Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐഎപിസി അന്താരാഷ്ട്ര മാദ്ധ്യമസമ്മേളനത്തിന് പ്രൗഢഗംഭീര തുടക്കം

ഐഎപിസി അന്താരാഷ്ട്ര മാദ്ധ്യമസമ്മേളനത്തിന് പ്രൗഢഗംഭീര തുടക്കം

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി)ന്റെ രണ്ടാമത് അന്താരാഷ്ട്ര മാദ്ധ്യമസമ്മേളനത്തിന് പ്രൗഢഗംഭീര തുടക്കം. ന്യൂയോർക്ക് ലോംഗ് ഐലൻഡിലെ ക്ലാരിയോൺ കോൺഫ്രൻസ് സെന്ററിൽ നടന്ന ചടങ്ങ് ജനറൽ സെക്രട്ടറി വിനീത നായരുടെ സ്വാഗത പ്രസംഗത്തോടെയാണ് തുടങ്ങിയത്.  സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഭരണാധികാരികൾക്കുവേണ്ടിയല്ല ജനങ്ങൾക്കു വേണ്ടിയാണ് മാദ്ധ്യമങ്ങൾ പ്രവർത്തിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാത്ത മാദ്ധ്യമപ്രവർത്തകരുടെ നാടാണ് കേരളം. അത്തരത്തിൽ മാദ്ധ്യമപ്രവർത്തനം നടത്തുന്ന ഒരുകൂട്ടം മാദ്ധ്യമപ്രവർത്തകർ ഐഎപിസി എന്ന മാദ്ധ്യമ കൂട്ടായ്മയിലും ഉണ്ടെന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. കേരളത്തിന്റെ വികസനത്തിൽ പ്രവാസി മലയാളി മാദ്ധ്യമപ്രവർത്തകരുടെ പങ്ക് വളരെ വലുതാണ്. വികസനകാര്യത്തിൽ പുരോഗമനപരമായ നിലപാടുകളെടുക്കുന്ന ഐഎപിസിയുടെ പിന്തുണ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.
മാദ്ധ്യമപ്രവർത്തനം വിവിധതരത്തിലുള്ള ഭീഷണികൾ നേരിട്ടുകൊണ്ടിരിക്കുന്നകാലമാണിത്. തീവ്രവാദികളടക്കമുള്ളവരുടെ ഭീഷണിവകവയ്ക്കാതെയാണ് ഇന്നത്തെ മാദ്ധ്യമപ്രവർത്തകർ തങ്ങളുടെ ജോലി ചെയ്യുന്നതെന്നും മാദ്ധ്യമപ്രവർത്തനത്തിനിടെ കൊല്ലപ്പെട്ട ഡാനിയൽ പോളിനെ സ്മരിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഐഎപിസിയുടെ മിനിസ്റ്റർ ഓഫ് എക്‌സലൻസ് അവാർഡ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഫോർസെയിത്ത് മീഡിയ ഗ്രൂപ്പ് ചെയർമാൻ കമലേഷ് മേത്തയിൽ നിന്നും ഏറ്റുവാങ്ങി. കേരളത്തിലെ പൈതൃകം വരും തലമുറയ്ക്ക് കൈമാറിക്കൊടുക്കുന്നതിൽ മാദ്ധ്യമങ്ങൾക്ക് വളരെയേറെ പങ്ക് വഹിക്കാനുണ്ടെന്ന് അധ്യക്ഷപ്രസംഗം നടത്തിയ ഐഎപിസി ചെയർമാൻ ജിൻസ്‌മോൻ സക്കറിയ പറഞ്ഞു. എന്നാൽ, അത്തരത്തിലുള്ള മാദ്ധ്യമങ്ങളുടെയും മാദ്ധ്യമപ്രവർത്തകരുടെയും കുറവ് കാര്യമായുണ്ടെന്നും അത് പരിഹരിക്കുകയാണ് ഐഎപിസിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസി മാദ്ധ്യമപ്രവർത്തകരുടെ വലിയ കൂട്ടായ്മയാണ് ഐഎപിസി ലക്ഷ്യം വയ്ക്കുന്നതെന്നും അതിന്റെ ഭാഗമായി ഓസ്‌ട്രേലിയ, യുകെ ചാപ്റ്ററുകളുടെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.



മാദ്ധ്യമപ്രവർത്തനം രാജ്യത്തിന്റെ ഉന്നമനത്തിനായിരിക്കണമെന്നു ഫോർസെയിത്ത് മീഡിയ ഗ്രൂപ്പ് ചെയർമാൻ കമലേഷ് മേത്ത തന്റെ ആശംസപ്രസംഗത്തിൽ പറഞ്ഞു. മാദ്ധ്യമ പ്രവർത്തനത്തിന്റെ പ്രധാന്യത്തെക്കുറിച്ചും അത് ഇന്നു നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും പ്രസംഗിച്ചു. ഐഎപിസിയുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ലോകത്തിന്റെ എല്ലാ ഭാഗങ്ങളെയും യോജിപ്പിക്കുന്ന കണ്ണിയാകണം മാദ്ധ്യമപ്രവർത്തകരെന്നു സാമൂഹ്യപ്രവർത്തകനായ തോമസ് കൂവള്ളൂർ തന്റെ ആശംസപ്രസംഗത്തിൽ പറഞ്ഞു. മാദ്ധ്യമപ്രവർത്തനത്തിന്റെ ഉത്തരവാദിത്വത്തപ്പറ്റി പ്രസംഗിച്ച അദ്ദേഹം ഐഎപിസിയുടെ പ്രവർത്തനങ്ങളെ ശ്ലാഘിച്ചു.

മികച്ച രീതിയിൽ മാദ്ധ്യമപ്രവർത്തനം നടത്തുന്ന ഐഎപിസി അംഗങ്ങളെ ദീപിക അസോസിയേറ്റ് എഡിറ്റർ ജോർജ് കള്ളിവയലിൽ അഭിനന്ദിക്കുകയും പ്രസ്‌ക്ലബിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഉയരത്തിലെത്തട്ടെയെന്നു ആശംസിക്കുകയും ചെയ്തു. അമേരിക്കപോലുള്ള രാജ്യത്ത് ഇതുപോലുള്ള ഒരു മാദ്ധ്യമകൂട്ടായ്മ സംഘടിപ്പിച്ചതിലും അതിന്റെ പ്രവർത്തനത്തിലും പ്രമുഖ സാമൂഹ്യപ്രവർത്തകയായ ദയാബായി സന്തോഷം പ്രകടിപ്പിക്കുകയും അംഗങ്ങളെ അനുമോദിക്കുകയും ചെയ്തു.

കേരളത്തിലെ മാദ്ധ്യമസാന്ദ്രതയെക്കുറിച്ചും അവയുടെ അതിപ്രസരത്തെക്കുറിച്ചും ആശംസാപ്രസംഗം നടത്തിയ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ പറഞ്ഞു. മാദ്ധ്യമങ്ങൾ കേരളത്തിന്റെ വളർച്ചയ്ക്ക് ഏറെ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാദ്ധ്യമങ്ങളും മാദ്ധ്യമപ്രവർത്തകരും നാടിന്റെ വികസനത്തിൽ ഏറെ സഹായിച്ചുവെന്നും ഐഎപിസി അതിന്റെ ഭാഗമായതിൽ സന്തോഷമുണ്ടെന്നും തിരുവനന്തപുരം പ്രസ്‌ക്ലബ് പ്രസിഡന്റ് ആർ. അജിത്ത് കുമാർ പറഞ്ഞു.



മലയാള ഭാഷയ്ക്കായി യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ സേവനം ചെയ്യുന്ന നോർത്ത് അമേരിക്കയിലെ മാദ്ധ്യമകൂട്ടായ്മയെ തന്റെ ആശംസപ്രസംഗത്തിൽ മലയാള മനോരമ പ്രത്യേക ലേഖകൻ സുജിത്ത് നായർ അഭിനന്ദിച്ചു. ചുരുങ്ങിയ കാലം കൊണ്ടു ഐഎപിസിയുടെ പ്രവർത്തനങ്ങൾ വളരെ മികച്ചരീതിയിൽ കൊണ്ടുവരാൻ കഴിഞ്ഞതിൽ ദീപിക മുൻ എംഡി സുനിൽ ജോസഫ് കൂഴമ്പാല അതിന്റെ പ്രവർത്തകരെ അഭിനന്ദിച്ചു. സമൂഹത്തെ ഉയർച്ചയിലേക്കു നയിക്കാൻ മാദ്ധ്യമങ്ങൾക്ക് വളരെയേറെ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തന്നെ മാദ്ധ്യമപ്രവർത്തനത്തിൽ നവമാദ്ധ്യമങ്ങൾക്ക് വളരെയേറെ പങ്കുണ്ടെന്നു ജയ്ഹിന്ദ് ടിവിയുടെ എക്‌സിക്യൂട്ടീവ് എഡിറ്റർ ജെ.എസ്. ഇന്ദുകുമാർ പറഞ്ഞു. ഐഎപിസി ഇനിയും വളർച്ചയുടെ പടവുകൾ കയറട്ടേയെന്നും അദ്ദേഹം ആശംസപ്രസംഗത്തിൽ പറഞ്ഞു. ലോകത്തിലെ വിവിധ ഭാഗങ്ങളിലെ മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മയായി ഐഎപിസി വളരട്ടെയന്ന് പ്രമുഖ ഡോക്യുമെന്ററി സംവിധായക ഗീതാഞ്ജലി കുര്യൻ ആശംസിച്ചു.

ഐഎപിസിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഉയരത്തിലെത്തട്ടെയെന്നു സൗത്ത് ഏഷ്യൻ ടൈസ് മാനേജിങ് എഡിറ്റർ പർവീൺ ചോപ്ര ആശംസിച്ചു. മാദ്ധ്യമരംഗത്ത് സോഷ്യൽമീഡിയയുടെയും ഐഎപിസിയുടെയും പ്രസക്തിയെക്കുറിച്ച് റിപ്പോർട്ടർ ടിവി സീനിയർ ന്യൂസ് എഡിറ്റർ അനുപമ വെങ്കിടേഷ് പ്രസംഗിച്ചു. ഐഎപിസിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഉയരത്തിലെത്തട്ടെയന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ മാദ്ധ്യമ ഉപദേശകൻ സജി ഡൊമനിക്ക് പറഞ്ഞു.

ലോകമെങ്ങുമുള്ള മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മയായി ഐഎപിസി മാറട്ടെയെന്നു എൻടിവിയുടെ യുഎഇ വൈസ് പ്രസിഡന്റ് പ്രതാപ് നായർ ആശംസിച്ചു. ഐഎപിസിയുടെ എല്ലാപ്രവർത്തനങ്ങൾക്കും കാനഡ ചാപ്റ്ററിന്റെ പിന്തുണ പ്രസിഡന്റ് ജയ്പിള്ള അറിയിച്ചു. ഐഎപിസിയുടെ വിവിധ ചാപ്റ്ററുകളെ പ്രതിനിധീകരിച്ച് ഷാജി രാമപുരം ( ടെക്‌സാസ്), ജെയിംസ് കുരീക്കാട്ടിൽ (മിഷഗൺ), ബാബുയേശുദാസ് (ഷിക്കാഗോ) രാജു ചിറമണ്ണിൽ (ന്യൂയോർക്ക്) എന്നിവർ ആശംസകൾ നേർന്നു.

ഫോമയുടെ എല്ലാവിധത്തിലുള്ള പിന്തുണയും ഐഎപിസിക്കുണ്ടാകുമെന്നു ഷാജി എഡ്വാർഡ് പറഞ്ഞു. എല്ലാവിധ ആശംകളും ഐഎപിസിക്കു നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐഎപിസിയുടെ എല്ലാപ്രവർത്തനങ്ങൾക്കും ആശംസകൾ നേരുന്നതായും ഐഎപിസി കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെയെന്നും മുഖ്യസ്‌പോൺസറായ ബോബ് വർഗീസ് (വിൻസന്റ് ജുവലേഴ്‌സ്) പറഞ്ഞു.  മാദ്ധ്യമരംഗത്തു ഐഎപിസിയുടെ പ്രവർത്തനങ്ങൾ നവതരംഗമായി മാറട്ടയെന്നു സ്‌പോൺസറായി നെയിറ്റ് ബിൽഡേഴ്‌സ് എംഡി ജിബിൻ ജിയോ ആശംസിച്ചു.

ഐഎപിസിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഉയരത്തിലെത്തട്ടെയെന്നു ഇൻഡോ അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ബി.മാധവൻ നായർ ആശംസിച്ചു. ഐഎപിസിക്ക് എല്ലാവിധ വിജയാശംകളും നേരുന്നതായി ജോർജ് എബ്രഹം (ഐഎൻഒസി), പോൾ കറുകപ്പിള്ളിൽ (ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ), ലീല മാരേറ്റ് (ഫൊക്കാന വുമൺസ് ഫോറം), തോമസ് ടി. ഉമ്മൻ ( ഇന്ത്യൻ ക്രിസ്റ്റിയൻ ഫോറം), പോൾ ചുള്ളിയിൽ (വൈസ് മെൻ), യു.എ. നസീർ, ജോജോ കൊട്ടാരക്കര ( മഴവിൽ എഫ്എം), ജോസ് വർഗീസ്, ജോർജ് തോമസ് ( ജിഎംടി അസോസിയേറ്റ്‌സ്), ഫാ. ജോൺസൺ പുഞ്ചക്കോണം എന്നിവർ ആശംസകൾ പറഞ്ഞു. ആനികോശി, ത്യാഗരാജൻ എന്നിവർ എംസിമാരായിരുന്നു.  


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP