Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

ഐഎപിസിയുടെ 2019 ഡയറക്ടർബോർഡ് പ്രഖ്യാപിച്ചു: ഡോ. ബാബു സ്റ്റീഫൻ ചെയർമാൻ

ഐഎപിസിയുടെ 2019 ഡയറക്ടർബോർഡ് പ്രഖ്യാപിച്ചു: ഡോ. ബാബു സ്റ്റീഫൻ ചെയർമാൻ

ഡോ.മാത്യു ജോയിസ്

ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ന്റെ ഡയറക്ടർബോർഡ് പ്രഖ്യാപിച്ചു. ചെയർമാനായി പ്രമുഖവ്യവസായിയും മാധ്യമസംരംഭകനുമായ ഡോ. ബാബു സ്റ്റീഫനെ വീണ്ടും തെരഞ്ഞെടുത്തു. കൈരളി ടിവിയുടെ സ്ഥാപക അംഗങ്ങളിലൊരാളായിരുന്ന ബാബു സ്റ്റീഫൻ അമേരിക്കയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിക്കുവേണ്ടി വിവിധ മാധ്യമസ്ഥാപനങ്ങൾ സ്ഥാപിച്ചു. അമേരിക്കയിലെ ഇന്ത്യക്കാർക്കുവേണ്ടി രണ്ടു പത്രങ്ങളാണ് അദ്ദേഹം ആരംഭിച്ചത്. മെട്രോപൊളിറ്റൻ ഡിസിയിലെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള എക്സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നീ പത്രങ്ങൾ ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ നിർണായക സ്ഥാനം ചെലുത്തുന്നവയാണ്. കൈരളി ടിവിയിൽ 68 എപ്പിസോഡുകളിലായി സംപ്രേഷണം ചെയ്ത ഷാജി എം. സംവിധാനം ചെയ്ത സമ്മൻ ഇൻ അമേരിക്കയുടെ നിർമ്മാതാവുമായിരുന്നു.

വാഷിങ്ടൺ ഡിസിയിലെ ദർശൻ ടിവിയുടെ സ്ഥാപക പ്രൊഡ്യൂസറുകൂടിയായ ഇദ്ദേഹം, രാഷ്ട്രീയത്തിലും സജീവമാണ്. ബിസിനസ്, മാധ്യമ, രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തമുദ്രപതിപ്പിച്ച് മലയാളികൾക്ക് അഭിമാനമായ ബാബു സ്റ്റീഫനെ അടുത്തിടെ തേടിയെത്തിയത് വാഷിങ്ടൺ ഡിസി മേയറുടെ ആദരമാണ്. അമേരിക്കയിലെ മികച്ച ബിസിനസ് സംരംഭകരെ മാത്രം ഉൾപ്പെടുത്തി മേയർ നയിച്ച ചൈനായാത്രസംഘത്തിൽ അമേരിക്കയിലെ പ്രമുഖ ബിസിനസ് ഡെലിഗേഷനൊപ്പം ഡോ. ബാബു സ്റ്റീഫനും ഇടംപിടിച്ചു. അമേരിക്കയിൽ അറിയപ്പെടുന്ന സംരംഭകനായ ഡോ. ബാബു സ്റ്റീഫൻ ഡി.സി ഹെൽത്ത്കെയർ ഐഎൻസിയുടെ സിഇഒയും എസ്.എം റിയാലിറ്റി എൽഎൽസിയുടെ പ്രസിഡന്റുമാണ്. വാഷിങ്ടൺ ഡിസിയിൽ നിന്ന് എംബിഎ നേടിയ ഇദ്ദേഹം 2006ൽ പിഎച്ച്ഡിയും കരസ്ഥമാക്കി. ഇന്തോഅമേരിക്കൻ കമ്യൂണിറ്റിയിൽ പല നേതൃസ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
രണ്ട് വർഷം ഇന്ത്യൻ കൾച്ചറൽ ഏകോപനസമിതിയുടെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ച അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ് കോൺഗ്രഷണൽ ഉപദേശക സമിതിയിൽ അംഗവും ഫെഡറേഷൻ ഓഫ് ഇന്ത്യൻസ് ഇൻ അമേരിക്കയുടെ റീജിയണൽ വൈസ്പ്രസിഡന്റുമായിരുന്നു. അസോസിയേഷൻ ഓഫ് ഇന്ത്യൻ ഇൻ അമേരിക്കയുടെ പ്രസിഡന്റായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് ശർമ്മ ലോഗ്രൂപ്പിലെ മാനേജിങ് അറ്റോണിയായ ഓംകാർ ശർമ്മയാണ്. കഴിഞ്ഞ 15 വർഷമായി ദർശൻ ടിവിയിൽ വാഷിങ്ടൺ ഫോക്കസ് എന്ന പരിപാടിയിലൂടെ ഏവർക്കും സുപരിചിതനാണ്. വാഷിങ്ടണ്ണിൽനിന്നും പ്രസിദ്ധീകരിക്കുന്ന എക്സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നീ പത്രങ്ങളിൽ കോളമിസ്റ്റുകൂടിയായ അദ്ദേഹത്തിന് മാധ്യമപ്രവർത്തനത്തിൽ വർഷങ്ങളുടെ അനുഭവസമ്പത്തുണ്ട്. 2017 ൽ ഇന്ത്യ അമേരിക്കൻ പ്രസ്്ക്ലബിന്റെ നിയമോപദേശകനായി നിയമിതനായ ഓംകാർ ശർമ്മയെ മാധ്യമമേഖലയിലെ പരിചയസമ്പത്ത് കണക്കിലെടുത്ത് ഡയറക്ടർബോർഡിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. ഔദ്യോഗിക തിരക്കുകൾക്കിടയിലും ക്ലയിന്റ്സിന് വേണ്ട നിയമോപദേശങ്ങളും ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും, ഓപ്പൺ ഡിസ്‌കഷൻ ഫോറങ്ങളും അദ്ദേഹം സംഘടിപ്പിക്കാറുണ്ട്. നിരവധി NGOകൾക്ക് വേണ്ടി പ്രവർത്തിക്കുകയും, നിയമപരമായ കാര്യങ്ങൾ വിശദീകരിച്ചു നൽകുന്ന കോളമിസ്റ്റായുമൊക്കെ ഇദ്ദേഹം പ്രവർത്തിക്കുന്നു. മാത്രമല്ല നിരവധി ഹോട്ടൽ, മോട്ടൽ ഫ്രഞ്ചൈസിങ് സ്ട്രീമുകളിൽ നിയമോപദേഷ്ടാവായും പ്രവർത്തിച്ചുവരുകയാണ് ഓംകാർ ശർമ്മ.

Stories you may Like

പ്രമുഖ ഇൻഡോ അമേരിക്കൻ മാധ്യമപ്രവർത്തകനും മാധ്യമസംരംഭകനുമായ ജിൻസ്മോൻ പി. സക്കറിയയാണ് കോഓർഡിനേറ്റർ (ഇൻകോർപറേറ്റഡ് ഡയറക്ടർ). ഐഎപിസിയുടെ സ്ഥാപക ചെയർമാൻകൂടിയാണ് ജിൻസ്മോൻ. ജയ്ഹിന്ദ് ടിവിയുടെ അമേരിക്കയിലെ ഡയറക്ടറായ അദ്ദേഹം ദൃശ്യമാധ്യമരംഗത്ത് പുതുമകൾ അവതരിപ്പിച്ച് ശ്രദ്ധേയനായ മാധ്യമപ്രവർത്തകനാണ്. ജയ്ഹിന്ദ് ടിവിക്കുവേണ്ടി ജിൻസ്മോൻ അമേരിക്കയിലെ മുഴുവൻ സംസ്ഥാനങ്ങളിലും ആദ്യമായി റിയാലിറ്റി ഷോ നടത്തിയത് ചരിത്രസംഭവമായി. നൂറുകണക്കിന് മലയാളികൾ പങ്കെടുത്ത റിയാലിറ്റി ഷോ ഇരുന്നൂറ്റിയമ്പതോളം എപ്പിസോഡുകളിലാണ് സംപ്രേഷണം ചെയ്തത്. നിരവധി ഗായകർക്ക് ഈ പരിപാടിയിലൂടെ തങ്ങളുടെ കഴിവുകൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. കഴിഞ്ഞ രണ്ട് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പുകളും വിവിധ ചാനലുകൾക്കു വേണ്ടി വിശദമായി റിപ്പോർട്ട് ചെയ്യുകയും പ്രത്യേക പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. യുഎസ് ഡയറി എന്ന പ്രതിവാര പരിപാടിയിലൂടെ അമേരിക്കൻ മലയാളികളുടെ നിരവധിപ്രശ്നങ്ങൾ അധികാരികൾക്കു മുന്നിൽ എത്തിച്ച് ദൃശ്യമാധ്യമപ്രവർത്തകരുടെ സാമൂഹ്യപ്രതിബദ്ധത തെളിയിച്ചു.
അമേരിക്കയിൽ നിന്നുള്ള മലയാള ദൃശ്യ മാധ്യമങ്ങളിൽ വൈവിധ്യങ്ങളായ പരിപാടികളാണ് ജയ്ഹിന്ദ് ടിവിക്കുവേണ്ടി ജിൻസ്മോൻ ചെയ്തിട്ടുള്ളത്. ദൃശ്യ മാധ്യമ രംഗത്തിനൊപ്പം അച്ചടി മാധ്യമരംഗത്തും വ്യത്യസ്തത നിറഞ്ഞ സമീപനം സ്വീകരിച്ചിട്ടുള്ള ജിൻസ്മോൻ അമേരിക്കയിലും കാനഡയിലുമായി നാല് എഡിഷനുകളുള്ള മലയാളപത്രമായ ജയ്ഹിന്ദ് വാർത്തയുടെ ചെയർമാനാണ്. അമേരിക്കയിലെ പ്രമുഖ മലയാളം മാഗസിനായ അക്ഷരം മാസികയുടെ ചീഫ് എഡിറ്ററായ അദ്ദേഹം ഇംഗ്ലീഷ് മാസികയായ ഏഷ്യൻ ഈറയുടെ പ്രസിഡന്റും സിഇഒയുമാണ്. അമേരിക്കയിലെ പ്രമുഖ ഇഗ്ലിഷ് പത്രമായ ദി സൗത്ത് ഏഷ്യൻ ടൈംസ്ന്റെ മാനേജ്മെന്റിൽ പ്രവർത്തിക്കുന്ന ജിൻസ്മോൻ പതിനാലുവർഷം മുമ്പ് ദീപിക ദിനപത്രത്തിന്റെ യൂറോപ് എഡിഷന്റെ ചാർജ് ഏറ്റെടുത്തുകൊണ്ടാണ് പത്രപ്രവർത്തന രംഗത്ത് തുടക്കം കുറിക്കുന്നത്.
പ്രവാസ പത്രപ്രവർത്തന രംഗത്ത് നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളയാളാണ് ജിൻസ്മോൻ സക്കറിയ. ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദം നേടിയ അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് പ്രവാസലോകത്തെത്തുന്നത്. ഇതിനിടെ ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. അമേരിക്കയിലും യൂറോപ്പിലുമായി നിരവധി സംഘടനകളിൽ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുള്ള ജിൻസ്മോൻ സക്കറിയ യൂറോപിലെ ലിവർപൂൾ മലയാളി അസോസിയേഷന്റെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു. ഇൻഡോ അമേരിക്കൻ ലോയേഴ്സ് ഫോറം ജനറൽ സെക്രട്ടറി, ഇൻഡോ അമേരിക്കൻ മലയാളി ചെംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി, കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.


ലോംഗ് എലെന്റിൽ നിന്നുള്ള മാധ്യമ സംരംഭകൻ, സീനിയർ റൊട്ടേറിയൻ, കമ്യൂണിറ്റി ലീഡർ, ബിസിനസ്സുകാരൻ, ഫിലാന്ത്രഫിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനായ കമലേഷ് മേത്ത നോർത്ത് അമേരിക്കയിൽ ഏറ്റവും പ്രചാരമുള്ള ഇന്തോ അമേരിക്കൻ ഇംഗ്ലീഷ് മാധ്യമഗ്രൂപ്പായ ഫോർസൈത് മീഡിയ ഗ്രൂപ്പ് സ്ഥാപകനാണ്. രാജസ്ഥാനിലെ ഒരു പ്രമുഖ ജെയിൻ കുടുംബാംഗമായ അദ്ദേഹം 1985ൽ ബോംബെയിൽ വജ്രവ്യാപാരം ആരംഭിച്ചു. വ്യാപാരം വിപുലമാക്കുക എന്ന ഉദ്ദേശത്തോടെ 1986ൽ ന്യുയോർകിലേക്ക് കുടിയേറിയ കമലേഷ് അവിടെ ജംസ്റ്റോൺ, വജ്രം എന്നിവയുടെ വ്യാപാരം ആരംഭിച്ചു.2008ൽ ആണ് കമലേഷ് മാധ്യമ ബിസിനസ്സിലേക്ക് കടന്നത്. കമ്യൂണിറ്റിക്ക് വേണ്ടിയുള്ള കമലേഷിന്റെ വീക്ലി പത്രമായ ' ദ സൗത്ത് ഏഷ്യൻ ടൈംസിന് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഫോർസൈത് മീഡിയ ഗ്രൂപ്പ് ' ദ ഏഷ്യൻ ഇറ, ഒരു ലൈഫ് സ്റ്റൈൽ മാഗസിൻ എന്നിവ പബ്ലിഷ് ചെയ്യുന്നുണ്ട്. 2015 ൽ അക്ഷരം, ദ ഏഷ്യ ഈറ എന്നീ മാഗസിനുകൾ പ്രസിദ്ധീകരിച്ചിരുന്ന ഡിലൈറ്റ് മീഡിയാ ഗ്രൂപ്പിന്റെ മേജർ ഷെയറുകൾ വാങ്ങിക്കൊണ്ട് കമലേഷ് മേത്ത തന്റെ മാധ്യമമേഖല വിപുലപ്പെടുത്തി. 2010 ജനുവരിയിൽ നസുവ കൗണ്ടി അഡ്‌മിനിസ്ട്രേഷൻ ഇദ്ദേഹത്തെ ഡയറക്ടർ ഓഫ് ബിസിനസ് ആൻഡ് ഇകണോമിക് ഡെവലപ്മെന്റ് ആയി നിയമിച്ചു. അഞ്ച് വർഷം അവിടെ സേവനം അനുഷ്ഠിച്ചു. 2009ൽ ഹിക്സ്വിൽ സൗത്തിലെ റോട്ടറി ക്ലബ് ചാർട്ടർ പ്രസിഡന്റായി. 2015-16 ൽ RI ഡിസ്ട്രിക്ട് 7255 ന്റെ ഗവർണ്ണറാകാൻ അവസരം ലഭിച്ചു. പ്രധാന റോട്ടറി ഡോണറായി ആദരിക്കപ്പെട്ടിട്ടുള്ള ഇദ്ദേഹം നിരവധി മത സംഘടനകൾക്കും, സാമൂഹിക ആവശ്യങ്ങൾക്കും വേണ്ടി സംഭാവനകൾ നൽകിയിട്ടുണ്ട്. നിരവധി സാമൂഹിക സംഘടകളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം രാജസ്ഥാൻ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (RANA) യുടെയും, 2012ൽ ഹിക്സ് വില്ലിൽ ആരംഭിച്ച ഇന്ത്യൻ ഡെ പരേഡിന്റെ, ലോംഗ്സ് എലെന്റിലെ സ്ഥാപകനും ആണ്.
നിരവധി ബിസിനസ്സ് സ്ഥാപനങ്ങളുടെ ബോർഡ് ഡയറക്ടറായും, ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡുകളും, കമ്യൂണിറ്റി സംഘടനകളുടെ ബഹുമതി പത്രങ്ങളും കമലേഷ് മേത്തയ്ക്കു ലഭിച്ചിട്ടുണ്ട്.

ഡയറക്ടർ ബോർഡ് സെക്രട്ടറിയായി തുടരുന്നത് നോർത്ത് അമേരിക്കയിലെ അറിയപ്പെടുന്ന എഴുത്തുകാരനും കോളമിസ്റ്റുമായ ഡോ. മാത്യു ജോയിസാണ്. ഇന്ത്യാ ഗവർന്മേന്റ് ഫിനാൻസ് വകുപ്പിലും, അമേരിക്കയിൽ ഫിനാൻഷ്യൽ അനലിസ്റ്റുമായും ജോലി ചെയ്യുകയും, റോട്ടറാക്ട് ക്ലബ് ഡയറക്ടർ ആയും, ഓൾ ഇന്ത്യാ ഗവണ്മെന്റ് എംപ്ലോയീസ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായി നാലുവര്ഷങ്ങൾ തുടരെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുമുണ്ട്.
ബൈബിളിലെ പ്രേമകാവ്യവും പത്തുകൽപ്പനകളെക്കുറിച്ചും വ്യാഖ്യാനിക്കുന്ന 'എന്റെ പ്രിയേ' എന്ന പുസ്തകത്തിന്റെയും 'അമേരിക്കൻ ആടുകൾ ' എന്ന സമാഹാരത്തിന്റെയും രചയിതാവാണ്. മലയാളത്തിലും ഇംഗ്‌ളീഷിലും നിരവധി പത്രങ്ങളിലും മറ്റു പ്രസിദ്ധീകരണങ്ങളിലും സമകാലീന പ്രാധാന്യമുള്ള ലേഖനങ്ങളും കവിതകളും എഴുതാറുണ്ട്. പഠനകാലത്ത് വിവിധ പ്രസിദ്ധീകരണങ്ങളിൽ എഴുതിത്ത്ത്തുടങ്ങി, ബാലജനസഖ്യത്തിലൂടെ നേതൃത്വനിരകളിൽ എത്തുകയും, പിന്നീട് വിവിധ അസ്സോസിയേഷനുകളുടെയും സാരഥ്യം വഹിക്കയും, മാധ്യമസംരംഭങ്ങളിൽ അനുഭവ പാടവം തെളിയിച്ചിട്ടുള്ള സംഘാടകനുമാണ്
ജയ്ഹിന്ദ് വാർത്തയുടെ എക്‌സിക്യൂറ്റീവ് എഡിറ്റർ, എക്സ്‌പ്രസ് ഹെറാൾഡ്, മലയാളി മാഗസിൻ & എഫ്എംറേഡിയോ എന്നിവയുടെ അസ്സോസിയേറ്റ് എഡിറ്ററുമാണ് ഡോ. മാത്യു ജോയിസ്. ഐ എ പി സി യുടെ ആദ്യകാല നാഷണൽ കമ്മറ്റിയംഗം, വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ബോർഡ് ഡയറക്ടർ , ബോർഡ് സെക്രട്ടറി, ഐ എ പി സി യുടെ ഇതുവരെയുള്ള സുവനീറുകളുടെ ചീഫ് എഡിറ്റർ എന്നീ നിലകളിലും, ഗ്ലോബൽ റിപ്പോർട്ടർ ചാനലിന്റെ റീജണൽ ഡയറക്ടർ തുടങ്ങി മാധ്യമ സാമൂഹ്യരംഗങ്ങളിലും എന്നും സജീവമാണ് ഡോ. മാത്യു ജോയിസ് .


മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ:

ഡോ. അജയ്ഘോഷ് ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന്റെ അമേരിക്കൻ എഡിഷനുകളുടെ ബ്യൂറോ ചീഫാണ്. ഐഎപിസിയുടെ സ്ഥാപക പ്രസിഡന്റുകൂടിയായ അജയ്ഘോഷ് അമേരിക്കയിൽ അറിയപ്പെടുന്ന ഇന്ത്യൻ മാധ്യമപ്രവർത്തകനാണ്. ഏഷ്യൻ ഈറ മാഗസിന്റെ മാനേജിങ് എഡിറ്റർകൂടിയായ അദ്ദേഹം ദി യൂ എൻ എൻ ( The UNN) ന്റെ ചീഫ് എഡിറ്റർ ആയി പ്രവർത്തിച്ചു വരുന്നു.


നോർത്ത് അമേരിക്കയിലെ അറിയപ്പെടുന്ന പ്രമുഖ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റായ വിനീത നായർ ഐ ഏ പി സി യുടെ ആരംഭംമുതൽ ജനറൽ സെക്രട്ടറി ആയും പിന്നീട് ഡയറക്ടർ ബോർഡിന്റെ വൈസ് ചെയർ ആയും വളരെ നേതൃത്വനിരയിൽ സജീവമാണ്. കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള വിനീത പഠന കാലത്തുതന്നെ മാധ്യമരംഗത്തു സജീവസാന്നിധ്യമായിരുന്നു.
ദൂരദർശൻ, ഏഷ്യനെറ്റ്, സൂര്യടിവി, ഓൾ ഇന്ത്യ റേഡിയോ തുടങ്ങി വിവിധ മാധ്യമസ്ഥാപനങ്ങളിൽ നിരവധി ശ്രദ്ധേയമായ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രമേളകൾ റിപ്പോർട്ടു ചെയ്തിട്ടുള്ള വിനീത രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലെ പ്രമുഖരുമായി അഭിമുഖങ്ങൾ നടത്തി പരിചയമുള്ള മാധ്യമപ്രവർത്തകയാണ്. വിവിധ മാധ്യമമേഖലകളിൽ എഴുത്തുകാരി, എഡിറ്റർ, കോപ്പിറൈറ്റർ, അവതാരക, റിപ്പോർട്ടർ, ഇന്റർവ്യൂവർ, ടോക് ഷോ ഹോസ്റ്റ്, പ്രോഡ്യൂസർ, പബ്ലിക്ക് റിലേഷൻസ് ഓഫീസർ, മാസ്റ്റർ ഓഫ് സെറിമണീ എന്നീനിലകളിലും വിനി എന്നറിയപ്പെടുന്ന വിനീത നായർ പ്രവർത്തിച്ചിട്ടുണ്ട്. ന്യൂജേഴ്സിയിലുള്ള ഇന്ത്യൻ ടെലിവിഷൻ നെറ്റ്‌വർക്കായ യൂണൈറ്റഡ് മീഡിയയിൽ ചീഫ് ബ്രോഡ്കാസ്റ്ററായിരുന്നു. 'മലയാളം ടെലിവിഷൻ ന്യൂസ് വിത്ത് വിനീത നായർ' എന്ന പരിപാടി എഡിറ്റ് ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്.
ന്യൂജേഴ്സി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിനീത നായർ ലാളിത്യംനിറഞ്ഞ അവരുടെ അവതരണരീതികൊണ്ട് പ്രേക്ഷകശ്രദ്ധനേടിയിട്ടുള്ള മാധ്യമപ്രവർത്തകയാണ്. അച്ചടി, ദൃശ്യമാധ്യമങ്ങളിൽ പ്രവർത്തിക്കുന്നതിനൊപ്പംതന്നെ പബ്ലിക്ക് സ്പീക്കിങ് സ്‌കിൽ വർധിപ്പിക്കുന്നതിനുള്ള കോച്ചിംഗും നൽകിവരുന്നു. ഇപ്പോൾ നോർത്ത് അമേരിക്കയിലെ ഗ്ലോബൽ റിപ്പോർട്ടർ ചാനലിന്റെ ബ്രോഡ്കാസ്റ്റിങ് ഡയറക്ടർ കൂടിയാണ്.


പതിറ്റാണ്ടായി പത്രപ്രവർത്തന, സാംസ്‌കാരിക രംഗങ്ങളിൽ സജീവമാണ് കോരസൺ വർഗീസ്. മനുഷ്യത്വപരമായ ഇടപെടലുകളെപ്പറ്റി ബോധപൂർവം സംവാദം ചെയ്യുന്ന വാൽക്കണ്ണാടി എന്ന കോളം ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കുന്നു. പന്തളം സ്വദേശിയാണ്. ഗ്രന്ഥകാരനായിരുന്ന സി.കെ. വർഗീസ് ആണ് പിതാവ്. കോമേർസിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടി. ന്യൂയോർക്ക് സിറ്റിയിൽ സാമ്പത്തിക വിഭാഗത്തിൽ ജോലി ചെയ്യുന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ മാനേജിങ് കമ്മിറ്റി അംഗമാണ്. ഐ എ പി സി യുടെ മുൻ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയിരുന്ന കോരസൺ, ''കലാവേദി വാൽക്കണ്ണാടി'' പ്രോഗ്രാമിലൂടെ തുടർന്നുകൊണ്ടിരിക്കുന്ന പ്രമുഖരുമായുള്ള അഭിമുഖങ്ങൾ വളരെ ജനശ്രദ്ധയാകര്ഷിച്ചതാണ്.

പർവീൺ ചോപ്രാ ഐ എ പി സി യുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ മുൻ പ്രസിഡന്റ് ആയിരുന്നു. മൂന്നു പതിറ്റാണ്ടുകളിലൂടെ പത്രപ്രവർത്തനരംഗത്തെ അനുഭവസമ്പത്തുള്ള അദ്ദേഹം ന്യൂയോർക്കിലെ ദി സൗത് ഏഷ്യൻ ടൈയിംസിന്റെ മാനേജിങ് എഡിറ്റർ ആണ്. ''വൺ വേൾഡ് അണ്ടർ ഗോഡ്' എന്ന സർവമത ജേര്ണലിന്റെ എഡിറ്റർ കൂടിയാണ്. മുൻപ് ഇന്ത്യയിൽ ആയിരുന്നപ്പോൾ ലൈഫ് പോസിറ്റീവ് എന്ന ആത്മീയ മാസികയുടെ സ്ഥാപകനും, ഇന്ത്യാ ടുഡേയ്ക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

തോമസ് മാത്യു (അനിൽ)ഐ എ പി സി യുടെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്, മാത്രമല്ല സെക്രട്ടറി ആയും ട്രെഷറർ ആയും ജനറൽ സെക്രട്ടറി ആയും സദാ സജീവമായിരിക്കുന്നു. മികച്ച ഫോട്ടോഗ്രാഫറും വീഡിയോഗ്രാഫറുമായ അനിൽ ജയ്ഹിന്ദ് വാർത്ത, ജയ്ഹിന്ദ് ടീവി തുടങ്ങിയ മാധ്യമങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതോടൊപ്പം ഗ്ലോബൽ റിപ്പോർട്ടർ ചാനലിന്റെ ചീഫ് പ്രോഗ്രാം പ്രൊഡ്യൂസർ കൂടിയാണ്.

മാധ്യമരംഗത്തെ പുത്തൻ പരീക്ഷണമായ സെൽഫി ജേണലിസ്റ്റിന്റെ സിഇഒയായ സിറിയക് സ്‌കറിയ ഫ്രീലാൻസ് ജേർണലിസ്റ്റും, ഐ എ പി സി യുടെ മുൻ വൈസ് പ്രസിഡന്റും, എഴുത്തുകാരനുമാണ്. നോർത്ത് അമേരിക്കയിലെയും യുകെയിലെയും മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന സിറിയക് സ്‌കറിയയുടെ കോളങ്ങൾ ഏറെ ശ്രദ്ധേയമാണ്.

കാനഡയിലെ അറിയപ്പെടുന്ന എഴുത്തുകാരനും കോളമിസ്റ്റുമാണ് ഡോ. പി.വി. ബൈജു. കാനേഡിയൻ മലയാളികളുടെ പ്രശ്നങ്ങൾ തന്റെ കോളങ്ങളിലൂടെ ലോകത്തിനുമുന്നിൽ അവതരിപ്പിച്ച് ശ്രദ്ധേയനായ മാധ്യമപ്രവർത്തകനാണ് അദ്ദേഹം. ഐ ഏ പി സി യുടെ മുൻ ഡയറക്ടറും യുവനിരയിൽ നേതൃത്വപരിശീലനം നൽകുന്നതിൽ തന്റെ പ്രാഗൽഭ്യം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP