോരസൺ വർഗീസ് വിശദീകരിച്ചു.

ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ മൂന്നു കാർഷിക പരിഷ്‌കരണ നിയമങ്ങൾക്കെതിരേ ആണ് കർഷകസമൂഹം സമരരംഗത്തിറങ്ങിയത്. ഇന്ത്യ കണ്ട ഏറ്റവും വലിയ കര്ഷകസമരങ്ങളിലൊന്നാണ് ഡൽഹിയിൽ നടക്കുന്നത്. കാൽ നൂറ്റാണ്ടുകൊണ്ട് ലക്ഷക്കണക്കിന് കർഷകർ ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ അതിജീവനത്തിനു വേണ്ടിയുള്ള കർഷകരുടെ പോരാട്ടം, സർക്കാർ ജലപീരങ്കിയും കണ്ണീർവാതകവും ലാത്തിയുമായി നേരിടുമ്പോൾ, കർഷകർ ജനാധിപത്യമായ രീതിയിലാണ് സമരം ചെയ്യുന്നത്. 46 ദിവസം കടന്ന സമരമുഖത്തു 57 കർഷകർ മരിച്ചുവീണു. സർക്കാരുമായി നടന്ന 8 ചർച്ചകളും പരാജയമായി. വീട്ടിലേക്കുള്ള മടക്കം നിയമം പിൻവലിച്ചതിനു ശേഷം മാത്രം എന്ന് കർഷകരും, തർക്കമുള്ള കാര്യങ്ങളിൽ മാത്രം ചർച്ച എന്ന നിലപാടിൽ സർക്കാരും നിൽക്കുന്നു. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ പാരലൽ ട്രാക്ടർ റാലി നടത്തി ഡൽഹി സ്തമ്പിപ്പിക്കും എന്നാണ് സമരക്കാർ. നിലവിലെ സാഹചര്യത്തിൽ നിയമങ്ങൾ നിർത്തിവയ്ക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും സർക്കാർ അത് നിരസിച്ചു. ഇത് കർഷകരെ 'കോർപ്പറേറ്റുകളുടെ കാരുണ്യത്തിൽ' ഉപേക്ഷിക്കുമെന്ന് പ്രതിപക്ഷപാർട്ടികളും, തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്നതെന്നും സർക്കാരും പറയുന്നു.

1857-60-ൽ അവിഭക്ത ബംഗാളിൽ നടന്ന കാർഷിക സമരമാണ് നീലം പ്രക്ഷോഭത്തോട് സമാനമാണ് ഇപ്പോഴത്തെ സമരവും. അന്യായമായ കരാറുകളിലൂടെ നീലം വിത്തു പാകാൻ തങ്ങളെ നിർബന്ധിതരാക്കിയ തോട്ടമുടമകൾക്കെതിരായാണ് അന്നു കർഷകസമൂഹം സംഘടിച്ചത്. ഗാന്ധിജി ഇന്ത്യയിൽ നയിച്ച ആദ്യസമരമാണ് 1917-ലെ ചമ്പാരൺ നീലം കർഷക സമരം. ജമീന്ദാർമാരുടെ കൂലിപ്പടയുടെ പീഡനഭീഷണിയിൽ കഴിഞ്ഞിരുന്ന ചമ്പാരണിലെ കർഷകർക്ക്, തുച്ഛമായ പ്രതിഫലം വാങ്ങി കൊടുംദാരിദ്ര്യത്തിൽ കഴിയുകയല്ലാതെ വഴിയില്ലായിരുന്നു. ജീവിതം ഒന്നിനൊന്നിനു ദുരിതപൂർണ്ണമായപ്പോൾ, 1917-ലെ ചമ്പാരൺ സമരം നടന്നത്.

കാർഷീകോൽപ്പന്നങ്ങളുടെ വ്യാപാരവും വിപണനവും സംബന്ധിച്ച നിയമം, വിലയുറപ്പും കാർഷീക സേവനങ്ങളും സംബന്ധിച്ച കർഷകരുടെ കരാർ , അവശ്യ സാധന ഭേദഗതി നിയമം എന്നിവക്കെതിരേ ആണ് കർഷക പോരാട്ടം. കർഷകരുടെ നിലവിലുള്ള പരിധികൾ വ്യാപിപ്പിക്കുന്ന വഴി ആർക്കും ഈ വ്യാപാര മേഖലിയിലേക്കു കടന്നുവരാം, അവിടെ കോർപറേറ്റുകൾ കൈകടത്തിയാൽ പിന്നെ അവരുടെ അടിമകൾ ആയി കർഷകർ മാറും. വ്യാപാരികൾ എന്ന നിർവചനവും മാറ്റി, അന്തർദേശീയ താല്പര്യം അനുസരിച്ചു ഇന്ത്യൻ കമ്പനികൾ സമീന്ദാരുടെ നില ഏറ്റെടുക്കയും, കർഷകരെ തീവ്രസമ്മർദ്ദത്തിലാക്കി അവരുടെ ജീവിതം കയറിൻ തുമ്പിൽ നിലനിർത്തും. തർക്കമുണ്ടായാൽ കോടതിയെ സമീപിക്കാൻ കർഷകർക്ക് അവകാശം നഷ്ട്ടപ്പെടുന്നു. സർക്കാർ വിവക്ഷിക്കുന്ന സമയത്തു അത്യാവശ്യ ഘട്ടങ്ങളിൽ വില നിശ്ചയിക്കാനും , കരുതിവെക്കാനും സർക്കാരിനു സാധിക്കും. താങ്ങുവില നൽകുമെന്നു സർക്കാർ പറയുമെങ്കിലും കർഷകർ അത് മുഖവിലക്കെടുക്കുന്നില്ല.

പൗരത്വബിൽ, അത് മുസ്ലിംതാല്പര്യം, കൂടങ്കുളം ആണവനിലയം സമരം, അത് വിദേശീയ ക്രിസ്ത്യൻ താല്പര്യം, ആർട്ടിക്കിൾ 370 , അത് പാക്കിസ്ഥാൻകാരുടെ താല്പര്യം, കാർഷിക ബിൽ , അത് ഖാലിസ്ഥാൻ താല്പര്യം , ഇങ്ങനെ ജനകീയ സമരങ്ങൾ വിഘടിപ്പിച്ചു ദേശപ്രേമം എന്ന മിഥ്യാധാരണ ഉയർത്തി അടിച്ചൊതുക്കാൻ ശ്രമിക്കുന്ന ഭരണതന്ത്രം തിരിച്ചറിയേണ്ടതുണ്ട്. ഇത് മനുഷ്യത്വത്തിന്റെ കുടിയിറക്കമാണോ അതോ ജനാധിപത്യത്തിന്റെ പടിയിറക്കമാണോ എന്ന് കാലം തെളിയിക്കും, കോരസൺ വർഗീസ് കൂട്ടിച്ചേർത്തു.

കമ്പനികൾ കാർഷിക മേഖലയിൽ പിടിമുറുക്കിയാൽ സൂക്ഷിച്ചുമാത്രം തിരഞ്ഞെടുക്കുന്ന കാർഷികോപ്പാദനം ആയിരിക്കും നടക്കുക. അവിടെ കർഷകൻ വെറും ഉപകരണം മാത്രമേ ആകുന്നുള്ളൂ എന്നത് ആശങ്ക ഉണർത്തുന്നു, കരാർ പണിക്കു വിധേയനാകുന്ന കർഷകൻ കൂലിക്കാരന്റെ നിലയിലേക്കു പതിക്കും എന്ന് സാഹിത്യകാരനായ ബാബു പാറക്കൽ അഭിപ്രായപ്പെട്ടു.

വിലയിടിവ്, കൃത്രിമ വിലക്കയറ്റം തുടങ്ങി കോർപ്പേറേറ്റു ചതിയിൽ കർഷകർ കൂട്ടമായി പതിക്കുന്ന ദാരുണ കാഴ്ചകളാണ് ഇനി കാണേണ്ടി വരിക. ഒരു കാലത്തു ജയ് ജവാൻ ജയ് കിസാൻ എന്ന് പാടിയിരുന്ന നമ്മൾ, കർഷകരെ ഇത്തരം ഒരു അവസ്ഥയിൽ എത്തിക്കുന്നതിൽ തീവ്രമായി പ്രതിഷേധിക്കുന്നു എന്ന് പ്രവാസി കേരള കൊണ്‌ഗ്രെസ്സ് പ്രതിനിധി ഷോളി കുമ്പുളുവേലി പറഞ്ഞു.

കാർഷിക മേഖല കോർപറേറ്റ് മേഖലയിൽ എത്തുന്നത് അപകടം ആണെന്ന് തോന്നുന്നില്ല , മറിച്ചു അന്തർദേശീയ വ്യാപാരത്തിൽ വിത്തിനും വിളവിനും മത്സരസ്വഭാവമുള്ള ഒരു മുന്നേറ്റം ആയിരിക്കും ഉണ്ടാവുക. വിദേശ രാജ്യങ്ങളുടെ താല്പര്യങ്ങൾ ഈ വിഷയത്തിൽ ആശങ്കആണ് ഉണ്ടാക്കുന്നത് എന്ന് മുൻ ഫോമാ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം പറഞ്ഞു. കർഷകസമരങ്ങൾക്കു പിന്തുണ വാക്കുകളിൽ ഒതുക്കാതെ ക്രിയാത്മകമായി പ്രതികരിക്കണം എന്ന് മുൻ ഫൊക്കാന പ്രെസിഡന്റും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിനിധിയുമായ പോൾ കറുകപ്പള്ളിൽ പ്രസ്താവിച്ചു.

പുതിയ നിയമങ്ങൾ വഴി സർക്കാർ കാർഷിക മേഖലയെ കോർപറേറ്റ് മേഖലയിൽ തളച്ചിടുകയാണ്. കർഷകർ എന്നും ഇത്തരം ചൂഷണത്തിനു വിധേയരാണ്. താങ്ങുവില എന്നത് വെറും ധാരണയും കോർപറേറ്റ് കരാർ കൃഷികൾ യാഥാർഥ്യവും ആകുന്നു. സർക്കാർ സ്ഥാപനമായ BSNL നെ ബോധപൂർവം തരിപ്പണമാക്കി ജിയോക്കു വാർത്താപ്രക്ഷേപണ സൗകര്യം ഒരുക്കികൊടുക്കുന്നതു സർക്കാർ അറിഞ്ഞിട്ടല്ലേ? വിളകൾക്ക് സർക്കാർ സംവിധാനത്തിൽ ഗ്രേഡിങ് ഉണ്ടാക്കി അത് ഒരു ഇലക്ട്രോണിക് പ്ലാറ്റുഫോമിൽ ആക്കിയാൽ തീരാവുന്ന പ്രശ്ങ്ങൾ മാത്രമേ നിലവിൽ ഉള്ളൂ എന്ന് കർഷകനും കാർഷിക ഉദ്യോഗസ്ഥനും ആയിരുന്ന ബെന്നി ഫ്രാൻസിസ് പ്രസ്താവിച്ചു.

ബിനു തോമസ് , സണ്ണി പണിക്കർ, അപ്പുകുട്ടൻ പിള്ള, ജോർജുകുട്ടി , ജോൺസൺ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു . ഇന്ത്യയിൽ നടക്കുന്ന കർഷസമരത്തിനു പിന്തുണ പ്രഖ്യാപിക്കുകയും കർഷകരോട് അനുഭാവപൂർവ്വമായ രീതിയിൽ പ്രതികരിക്കണം എന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു എന്ന പ്രമേയം രാജു എബ്രഹാം അവതരിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP